നേപ്പാളിലേക്ക് ഓടിപ്പോകുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കൂ...
നേപ്പാളിനെയും ഉത്തരേന്ത്യയെയും ഭൂകമ്പം പിടിച്ചുകുലുക്കി എട്ട് ദിവസങ്ങള്‍ കഴിഞ്ഞു. മരണസംഘ്യ ആറായിരത്തിലേറെയായി. പരിക്കേറ്റവര്‍ പതിനായിരത്തിലധികം. മണ്ണിനടിയില്‍ ഇനിയും ഏറെപ്പേര്‍ പെട്ട് കിടക്കുന്നതായി തോന്നുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അപകടം ഉണ്ടായത് മുതല്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിശേഷിച്ച് ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് സഹായഹസ്തങ്ങള്‍ നീളുന്നുണ്ട്.
എന്നാല്‍ കേട്ടത് പാതി കേള്‍ക്കാത്തത് പാതി നേപ്പാളിലേക്ക് പുറത്തുനിന്നും ആളുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതില്‍ അര്‍ഥമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് പോകാന്‍ ഒരുങ്ങുന്നവരുടെ ആത്മാര്‍ഥതയെക്കുറിച്ചുള്ള സംശയമല്ല മറിച്ച് പരിശീലനം ലഭിക്കാത്ത കൂടുതല്‍ ആളുകള്‍ തിങ്ങിക്കൂടിയാല്‍ ഉള്ള രക്ഷാ പ്രവര്‍ത്തനവും മന്ദഗതിയിലാകും എന്ന ആശങ്കയാണ് ആളുകള്‍ പങ്കുവെക്കുന്നത്.

പരീശീലനം ലഭിച് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പട്ടാളക്കാരും സന്നദ്ധ പ്രവര്‍ത്തകരുമാണ് ഇപ്പോള്‍ നേപ്പാളിന് വേണ്ടത്. തിക്കിത്തിരക്കി ആളുകള്‍ കയറിപ്പോകുന്നത് വഴി നേപ്പാളിന് വേണ്ട സ്‌കില്‍ഡ് ആളുകള്‍ അവിടെയെത്താന്‍ വൈകിയേക്കാം. നേപ്പാളില്‍ ആകെയുള്ളത് ഒരേയൊരു അന്താരാഷ്ട്ര വിമാനത്താവളമാണ്. അവിടെ അനാവശ്യമായ തിരക്ക് ഒഴിവാക്കുകയാണ് ഇപ്പോള്‍ വേണ്ടത്.
ഭൂകമ്പം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടെങ്കിലും ഇനിയും ഏറെ നാള്‍ വേണ്ടിവരും നേപ്പാള്‍ സാധാരണ സ്ഥിതിയിലാകാന്‍. ആശുപത്രികള്‍ നിറഞ്ഞുകവിയുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട ഭക്ഷണങ്ങള്‍ പോലും കിട്ടാതാകുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. വേണ്ടത്ര പരിശീലനം ലഭിക്കാത്ത സന്നദ്ധപ്രവര്‍ത്തകര്‍ അടുത്ത രണ്ടാഴ്ചയ്‌ക്കെങ്കിലും നേപ്പാളിലേക്ക് തിരക്കിട്ട് പോകാതിരിക്കുകയായിരിക്കും ഉചിതം. പരിശീലനം ലഭിച്ചവര്‍ ഏതെങ്കിലും സന്നദ്ധസംഘം വഴി പോയാല്‍ സഹായം വേണ്ട സ്ഥലത്ത് കൃത്യമായി എത്തി പ്രവര്‍ത്തിക്കാനാകും.
നേപ്പാളിനെ സഹായിക്കാന്‍ നമുക്ക് ഇവിടെയിരുന്നും കഴിയും. സാധ്യമായ സംഭാവനകള്‍ അംഗീകൃത ഏജന്‍സികള്‍ വഴി നല്‍കാം. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളും നേപ്പാളിലേക്ക് സഹായധനം സ്വരൂപിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ പോലുള്ള സഹായങ്ങളും സന്നദ്ധ സംഘടനകള്‍ വഴി ശേഖരിക്കുന്നവരുണ്ട്. ഇത് അവിടേക്ക് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭീമമായ ചെലവാണ് നേരിടുന്നത് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.












Click it and Unblock the Notifications