ഐസിസ് ഭീകരതയുടെ 2014
2014 അവസാനിയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കുകയാണ്. ലോകത്ത് പല മാറ്റങ്ങള്‍ക്കും വഴി തെളിച്ച വര്‍ഷമായിരുന്നു 2014. മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം തീവ്രവാദം തന്നെയാണ്. ആഗോള തലത്തില്‍ തീവ്രവാദം ഏകീകരിയ്ക്കപ്പെടുകയും ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന തലത്തില്‍ അത് വളരുകയും ചെയ്യുന്നതിന് തുടക്കിമിട്ടത് 2014 ആണ്.
ഭീകരതയുടെ പുതിയ മുഖവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കരുത്താര്‍ജ്ജിയ്ക്കുന്നത് 2014 ല്‍ ആണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ ചോരക്കറപുരണ്ട വര്‍ഷമായി നമുക്ക് 2014 നെ രേഖപ്പെടുത്തേണ്ടി വന്നു. ഇറാഖിലും സിറിയയിലും തങ്ങളുടെ തങ്ങളുടെ രാജ്യം കെട്ടിപ്പടുക്കാനിറങ്ങിയ സുന്നി തീവ്രവാദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ണുവച്ചു. കെട്ടിപ്പടുക്കാനുള്ള ഇസ്ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ വരമ്പുകള്‍ തിട്ടപ്പെടുത്തി. ഇനിയും കൊന്നും കൊലവിളിച്ചും ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ലോകത്തിന് തന്നെ വിപത്തായി മാറിയ ഐസിസ് ഭീകരര്‍.

കൃത്യമായി പറഞ്ഞാല്‍ 2014 ജൂണ്‍ മാസം മുതലാണ് ഐസിസ് ഭീകരര്‍ കരുത്താര്‍ജ്ജിയ്ക്കുന്നത്. സിറിയയിലും ഇറാഖിലും വന്‍ തോതില്‍ ആക്രമണങ്ങളാണ് മതത്തിന്റെ പേരില്‍ ഇവര്‍ അഴിച്ച് വിട്ടത്. ആയിരക്കണക്കിന് പേരെ കൊന്നൊടുക്കി. രണ്ട് അമേരിയ്ക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകരായ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ എന്നിവരെ തലയറുത്ത് കൊന്നു. ഈ വീഡിയോ പ്രചരിപ്പിച്ചു.

ഷിയ സൈനികരെ കൂട്ടക്കൊല ചെയ്തു. യസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി. മാംസ ചന്തകള്‍ തുടങ്ങി. കണ്‍മുന്നില്‍ യസീദി പെണ്‍കുട്ടികള്‍ക്ക് നഷ്ടമായത് ആണ്‍മക്കളും, ഭര്‍ത്താക്കന്‍മാരും, പിതാക്കന്‍മാരും ആയിരുന്നു. അടിമച്ചന്തയില്‍ പെണ്ണിന് വേണ്ടി വിലപേശുന്ന ദൃശ്യങ്ങളും അവര്‍ പുറത്ത് വിട്ടു. ഐസിസ് നിയമം നടപ്പാക്കുന്നതിന്റെ ക്രൂര ദൃശ്യങ്ങളും പുറത്ത് വന്നു.
കുരിശ്ശില്‍ തറച്ചും തലവെട്ടിയും കല്ലെറിഞ്ഞ് കൊന്നും ഐസിസ് കിരാത നീതി നടപ്പാക്കുന്നു. അമേരിയ്ക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്ലാമിക സ്റ്റേറ്റ് ഭീകരരെ നേരിടാന്‍ നടത്തുന്ന ആക്രമണങ്ങള്‍ മാത്രമാണ് പ്രതീക്ഷയേകുന്നത്. ഇറാഖിനും സിറിയയ്ക്കും 2014 കറുത്ത വര്‍ഷമായിരുന്നു... ഐസിസിന് ക്രൂരതയില്‍ തലയറ്റ് വീണവരുടെ ചോര പുരണ്ട ചുവന്ന വര്‍ഷം.












Click it and Unblock the Notifications