കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രികള്‍
സംസ്ഥാനത്ത് വര്‍ഷം തോറും കാന്‍സര്‍ രോഗികളുടെ എണ്ണം കൂടി വരികയാണ്. ഏറ്റവും ദുഖകരമായ കാര്യം രോഗികളില്‍ നല്ലൊരു ശതമാനവും കുട്ടികളാണ്. ആരംഭത്തിലാണെങ്കില്‍ കുട്ടികളെ കാന്‍സര്‍ മിക്കപ്പോഴും പൂര്‍ണമായി ചികിത്സിച്ച് മാറ്റാന്‍ സാധിയ്ക്കും. കാന്‍സര്‍ ചികിത്സ ചെലവേറിയതിനാല്‍ തന്നെ പലപ്പോഴും നിര്‍ധന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് മികച്ച ചികിത്സ ലഭിയ്ക്കണമെന്നില്ല.
എന്നാല്‍ സംസ്ഥാനത്ത് 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കാന്‍സര്‍ സുരക്ഷ പദ്ധതി നിലനില്‍ക്കുന്നുണ്ട്. ഒന്ന്-രണ്ട് വര്‍ഷത്തിലധികം ചികിത്സ വേണ്ടി വരുന്ന കുട്ടികള്‍ക്ക് അഞ്ച് ലക്ഷത്തിലധികം രൂപവരെ പദ്ധതി പ്രകാരം ധനസഹായം ലഭിയ്ക്കും. എപിഎല്‍ ബിപിഎല്‍ എന്ന വ്യത്യാസമില്ലാതെ സഹായം ലഭിയ്ക്കും.

ഇതിനായി പ്രത്യേക അപേക്ഷാ ഫോം നല്‍കേണ്ടതില്ല. അതത് ആശുപത്രികളിലെ സുരക്ഷ മിഷന്‍ കൗണ്‍സിലര്‍മാര്‍ നടത്തുന്ന രോഗിയുടെ സാമ്പത്തിക സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സിയ്ക്കാന്‍ കഴിവില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായം ലഭിയ്ക്കും. 4148 കുട്ടികള്‍ക്കാണ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിച്ചിട്ടുള്ളത്.
കാന്‍സര്‍ സുരക്ഷ പദ്ധതി മാത്രമല്ല സംസ്ഥാനത്ത് സൗജന്മായി കുട്ടികള്‍ക്ക് കാന്‍സര്‍ ചികിത്സ ലഭ്യമാകുന്ന ആശുപത്രികളും ഉണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളേജുകള്‍, ഐഎംസിഎച്ച് മെഡിക്കല്‍ കൊളെജ് കോഴിക്കോട്, ഐസിഎച്ച് മെഡിക്കല്‍ കൊളേജ് കോട്ടയം, കോ ഓപ്പറേറ്റീവ് മെഡിക്കല്‍ കൊളെജ് കണ്ണൂര്‍, റീജനല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കൊളേജ് ആശുപത്രി കണ്ണൂര്‍ എന്നിവിടങ്ങളില്‍ ചികിത്സ സൗജന്യമായി ലഭിയ്ക്കും.












Click it and Unblock the Notifications