സ്വര്‍ണക്കടത്തിലെ നൂതന വഴികള്‍
ദില്ലി: പണ്ടൊക്കെ സിനിമളില്‍ കണ്ടിരുന്നത് മയക്കുമരുന്ന് കള്ളക്കടത്തായിരുന്നു. അതിന്റെ സൈഡ് മാത്രമായിരുന്നു സ്വര്‍ണക്കടത്തും മറ്റും.
എന്നാല്‍ കാലം മാറിയപ്പോള്‍ സ്വര്‍ണക്കടത്തിനാണ് ഏറ്റവും ഡിമാന്റ്. ഓരോ ദിവസവും രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് അനധികൃതമായി എത്തിക്കൊണ്ടിരിക്കുന്നത്. പരിശോധനകള്‍ കര്‍ശനമാക്കിയപ്പോള്‍ സ്വര്‍ണക്കടത്തുകാരം പുത്തന്‍ വഴികള്‍ കണ്ടെത്തി. എന്നാല്‍ നമ്മുടെ അധികൃതരം അത്ര മോശമല്ല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് ഇപ്പോള്‍ പല സ്വര്‍ണ വേട്ടകളും നടത്തുന്നത്.
കേരളം ഇപ്പോള്‍ സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമാണ്. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. എത്ര പേര്‍ പിടിയിലായാലും , കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്നതാണ് സത്യം.
സ്വര്‍ണക്കടത്തില്‍ അടുത്ത കാലത്ത് ഉപയോഗിക്കുന്ന വഴികളേതൊക്കെ....

സ്വര്‍ണ ബിസ്‌കറ്റ്
പണ്ട് മുതലേ സിനിമകളില്‍ കാണുന്നതാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍. അടുത്ത കാലം വരെ ബിസ്‌കറ്റ് രൂപത്തിലുള്ള സ്വര്‍ണം ആളുകള്‍ കടത്തിയിരുന്നവത്രെ. അടിവസ്ത്രങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ചും, ബാഗിന് ഉള്ളില്‍ രഹസ്യ അറയുണ്ടാക്കിയും , സോക്‌സിലും ഷൂവിലും ഒളിപ്പിച്ചും ഒക്കെ ആയിരുന്നു ഇത്.

എയര്‍ ഹോസ്റ്റസ്
കേരളത്തിലെ സ്വര്‍ണക്കടത്തുകാര്‍ കുറച്ചുകൂടി മിടുക്കരാണ്. എയര്‍ ഹോസ്റ്റസുമാരേയും വിമാനത്താവള ജീവനക്കാരേയും ഒക്കെ ആണ് അവര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നത്. കോഴിക്കോട് പിടിയിലായ ഫിറോമോസയും റാഹിലയും ഉദാഹാരണം.

ബെല്‍റ്റ്, ഷൂസ്
ബെല്‍റ്റും ഷൂസും ഒക്കെ ഇപ്പോഴും സ്വര്‍ണക്കടത്തിന്റെ പ്രധാന വഴികളാണ്. ബെല്‍റ്റിനുള്ളില്‍ ഒളിപ്പിക്കുന്നത് മാത്രമല്ല. ബെല്‍റ്റിന്റെ ബക്കിള്‍ പോലും സ്വര്‍ണത്തില്‍ നിര്‍മിച്ച ആളുകളുണ്ട്. ബക്കിളിന്റെ മുകളില്‍ റോഡിയം പൂശിക്കൊണ്ടായിരുന്നു തട്ടിപ്പ്.

ഈന്തപ്പഴം
ഈന്തപ്പഴം വഴി എങ്ങനെ സ്വര്‍ണം കടത്താം... ഈന്തപ്പഴത്തിനുള്ളിലെ കുരു മാറ്റി സ്വര്‍ണത്തിന്റെ കുരു നിറച്ചാണ് ഒരിക്കല്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയത്. പക്ഷേ പൂനെ വിമാനത്താവളത്തില്‍ വച്ച് ആള് പിടിയിലായി.

സ്വര്‍ണപ്പൊടി, അയിര്
സ്വര്‍ണം പൊടിച്ച് തരിതരിയാക്കി കുപ്പിയിലും മറ്റും കൊണ്ടുവരുന്നവരും കുറവല്ല. സ്വര്‍ണത്തിന്റെ അയിര് കൊണ്ടുവരുന്നവരും ഉണ്ട്. സ്വര്‍ണത്തിന് 10 ശതമാനം തീരുവ കൊടുക്കുമ്പോള്‍ അയിരിന് അഞ്ച് ശതമാനം തീരുവയേ ഉള്ളൂ.

കസേരയുടെ സ്പ്രിങ്
ഒരുപാട് കസേരകള്‍ എയര്‍കാര്‍ഗോ വഴി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ അധികൃതര്‍ക്ക് സംശയം തോന്നിയതാണ്. കസേര പൊളിച്ചു നോക്കിയപ്പോള്‍ ഉള്ളിലെ സ്പ്രിങ്ങുകളെല്ലാം തനി സ്വര്‍ണം.

ടോര്‍ച്ചും ബാറ്ററിയും
ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ ടോര്‍ച്ച് കൊണ്ടുവരുന്നത് പണ്ടൊരു പുതുമയായിരുന്നില്ല. രണ്ടും മൂന്നും ടോര്‍ച്ചൊക്കെ ഒരാള്‍ തന്നെ കൊണ്ടുവരും. എന്നാല്‍ സ്വര്‍ണക്കടത്തുകാര്‍ സ്വര്‍ണം കൊണ്ടുള്ള ബാറ്ററിയായിരിക്കും ടോര്‍ച്ചിനുള്ളില്‍ ഇട്ടിട്ടുണ്ടാവുക. സ്വിച്ച് ഞെക്കിയാലൊട്ട് ടോര്‍ച്ച് കത്തുകയും ഇല്ല.












Click it and Unblock the Notifications