Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉൾച്ചേർന്നുകിടക്കുന്ന ഗൗരിയമ്മയുടെ ജീവിതം, അക്കാലത്തെ സ്ത്രീജീവിതത്തിന് അസാധ്യം'

കെആർ ഗൗരി എന്ന ഗൗരിയമ്മ കേരള ചരിത്രത്തില്‍ എങ്ങനെ അടയാളപ്പെടുത്തപ്പെടുന്നു എന്നത് നി‍‍ര്‍ണായകമാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സ്ത്രീ സാന്നിധ്യം സാധാരണമല്ലാതിരുന്ന കാലത്ത്, എല്ലാ മാമൂലുകളും ലംഘിച്ച് തന്റെ അസ്തിത്വം ഉയ‍ര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ഗൗരിയമ്മ.

ആര്‍ക്ക് മുന്നിലും എന്തും പച്ചക്ക് വെട്ടിത്തുറന്ന് പറയുന്ന ഗൗരിയമ്മയുടെ പ്രകൃതം ആണ് അവരെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനും തന്റേതായ വഴി രൂപപ്പെടുത്താനും സഹായിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായ പുത്തലത്ത് ദിനേശന്‍ നിരീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം...

തന്റേതായ ശരികളുടെ വഴിയില്‍

തന്റേതായ ശരികളുടെ വഴിയില്‍

തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നുപറയുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്ത സവിശേഷ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു ഗൗരിയമ്മ. തന്‍റെ ആത്മകഥയില്‍ ഗൗരിയമ്മ അത് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. 'ഞാന്‍ വെറുമൊരു സാധാരണക്കാരി. ഉള്ളതുപോലെ ആരുടെ മുമ്പിലും പച്ചക്ക് വെട്ടിത്തുറന്ന് പറയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രകൃതക്കാരി.' ആ വ്യക്തിത്വത്തിന്‍റെ ഈ സവിശേഷതയാണ് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനും തന്‍റേതായ വഴി രൂപപ്പെടുത്തുന്നതിനും ഇടയാക്കിയത്.

കേരളരാഷ്ട്രീയവും ഗൗരിയമ്മയുടെ ജീവിതവും

കേരളരാഷ്ട്രീയവും ഗൗരിയമ്മയുടെ ജീവിതവും

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നതാണ് ഗൗരിയമ്മയുടെ ജീവിതം. അവര്‍ ജീവിച്ചിരുന്ന കാലത്തെ ഗുണപരമായ സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് രൂപപ്പെട്ടതായിരുന്നു അവരുടെ വ്യക്തിത്വം. നവോത്ഥാന പ്രസ്ഥാനത്തിലൂടെയും ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനത്തിലൂടെയും തുടങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃ സ്ഥാനത്തേക്ക് വളര്‍ന്നുവരികയായിരുന്നു ഗൗരിയമ്മ.

മാറുന്ന കാലവും ഗൗരിയുടെ ജീവിതവും

മാറുന്ന കാലവും ഗൗരിയുടെ ജീവിതവും

നാടിനായി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം സ്വാർത്ഥകമായിരുന്നു . താന്‍ ജീവിതം തുടങ്ങുന്ന കാലത്തില്‍ നിന്നും എത്രയേറെ ലോകം മാറിയെന്ന് അവര്‍ സ്വയം തന്നെ തിരിച്ചറിയുന്നുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച അവരുടെ ആത്മകഥയുടെ ആമുഖത്തില്‍ അക്കാര്യം ഇങ്ങനെ അവർ വ്യക്തമാക്കുന്നുണ്ട്. 'ഞാന്‍ ജനിച്ച കാലം മുതല്‍ ഇന്നുവരെ പരിശോധിച്ചാല്‍ കേരളത്തിന്‍റെ സാമൂഹ്യ രംഗത്തും രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തുമെല്ലാം വലിയ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മളാഗ്രഹിച്ച കേരളം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, മനുഷ്യനെ മനുഷ്യനായി കാണാനും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, അടിച്ചമര്‍ത്തപ്പെട്ട അധ:സ്ഥിതരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളിലും താന്‍ ആരുടെയും അടിമയല്ല എന്ന ബോധം പടുത്തുയര്‍ത്താനും കഴിഞ്ഞ സംസ്ഥാനമാണ് നമ്മുടേത്.' തന്‍റെ ജീവിതം വൃഥാവിലായില്ലെന്ന ഉറച്ച ബോധ്യമാണ് ഈ വാക്കുകളിലുള്ളത്. അതോടൊപ്പം നമുക്ക് ഇനിയും ഏറെ മുന്നോട്ടു താണ്ടേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തലും.

ഭൂപരിഷ്കരണത്തില്‍

ഭൂപരിഷ്കരണത്തില്‍

കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ച വികസനരേഖയിലെ സുപ്രധാനമായ അജണ്ടയായിരുന്നുവല്ലോ ഭൂപരിഷ്കരണത്തിന്‍റേത്. ഇത് നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കി നടപ്പില്‍ വരുത്തിയതും ഗൗരിയമ്മ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന കാലത്തായിരുന്നു.

1967 ലെ രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ ബില്ലില്‍ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികള്‍ വരുത്തി 3.5 ദശലക്ഷം കുടിയേറ്റക്കാര്‍ക്കും 50,000 കുടികിടപ്പുകാരെയും ഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റിയ നിയമപരിഷ്കാരത്തിന് ഗൗരിയമ്മയുടെ ഇടപെടല്‍ ഉണ്ടായിരുന്നു.

കമ്യൂണിസ്റ്റ് ജീവിതം

കമ്യൂണിസ്റ്റ് ജീവിതം

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 1947 ലാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമാവുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ(എം) ല്‍ ഉറച്ചുനിന്നു. കേരള കര്‍ഷക സംഘം നേതൃനിരയിലും മഹിളാ സംഘത്തിന്‍റെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്‍റുമായും പ്രവര്‍ത്തിച്ചു. 1987 മുതല്‍ 91 വരെ സിപിഐഎം ന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും നേതൃത്വപരമായ പങ്കുവഹിച്ചു.

പാ‍ര്‍ട്ടിക്കകത്തും പുറത്തും

പാ‍ര്‍ട്ടിക്കകത്തും പുറത്തും

1994 ലാണ് ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. എങ്കിലും അവസാന കാലമാകുമ്പോഴേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് അതിനുപിന്നില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്നതിനും ഗൗരിയമ്മ തയ്യാറായി.

സമര പോരാട്ടങ്ങളുടെ നിരവധി അധ്യായങ്ങളിലൂടെ രൂപപ്പെട്ട അവരുടെ ജീവിതം അക്കാലത്ത് ഒരു സ്ത്രീ ജീവിതത്തിന് സാധ്യമാകുന്നതിനേക്കാളും എത്രയോ അപ്പുറമുള്ളതായിരുന്നു. സവിശേഷമായ അവരിലെ കുടുംബാന്തരീക്ഷവും ആ മാറ്റത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് ഗൗരിയമ്മ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.

വീടും സമൂഹവും

വീടും സമൂഹവും

അച്ഛന്‍റെ സവിശേഷ വ്യക്തിത്വവും അതില്‍ തന്നെ രൂപപ്പെടുത്തുന്നതിന് ഇടയാക്കിയതുമെല്ലാം ആത്മകഥയിലെ പ്രധാന പരാമര്‍ശങ്ങളാണ്. ആത്മകഥയില്‍ ഇങ്ങനെ പറയുന്നുണ്ട്. 'എന്‍റെ അച്ഛന്‍ ഒരിക്കലും കമ്മ്യൂണിസ്റ്റായിരുന്നില്ല. എങ്കിലും എന്‍റെ വീട്ടില്‍ നിരത്തിവച്ചിരുന്ന അപൂര്‍വ്വം പടങ്ങളില്‍ ശ്രീനാരായണ ഗുരുസ്വാമി, കുമാരനാശാന്‍, ടികെ മാധവന്‍, മഹാത്മാഗാന്ധി എന്നിവരുടെ കൂടെ മഹാനായ ലെനിന്‍റെ പടവും ഉണ്ടായിരുന്നു. മനുഷ്യനും മനുഷ്യനും തമ്മില്‍ സമത്വം പ്രഖ്യാപിച്ച നേതാവെന്ന നിലയില്‍ ലെനിനും സ്ഥാനമുണ്ടായിരുന്നു. കമ്മ്യൂണിസം എന്തെന്ന് അറിയാതെ പോലും.'

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്ന സാഹചര്യം സൃഷ്ടിച്ച സാമൂഹ്യ മാറ്റത്തിന്‍റെ അന്തരീക്ഷവും ഗൗരിയമ്മയുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചു. അക്കാലത്തെ എസ്എന്‍ഡിപി പ്രവര്‍ത്തനത്തെ ഗൗരിയമ്മ ഇങ്ങനെ സ്മരിക്കുന്നുണ്ട്. 'ആദ്യ കാലത്ത് എസ്എന്‍ഡിപി പ്രവര്‍ത്തനം ഈഴവരില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. ഹിന്ദു മതത്തിലുള്ള ഉയര്‍ന്ന ജാതിക്കാരായ പിന്നോക്കക്കാരും ദളിതരും സംഘടനാ അംഗങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍പ്പെട്ടവരിലും അവര്‍ണര്‍ അടിമകളല്ലെന്ന് ബോധമുണ്ടായി.' കുമാരനാശാന്‍റെ കൃതികള്‍ വായിച്ച് ചര്‍ച്ച ചെയ്യുന്ന അന്തരീക്ഷം അന്ന് തന്‍റെ ചുറ്റുമുണ്ടായിരുന്ന കാര്യവും ഗൗരിയമ്മ അനുസ്മരിക്കുന്നുണ്ട്.

ഗൗരി എന്ന പേര് പോലും

ഗൗരി എന്ന പേര് പോലും

തന്‍റെ പേരിന്‍റെ അടിസ്ഥാനമെന്തെന്ന് ആത്മകഥയില്‍ കുറിക്കുന്നുണ്ട്. 'ഈഴവ സമുദായത്തില്‍ നിന്ന് ആദ്യം ബിഎ പാസായത് ഗൗരി എന്ന കൊച്ചിക്കാരിയായിരുന്നു. ഈ ഗൗരിയമ്മയെ കാണാനും അനുമോദിക്കാനും അച്ഛന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. അങ്ങനെയാണ് എനിക്ക് ഗൗരി എന്ന പേരിടാന്‍ കാരണം.' വിദ്യാഭ്യാസത്തെ സ്നേഹിക്കുകയും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്‍റെ സാമൂഹ്യ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ഗൗരിയമ്മ എന്ന വിപ്ലവകാരി ഉയര്‍ന്നുവരുന്നത്.

വിദ്യാഭ്യാസത്തെ ഏറെ സ്നേഹിച്ച അച്ഛന്‍റെ പിന്‍ബലത്തില്‍ അക്കാലത്ത് സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ പോലും പ്രയാസമുണ്ടായിരുന്ന ഉന്നതവിദ്യാഭ്യാസത്തിന്‍റെ പടവുകള്‍ ഗൗരിയമ്മ ചവിട്ടിക്കയറി. കോളേജ് ജീവിതവും ഗൗരിയമ്മയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചു. അക്കാലത്തെ അനുഭവങ്ങള്‍ തന്‍റെ വ്യക്തിത്വത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് വിശദമായി ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
മഹാരാജാസ് കോളേജിലെ ഇന്‍റര്‍ മീഡിയേറ്റ് പഠനം, സാഹിത്യ അഭിരുചി അവരില്‍ അഭിരമിച്ചു. സദനം ലിറ്ററേച്ചറി അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിലൂടെ വായനാശീലവും സാഹിത്യ അഭിരുചിയും പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ സഹായിച്ചു.

സാഹിത്യവും ഗൗരിയും

സാഹിത്യവും ഗൗരിയും

ആശാനും വളത്തോളും മാത്രമല്ല, ഷേക്സ്പിയര്‍ ഉള്‍പ്പെടെയുള്ള അവരുടെ കൃതികളുമായുള്ള ബന്ധവും ശക്തിപ്പെട്ടു. അങ്ങനെ വീട്ടില്‍ എത്തിക്കഴിയുമ്പോള്‍ ആ പരിസരവും കുളിര്‍മയും ഗ്രാമഭംഗിയും തന്നെ ഒരു കവയത്രിയാക്കി മാറ്റിയ ഓര്‍മ്മകളും ഗൗരിയമ്മയ്ക്കുണ്ട്.

ഞാന്‍ കവിതകളെഴുതിത്തുടങ്ങിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കരുത് എന്നാണ് ആത്മകഥയില്‍ അവര്‍ രേഖപ്പെടുത്തുന്നത്. വിവിധ തരത്തിലുള്ള വായനകളാണ് പ്രകൃതിയുമായി ഇണക്കിച്ചേര്‍ക്കുകയും തന്‍റെ ഹൃദയത്തില്‍ ആദര്‍ശ ജീവിതത്തിനുവേണ്ടിയുള്ള ഉള്‍വിളിയും ധൈര്യവും പകര്‍ന്നുതന്നതെന്ന് ഗൗരിയമ്മ അനുസ്മരിക്കുന്നുണ്ട്.

നോവലും മറ്റും വായിക്കുമ്പോള്‍ അതിലെ നായികാ നായകന്‍മാരുടെ പ്രേമ നൈരാശ്യം വരുമ്പോഴുള്ള ഹൃദയവേദനയും അവരെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളും അനുഭവിച്ചറിയുന്ന അവസ്ഥയായിരുന്നു അവരുടേതെന്നും വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ സാഹിത്യ ആഭിമുഖ്യം മനുഷ്യജീവിതത്തിന്‍റെ വേദനകളെയും പ്രതിസന്ധികളെയും അതിജീവിച്ചതായി ഗൗരിയമ്മ ഓര്‍മ്മിക്കുന്നു.
നാടിന്‍റെ പുരോഗമന അന്തരീക്ഷവും സാഹിത്യവും വായനയും സൃഷ്ടിച്ച ഉള്‍ക്കാഴ്ചകളും ജനജീവിതത്തെ നിരീക്ഷിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ശേഷിയുമാണ് ഗൗരിയമ്മയിലെ രാഷ്ട്രീയ പ്രവര്‍ത്തകയെ രൂപപ്പെടുത്തിയത്. ജയില്‍ വാസം ഉള്‍പ്പെടെയുള്ള അനുഭവങ്ങളിലൂടെ അത് കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വരികയായിരുന്നു.

ഒരു കാലഘട്ടത്തിന്റെ പോരാട്ടവീര്യം

ഒരു കാലഘട്ടത്തിന്റെ പോരാട്ടവീര്യം

സ്ത്രീകള്‍ രാഷ്ട്രീയ രംഗത്ത് അത്രയേറെ സജീവമല്ലാതിരുന്ന കാലത്തും, സ്ത്രീവാദ ആശയങ്ങള്‍ വര്‍ത്തമാനകാലത്തെപ്പോലെ ശക്തമല്ലാതിരുന്ന കാലത്തും കരുത്താര്‍ന്ന പോരാട്ടത്തിന്‍റെ പ്രതീകമായി ഗൗരിയമ്മയുടെ ജീവിതം നമുക്ക് മുമ്പില്‍ നില്‍ക്കുകയാണ്. ഒരു കാലഘട്ടത്തിന്‍റെ പോരാട്ട വീര്യത്തെ ഉള്‍ക്കൊണ്ട് തന്‍റെ ശരിക്കായി നിലകൊണ്ട അവരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ രക്തപുഷ്പം അര്‍പ്പിക്കുന്നു...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+