കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടുത്ത നിലവിളക്കിന് ഉടുക്കാത്ത നിലവിളക്ക്

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്... പണ്ട് എസ്എഫ്‌ഐക്കാലത്ത് ഒരുപാട് വിളിച്ച മുദ്രാവാക്യമാണ്, നക്ഷത്രാങ്കിത ശുഭ്രപതാകയില്‍ ചോരച്ചുവപ്പ് കൊണ്ട് എഴുതിച്ചേര്‍ത്ത മുദ്രാവാക്യം.

വളരെ പണ്ട്..., പണ്ട് പണ്ട്, ദിനോസറുകള്‍ക്കും പണ്ട് എന്നൊന്നും പറയാന്‍ പറ്റില്ല. എങ്കിലും കുറച്ചൊക്കെ പണ്ട് ആ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമറിഞ്ഞ് തന്നെയായിരുന്നു മിക്കവരും ചുരുട്ടിയ മുഷ്ടികള്‍ വാനിലെറിഞ്ഞ് അത്യുച്ചത്തില്‍ അത് മുഴക്കിയിരുന്നത്. എസ്എഫ്‌ഐ കൊടിപിടിച്ച വഴികളിലൂടെ ഡിവൈഎഫ്‌ഐയില്‍ എത്തിയവരും ആ പാത പിന്തുടര്‍ന്ന് പോന്നു. അതല്ലാതെ ഡിവൈഎഫ്‌ഐയില്‍ എത്തിയവരും ഏതാണ്ടങ്ങനെയൊക്കെ തന്നെ ആയിരുന്നു.

ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും സോഷ്യലിസത്തിലും വിശ്വസിയ്ക്കുന്നവര്‍ക്ക് എങ്ങനെയാണ് ജനാധിപത്യവിരുദ്ധരാകാന്‍ കഴിയുക എന്ന ചോദ്യമേ അപ്രസക്തമായിട്ട് കാലമേറെയായി. വിശ്വാസങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണെങ്കില്‍ ഐസിസുകാര്‍ കൊലയാളികളാകുമോ, സംഘപരിവാരങ്ങള്‍ ഫാസിസ്റ്റുകളാകുമോ...

sfi

അതൊക്കെ പോട്ടെ, മതേതരത്വമാണ് ഇവിടെ വിഷയം. അതോടൊപ്പം തന്നെ സ്വാതന്ത്ര്യവും, ജനാധിപത്യവും. ഒരാള്‍ക്ക് ഒരു മതത്തില്‍ വിശ്വസിയ്ക്കാനും വിശ്വസിയ്ക്കാതിരിക്കാനും അവകാശവും അധികാരവും ഉള്ള നാടാണ്. അതിപ്പോള്‍ മന്ത്രിയായാലും കള്ളനായാലും ഒക്കെ അങ്ങനെ തന്നെ. നിലവിളക്ക് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഒരു കൂട്ടര്‍ തീര്‍ച്ചയാക്കിയാല്‍ അത് അവരുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് അങ്ങ് മാറി നിന്നാല്‍ മതി. എന്നാല്‍ ഇതിപ്പോള്‍ അങ്ങനെയാണോ...

നിങ്ങള്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചു അല്ലേ... എന്നാല്‍ നിങ്ങള്‍ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി ഞങ്ങള്‍ സമരം ചെയ്യും. എപ്പടിയുണ്ട് സമരസൂത്രം. വെറുതേ നിലവിളക്കും കത്തിച്ച് നില്‍ക്കാമെന്നല്ലാതെ മന്ത്രിയുടെ മനസ്സെങ്ങാനും മാറുമോ. മാറില്ല. അതേ സമയം നിലവിളക്കിന്റെ ബ്രാന്റ് ആംബാസഡര്‍മാര്‍ക്ക് മതേതരന്‍മാരുടെ നെഞ്ചത്ത് കുതിരകേറാന്‍ ഒരു വടി കിട്ടിയെന്നല്ലാതെ വേറെ എന്താണ് ഗുണം?

abdu-rabb

മതവിശ്വാസങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നാണ് വിപ്ലവയുവത്വത്തിന്റെ പ്രഖ്യാപനം. പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ പോലും അതാകാം. പക്ഷേ വൈരുദ്ധ്യത്മക ഭൗതികവാദത്തില്‍ നിന്ന് അണുവിട പിന്‍മാറില്ല.

സത്യത്തില്‍ നിലവിളക്കിന് ഈ ഹിന്ദു വിശ്വാസവുമായി വല്ല ബന്ധവുമുണ്ടോ... ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ഒരു വിശ്വാസ ലംഘനമല്ലെന്ന് കരുതി അത് ചെയ്യുന്ന ഇഷ്ടം പോലെ മുസ്ലീങ്ങളും ഉണ്ട്. എന്നാല്‍ മുസ്ലീം ലീഗുകാര്‍ക്ക് നിലവിളക്ക് ഹറാം ആണ്. അതിപ്പോള്‍ അബ്ദുറബ്ബ് മാത്രമല്ല, അഞ്ചാം മന്ത്രിയായ മഞ്ഞളാംകുഴി അലി പോലും ഇപ്പോള്‍ അങ്ങനെയാണ്. പഴയ ലാവണത്തിലാകുമ്പോള്‍ അലിയ്ക്ക് ഇതിനൊന്നും ഒരു മടിയും ഉണ്ടായിരുന്നില്ലെന്ന് കൂടി ഓര്‍ക്കണം.

nilavilakku

നിലവിളക്ക് കൊളുത്തത് ഇസ്ലാമിക വിരുദ്ധമോ എന്തോ ആയിക്കോട്ടെ. വാഗ്ദാനലംഘനം ഒരു സത്യവിശ്വാസിയ്ക്ക് ചേര്‍ന്നതാണോ? ഇസ്ലാമിക നിയമ പ്രകാരം അതിന്റെ ശിക്ഷയെന്തെന്നൊന്നും അറിയില്ല. എന്നാലും ഓണപ്പരീക്ഷ അടുത്തെത്തിയിട്ടും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം എത്തിക്കാതിരിയ്ക്കുന്നത് വലിയ പാപവും വാഗ്ദാന ലംഘനവും ആണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്.

dyfi3

ഇങ്ങനെയൊരു പാപം ചെയ്ത മന്ത്രിയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍ വെറുതേയെന്തിനാണ് ആ നിലവിളക്ക് മുന്നില്‍ കൊണ്ടുവയ്ക്കുന്നത് എന്നാണ് മനസ്സിലാവാത്തത്. നിലവിളക്ക് കൊളുത്താത്ത ഏക മന്ത്രിയായിരുന്നെങ്കില്‍ പിന്നേയും സഹിയ്ക്കാമായിരുന്നു. ഇതിപ്പോള്‍ അതിലും വലിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സമരസഖാക്കള്‍ നിലവിളക്കിന്റേയും വിശ്വാസത്തിന്റേയും പിറകേ പോകുന്നതാണ് സഹിയ്ക്കാന്‍ വയ്യാത്തത്.

English summary
How can we justify Nilavilakku Strike against Adburabb by DYFI, Binu Phalgunan writes in Vedivazhipadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X