ദ്രാവിഡ രാഷ്ട്രീയത്തിന്റെ 'കൊമ്പറുത്ത' ജയലളിത, സംഘപരിവാരത്തിന് 'മക്കളെ' ജീനികെട്ടിയൊരുക്കി?
സംഘപരിവാറിൻ്റെ തൊഴുത്തിലേയ്ക്ക് കയറ്റി നിറുത്താനാവുംവിധം ദ്രാവിഡമക്കളെ ജീനി കെട്ടിയൊരുക്കിയത് ജയലളിതയുടെ രാഷ്ട്രീയമാണ്. ജയലളിതയില്ലാത്ത പാർട്ടി ചിതറിയാൽ ഒരു പൂള് സംഘപരിവാറിന് കിട്ടുമെന്ന് ഉറപ്പാണ്.
തമിഴ് രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് എന്നും മാറി നിന്നത് അവരടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പേരിലാണ്. പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ തുടക്കമിട്ട നവോത്ഥാനവഴികളിലൂടെയായിരുന്നു ദ്രാവിഡ മുന്നേറ്റത്തിന്റെ തുടക്കം.
ആദ്യ സിനിമ 'എ' പടം, വിവാഹം കഴിക്കാതെ ഒരു മകള്‍... ജയലളിതയെ പറ്റി പ്രചരിക്കുന്ന 25 രഹസ്യങ്ങള്‍
എന്നാല്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊമ്പുകളില്‍ ഒന്ന് അറുത്തിട്ടാണോ ജയലളിത വിടവാങ്ങുന്നത് എന്ന സംശയമാണ് മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ ഉന്നയിക്കുന്നത്. കീഴാള രാഷ്ട്രീയത്തില്‍ നിന്ന് ഉദയം ചെയ്തതാണ് ദ്രാവിഡ രാഷ്ട്രീയം.
എന്നാല്‍ ജയലളിതയുടെ രാഷ്ട്രീയം ദ്രാവിഡ മക്കളെ സംഘപരിവാരത്തിന്റെ തൊഴുത്തിലേക്ക് കയറ്റി നിര്‍ത്താനാവം വിധം ജീനികെട്ടിയൊരുക്കി എന്നും ഹര്‍ഷന്‍ വിലയിരുത്തുന്നു.

തമിഴകം
തമിഴ് മണ്ണിനെ വളര്‍ത്തിയത് കരുത്തരായ നേതാക്കള്‍ പടച്ചെടുത്ത ദ്രാവിഡ രാഷ്ട്രീയമാണെന്ന് ഹര്‍ഷന്‍ പറയുന്നു. എന്നാല്‍ ആ ദ്രാവിഡ രാഷ്ട്രീയം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ ജയലളിത എന്ത് വിജയമാണ് നേടിയിട്ടുള്ളത് എന്നാണ് ചര്‍ച്ചയാകുന്നത്.

തന്തൈ പെരിയാര്‍
തന്തൈ പെരിയാര്‍ എന്ന് തമിഴ് മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കറില്‍ നിന്നാണ് ദ്രാവിഡ മുന്നേറ്റത്തിന്റെ തുടക്കം. പെരിയാര്‍ അണ്ണാ ദുരൈയേയും ദുരൈ നെടുഞ്ചേഴിയനേയും കരുണാനിധിയേയും എംജിആറിനേയും, എംജിആര്‍ ജയലളിതയേയും ദ്രാവിഡ രാഷ്ട്രീയത്തിനായി കരുതിവച്ചു. എന്നാല്‍ ജയലളിത ആരെയാണ് കരുതി വച്ചത്?

പുരട്ചി
പുരട്ചി തലൈവി എന്നാണ് ജയ അറിയപ്പെട്ടത്. വിപ്ലവ നായിക. എന്നാല്‍ എവിടെയാണ് , ആരോടാണ് ജയലളിത 'പുരട്ചി' നടത്തിയത്? എംജിആറിന്റെ ഭാര്യ ജാനികയോടും കരുണാനിധിയോടും അഴിമതി കേസില്‍ സുബ്രഹ്മണ്യം സ്വാമിയോടും മാത്രമാണെന്ന് ഹര്‍ഷന്‍ വിലയിരുത്തുന്നു.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊമ്പ്
ഇതുകൊണ്ടൊക്കെ തന്നെ സംശയിക്കാവുന്നതാണ്- ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊമ്പുകളിലൊന്ന് അറുത്തിട്ടിട്ടാണോ ജയലളിത വിടവാങ്ങുന്നത് എന്ന്.

ദ്രാവിഡ രാഷ്ട്രീയം
തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിലെ നവോദ്ധാന ചിന്തകള്‍ എംജിആര്‍ മുതലേ കെട്ടു തുടങ്ങിയിരുന്നു. പാലക്കാട്ടുകാരനായ മലയാളിയായിരുന്നു എംജിആര്‍. അതിന് ശേഷം എഐഎഡിഎംകെയുടെ പകാത പേറിയ ജയലളിതയാകട്ടെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും. ദ്രാവിഡ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്ത ബ്രാഹ്മണ നേതാവായി ജയലളിത വിലയിരുത്തപ്പെട്ടേക്കാം എന്നും ഹര്‍ഷന്‍ കരുതുന്നു.

സംഘപരിവാര്‍
സംഘപരിവാറിന് വേണ്ടി വാതില്‍ തുറന്നിടുന്ന രീതിയിലേക്ക് തമിഴകത്തെ മാറ്റിയതില്‍ ജയലളിതയ്ക്ക് പങ്കുണ്ടെന്നതാണ് അടുത്ത വിലയിരുത്തല്‍. സംഘപരിവാറിന്റെ തൊഴുത്തിലേക്ക് കയറ്റി നിറുത്താനാകും വിധം ദ്രാവിഡ മക്കളെ ജീനികെട്ടിയൊരുക്കിയത് ജയലളിതയുടെ രാഷ്ട്രീയമാണെന്നും ഹര്‍ഷന്‍ വിലയിരുത്തുന്നു.

സംഘപരിവാറിന് എന്ത് കിട്ടും
ജയലളിതയില്ലാത്ത തമിഴകത്ത് എഐഎഡിഎംകെ ചിന്നിച്ചിതറിയാല്‍ ആര്‍ക്കാണ് ലാഭം. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ലാഭത്തിന്റെ ഒരു വിഹിതം സംഘപരിവാറിന് തന്നെ ആയിരിക്കും ലഭിക്കുക.

തന്ത്രം
എംജിആറും ജയലളിതയും ഉപയോഗിച്ച രാഷ്ട്രീയ തന്ത്രം തമിഴകത്തെ കീഴാള രാഷ്ട്രീയത്തെ കവച്ചു വച്ചു. അതിന്റെ തെളിവാണ് ദ്രാവിഡ സ്വത്വം കരുത്താക്കിയ വൈക്കോ അടക്കമുള്ള നേതാക്കള്‍ എടുക്കാച്ചരക്കായി മാറിയത് എന്നും ഹര്‍ഷന്‍ വിലയിരുത്തുന്നുണ്ട്.

ജാതിക്കലവരം
ജാതിവെറിയും ജാതി പഞ്ചായത്തുകളും ജാതിക്കൊലപാതകങ്ങളും തമിഴ്‌നാട്ടില്‍ ഇല്ലാതായിട്ടില്ല. ജാതി കൊടികുത്തി വാഴുന്ന തമിഴ് മണ്ണിനെ തിരുത്താന്‍ ജയലളിത വിയര്‍ത്തിട്ടില്ലെന്ന സത്യം ഹര്‍ഷന്‍ വ്യക്തമാക്കുന്നുണ്ട്.

പ്രകീര്‍ത്തനം
ഇത്രയേറെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി ഉന്നയിക്കുമ്പോഴും ജയലളിതയെ പ്രകീര്‍ത്തിക്കാതിരിക്കാനാവില്ല. കാഞ്ചിമഠാധിപതിയെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യാനും, റോഡ് വികസനത്തിന് വേണ്ടി ദേവാലയങ്ങള്‍ പൊളിച്ചുമാറ്റാനം ചങ്കൂറ്റം കാണിച്ച ഭരണാധികാരിയായിരുന്നു ജയലളിത.

കനിവ്
കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ, പാവപ്പെട്ടവനും കനിവ് നല്‍കുന്നതില്‍ മുന്‍പന്തിയില്‍ തന്നെ ആയിരുന്നു ജയലളിത. അതാണ് അവരെ ഇത്രമാത്രം ജനപ്രിയയാക്കിയതും.

ഏകാധിപതി
പക്ഷേ മറ്റൊരു കാര്യം പറയാതിരിക്കാനാവില്ല. നയിക്കാന്‍ ഇനിയാര് എന്ന ചോദ്യം ചിന്തിക്കാനുള്ള ധൈര്യം പോലും അണികള്‍ക്ക് കൊടുക്കാത്ത ഏകാധിപത്യത്തിന്റെ, ധിക്കാരത്തിന്റെ ആള്‍രൂപമായിരുന്നു ജയലളിത എന്നും ഹര്‍ഷന്‍ പറയുന്നുണ്ട്.

രാജാധികാരം
ജനാധിപത്യത്തിന്റെ കരുത്തറിഞ്ഞവളാണ് ജയലളിത. ഒപ്പം തന്നെ ജനാധിപത്യത്തിലെ പഴുതുകള്‍ കണ്ടുപിടിച്ചവള്‍. ജനാധിപത്യവും രാജാധികാരമാണെന്ന് കാട്ടിത്തവളാണ് അമ്മയെന്നും ഹര്‍ഷന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

ജനാധിപത്യം
ജനാധിപത്യത്തിന്റെ ഒരു നല്ല നല്ല 'മോഡല്‍' ആണ് ജയലളിത എന്ന് പറയാനാവില്ലെന്ന് ഹര്‍ഷന്‍ ഇതെല്ലാം വഴി സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ജനാധിപത്യത്തിന്റെ പോരായ്മയ്ക്ക് ജയലളിത ഒരു നല്ല ഉദാഹരണാണ് ജയ എന്ന് പറഞ്ഞുകൊണ്ടാമ് ഹര്‍ഷന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ഹര്‍ഷന്‍.












Click it and Unblock the Notifications