കുടുംബത്തോടെ രാഷ്ട്രീയത്തിലുള്ളവര്‍
മക്കള്‍ രാഷ്ട്രീയം ഗുണമോ ദോഷമോ എന്നത് അവിടെ നില്‍ക്കട്ടെ. ചര്‍ച്ച ചെയ്തതുകൊണ്ടോ വേണ്ടെന്ന് വാദിച്ചതുകൊണ്ടോ അത് ഇല്ലാതാകുന്നില്ല. ഈ ലോക് സഭാ തിരഞ്ഞെടുപ്പ് നോക്കിയാല്‍ വരുന്ന തലമുറ മക്കള്‍ രാഷ്ട്രീയം മാത്രമാണ്. മക്കള്‍ മാത്രമല്ല മരുമക്കളും സഹോദരങ്ങളും അങ്ങനെ അങ്ങനെ രാഷ്ട്രീയം തീര്‍ത്തും കുടുംബപരമാകുന്നു. ഇതിന്റെ ഗുണ ദോഷങ്ങള്‍ ഓരോരുത്തര്‍ യുക്തിപരമായി ചിന്തിച്ച് പറയട്ടെ.
ഇവിടെ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ചില രാഷ്ട്രീയ കുടുംബത്തെ കാണൂ

മുലായം സിഗിന്റെ പരമ്പര
യുപിയിലെ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ മുലായം സിംഗ് യാദവ് ആണ് ഇക്കാര്യത്തില്‍ കേമന്‍. മരുമകളേയും മരുമകനേയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുലായം സിംഗ് രംഗത്തിറക്കിയിരിക്കുന്നു. മുലായം സിംഗിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് കനൗജില്‍ നിന്നാണ് ജനവിധി തേടുന്നത്. ഡിംപിളിന്റെ സിറ്റിംഗ് സീറ്റാണ് ഇത്.

രാഹുലും സോണിയയും
നെഹ്രു കുടുംബത്തില്‍ നിന്ന് നാല് പേര്‍ മത്സരരംഗത്തുണ്ടാകും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമാണ് ഇതില്‍ രണ്ടുപേര്‍. സോണിയയും രാഹുലും യഥാക്രമം സിറ്റിംഗ് സീറ്റുകളായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കും.

മേനക ഗാന്ധിയും വരുണ്‍ ഗാന്ധിയും
നെഹ്രു കുടുംബത്തിലെ മറ്റു രണ്ടുപേര്‍ എതിര്‍ ചേരിയിലാണ്. ബിജെപി ടിക്കറ്റില്‍ മേനകാ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയുമാണ് മത്സരിക്കുക. മകന്റെ സീറ്റായ പിലിഭിത്തില്‍ നിന്നാണ് മേനകാ ഗാന്ധി മത്സരിക്കുന്നത്. വരുണ്‍ ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നാണ് മത്സരിക്കുന്നത്.

ചിദംബരം മാറി പകരം മകന്‍
കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ 2009ല്‍ ലോക്‌സഭയിലെത്തിച്ച മണ്ഡലത്തില്‍ നിന്ന് ഇത്തവണ ജനവിധി തേടുന്നത് മകന്‍ കാര്‍ത്തി ചിദംബരമാണ്. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് കാര്‍ത്തി മത്സരിക്കുന്നത്. 2009ല്‍ മാത്രമല്ല 2004ലും ഇവിടെ പി ചിദംബരമായിരുന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്നത്. ഇത്തവണ ചിദംബരം പൊതുതെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

കാലിത്തീറ്റ ലാലുവിനെ മാറ്റി പകരം?
കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മത്സരിക്കാന്‍ യോഗ്യതയില്ലാത്തതിനാല്‍ ലാലുപ്രസാദ് മകളെ രംഗത്തിറക്കിയിരിക്കുന്നു. ലാലുപ്രസാദിന്റെ മകള്‍ മിസാ ഭാരതി പാടലീപുത്രയില്‍ നിന്നാണ് ജനവിധി തേടുക.

അജിത്ത് സിംഗും ജയന്ത് ചൗധരിയും
ആര്‍എല്‍ഡി നേതാവ് അജിത് സിംഗും മകന്‍ ജയന്ത് ചൗധരിയും ഇത്തവണ ജനവിധി തേടുന്നു. സിറ്റിംഗ് സീറ്റായ മധുരയില്‍ നിന്ന് തന്നെയാണ് ജയന്ത് ചൗധരി ജനവിധി തേടുന്നത്.

ഷീല ദീക്ഷിത്തും മകനും
മുന്‍ മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായ ഷീലാ ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിത് സിറ്റിംഗ് സീറ്റായ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.

ഹരിയാന മുഖ്യമന്ത്രിയും മകനും
ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹുഡ ഇത്തവണയും മത്സരിക്കുന്നുണ്ട്. സിറ്റിംഗ് സീറ്റായ റോഹ്ടാകില്‍ നിന്നാണ് ദീപേന്ദര്‍ ഹൂഡ മത്സരിക്കുന്നത്.

വിജയ് ബുഹുഗുണയും മകനും
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകനും മത്സരരംഗത്തുണ്ടാകും.

അമരിന്ദര്‍ സിംഗും ഭാര്യയും
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ സിറ്റിംഗ് സീറ്റായ പട്യാലയില്‍ നിന്ന് ജനവിധി തേടുന്നു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ് സിറ്റിംഗ് സീറ്റായ മാണ്ഡിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്നു.

വസുന്ദരരാജയും മകനും
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജയുടെ മകന്‍ ദുഷ്യന്ത് സിംഗ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനുണ്ട്.

രാണെ കുടുംബം
മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ റാണെയുടെ മകന്‍ നിലേഷ് റാണേയും ജനവിധി തേടും.

ശരത് പവാറും മകളും
എന്‍ സി പി നേതാവ് ശരദ് പവാറിന്റെ മകള്‍ സുപ്രിയയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

മാണിയും മകനും
കേരളത്തില്‍ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി വീണ്ടും ലോക്‌സഭയിലേക്ക് യുഡിഎഫ് സീറ്റില്‍ കോട്ടയത്തുനിന്ന് മത്സരിക്കുന്നു.

ആര്‍ വി ദേശ് പാണ്ഡേ
കര്‍ണ്ണാടകയില്‍ മന്ത്രി ആര്‍ വി ദേശ്പാണ്ഡേയുടെ മകനും കേന്ദ്രമന്ത്രി പ്രഫൂല്‍ പട്ടേലിന്റെ മകളുടെ ഭര്‍ത്താവുമായ പ്രശാന്ത് ദേശ്പാണ്ഡേ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നു.












Click it and Unblock the Notifications