പാര്‍ട്ടിക്ക് എതിരല്ല ഈ സിനിമ: മൊയ്തു താഴത്ത്

ടി.പി 51 എന്ന സിനിമയുടെ സംവിധായകന്‍ മൊയ്തു താഴത്തുമായിനടത്തിയ അഭിമുഖംസിനിമകള്‍ വിനോദോപാധി മാത്രമല്ല, ചിലപ്പോള്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാകും. ഒരു കാലഘട്ടത്തെ, ചില വ്യക്തികളെ, കണ്ടിട്ടും കാണാതെ പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങളെ അവ നിരന്തരമായി ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും. അങ്ങനെ ചിന്തിക്കുമ്പോള്‍ അതൊരു അനിവാര്യത കൂടിയാണ്. അത്തരമൊരു പരിശ്രമത്തിന്റെ അണിയറയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൊയ്തു താഴത്ത്.
കുട്ടിക്കാലം, കുടുംബം ?
വടകര ഒഞ്ചിയത്തിനടുത്ത് കൈനാട്ടില്‍ ആണ് ഞാന്‍ ജനിച്ചത്. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബമാണ് എന്റേത്. സിനിമ,ടെലിവിഷന്‍ ഇതൊക്കെ ഹറാമാണ് നമുക്ക് പറ്റിയതല്ല എന്ന് വിശ്വസിച്ചിരുന്ന കുടുംബം. പക്ഷെ എന്റെ പെങ്ങള്‍ നല്ലൊരു ഭരതനാട്യം ഡാന്‍സര്‍ ആയിരുന്നു. മനോരമയുടെ ബാലജനസഖ്യവുമായി ബന്ധപ്പെട്ടാണ് പൊതുരംഗത്ത് വരുന്നത്. പിന്നീട് ഇടതുപക്ഷ സഹയാത്രികനായി. ഡി വൈ എഫ് ഐ യുമായി ബന്ധപ്പെട്ട് പ്രസംഗങ്ങള്‍, തെരുവ് നാടകങ്ങള്‍ എന്നിവയിലെല്ലാം സജീവമായിരുന്നു. കൂടാതെ മാപ്പിളപ്പാട്ടുമായും നല്ല അടുപ്പമാണ്. ഒരു മാപ്പിളപ്പാട്ട് കുടുംബമാണ് എന്റേത്. പ്രവാസലോകം പരിപാടിയിലുടെയാണ് ഞാന്‍ ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. 8 വര്‍ഷത്തെ അനുഭവങ്ങള്‍ അതിനു ശേഷം പട്ടുറുമാല്‍ എന്ന ജനപ്രിയ മാപ്പിളപ്പാട്ട് പരിപാടിയുടെ ഭാഗമായി.
ഒരു കലാകാരന്‍ എന്ന നിലയില്‍ താങ്കളുടെ ലക്ഷ്യമെന്താണ് ?
ഒരു പ്രോജക്റ്റ് ചെയ്യുമ്പോള്‍ ജനങ്ങള്‍ക് അതിലുടെ ഒരു നന്മ ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. തെരുവില്‍ കിടന്നുറങ്ങുന്ന തെരുവ് ഗായക കുടുംബത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. റെയിവേ സ്റ്റേഷനില്‍ അന്തിയുറങ്ങിയിരുന്ന അയാള്‍ക്ക് വീടില്ല പക്ഷെ അയ്യാള്‍ നല്ല കലാകാരനാണ്. നന്നായിട്ട് തബല വായിക്കും. അയാള്‍ക്ക് വീട് വച്ച് കൊടുത്തു. അതിനു ശേഷമാണ് ടി പി ചന്ദ്രശേഖരന്റെ മരണമുണ്ടാകുന്നത്. അത് എന്നെയും കുടുംബത്തെയും വ്യക്തിപരമായി വല്ലാതെ ഉലച്ചു കളഞ്ഞ ഒരു സംഭവമായിരുന്നു.
തങ്ങളുടെ രാഷ്ട്രീയം?
എന്റെ നാടിന് ഒരു മുസ്ലിം പശ്ചാത്തലമാണ്. എന്നാല്‍ മുസ്ലിംലീഗ്, പള്ളിക്കമ്മിറ്റി ഇതിനോടെല്ലാം ഭിന്നമായ സമീപനം ആയിരുന്നു എന്റേത്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഏറ്റവും സമരസപ്പെട്ടുപോകാന്‍ കഴിയുന്ന അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ നീതി പുലര്‍
ത്തപ്പെടുന്ന ഒരു പ്രത്യയശാസ്ത്രം ഇടതുപക്ഷത്തിന്റേതാണ്. കറയില്ലാത്ത നല്ല മനസുള്ള ആളുകളാണ് അവര്‍. കലാകാരന്മാരോട് അവരുടെ സമീപനം വളരെ നല്ലതാണ്. നമ്മള്‍ കെ പി സി സി എടുത്ത് നോക്കിയാലും കേരളത്തിലെ കലാകാരന്മാരോട് ഇടതുപക്ഷം പുലര്‍ത്തിയിരുന്നത് മികച്ച ആഭിമുഖ്യമാണ്. ഇതെല്ലാം പഴയ കാലത്താണ്. ഇപ്പോള്‍ അത് വളരെ മോശമാണ്. പിന്നെ ഇടതിനോട് ചേര്‍ന്ന് നില്‍ക്കുക എന്നത് ഒരു മതേതര സ്വഭാവമാണ്. ഞാനൊക്കെ ഇപ്പോഴും മതേതരത്വത്തില്‍, മതേതരത്വം എന്ന് പറഞ്ഞാല്‍ കള്ള മതേതരത്വമല്ല എന്റെ ഓര്‍മ്മയില്‍ വീടിനടുത്തുള്ള വീട്ടില്‍ പ്രദീപെന്ന എന്റെ അടുത്ത കൂട്ടുകാരനുണ്ട്. എന്റെ എല്ലാ ഓണവും അവന്റെ വീട്ടിലാണ്. അതുപോലെ പെരുന്നാളിന് അവരെന്റെ വീട്ടിലാണ്. അങ്ങനെയൊരു മതേതര സ്വഭാവം കാരണം നാട്ടില്‍ ഒരു ശാന്തി നിലനിന്നിരുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഇടതുപക്ഷത്തിനു ശക്തമായ ഒരു റോള്‍ഉണ്ട്. അവരാ പ്രശ്‌നം പരിഹരിക്കും. പക്ഷെ മതവാദികളുടെ അടുത്ത് ഇഎ സാധനം കിട്ടിക്കഴിഞ്ഞാല്‍ അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ?
എന്റെ ബാപ്പ മുസ്ലിം ലീഗിന്റെ പ്രസിഡന്റ് ആണ്. ആ തരത്തില്‍ മഹല്ല് കമ്മിറ്റിയോക്കെയായി ബന്ധപ്പെടുന്നയാളാണ്. പിന്നീട് ഐ എല്‍ എന്‍ ന്റെ പ്രസിഡന്റായി. പക്ഷെ ഉപ്പയുടെയും ഉമ്മയുടെയുമെല്ലാം മനസ് ഒരു ഇടതുപക്ഷ മനസാണ്. അവരുടെയൊന്നും കുടുംബ പശ്ചാത്തലവും ഇടതുപക്ഷത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ സിനിമ, ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ അതിനെ എതിര്‍ത്തിരുന്നു, അതവരുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഇ എം എസ്, എ കെ ജി തുടങ്ങിയവരുടെ ഫോട്ടോയൊക്കെ ഞാന്‍ ഓഫീസ് റൂമില്‍ വച്ചിട്ടുണ്ട്. ചെഗുവേരയുടെ ഫോട്ടോ ഞാന്‍ വച്ച സമയത്ത് എന്നോടൊരു അപ്രീതിയോ, അനീതിയോ എന്നോടവര്‍ കാണിച്ചിട്ടില്ല. എന്റെ ഉമ്മയൊക്കെ എപ്പോഴുംഇടതുപക്ഷത്തിന്റെ ആളെന്ന് വിശ്വസിക്കുന്നു. പക്ഷെ സമുദായത്തിന്റെ അകത്തുനിന്ന്‌നിരന്തരമായ പ്രശ്‌നങ്ങള്‍ എനിക്ക്വന്നിട്ടുണ്ട്. എന്റെ വിവാഹം മുടക്കിയിട്ടുണ്ട്.
പര്‍ദ്ദയിട്ട് എന്റെ ഉമ്മ ഇടതുപക്ഷത്തിനു വോട്ട് ചെയ്‌തെങ്കില്‍ അത് എന്റെ കുടുംബം പാര്‍ട്ടി കുടുംബം ആയതുകൊണ്ടാണ്. എല്‍ ഡി എഫ് ന്റെ കമ്മിറ്റി കൂടിയിരുന്നത് എന്റെ വീട്ടിലാണ്. പക്ഷെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു ശേഷം ഉമ്മ പറഞ്ഞത് ഇനി ആ പാര്‍ടിക്ക് വോട്ട് ചെയ്യാന്‍ പറ്റില്ല കാരണം ഒരാളുടെ മുഖത്തടിക്കുന്നത് മോശമാണെന്ന് വിശ്വസിക്കുന്ന ആളുകളാണ് നമ്മള്‍. അതുകൊണ്ട് ഇനി നീ സി പി എം നു വോട്ട് ചെയ്യാന്‍ പറഞ്ഞു വരാന്‍ പാടില്ല. ഉമ്മ എന്റെ മുഖത്ത് നോക്കി പറഞ്ഞു.
ഒരു മനുഷ്യനെ 51 വെട്ടു വെട്ടുക, അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലഘട്ടം നം സ്വപ്നം കാണുകയും അതിനു വേണ്ടി ജീവിക്കുകയും ചെയ്യേണ്ടുന്നപ്പോഴാണിത്. ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ മറ്റൊരു കമ്മ്യൂണിസ്റ്റ്കാരനെ കൊന്നു കളഞ്ഞു. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ ഇഎ സിനിമയിലേക്ക് പുറപ്പെട്ടത്. ഇനി ഇതിനു ശേഷം ഉണ്ടായേക്കാവുന്ന എന്റെ രക്ത സാക്ഷിത്വം എന്നെ ഭയപ്പെടുത്തുന്നില്ല.
ടി പി യെ എങ്ങനെ വിലയിരുത്തുന്നു ?
ടി പി ചന്ദ്രശേഖരന്‍ ഏറ്റവും സുതാര്യനായ ഒരു കമ്മ്യൂണിസ്റ്റ് കാരനാണ്. ഒരു പക്ഷെ ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ സാധ്യത ഉണ്ടായിരുന്ന, ജനങ്ങളോട് ചേര്‍ന്ന് കിടന്നിരുന്ന ഒരാളാണ്. ഒരു കല്യാണ വീട്ടില്‍ സാമ്പാര്‍ വിളമ്പാന്‍ ടി പി ഉണ്ടാകും. ഒരു മരണ വീട്ടില്‍ കര്‍മ്മം ചെയ്യാന്‍ ആളില്ലെങ്കില്‍ ടി പി ഉണ്ടാകുമവിടെ. ടി പി പലപ്പോഴും രാത്രി 12, 1 മണിക്ക് വടകര ഹോസ്പിറ്റലിലോ മെഡിക്കല്‍കോളേജിലോ ഉണ്ടാകും. എന്റെ അനുഭവത്തില്‍ മറ്റുള്ളവര്‍ നിങ്ങള്‍ ഏതു പാര്‍ട്ടിക്കാരാണെന്ന് ചോദിച്ചിട്ടേ നിങ്ങളുടെ വിഷയത്തില്‍ ഇടപെടൂ. പിന്നെ അവിടെ വച്ച 200 വാങ്ങിച്ച് 300 വാങ്ങിച്ച്... ടി പി അങ്ങനെ ആയിരുന്നില്ല. അതാണ് ഒരു ആള്‍ക്കൂട്ടം മൊത്തം പോയത്. എന്റെ നാട്ടില്‍ ഞാനൊരു തെമ്മാടിയാണെങ്കില്‍, ഒരു മോശക്കാരനാണെങ്കില്‍ എന്റെ പിന്നാലെ ആള് കൂടില്ല. അത്ര മന്ദബുദ്ധികളൊന്നും അല്ല കേരളത്തിലെ ആള്‍ക്കാര്‍. നമ്മുടെയടുത്ത് നന്മയുണ്ടെങ്കില്‍ മാത്രമേ നമ്മുടെയടുത്ത് ആളുകള്‍ വരൂ. അവിടെ ടി പി ഒഞ്ചിയം നേതാവ് മാത്രമല്ല വള്ളിക്കാട്, ചോറാട്, കൈനാട്ടി പാര്‍ലമെന്റിന് അകത്ത് ഒരു ജനത മൊത്തം ഇളകിയത് ടി പി യുടെ വ്യക്ത്വിത്വം കാരണമാണ്. ടി പി മോശക്കാരനാണെങ്കില്‍ നമ്മള്‍ അങ്ങനെ പുറപ്പെടില്ലല്ലോ. ടി പി ഏറ്റവും ആദര്‍ശ വിശുദ്ധിയുള്ള ഏറ്റവും നന്മ നിറഞ്ഞ കമ്മ്യൂണിസ്റ്റ്കാരനാണ്. അങ്ങനെയൊരു കമ്മ്യൂണിസ്റ്റ് കാരന്‍ കേരളത്തില്‍ ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രത്യേകിച്ച് മതാന്ധത എല്ലായിടത്തും നിറഞ്ഞു നില്‍ക്കുമ്പോള്‍. ഇപ്പോളിവിടത്തെ ഏറ്റവും വലിയ പ്രശ്‌നം ബീഫ് നിരോധിക്കലാണ്. മനുഷ്യര്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചയല്ല. ബീഫ് നിരോധിച്ച് കളിക്കുകയാണ്. ബീഫ് നിരോധിച്ചിട്ട് ഇവിടെന്ത് കാര്യം? ഇതൊക്കെ ഫാസിസ്റ്റ് മന്ദബുദ്ധികളുടെ ഭരണത്തിന്‍ കീഴിലാണ്. അതുകൊണ്ട്തന്നെ ടി പി യെപ്പോലൊരു നേതാവിനെ ദേശീയ രാഷ്ട്രീയം ആവശ്യപ്പെട്ടിരുന്നു. ടി പി യെ കൊന്നപ്പോള്‍ പരാജയപ്പെട്ടത് ഇടതുപക്ഷമാണ്.
ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് എപ്പോള്‍ തൊട്ടാണ് തോന്നിത്തുടങ്ങിയത് ?
ചന്ദ്രശേഖരന്റെ കൊലയ്ക്കു ശേഷം. ഒരു നന്മയ്ക്കുവേണ്ടി രക്തസക്ഷിയാവാന്‍ ഞാന്‍ തയ്യാറാണ്.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ മലബാറിലും തിരുവനന്തപുരത്തുമൊക്കെ ഓടിയിട്ടുണ്ട്, ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചന്ദ്രശേഖരന്റെ സിനിമ അങ്ങനെയല്ല. ആളുകള്‍ ഈ പടം കണ്ടാല്‍ സി പി എം ന്റെ നില മോശമാകും.

സിനിമ ആരംഭിച്ചതുകൊണ്ട് കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നു കേട്ടു ?
എനിക്ക് 2 മക്കളാണ്. അവര്‍ കണ്ണൂരാണ് താമസിക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ സിനിമ എടുക്കുന്നത് കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം ഒന്ന് മുടങ്ങി, അടുത്ത വര്ഷം അവരെ ചേര്‍ത്തണം. മാനസികമായ പ്രശ്‌നങ്ങള്‍ കൊണ്ട് കൂടിയാണ് വിദ്യാഭ്യാസം മുടങ്ങിയത്. പിന്നീട് മഹല്ല് മാറേണ്ടി വന്നതും ഒരു ബുദ്ധിമുട്ടായി. ഇപ്പോഴും മനസ്സില്‍ നിറഞ്ഞ മാനസിക സംഘര്‍ഷമുണ്ട്. ചരിത്രത്തോട് എന്തെങ്കിലും നീതി പുലര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത്രയും നല്ലതെന്ന് വിശ്വസിക്കുന്നു.
സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത് ?
ഈ രണ്ടു വര്‍ഷത്തിനിടയ്ക്കുണ്ടായ പ്രതിസന്ധികളെന്നു വച്ചാല്‍ സിനിമയുടെ പല ഘട്ടങ്ങളില്‍ പ്രൊഡ്യുസര്‍മാര്‍ പോവുകയാണ്. സബ്ജക്റ്റ് പറയുന്നു, പൈസ നാളെ തരാമെന്ന് പറയുന്നു, എക്‌സിക്യുട്ടിവുമായി സംസാരിക്കുന്നു. മുന്നാമത്തെ ദിവസം അവര്‍ ഫോണെടുക്കുന്നില്ല. 23 പ്രൊഡ്യുസര്‍മാര്‍ ഇങ്ങനെ പോയവരാണ്. കുറെ നല്ല സുഹൃത്തുക്കള്‍ സഹായിച്ചാണ് സിനിമ മുന്‍പോട്ട് പോയത്. പാര്‍ട്ടിക്കകത്തുനിന്നുള്ള ആളുകള്‍ വരെ സഹായിച്ചിട്ടുണ്ട്. DYFI യുടെ ഒരു നേതാവ് ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ സ്വര്‍ണ്ണം എടുത്ത് തന്നിട്ടുണ്ട്. ഇപ്പോള്‍ ഒപ്പമുള്ളത് എന്റെ കൂട്ടുകാര്‍,ബന്ധുക്കള്‍ എന്നിവരൊക്കെയാണ്, ഇത് നിന്നുപോകരുതെന്ന് വിചാരിച്ച കുറെയാളുകള്‍. ഒരുപാട്‌പേര്‍ സഹായിച്ചിട്ടുണ്ട്, അവരുടെ പേരൊക്കെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമാകും. ബജറ്റ് ഇപ്പോള്‍ പ്രശ്‌നമല്ല. ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ പ്രശ്‌നങ്ങളാണ്. യൂണിറ്റില്‍ ബോംബ് വച്ച് ഭീഷണിപ്പെടുത്തുക, യൂണിറ്റിനെ മുഴുവനായി സിനിമ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക... മലയാളത്തില്‍ നട്ടെല്ലുള്ള ഒരു നടനുണ്ടോ...? നായകന്‍ ആവാന്‍ സാധാരണക്കാരന്‍ ആയ ഒരു രമേശനെ കണ്ടെത്തേണ്ടി വന്നു.
രമചേച്ചിയും മാധവേട്ടനും കൂടിയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. ഒഞ്ചിയത്ത് വച്ചായിരുന്നു ഷൂട്ട്. അവരുടെ മാനസികാവസ്ഥ ശരിയല്ലാത്തതുകൊണ്ട് അവരൊന്നും ഈ സിനിമയില്‍ ഇല്ല. പക്ഷെ അവരുടെ മാനസികമായ എല്ലാ പിന്തുണയും ഉണ്ടായിരുന്നു.
പാര്‍ട്ടിക്ക് എതിരല്ലേ ഈ സിനിമ ?
ഒരിക്കലും ഈ സിനിമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരല്ല. ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ചരിത്രം പറയുന്ന സിനിമ എങ്ങനെ സി പി എമ്മിന് എതിരാകും? ഒഞ്ചിയത്തിന്റെ കഥയാണ് ഈ സിനിമ. പക്ഷെ ടി പി ചന്ദ്രശേഖരനെ കൊന്ന ആളുകള്‍ ആരെന്ന് ഈ സിനിമ പറയുന്നുണ്ട്. അപ്പോള്
അത് കൊന്ന ആള്‍ക്ക് പ്രശ്‌നമുണ്ടാക്കും. ടി പി എന്ത് നിലപാടെടുത്തിട്ടാണ് കൊല്ലപ്പെട്ടത്?
കഥയാലോചിച്ചപ്പോള്‍, സിനിമയെപ്പറ്റി ആദ്യം ചിന്തിച്ചപ്പോള്‍ ആരെയാണ് പ്രധാന കഥാപാത്രമായി വിചാരിച്ചിരുന്നത് ?
അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ ഒത്തിരി ബുദ്ധിമുട്ടുണ്ടായി, ചന്ദ്രശേഖരനോട് നീതി പുലര്‍ത്തണം. അപ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹം ആദ്യം വാക്കുതന്നു, പിന്നീട് മാറി. ആദ്യം മനസ്സില്‍ വിജയരാഘവന്‍ ആയിരുന്നു. പിന്നീട് തമിഴ്‌നടന്‍ പശുപതി. പശുപതി സാമ്പത്തികമായി വേറെ പ്രശ്‌നമൊന്നും പറഞ്ഞില്ല. താങ്ങാന്‍ പറ്റാവുന്നതയിരുന്നു. വിജയരാഘവന്‍ പക്ഷെ നിങ്ങള്‍ വേറെയാരെയെങ്കിലെയും നോക്കിക്കൊള്ളന്‍ പറഞ്ഞു. പിന്നെ ഉള്ളറകളിലേക്ക് പോയില്ല. പലരുമുണ്ട്, പക്ഷെ അവരുടെയൊന്നും പേരുപറഞ്ഞ് വിഷമിപ്പിക്കുന്നില്ല.
ഈ സിനിമയ്ക്ക് ശേഷം ?
ഈ സിനിമയ്ക്ക് ശേഷം അടുത്ത സിനിമയിലേക്ക് പോകും. യഥാര്‍ത്ഥത്തില്‍ എനിക്ക് ടെലിവിഷന്‍ പരിപാടികളാണിഷ്ടം. നന്മയുള്ള കുറേ പ്രോജക്ടുകള്‍ മനസിലുണ്ട്. സിനിമ ഒരു ചരിത്രം കുടിയാണ്. നിങ്ങള്‍ എടുത്തൊരു സിനിമ 50 വര്‍ഷം കഴിഞ്ഞാലും നിങ്ങള്‍ക്ക് കാണാം.
ഈ സിനിമയില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നുണ്ടോ ?
ഇല്ല സാമ്പത്തിക വിജയം പ്രതീക്ഷിക്കുന്നില്ല. ഭയങ്കര സാമ്പത്തിക നഷ്ടം വന്ന സിനിമയാണിത്. നമുക്ക് മെസ്സേജ് ജനങ്ങളുടെ കൈകളില്‍ എത്തിച്ചാല്‍ മതി. ചന്ദ്രശേഖരന്റെ സിനിമ വിറ്റ് സാമ്പത്തികം നേടാനുള്ള തല്പ്പര്യമൊന്നുമില്ല.
കഥാപാത്രങ്ങളുടെ പേരുവിവരങ്ങള്‍ ?
ടി പി ചന്ദ്രശേഖരന്റെ വേഷം രമേശേട്ടനാണ് ചെയ്യുന്നത്. ചന്ദ്രശേഖരന്‍ എന്ന് തന്നെയാണ് പേര്. കെ കെ രമയായി ദേവി അജിത്താണ്, പേര് അങ്ങനെ തന്നെയാണ്. നന്ദുവും നന്ദു തന്നെ. നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ക്ക് വേറെ പേരുകളാണ്. CPM നു പകരം EPM, ഡി വൈ എസ് പി ഷൌക്കത്ത് അലിയ്ക്ക് അങ്ങനെ തന്നെയാണ് പേര്.
ഭാവി പരിപാടികള്‍ ?
ഇതിന്റെ മാര്‍ക്കറ്റിങ്ങ് നോക്കണം. അടുത്ത സിനിമ ഇറക്കണം. പ്രിവ്യു പ്രദര്‍ശനം കഴിഞ്ഞാല്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. കാരണം സംസ്ഥാന സെക്രട്ടറി കുലംകുത്തി എന്ന് വിളിക്കുകയും കണ്ണൂരിലെ കുറെ തമ്പുരാക്കന്മാര്‍ പാര്‍ട്ടി വിരുദ്ധന്‍ എന്നും പറഞ്ഞ രക്തസാക്ഷിയുടെ സിനിമ വി എസ് നെ പോലുള്ളവര്‍ കാണുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും. അസ്വസ്ഥതകള്‍ ജനിക്കും. എല്ലാ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications