എ ഫോര്‍ അബ്ദുള്ള, ബി ഫോര്‍ ബീപാത്തു.... കേരളത്തില്‍ മുസ്ലീങ്ങൾക്ക് മാത്രമായി കിന്‍റര്‍ ഗാര്‍ട്ടനുകൾ
മലയാളികള്‍ ഐസിസില്‍ ചേര്‍ന്ന വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് കേരളത്തിന്റെ മത, സാംസ്‌കാരിക അന്തരീക്ഷം ഇത്തരം ഒരു അവസ്ഥിയിലേക്ക് മാറിയത് എന്നത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
അതിനിടയിലാണ് മുസ്ലീം കുട്ടികളെ മാത്രം പ്രവേശിപ്പിയ്ക്കുന്ന കിന്റര്‍ ഗാര്‍ട്ടനുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ മറ്റ് മതങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. കുട്ടികള്‍ക്ക് മറ്റ് മതവിഭാഗങ്ങളുമായി ഇടപെഴകാനുള്ള അവസരം പോലും ലഭിയ്ക്കുന്നില്ല.
ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിന്റെ ബഹുസ്വരതയെ വലിയ തോതില്‍ ബാധിയ്ക്കുമെന്ന് ഉറപ്പാണ്. മുസ്ലീം സംഘടനകള്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ രംഗത്തുണ്ട്. എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അതി രൂക്ഷമായാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

മുസ്ലീങ്ങള്‍ക്ക് മാത്രം
ഇസ്ലാമിക സംഘടനകളും ഗ്രൂപ്പുകളും നടത്തുന്ന ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ അവിടെ മുസ്ലീങ്ങള്‍ക്ക് മാത്രമല്ല പ്രവേശനം നല്‍കുന്നത്. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള കുട്ടികളും ഇവിടങ്ങളില്‍ പഠിയ്ക്കുന്നുണ്ട്.

കിന്റര്‍ ഗാര്‍ട്ടനുകള്‍
മുസ്ലീം കുട്ടികള്‍ക്ക് വേണ്ടി മാത്രമായി കിന്റര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയിട്ടുണ്ട് എന്നതാണ് ഏറെ ഞെട്ടിപ്പിയ്ക്കുന്ന സംഗതി. ഇവിടെ മതവിദ്യാഭ്യാസത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്.

ബഹുസ്വരത
ചെറുപ്പത്തില്‍ തന്നെ കേരള സംസ്‌കാരത്തിന്റെ ബഹുസ്വരതയില്‍ നിന്ന് കുട്ടികളെ അന്യവത്കരിക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങള്‍ എന്നാണ് ആക്ഷേപം.

മതംപഠിയ്ക്കാന്‍
മതം പഠിയ്ക്കാന്‍ സാധാരണ സ്‌കൂളുകളില്‍ മുസ്ലീം കുട്ടികള്‍ക്ക് അവസരം ലഭിയ്ക്കുന്നില്ലെന്ന് പറഞ്ഞാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ആവശ്യത്തിന് മദ്രസകളുണ്ട് എന്ന കാര്യവും പൊതു വിദ്യാലയങ്ങളില്‍ മതപരമായ നിയന്ത്രണങ്ങള്‍ ഇല്ല എന്നതും ഇവര്‍ പലപ്പോഴും പരാമര്‍ശിയ്ക്കാറില്ല.

മത സ്വാതന്ത്ര്യം
വിദ്യാര്‍ത്ഥികളുടെ മത സ്വാതന്ത്ര്യത്തേയും മദ്രസ പഠനത്തേയും ബാധിയ്ക്കുന്ന രീതിയിലല്ല സംസ്ഥാനത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്. എന്നിട്ടും എന്തിനാണ് ഇത്തരം പ്രീ സ്‌കൂളുകള്‍ നടത്തുന്നത് എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ചോദ്യം.

എ ഫോര്‍ അബ്ദുള്ള ബി ഫോര്‍ ബീപാത്തുമ്മ
എ ഫോര്‍ അബ്ദുള്ള എന്നും ബി ഫോര്‍ ബീപാത്തുമ്മ എന്നുമൊക്കെയാണ് ഇത്തരം സ്‌കൂളുകളില്‍ പഠിപ്പിയ്ക്കുന്നത് എന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പരിഹസിച്ചത്.

കെജിയില്‍ ഒതുക്കണ്ട
മുസ്ലീം കുട്ടികള്‍ക്ക് വേണ്ടി കിന്റര്‍ ഗാര്‍ട്ടനുകളില്‍ മാത്രമായി ഒതുക്കണ്ട, യുപി സ്‌കൂളും ഹൈസ്‌കൂളും എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകളും സ്വന്തമായി തുങ്ങി അവിടെ തന്നെ പഠിപ്പിച്ചോ എന്നാണ് ഫസല്‍ ഗഫൂര്‍ പൊട്ടിത്തെറിച്ചത്.

എംഇഎസില്‍ പഠിപ്പിയ്ക്കില്ല
ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളെ എംഎഇഎസിന്റെ സ്ഥാപനങ്ങളില്‍ പഠിപ്പിയ്ക്കില്ലെന്നും ഫസല്‍ ഗഫൂര്‍ കോഴിക്കോട് പറഞ്ഞു.

കെഎന്‍എമ്മിന്റെ എതിര്‍പ്പ്
മുസ്ലീം കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള കിന്റര്‍ ഗാര്‍ട്ടനുകളോടുള്ള എതിര്‍ത്ത് കേരള നദ് വത്തുല്‍ മുജാഹിദ്ദീനും മറച്ചുവയ്ക്കുന്നില്ല. ഇത്തരം സ്‌കൂളുകള്‍ നമുക്ക് വേണമോ എന്ന കാര്യം ഗൗരവമായി ചിന്തിക്കണം എന്നാണ് ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

വക്കം മൌലവിയും അബ്ദുറഹ്മാന്‍ സാഹിബും
ഇസ്ലാമിക പണ്ഡിതരായ വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും എല്ലാം സാധാരണ സ്‌കൂളുകളില്‍ പഠിച്ചവരാണ് എന്നും നിസാര്‍ ഒളവണ്ണ ഓര്‍മിപ്പിയ്ക്കുന്നുണ്ട്.

സലഫിസത്തിന് കാരണം
ഇത്തരം സ്ഥാപനങ്ങള്‍ക്ക് നവ സലഫിസവുമായി ബന്ധമുള്ളതായി സംശയിക്കുന്നു എന്നാണ് എഴുത്തുകാരനും മുജാഹിദ് നേതാവും ആയ മുജീബ് റഹ്മാന്‍ കിനാലൂര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഈജിപ്തിലൊക്കെയുള്ള സമാന സ്ഥാപനങ്ങളിലെ സിലബസ് തന്നെയാണത്രെ കേരളത്തിലെ ഇത്തരം സ്ഥാപനങ്ങളും പിന്തുടരുന്നത്.

അന്യമതസ്ഥരെ
അന്യ മതത്തില്‍ പെട്ടവരെ സംശയത്തോടെ മാത്രം വീക്ഷിയ്ക്കുന്ന ഒരു സമൂഹമായി ഇത്തരം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മാറിയേക്കുമെന്ന ഭയവും ചിലര്‍ പ്രകടിപ്പിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications