Get Updates
Get notified of breaking news, exclusive insights, and must-see stories!

ലജ്ജിക്കണം കേരളം, ലജ്ജിക്കണം മലയാളികള്‍... ശ്രുതിമോളുടെ മരണം കൊലപാതകമാണ്

അധികൃതരുടെ ദളിത് വിരുദ്ധതയായിരുന്നു ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യയ്ക്കുള്ള കാരണം. രാജ്യമെമ്പാടും രോഹിത് വെമുലയുടെ മരണം വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ ഇങ്ങ് കേരളത്തില്‍ പട്ടിണികൊണ്ട് ഒരു കൗമാരക്കാരി ആത്മഹത്യ ചെയ്തിരിയ്ക്കുകയാണ്. ഒരുപക്ഷേ വികസിത സമൂഹം എന്ന് അഹങ്കരിയ്ക്കുന്ന നമ്മുടെ മുഖത്തേറ്റ ഒരു കനത്ത പ്രഹരം.

വെറും പതിനഞ്ച് വയസ്സ് മാത്രമാണ് പേരാവൂര്‍ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടേയും മോളിയുടേയും മകള്‍ ശ്രുതിമോള്‍ക്ക് ഉണ്ടായിരുന്നത്. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍. സ്വപ്‌നങ്ങള്‍ക്ക് നിറംവയ്ക്കുന്ന പ്രായത്തില്‍ ഒരു കയറില്‍ ജീവനൊടുക്കേണ്ടി വന്നു ആ പെണ്‍കുട്ടിയ്ക്ക്.

Sruthi Suicide

ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നാണ് മരിയ്ക്കുന്നതിന് മുമ്പ് ശ്രുതി കുറിച്ച് വച്ചത്. ഇനിയും വിശപ്പ് സഹിയ്ക്കുവാന്‍ വയ്യെന്ന് എഴുതിവച്ച് അവള്‍ക്ക് ജീവനടുക്കേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഭരണകൂടത്തിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശ്രുതിയെ മരണത്തിന് വിട്ടുകൊടുത്തത് നമ്മുടെ ഭരണകൂടവും സമൂഹവും തന്നെയാണ്.

ആദിവാസികളുടെ പ്രശ്‌നങ്ങളോടുള്ള സമീപനം സംബന്ധിച്ച് നമ്മുടെ നാട്ടിലെ സര്‍ക്കാരുകള്‍ക്കൊന്നും കൃത്യമായ വീക്ഷണം ഉണ്ടായിട്ടില്ല. അടുത്തകാലത്തൊന്നും അങ്ങനെ ഒന്ന് സംഭവിയ്ക്കാനും ഇടയില്ല. പക്ഷേ എത്രനാള്‍ ഒരു വിഭാഗത്തെ ഇങ്ങനെ ഇരുട്ടത്ത് നിര്‍ത്താന്‍ സാധിയ്ക്കും?

Suicide

ശ്രുതിമോള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വീട്ടില്‍ അച്ഛന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനും കൊട്ടിയൂരിലെ കശുമാവ് തോട്ടത്തില്‍ ജോലിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു. വീട്ടിലെ പട്ടിണി തന്നെ ആയിരിയ്ക്കും ഇളയ കുട്ടിയെ കൂടി കൂട്ടി ആ കുടംബം ജോലിയ്ക്ക് പോയത് എന്ന് തന്നെ കരുതേണ്ടിവരും.

എന്നാല്‍ ശ്രുതിയേയും വൃദ്ധയായ മാതാവിനേയും വീട്ടില്‍ ഒറ്റയ്ക്കാക്കി ജോലിയ്ക്ക് പോയ രവിയേയും മോളിയേയും കുറ്റപ്പെടുത്തുന്നവരുടെ സാമൂഹ്യ വീക്ഷണമാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്. ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും അവരുടെ സാമൂഹ്യ വീക്ഷണത്തെ സംബന്ധിച്ചും ധാരണയില്ലാത്തവരുടെ വാക്കുകള്‍...

Suicide

ഇതൊരു ആത്മഹത്യയല്ല, ഭരണകൂടവും സമൂഹവും ചേര്‍ന്ന് നടത്തിയ ഒരു കൊലപാതകം തന്നെയാണ്. ആദിവാസി വിഭാഗങ്ങള്‍ക്കായി ചെലവഴിയ്ക്കുന്ന കോടികള്‍ ഇന്ദ്രജാലം പോലെ മാഞ്ഞുപോകുന്നതിന്റെ വഴികള്‍ കാലമിത്രയായിട്ടും നമുക്ക് കണ്ടെത്താനായിട്ടില്ലെങ്കില്‍ അത് നമ്മുടെ മാത്രം പ്രശ്‌നമാണ്. ആദിവാസികള്‍ക്കൊപ്പം എന്ന് പറയുന്ന സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ് പേരാവൂര്‍ പഞ്ചായത്തിന്‍റെ ഭരണം. മണ്ഡലത്തിലെ എംഎല്‍എ കോണ്‍ഗ്രസ്സുകാരനാണ്. സംസ്ഥാനം ഭരിയ്ക്കുന്നത് യുഡിഎഫ് സര്‍ക്കാരാണ്. രാജ്യം ഭരിയ്ക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരും.

പക്ഷേ ശ്രുതിയുടെ ആത്മഹത്യാ വാര്‍ത്തയെ 'പതിവ് ആദിവാസി ആത്മഹത്യയായി' ഒഴുക്കന്‍ വായനയ്ക്ക് വിടരുത്. അത് ഇത്രനാളും ആ വിഭാഗത്തോട് കാണിച്ച അവഗണനയുടെ തുടര്‍ച്ച തന്നെയാകും സൃഷ്ടിയ്ക്കുക. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂടില്‍ പോലും ശ്രുതിയുടെ മരണവാര്‍ത്തയ്ക്ക് അത്ര പ്രാധാന്യം ലഭിയ്ക്കുന്നില്ല എന്നത് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. വോട്ടുനോക്കിയാല്‍ അവര്‍ക്ക് എത്രയുണ്ടാകും എന്നായിരിയ്ക്കരുത് നമ്മുടെ ചിന്ത. ആദിവാസികളുടെ പേരില്‍ രാഷ്ട്രീയം കളിയ്ക്കുന്നവരും ഉണ്ടല്ലോ ഇവിടെ. അവരുടെ വാക്കുകളും എവിടേയും ഉയര്‍ന്ന് കേള്‍ക്കുന്നില്ല. ആരും ഒന്നും മിണ്ടുന്നില്ല, ആരും ഒന്നും അറിയുന്നില്ല... നമുക്കിങ്ങനെ ഒന്നും അറിയാതേയും മിണ്ടാതേയും ഇരിയ്ക്കാം... അതാണല്ലോ പലപ്പോഴും ശീലം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+