ആ വോട്ടുകള്‍ നിശ്ചയിക്കും കേരളം ആര് ഭരിക്കുമെന്ന്! വോട്ട് വിഹിതം കണക്കിലെ കളിയല്ല, എക്സിറ്റ് പോളുകളും
ഇത്തവണ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കൂട്ടുകയല്ല തങ്ങളുടെ ലക്ഷ്യം എന്ന് ആദ്യമേ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ബിജെപി. കൂടുതല്‍ സീറ്റുകള്‍ എന്നതാണ് ലക്ഷ്യമെന്ന് നേതാക്കളെല്ലാം പലയാവര്‍ത്തി പ്രഖ്യാപിച്ചു.
35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തി. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളൊന്നും തന്നെ ബിജെപിയ്ക്ക് അല്‍പംപോലും ആശ്വാസം പകരുന്നതല്ല. അതേസമയം ബിജെപിയുടെ വോട്ട് വിഹിതം ആയിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാവുക. പരിശോധിക്കാം...
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

ബിജെപിയുടെ വോട്ട് വിഹിതം
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ബിജെപി ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ഒരു സീറ്റ് നേടിയത്. ഏഴിടത്ത് രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിയ്ക്ക് സാധിച്ചിരുന്നു. മുന്നണിയുടെ ആകെ വോട്ട് വിഹിതം 14.96 ശതമാനം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍
ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇത്തവണ അക്കൗണ്ട് തുറക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. 2015 ലേതിനേക്കാള്‍ വോട്ട് വിഹിതം നേടിയെങ്കിലും, രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്ത് വലിയ വോട്ട് ചോര്‍ച്ച നേരിടേണ്ടി വന്നു. 15.64 ശതമാനം ആയിരുന്നു വോട്ട് വിഹിതം.

തദ്ദേശ തിരഞ്ഞെടുപ്പില്‍
വലിയ പ്രതീക്ഷയായിരുന്നു ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വച്ചുപുലര്‍ത്തിയത്. ചില സ്ഥലങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാക്കാന്‍ ആയെങ്കിലും, ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതം താഴേക്ക് പോയി. എന്‍ഡിഎ മുന്നണിയ്ക്ക് ആകെ ലഭിച്ചത് 15 ശതമാനം വോട്ടുകള്‍.

എക്‌സിറ്റ് പോള്‍ കണക്കുകള്‍
കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവര്‍ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പരിശോധിക്കാം. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവചനം പ്രകാരം 17 ശതമാനം വോട്ടുകളാണ് എന്‍ഡിഎ നേടാന്‍ പോകുന്നത്. മനോരമ ന്യൂസിന്റെ പ്രവചനം പ്രകാരം എന്‍ഡിഎ 15.48 ശതമാനം വോട്ടുകള്‍ നേടും. മാതൃഭൂമി പ്രവചിക്കുന്നത് എന്‍ഡിഎയ്ക്ക് വെറും 12 ശതമാനം വോട്ടുകളാണ്.

പ്രചാരണ രീതി
എ ക്ലാസ്സ് മണ്ഡലങ്ങള്‍ എന്ന മട്ടില്‍ ബിജെപി കണക്കാക്കിയ മുപ്പതില്‍ പരം മണ്ഡലങ്ങളില്‍ ആയിരുന്നു ഇത്തവണ ശക്തമായ പ്രചാരണം നടത്തിയത്. മറ്റ് മണ്ഡലങ്ങളില്‍ ഈ ഒരു ആവേശം ബിജെപിയുടെ പ്രചാരണത്തില്‍ കണ്ടിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വോട്ട് വിഹിതത്തേക്കാള്‍ സീറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്ന പ്രഖ്യാപനം ശരിവയ്ക്കുന്നതായിരുന്നു ഇത്.

വോട്ട് വിഹിതം കുറയും, സീറ്റും കിട്ടില്ല
ഇത്തവണ ബിജെപിയ്ക്ക് കേരളത്തില്‍ വോട്ട് വിഹിതം കുറയും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞത്. കേരളത്തില്‍ ഇത്തവണ ബിജെപിയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍ഡിഎഫ് - യുഡിഎഫ് പോരാട്ടം ശക്തമാകുമ്പോള്‍, അതിനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല.

വോട്ട് വിഹിതം കുറഞ്ഞാല്‍
ബിജെപിയുടെ വോട്ട് വിഹിതത്തില്‍ ഇത്തവണ കാര്യമായ കുറവ് സംഭവിച്ചാല്‍, അത് ഗുണം ചെയ്യുക യുഡിഎഫിന് ആയിരിക്കും എന്നാണ് വിലയിരുത്തല്‍. ബിജെപി വോട്ടുകള്‍ ഒരുതരത്തിലും തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് എല്‍ഡിഎഫ് കരുതുന്നു. ബിജെപിയ്ക്ക് ശക്തമായ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയാല്‍ അത് തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.

വോട്ട് വിഹിതം കൂടിയാല്‍
എന്നാല്‍, ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് ആര്‍ക്കായും ഗുണകരമാവുക? അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. ഇടത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകില്ലെന്നും ബിജെപിയിലേക്കുള്ള വോട്ട് ചോര്‍ച്ചയ്ക്ക് സാധ്യത യുഡിഎഫില്‍ നിന്നാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയാണ് സംഭവിക്കുന്നത് എങ്കില്‍ വന്‍ വിജയം ആണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

വോട്ട് കച്ചവടം
കേരളത്തില്‍ വോട്ട് കച്ചവടത്തിന്റെ ആരോപണം എക്കാലവും പ്രധാനമായും കേള്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ്, ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. ഇത്തവണ എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഉന്നയിക്കുന്നത് ബിജെപിയുമായി വോട്ടുകച്ചവടം എന്ന ആരോപണം ആണ്.

ആ കണക്കുകള്‍
എക്‌സിറ്റ് പോളുകള്‍ക്കപ്പുറത്ത്, യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ കേരളം ആര് ഭരിക്കുമെന്നും വ്യക്തമാകും. ബിജെപി എന്ന ദേശീയ പാര്‍ട്ടിയുടെ കേരളത്തിലെ ഭാവി കൂടി നിര്‍ണയിക്കുന്നതാവും ഈ തിരഞ്ഞെടുപ്പ് ഫലം. ഏറ്റവും ചുരുങ്ങിയത് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ചില ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവിയും ഇതോടെ നിര്‍ണയിക്കപ്പെടും.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications