സിപിഐയുടെ കരുത്തുറ്റ കോട്ട... ഒരുതവണ പോലും തോല്‍ക്കാത്ത മണ്ഡലം; ചിറയിന്‍കീഴിലെ സിപിഐ ചരിതം
തിരുവനന്തപുരം: 2008 ലെ മണ്ഡല പുനര്‍ നിര്‍ണയത്തിലാണ് ചിറയിന്‍കീഴ് നിയമസഭ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. പഴയ ആറ്റിങ്ങല്‍ മണ്ഡലത്തിലേയും കിളിമാനൂര്‍ മണ്ഡലത്തിലേയും ഭാഗങ്ങള്‍ ചേര്‍ന്നാണ് ചിറയിന്‍കീഴിന്റെ ഉദയം.
സിപിഐയുടെ സിറ്റിങ് സീറ്റ് ആയിരുന്ന കിളിമാനൂര്‍ ഇല്ലാതായപ്പോള്‍ പകരം നല്‍കപ്പെട്ട സീറ്റ് കൂടിയാണ് ചിറയിന്‍കീഴ്. സംവരണ മണ്ഡലമാണിത്. പഴയ കിളിമാനൂര്‍ ആയി ഈ മണ്ഡലത്തെ കണക്കാക്കിയാല്‍, സിപിഐ ഒരിക്കല്‍ പോലും പരാജയം കാണാത്ത മണ്ഡലമാണ് ചിറയിന്‍കീഴ് എന്ന് പറയാം.
കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

രൂപം കൊണ്ടതിങ്ങനെ
പഴയ കിളിമാനൂര്‍ മണ്ഡലത്തിലെ മുദാക്കല്‍, കഴക്കൂട്ടത്തെ മംഗലപുരം, കഠിനംകുളം പഞ്ചായത്തുകള്‍ പിന്നെ, പഴയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, അഴൂര്‍, കിഴുവിലം പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്നാണ് ചിറയിന്‍കീഴ് മണ്ഡലം രൂപീകരിച്ചിട്ടുള്ളത്. ചിറയിന്‍കീഴ്, തിരുവനന്തപുരം താലൂക്കുകളില്‍ ആയാണ് ഈ നിയമസഭാ മണ്ഡലം.

സിപിഐയുടെ സീറ്റ്
മണ്ഡല പുനര്‍ നിര്‍ണയത്തില്‍ സംവരണ മണ്ഡലമായ കിളിമാനൂര്‍ ഇല്ലാതായി. സിപിഐയുടെ സിറ്റിങ് സീറ്റ് ആയിരുന്നു അത്. അങ്ങനെയാണ് പുതിയ സംവരണ മണ്ഡലമായ ചിറയിന്‍കീഴ് എല്‍ഡിഎഫ് സിപിഐയ്ക്ക് തന്നെ നല്‍കിയത്.

തോല്‍വി അറിഞ്ഞിട്ടില്ല
പഴയ കളിമാനൂരില്‍ ആകട്ടെ, പുതിയ ചിറയിന്‍കീഴില്‍ ആകട്ടേ... സിപിഐ സ്ഥാനാര്‍ത്ഥികള്‍ ഒരിക്കല്‍ പോലും തോല്‍വി അറിഞ്ഞിട്ടില്ല. സികെ ബാലകൃഷ്ണന്‍, പികെ ചാത്തന്‍ മാസ്റ്റര്‍, ഭാര്‍ഗ്ഗവി തങ്കപ്പന്‍, എന്‍ രാജന്‍, എന്നിവരാണ് കിളിമാനൂരില്‍ നിന്ന് വിജയിച്ചുവന്ന സിപിഐ സ്ഥാനാര്‍ത്ഥികള്‍.

ഉരുക്കുകോട്ട
സിപിഐയുടെ ഉരുക്കുകോട്ട ആയിരുന്നു കിളിമാനൂര്‍. ഭാര്‍ഗ്ഗവി തങ്കപ്പന്‍ തുടര്‍ച്ചയായി മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. മൊത്തം നാല് തവണയാണ് ഭാര്‍ഗ്ഗവി തങ്കപ്പന്‍ കിളിമാനൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയത്. എന്‍ രാജന്‍ മൂന്ന് തവണയും ഇവിടെ നിന്ന് വിജയിച്ചു.

ചിറയന്‍കീഴ് ആയപ്പോഴും
ചിറയിന്‍കീഴ് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സിപിഐയുടെ വി ശശി ആണ് ഇവിടെ നിന്ന് വിജയിച്ചത്. 2011 ല്‍ കോണ്‍ഗ്രസിന്റെ കെ വിദ്യാധരന്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. അന്ന് 12,225 വോട്ടിനായിരുന്നു ശശിയുടെ വിജയം. 2016 ല്‍ കോണ്‍ഗ്രസിന്റെ കെഎസ് അജിത് കുമാര്‍ സ്ഥാനാര്‍ത്ഥിയായി എത്തയപ്പോള്‍ വി ശശി ഭൂരിപക്ഷം 14,322 ആയി വര്‍ദ്ധിപ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വലിയ ലീഡ് ലഭിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് ചിറയിന്‍കീഴ്. 9,969 വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിലുള്ളത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 8,564 വോട്ടുകളുടെ ലീഡ് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നേടിയിരുന്നു.

ബിജെപി സാന്നിധ്യം
2011 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. എന്നാല്‍ 2016 ല്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി പിപി വാവ 19,478 വോട്ടുകള്‍ സ്വന്തമാക്കി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ ഇവിടെ നേടിയത് 32,829 വോട്ടുകളായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 28,091 വോട്ടുകളാണ് എന്‍ഡിഎ ഈ മണ്ഡലത്തില്‍ നേടിയിട്ടുള്ളത്.
ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍












Click it and Unblock the Notifications