പത്ത് സീറ്റ്... അതാണ് യുഡിഎഫിന്റെ പ്രശ്‌നം, അത്രയേ ഉള്ളൂ പ്രശ്‌നം!
നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. സത്യത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് അങ്കത്തട്ടില്‍ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. എന്നാല്‍ മുസ്ലീം ലീഗ് ഒഴികെ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല.
യുഡിഎഫ് ആണ് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിയ്ക്കുന്നത്. പണ്ടത്തെ എല്‍ഡിഎഫിന്റെ അവസ്ഥയാണ് യുഡിഎഫിന്. ഘടകകക്ഷിയിലെ പലരും പലവഴിയ്ക്ക് പിരിഞ്ഞുപോയി. അതും തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍.

എല്‍ഡിഎഫിലാണെങ്കില്‍ ഇത് അത്ര വലിയ പ്രശ്‌നം ഒന്നും ഉണ്ടാക്കില്ല. കാരണം ഒഴിഞ്ഞുപോയ ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഎം തന്നെ അങ്ങ് എടുക്കും. വല്ലതും ബാക്കിയുണ്ടെങ്കില്‍ മറ്റ് ഘടകകക്ഷികള്‍ക്ക് കൊടുത്താലായി. എന്നാല്‍ യുഡിഎപിലെ സ്ഥിതി അതല്ല. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കോണ്‍ഗ്രസ്സിന് അത്രയ്ക്ക് അപ്രമാദിത്തം ഒന്നുമില്ല.
സിഎംപിയിലെ പിളര്‍പ്പ്, കേരള കോണ്‍ഗ്രസ് ബിയുടെ മുന്നണി വിട്ടുപോകല്‍, ജെഎസ്എസ്സിലെ പിളര്‍പ്പും മുന്നണിവിടലും, ഒടുവില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പും... എല്ലാം കൂടി ഇത്തവണ യുഡിഎഫില്‍ പത്ത് സീറ്റുകളാണ് 'അധികം' വന്നിരിയ്ക്കുന്നത്. ഇതെങ്ങനെ വീതിയ്ക്കും എന്നത് സംബന്ധിച്ചാണ് വലിയ പ്രതിസന്ധി.

പിളര്‍ന്ന് പിരിഞ്ഞ സിഎംപിയും ജെഎസ്എസ്സും യുഡിഎഫിന് വിഷയമല്ല. ഓരോ സീറ്റ് കൊടുത്ത് അവസാനിപ്പിയ്ക്കാം. പക്ഷേ കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ അത് സാധ്യമല്ല. കാരണം കെഎം മാണിയെ രാജിവപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ചിലരുടെ കളികളുണ്ടെന്ന സംശയം അവര്‍ തന്നെ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
ഇത്തവണ മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസ് എം അധികമായി ചോദിച്ചത്. സീറ്റുകളുടെ കാര്യത്തില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റേയും പിസി ജോസഫിന്റേയും വക്കച്ചന്‍ മറ്റത്തിലിന്റേയും നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടുപോയത്. ഇവര്‍ക്കാണെങ്കില്‍ ഇടതുമുന്നണി നല്ല രീതിയില്‍ സ്വാഗതം അരുളിയിട്ടും ഉണ്ട്.
എന്നാല്‍ ശക്തി ക്ഷയിച്ച മാണിയ്ക്ക് മൂന്ന് സീറ്റുകള്‍ അധികം നല്‍കുന്നതിനോട് കോണ്‍ഗ്രസ്സിന് തീരെ താത്പര്യമില്ല. കഴിഞ്ഞ തവണ പതിനഞ്ച് സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കിയാലും മുന്നണിയ്ക്ക് കാര്യമായ ഗുണം ഒന്നും ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
യുഡിഎഫിലെ രണ്ടാം കക്ഷി എന്ന് പറയുന്നത് മുസ്ലീം ലീഗ് ആണ്. കേരള കോണ്‍ഗ്രസ് എമ്മും കെഎം മാണിയും ഇത് അംഗീകരിക്കില്ലെന്ന് മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലാണ് മു്സ്ലീം ലീഗ് മത്സരിച്ചത്. അതില്‍ 20 എണ്ണത്തില്‍ ജയിക്കുകയും ചെയ്്തു. പക്ഷേ പത്ത് സീറ്റുകള്‍ അധികം വന്നിട്ടും അതില്‍ ഒന്ന് പോലും ലീഗ് ഇപ്പോള്‍ അധികമായി ചോദിച്ചിട്ടില്ലെന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസം.












Click it and Unblock the Notifications