ഒരു പാവപ്പെട്ടവന്റെ കണ്ണുനീരിനു മുന്നിലൂടെ സാക്ഷരകേരളത്തിന്റെ സെല്‍ഫി

ശ്രുതി രാജേഷ്
ആരായിരുന്നു മധു? ഇന്നലെ വരെ നമ്മുക്കറിയില്ലായിരുന്നു ആ മനുഷ്യനെ. കാടിറങ്ങിയ വന്നൊരു പാവം മനുഷ്യന്‍. ഇരുളിന്റെ മറപറ്റി അവന്‍ ഒരു പെണ്ണിനേയും പിച്ചിചീന്തിയില്ല, ഒരു വീടും കൊള്ളയടിച്ചില്ല, ഒരു ബാങ്കില്‍ നിന്നും വായ്പ്പ എടുത്തു അവന്‍ നാട് വിട്ടില്ല. എന്നിട്ടും നമ്മള്‍ അവനെ കൊന്നു. ഒരുപക്ഷെ അവന്‍ മരിച്ചിരുന്നില്ല എങ്കില്‍ നമ്മള്‍ അവനെ കള്ളന്‍ എന്ന് മുദ്രകുത്തിയേനെ..
ഹൃദയമുള്ള ആര്‍ക്കും മധു എന്ന സാധുവിന്റെ നിഷ്കളങ്കമായ മുഖത്തേക്കൊന്നു നോക്കാന്‍ സാധിക്കില്ല. കാരണം അത്രയധികം ദീനത നിറഞ്ഞൊരു നോട്ടമാണ് അവനില്‍ നിന്നും നമ്മിലേക്ക് വരുന്നത്. കാടിന്റെ മകന് കാട് എന്നോ അന്യമായപ്പോഴാണ് അവന്‍ നാട്ടിലേക്ക് വന്നു പോയത്. പിഴ അവന്റെ വലിയ പിഴ. ഇനി ആരോടും പരിഭവം പറയാന്‍, മല്ലിപൊടിയോ ഒരുനേരത്തെ അരിയോ മോഷ്ടിക്കാന്‍ അവന്‍ വരില്ല. അവനെ നമ്മള്‍ , സാക്ഷരകേരളത്തിലെ ജനത തല്ലികൊന്നു. കൊല്ലുന്നതിനു മുന്പ് വീമ്പു പറയാന്‍ അവനൊപ്പം സെല്‍ഫി പകര്‍ത്തി. ഏറ്റവും നികൃഷ്ടമായ സെല്‍ഫി.

ഒരുപക്ഷെ ആ സെല്‍ഫി നമ്മളും ആഘോഷിച്ചേനെ. കള്ളനെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ എന്ന പേരില്‍ നമ്മുടെ എല്ലാം വാട്ട്‌സാപ്പില്‍ അത് വന്നേനെ..നമ്മളും ആവേശത്തോടെ അത് പങ്കുവെച്ചേനെ. പക്ഷെ അതിനെല്ലാം മുന്‍പ് മധു മരിച്ചു വീണു. അല്ലായിരുന്നെങ്കില്‍ ഇന്നവന്‍ വെറുമൊരു കള്ളനായി പോയേനെ.
മധു എന്ന ആ മനുഷ്യന്റെ മുഷിഞ്ഞു നാറിയ ആ വേഷം പറയുന്നുണ്ട് നമ്മളോട് ആ സാധുവിന്റെ അവസ്ഥ. ഒരുകൂട്ടം ജനം അവനെ സെല്‍ഫികള്‍ക്കുള്ളിലാക്കി ആഘോഷിക്കുമ്പോഴും അനങ്ങാതെ നിര്‍വികാരതയോട് അയാള്‍ നില്‍ക്കുന്നത് ഒരായിരം ചോദ്യങ്ങള്‍ നമ്മളോട് ചോദിക്കാതെ ചോദിച്ചു കൊണ്ട് തന്നെയല്ലേ. അട്ടപ്പാടി എന്ന കുഗ്രാമത്തില്‍ ഒരിക്കലെങ്കിലും ഒന്ന് പോയി നോക്കണം അവിടുത്തെ മനുഷ്യരുടെ അവസ്ഥ നേരിട്ടറിയാന്‍. അവര്‍ ഇപ്പോഴും എന്താണ് ഇങ്ങനെ ആദിമമനുഷ്യരെ പോലെ കഴിയുന്നതെന്ന് അപ്പോഴറിയാം.
ഇനി എങ്ങനെ നമ്മള്‍ പ്രബുദ്ധകേരളത്തെ കുറിച്ചു ഊറ്റംകൊള്ളും. കേരളമെന്നു കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്നത് എങ്ങനെ? നമ്മുക്കും മധുവിനും ഇടയില്‍ ഒരൊറ്റ നേര്‍വര മാത്രമേയുള്ളൂ. അത് വിശപ്പിന്റെ ആണ്. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു അവനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് പിടികൂടുമ്പോള്‍ ആകെ ഉണ്ടായിരുന്നത്. അവന്റെ ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു പിന്നെ മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് കൈകള്‍ കെട്ടിയിട്ടു നിര്‍ത്തി ആ പാവത്തിനോപ്പം സെല്‍ഫി പകര്‍ത്താനും ചില വിരുതന്മാര്‍ മറന്നില്ല. പ്രബുദ്ധകേരളം കണ്ട ഏറ്റവും നികൃഷ്ടമായ സെല്‍ഫി അതുതന്നെയാണ്. ആ സെല്‍ഫി ഇനി ഒരു ചരിത്രമാണ്.
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനെ, നടുറോഡില്‍ എതിര്‍ ചേരിക്കാരനെ തുണ്ടം തുണ്ടം വെട്ടിമുറിച്ചവരെ, പോലീസുകാരന്റെ ബന്ധുവിനെ സ്നേഹിച്ചതിന് വിഷം കുടിപ്പിച്ചു ഒരു യുവാവിനെ ജയിലറയില്‍ കൊലപ്പെടുത്തിയവരെ, അവരെ ഒന്നും നമ്മള്‍ കണ്ടില്ല. അപ്പോള്‍ ഒന്നും നമ്മള്‍ പ്രതികരിച്ചില്ല. പക്ഷെ ഇവിടെ ജനം പ്രതികരിച്ചു. എന്ത് കൊണ്ട്? അതിനു ഒറ്റ ഉത്തരം മാത്രം. മധു ഒരു പാര്‍ട്ടിയുടെയും ആളല്ല, അവന്‍ കാടിന്റെ പുത്രനാണ്. അവനെ തൊട്ടാല്‍ അവന്റെ ചോരയ്ക്ക് ഇവിടെ കണക്കുപറയാന്‍ ആരുമില്ലെന്ന ധൈര്യം.
ഇനി ഉത്തരേന്ത്യയിലെ ആള്‍കൂട്ട വിചാരണവാര്‍ത്തകള്‍ കേട്ട് അന്തം വിടാന്‍ നമുക്ക് അവകാശമില്ല. കാരണം അതിലും കഷ്ടമായൊരു അവസ്ഥയിലേക്ക് നമ്മളും നടന്നെത്തി കഴിഞ്ഞു. ആദിവാസികള്‍, ഭിന്നലിംഗക്കാര്‍, ദളിതര്‍ ഇവരൊന്നും മറുത്തുമിണ്ടാന്‍ പോലും അവകാശമില്ലാത്തവര്‍ ആണെന്ന് എന്നാണു നമ്മള്‍ കരുതി തുടങ്ങിയത്. ആദിവാസികള്‍ എന്നാണു കാടിറങ്ങി തുടങ്ങിയത് എന്ന് ഒന്ന് ഓര്‍ത്ത് നോക്കൂ.അവന്റെ കാട് നമ്മള്‍ കയ്യേറാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ഗത്യന്തരമില്ലാതെ നാട്ടിലേക്ക് വന്നു തുടങ്ങിയത്. അവരുടെതായ ലോകത്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ മനുഷ്യരെ അങ്ങോട്ട് ചെന്ന് ദ്രോഹിച്ചത് നമ്മളല്ലേ. എന്നിട്ട് വിശന്നു വലഞ്ഞു അവനൊരു നേരത്തെ ഭക്ഷണം എടുത്തെന്ന് ആക്ഷേപിച്ചു നമ്മള്‍ അവനെ കൊന്നു. അപ്പോള്‍ നമ്മള്‍ കൈയ്യേറിയ അവന്റെ വിഭവങ്ങളോ? അതിനു അവര്‍ എന്ത് കണക്കാണ് നമ്മളോട് പറഞ്ഞിട്ടുള്ളത് ?












Click it and Unblock the Notifications