ഫ്രണ്ട്ഷിപ് ഡേയില്‍ പിരിഞ്ഞു... 34 വര്‍ഷത്തെ സൗഹൃദം!!! ഇനി രണ്ടില എങ്ങോട്ട്
കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ എത്തിയിട്ട് മൂന്ന് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 34 വര്‍ഷം. സീറ്റുകള്‍ ഏറിയും കുറഞ്ഞും മാണിയും സംഘവും യുഡിഎഫില്‍ നിന്നു. അതിനിടെ പലതവണയായി കേരള കോണ്‍ഗ്രസ് പിളര്‍ന്നു. പലരും പുറത്ത് പോയി, പിന്നെ തിരികെ വന്നു. പക്ഷേ മാണി മാത്രം അകത്ത് നിന്നു.
നീണ്ട 34 വര്‍ഷത്തെ സഖ്യമാണ് ഇപ്പോള്‍ പിളര്‍ന്നിരിയ്ക്കുന്നത്. അത് ഒരു സൗഹൃദ ദിനത്തിലാണ് എന്നത് യാദൃശ്ചികം മാത്രം.

മാണി പിരിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു എന്ന മട്ടിലാണ് ഇപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും പ്രതികരിക്കുന്നത്. പുറത്ത് പോയാല്‍ പിന്നെ എന്ത് 34 വര്‍ഷത്തെ ഐക്യം അല്ലേ!!!
എന്തായാലും ഇപ്പോള്‍ കേരളത്തിലെ യുഡിഎഫിന്റെ സ്ഥിതി ദയനീയമാണ്. നിയമസഭയില്‍ പ്രാതിനിധ്യമുള്ളത് വെറും മൂന്ന് പാര്‍ട്ടികള്‍ക്ക് മാത്രം. കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മാത്രം രണ്ടക്കം കടന്നവര്‍. മൂന്നാമന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ അനൂപ് ജേക്കബ്.

ആറ് പേരുണ്ടായ കേരള കോണ്‍ഗ്രസ് മുന്നണി വിടുന്നത് യുഡിഎഫിനെ വല്ലാതെ ക്ഷീണിപ്പിയ്ക്കും എന്ന് ഉറപ്പാണ്. എല്‍ഡിഎഫിനെ സംബന്ധിച്ച് ഇത് ഒരു മാറ്റവും ഉണ്ടാക്കുന്നും ഇല്ല. എന്നാല്‍ മാണിയും കൂട്ടരും കൂടെ വന്നാല്‍ വളരെ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്. അത് എന്‍ഡിഎ ആണ്.
നിലവില്‍ ഒരൊറ്റ എംഎല്‍എ മാത്രമാണ് കേരള നിയമസഭയില്‍ ബിജെപിയ്ക്ക് ഉള്ളത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് എംഎല്‍എമാര്‍ കൂടി വന്നാല്‍ അംഗസംഖ്യ ഏഴ് ആകും. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ചെറിയ സ്വാധീനവും ഉണ്ടാക്കാന്‍ പറ്റും. ഇത് സംബന്ധിച്ച് കെഎം മാണിയും ബിജെപി നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കുറേ നാളുകള്‍ക്ക് മുമ്പേ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.

എംപി ആയ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കുകയാണെങ്കില്‍ സംഗതി നടക്കും എന്നാണ് റിപ്പോര്‍ട്ട്. മകനെ കേന്ദ്ര മന്ത്രിയാക്കാന്‍ കെഎം മാണി മുമ്പും ശ്രമം നടത്തിയതായി ആരോപണം ഉണ്ട്. മകന് മാത്രം പ്രാധാന്യം നല്‍കുന്നതായി പാര്‍ട്ടിയ്ക്കുള്ളിലും ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്.
എന്തായാലും നിലവിലെ സ്ഥിയില്‍ ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കെഎം മാണിയെ കൂടെ കൂട്ടേണ്ടതില്ല. മാണിയുടെ അടുത്ത് നിന്ന് തെറ്റിപ്പിരിഞ്ഞെത്തിയ ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും ഇപ്പോള്‍ തന്നെ ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. അപ്പോള്‍ മുന്നിലെ വഴി എന്‍ഡിഎ ആണ്. സമദൂരം എന്ന് പറയുമ്പോഴും അത് എത്രനാള്‍ എന്ന ചോദ്യം പ്രസക്തമാണ്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])












Click it and Unblock the Notifications