ജോസിന് മുന്നില്‍ തോറ്റമ്പി ജോസഫ്... ചെണ്ട കൊട്ടിക്കയറിയില്ല, രണ്ടില വിടര്‍ന്നു; ഇനി രാഷ്ട്രീയ വനവാസം?
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ചെണ്ട കൊട്ടി ജയിക്കുമെന്നായിരുന്നു പിജെ ജോസഫ് പറഞ്ഞിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ടില വിടരുന്നതും ചെണ്ട പൊളിഞ്ഞുവീണതും ആണ് കേരളം കണ്ടത്. കോട്ടയം ജില്ലയില്‍ മാത്രമല്ല, സ്വാധീനമുണ്ടായിരുന്ന ഇടങ്ങളിലെല്ലാം ജോസഫ് തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
ജോസ് കെ മാണിയെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പരിഹസിച്ച പിജെ ജോസഫിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണക്ക് പറഞ്ഞ് സീറ്റ് വാങ്ങിയ ജോസഫിന്റെ യുഡിഎഫിലെ നിലനില്‍പ് തന്നെ ഇനി ചോദ്യം ചെയ്യപ്പെടും. വിശദാംശങ്ങള്‍...

കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം
കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പും ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനവും ആണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ജോസ് കെ മാണിയില്ലാത്ത ജോസഫ് യുഡിഎഫിന് ഗുണം ചെയ്യുമോ, അതോ ജോസ് കെ മാണിയുള്ള എല്‍ഡിഎഫ് വിജയം കൊയ്യുമോ എന്നായിരുന്നു ചോദ്യം. അതിനുളള ഉത്തരവും ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കിക്കഴിഞ്ഞിരിക്കുകയാണ്.

കോട്ടയം പോയി
യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്നു കോട്ടയം. കെഎം മാണിയും ഉമ്മന്‍ ചാണ്ടിയും നയിച്ചിരുന്ന കോട്ടയം ഇപ്പോള്‍ പഴങ്കഥയായി. മാണിയുടെ സ്വന്തം പാലായും ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും വരെ ഇപ്പോള്‍ എല്‍ഡിഎഫ് പിടിച്ചടക്കിയിരുക്കുകയാണ്. ജോസ് കെ മാണി തന്നെയാണ് ഇതില്‍ നിര്‍ണായകമായത്.

ജില്ലാ പഞ്ചായത്ത് മുതല്‍...
ഏറ്റവും നിര്‍ണായകമായ കോട്ടയം ജില്ലാ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചടക്കിയിരിക്കുകയാണ്. 22 ല്‍ 14 സീറ്റുകളും പിടിച്ചെടുത്ത് മൃഗീയ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ജോസ് കെ മാണി തന്നെയാണ് ഇവിടേയും നിര്‍ണായകമായത്.

പ്രഭ മങ്ങി ജോസഫ്
കേരള കോണ്‍ഗ്രസ് എമ്മിലെ മുതിര്‍ന്നവരും പ്രമുഖരുമായി നേതാക്കളില്‍ ഭൂരിപക്ഷത്തേയും കൂടെ നിര്‍ത്തിയ പിജെ ജോസഫിന്, പക്ഷേ അണികളെ കൂടെ നിര്‍ത്താന്‍ ആയില്ല എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ജോസിന്റെ സ്ഥാനാര്‍ത്ഥികളുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും തോറ്റമ്പനായിരുന്നു വിധി.

വ്യാജ ആത്മവിശ്വാസം
ജോസില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്നതായിരുന്നു ജോസഫിന്റെ ആത്മവിശ്വാസം. ഇത് യുഡിഎഫിനെ വിശ്വസിപ്പിക്കാനും ജോസഫിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയേയും പിസി തോമസിന്റെ പാര്‍ട്ടിയേയും മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പോലും കോണ്‍ഗ്രസ് എത്തിയത്. എന്നാല്‍ ജോസഫിന്റെ ആത്മവിശ്വാസം വ്യാജമായിരുന്നു.

സ്വന്തം കോട്ടയിലും
സ്വന്തം കോട്ടയായ തൊടുപുഴയില്‍ പോലും ജോസഫ് നേരിട്ടത് കനത്ത പരാജയമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ തോറ്റു. അതേ സമയം മത്സരിച്ച നാലെണ്ണത്തില്‍ മൂന്നെണ്ണത്തിലും വിജയിച്ച് ജോസിന്റെ പാര്‍ട്ടി ഇവിടെ കരുത്ത് തെളിയിക്കുകയും ചെയ്തു.

പാലായില്‍ പൊലിഞ്ഞു
ജോസിനും ജോസഫിനും ഏറ്റവും നിര്‍ണായകമായിരുന്നത് പാലാ മുനിസിപ്പാലിറ്റി ആയിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട യുഡിഎഫ് ഭരണത്തിന് ഇത്തവണ തിരശ്ശീല വീഴുകയും ചെയ്തു. പാല നഗരസഭയിലെ സിറ്റിങ് കൗണ്‍സിലര്‍മാരില്‍ പലരും ജോസഫിനൊപ്പം ചേര്‍ന്നിട്ടും അവിടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു എന്നതാണ് വസ്തുത.

കണക്കുപറച്ചില്‍ പാളി
പിളര്‍പ്പിന് മുമ്പ് മത്സരിച്ച സീറ്റുകള്‍ തന്നെ ഇത്തവണയും കിട്ടണം എന്നതായിരുന്നു പിജെ ജോസഫിന്റെ വാശി. ഒരു പരിധിവരെ യുഡിഎഫിന് അത് അംഗീകരിച്ചുകൊടുക്കേണ്ടിയും വന്നു. എന്നാല്‍ ഈ കണക്കുപറച്ചില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ജോസഫിന് കടുത്ത വെല്ലുവിളിയാകും എന്ന് ഉറപ്പായിക്കഴിഞ്ഞു.

ചിഹ്നം പോയപ്പോൾ തന്നെ
തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് തന്നെ പാതി പരാജയം ഏറ്റുവാങ്ങേണ്ടി വന്നു പിജെ ജോസഫിന്. കേരള കോൺഗ്രസ് എം എന്ന പാർട്ടി പേരും രണ്ടില എന്ന പാർട്ടി ചിഹ്നവും ജോസ് കെ മാണിയ്ക്ക് കിട്ടിയപ്പോൾ ആയിരുന്നു അത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. പാർട്ടി ചിഹ്നം കിട്ടിയപ്പോൾ തന്നെ ജോസ് കെ മാണിയുടെ ആത്മവിശ്വാസം ഉയരുകയും ചെയ്തു.
Recommended Video

കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടണം
നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സമ്മര്‍ദ്ദശക്തിയാകാന്‍ ഇനി പിജെ ജോസഫിന് സാധിക്കുകയില്ല. യുഡിഎഫ് വച്ചുനീട്ടുന്ന സീറ്റുകളില്‍ മാത്രം ഒതുങ്ങാനായിരിക്കും ഇനി ജോസഫിന്റെ വിധി. അതുകൊണ്ട് തന്നെ പിജെ ജോസഫ് എന്ന ചാണക്യന്റെ രാഷ്ട്രീയ വനവാസത്തിനും ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരു കാരണമായേക്കും.












Click it and Unblock the Notifications