Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം മാണി ഇല്ലാതെ കോട്ടയത്ത് ആദ്യത്തെ തിരഞ്ഞെടുപ്പ്... കടുത്ത ത്രികോണ മത്സരം... കോട്ടയം പ്രവചനാതീതം!

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ജീവന്മരണ പോരാട്ടം. പാളയത്തിനകത്തും പുറത്തും എതിരാളികളെ നേരിടേണ്ടിവരുന്ന, മത്സരത്തിനിടെ വലിയ കപ്പിത്താനെ നഷ്ടമായ ആ പാര്‍ട്ടി അത് രൂപം കൊണ്ടതിനുശേഷമുള്ള ഏറ്റവും വലിയ പരീക്ഷണത്തിന്റെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. പി.ജെ. ജോസഫിന്റെ ആവശ്യം തള്ളി പാളയത്തിലെ പടയ്ക്കിടെ സ്ഥാനാര്‍ഥിയായെത്തിയ തോമസ് ചാഴിക്കാടന്റെ വിജയം ഉറപ്പാക്കേണ്ടത് മാണി ഗ്രൂപ്പിനകത്തെ ജോസഫ് ഇതരര്‍ക്ക് ഒഴിച്ചുകൂടാനാവത്ത കാര്യം.

അടിയൊഴുക്കുകള്‍ ശക്തമാകുന്നതിനിടെ, പ്രചാരണമധ്യെ പാര്‍ട്ടി ചെയര്‍മാനായ കെ.എം. മാണിയുടെ വിയോഗം വരുത്തിയ വ്യഥയ്ക്കു നടുവിലാണ് മാണി കോണ്‍ഗ്രസും ഐക്യ മുന്നണിയും. താല്‍ക്കാലികമായി അനുതാപ തരംഗം മത്സരമുഖത്ത് സഹായം ചെയ്യുമെങ്കിലും കടുത്ത പരീക്ഷണങ്ങളുടെ നീണ്ട കാലത്തേക്കാണ് ആ പാര്‍ട്ടി എടുത്തെറിയപ്പെടുന്നത്.

യുഡിഎഫിന് കൃത്യമായ മേൽക്കൈ

യുഡിഎഫിന് കൃത്യമായ മേൽക്കൈ

കേരള കോണ്‍ഗ്രസ് മാണിയ്ക്കത്തെ പ്രശ്‌നങ്ങള്‍, കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍, പോരാത്തതിന് പഴയ കേരള കോണ്‍ഗ്രസുകാരനായ പി.സി. തോമസ് മൂവാറ്റുപുഴ ആവര്‍ത്തിയ്ക്കുമെന്ന അവകാശവാദത്തോടെ മത്സര രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് എന്നു തുടങ്ങി പല തരത്തില്‍ ഐക്യ മുന്നണി രാഷ്ട്രീയം സങ്കീര്‍ണമായിരിക്കുകയായിരുന്നു. അപ്പോഴാണ് കെ.എം. മാണിയുടെ നിര്യാണം. മണ്ഡലത്തിന്റെ ചരിത്രം നോക്കിയാല്‍ വലതുപക്ഷത്തോട് കൂടുതല്‍ കൂറ് കാണിക്കുന്നതാണ് കോട്ടയം. കോട്ടയം മണ്ഡലം രൂപീകൃതമായതിനുശേഷം 16 തെരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ 11 തവണയും യുഡിഎഫ് തന്നെ വിജയിച്ചു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വലതുപക്ഷത്ത് നിന്നും ജയിച്ച് കയറിയപ്പോള്‍ ഇടതുപക്ഷം ജയിച്ച അഞ്ചു തവണയും സിപിഎം സ്ഥാനാര്‍ഥികളായിരുന്നു പ്രതിനിധീകരിച്ചത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

സുരേഷ് കുറുപ്പും രമേശ് ചെന്നിത്തലയും മൂന്നു തവണ വീതം ഇവിടെ നിന്നും എംപിയായി. മണ്ഡലം പുനക്രമീകരിച്ച 2009 ലും 2014ലും കെ.എം. മാണിയുടെ പുത്രന്‍ ജോസ് കെ. മാണി വിജയിച്ചു. 2014ല്‍ മുന്‍മന്ത്രിയും ജനതാദള്‍ നേതാവുമായ മാത്യു ടി. തോമസിനെ 1,20,599 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോസ് കെ. മാണി മണ്ഡലം നിലനിര്‍ത്തിയത്. അന്ന് ആകെ വോട്ടുകള്‍ 11,61,465. അതില്‍ 8,32,421 വോട്ടുകള്‍ പോള്‍ ചെയ്തു. 71.67 ശതമാനം പോളിംഗ്. ജോസ് കെ. മാണി 4,24,194 വോട്ടുകള്‍ നേടി. മാത്യു ടി. തോമസാകട്ടെ 3,03,595 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി നോബിള്‍ മാത്യു 44,357 വോട്ടുകളും നേടുകയുണ്ടായി. ഇക്കുറി മൊത്തം 14,92,711 വോട്ടുകളാണ് ഉള്ളത്. 7,60,269 സ്ത്രീകള്‍. 7,32,435 പുരുഷന്മാര്‍. ഏഴ് ട്രാന്‍സ്ജന്‍ഡര്‍മാര്‍.

കോട്ടയത്തെ വിഷയങ്ങൾ

കോട്ടയത്തെ വിഷയങ്ങൾ

പിറവം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പാല, പുതുപ്പള്ളി എന്നി നീയമസഭ മണ്ഡലങ്ങളാണ് കോട്ടയത്ത് ഉള്ളത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം എന്നിവിടങ്ങളില്‍ യുഡിഎഫും ഏറ്റുമാനൂരിലും വൈക്കത്തും എല്‍ഡിഎഫും വിജയിച്ചു. വോട്ടിംഗ് നില നോക്കിയാല്‍ യുഡിഎഫ് തന്നെ മുന്നില്‍. കണക്കുകളില്‍ അവര്‍ തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തുന്നു. പാളയത്തിലെ കലഹവും പോരും ഈ കണക്കുകള്‍ കൊണ്ട് അതിജീവിക്കാനാവുമെന്ന് അവര്‍ കരുതുന്നു. തോമസ് ചാഴിക്കാടന്‍ മണ്ഡലത്തില്‍ ഏറെ സ്വാധീനം ഉള്ള നേതാവാണ്. സൗമ്യനാണ്. ജനകീയനാണ്. വോട്ടിംഗ് വേളയില്‍ കെ.എം. മാണിയെ ഓര്‍മ്മിക്കാതിരിക്കാന്‍ പാല ഉള്‍പ്പെടുന്ന മണ്ഡലത്തിലെ ആളുകള്‍ക്ക് ആവില്ലെന്ന് ഐക്യ മുന്നണി കണക്ക് കൂട്ടുന്നു. ജോസ് കെ. മാണി മണ്ഡലത്തിനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലും അവര്‍ ഊന്നുന്നു.

കേരള കോൺഗ്രസിലെ തർക്കം

കേരള കോൺഗ്രസിലെ തർക്കം

പക്ഷെ ഇക്കുറി ഏറെ പ്രശ്‌നങ്ങള്‍ ഐക്യ മുന്നണിക്കകത്തുണ്ടായി. വിശേഷിച്ചും രണ്ട് സീറ്റ് ആവശ്യം ഉന്നയിച്ച് പി.ജെ. ജോസഫ് നടത്തിയ സമ്മര്‍ദ്ദങ്ങളും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനകത്ത് രൂപപ്പെട്ട പ്രതിസന്ധിയും. പി.ജെ. ജോസഫിന്റെ സമ്മര്‍ദ്ദങ്ങളെ കണക്കിലെടുക്കാതെ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒക്കെ ഇടപെടുകയുണ്ടായി. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രശ്‌നങ്ങള്‍ നീട്ടിവെച്ചിരിക്കുകയാണെങ്കിലും സംഘടനയ്ക്കകത്ത് വലിയ മുറുമുറുപ്പുകളുണ്ട്. അതിനിടെ കെ.എം. മാണിയുടെ നിര്യാണം കൂടി ആയതോടെ മാണി വിഭാഗം കൂടുതല്‍ വിഷമകരമായ കാലത്തിലേക്കാണ് കടക്കുന്നത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ കോട്ടയം ജില്ലയില്‍ നാളുകളായി പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. പ്രാദേശികമായി മാത്രമല്ല, പല നേതാക്കളും തമ്മില്‍ തന്നെ അകല്‍ച്ചയുണ്ടു താനും.

അട്ടിമറിക്കാൻ വാസവൻ

അട്ടിമറിക്കാൻ വാസവൻ

ഇത്തരം സങ്കീര്‍ണ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനായിട്ടാണ് മുന്‍ എംഎല്‍എയും ജില്ല സെക്രട്ടറിയുമായ വി.എന്‍. വാസവനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ വിപുല ബന്ധങ്ങളുള്ളയാളാണ് വാസവന്‍. എണ്ണയിട്ട യന്ത്രം പോലെ സിപിഎം മെഷിനറി പ്രചാരണ രംഗത്തുണ്ട്. പല അടിയൊഴുക്കുകളും തനിക്ക് അനുകൂലമാക്കുന്നതിനായുള്ള നീക്കങ്ങള്‍ വാസവന്‍ നടത്തുന്നതിനിടെയാണ് കെ.എം. മാണിയുടെ മരണം സംഭവിച്ചിരിക്കുന്നത്. അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചുള്ള അവരുടെ ഓട്ടത്തെ അതത് ബാധിച്ചിട്ടുമുണ്ട്. സഹതാപ തരംഗം തങ്ങള്‍ക്കെതിരാകുമെന്ന കാര്യം എല്‍ഡിഎഫും എന്‍ഡിഎയും തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ മത്സരമാണിതെന്ന നിലപാടുമായി അവര്‍ പ്രതിരോധം തീര്‍ക്കുന്നുമുണ്ട്.

ജോസ് കെ മാണിയുടെ രാജി

ജോസ് കെ മാണിയുടെ രാജി

ജോസ് കെ. മാണി ലോക് സഭാംഗമായി തുടരുന്നതിനിടെ മണ്ഡലം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വലിയ പ്രചാരണ കോലാഹലങ്ങളാണ് ഇടതു മുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ചില ക്രൈസ്തവ സഭകള്‍ പിന്തുണയ്ക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ തന്നെ മറ്റു പലരും അത്ര സുഖത്തിലല്ലെന്നതും എല്‍ഡിഎഫ് തിരിച്ചറിയുന്നുണ്ട്. ശബരിമലയിലെ വിശ്വാസി പ്രശ്‌നവും എന്‍എസ്എസും ഒക്കെ എതിരായി വരുന്ന ഘടകങ്ങളാണ്. 20 വര്‍ഷക്കാലം മൂവാറ്റുപുഴയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച പി.സി. തോമസ് കേരള കോണ്‍ഗ്രസ് കുടുംബത്തില്‍ തന്നെയുള്ളയാളാണ്. കേരള രാഷ്ട്രീയത്തിലെ അതികായനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദയത്തിനു നിമിത്തവുമായ പി.ടി. ചാക്കോയുടെ നാലാമത്തെ പുത്രനായ പി.സി. തോമസ് മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെ ചുഴറ്റിയെറിഞ്ഞ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളയാളുമാണ്.

എൻഡിഎയ്ക്ക് പ്രതീക്ഷയുണ്ട്

എൻഡിഎയ്ക്ക് പ്രതീക്ഷയുണ്ട്

വലിയ പ്രതീക്ഷയോടെയാണ് എന്‍ഡിഎ കോട്ടയം മണ്ഡലത്തെ കാണുന്നത്. ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കാന്‍ പി.സി. തോമസിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചിട്ടുണ്ട്. വിവിധ സഭകളോടുള്ള പി.സി. തോമസിന്റെ അടുപ്പവും എന്‍എസ്എസ് നിലപാടും ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നങ്ങളും ഒക്കെ അനുകൂല ഘടകങ്ങളായി എന്‍ഡിഎ കാണുമ്പോഴും പ്രബല മുന്നണികളുടെ കരുത്തിനെ അതിജീവിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെ ആയിരിക്കും. കോട്ടയത്തെ മത്സരം പതിവില്ലാത്ത വണ്ണം വീറും വാശിയും നിറഞ്ഞതാണ്. കെ.എം. മാണിയുടെ മരണം ശോകത്തിന്റെ ഉള്ളടക്കവും അതിന് നല്‍കുന്നു. എന്തായാലും മണ്ഡലത്തില്‍ ഇതാദ്യമായി കെ.എം. മാണിയുടെ സാന്നിധ്യം ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ്. അതിന്റെ ഫലം ആര്‍ക്കൊക്കെ ശോകാന്തമാകുമെന്ന് കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+