എംഎം മണി പറഞ്ഞത് വീരസ്യം; തപസ് പറഞ്ഞപ്പോള്‍ പൊള്ളുന്നു
പറയുന്നത് സി പി എം നേതാക്കളാണെങ്കില്‍ ഏത് വൃത്തികേടും വായാട്ടവും വീരസ്യമായും നാട്ടുപ്രയോഗമായും ന്യായീകരിക്കപ്പെടും. എന്നാല്‍ സി പി എമ്മിനെതിരെ ആരെങ്കിലും പറഞ്ഞാലോ ഇരവാദവുമായി ഇതേ ന്യായീകരണ തൊഴിലാളികള്‍ തന്നെ ഓടിയെത്തുകയും ചെയ്യും. എം എം മണി മുതല്‍ കണ്ണൂര്‍ ജയരാജന്മാര്‍ വരെയുള്ളവര്‍ ഇങ്ങനെ നാട്ടുപ്രയോഗങ്ങള്‍ നടത്തുന്നവരാണ്. സിന്ധു ജോയിക്കെതിരെയും ലതിക സുഭാഷിനെതിരെയും സഖാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളും ഈ കൂട്ടത്തില്‍ വായിക്കണം.
ഇടുക്കിയില്‍ രാഷ്ട്രീയ എതിരാളികളെ വണ്‍ ടു ത്രീ എന്ന് പട്ടിക തയ്യാറാക്കി തങ്ങള്‍ കൊല്ലാറുണ്ട് എന്ന് ജില്ലാ സെക്രട്ടറിയായ മണി തന്നെയാണ് പറഞ്ഞത്. പോലീസ് കേസ് കുത്തിപ്പൊക്കി അന്വേഷണം തുടങ്ങിയെങ്കിലും സാക്ഷികള്‍ക്ക് മണിയുടെ അത്ര ഓര്‍മ ശക്തി പോരാത്തതിനാല്‍ കേസ് എവിടെയും എത്തിയില്ല. എന്തായാലും ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിരോധത്തിലായ സി പി എമ്മിന് കിട്ടിയ അടിയായിരുന്നു മണിയുടെ പ്രസംഗം.

സി പി എം തങ്ങളെ കൊന്ന് ദുര്‍ബലരാക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ വെറുതെയിരിക്കില്ല എന്നാണ് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി തപസ് പാല്‍ പറഞ്ഞത്. പറഞ്ഞതല്ല ഭീഷണിപ്പെടുത്തി എന്ന് തന്നെ വേണം വിളിക്കാന്‍. അണികളെ വിട്ട് സി പി എം വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യും എന്നായിരുന്നു പാലിന്റെ വാക്കുകള്‍.
തപസ് പാല്‍ പറഞ്ഞത് ലഘൂകരിക്കുകയല്ല ഇവിടെ ലേഖകന്റെ ഉദ്ദേശം. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി ഒരിക്കലും പറഞ്ഞുകൂടാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ഓരോ പ്രയോഗങ്ങളും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന സി പി എം തങ്ങളുടെ നേതാക്കള്‍ ഇതേകാര്യം പറയുമ്പോള്‍ ന്യായീകരിക്കുന്നതിലെ യുക്തിയാണ് ജനങ്ങള്‍ക്ക് മനസിലാകാത്തത്.
കോടതിയെ ശുംഭന്‍ എന്ന് വിളിച്ച എം വി ജയരാജനും എതിരാളിയെ പരനാറി എന്ന് വിളിച്ച പിണറായി വിജയനുമെല്ലാം സി പി എമ്മിന് കാലാകാലങ്ങളില്‍ വിശുദ്ധരാകും. അതെങ്ങനെ എന്ന് ചോദിച്ചാല്‍, നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറി ഒരു മറുപടി പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട് - ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല.












Click it and Unblock the Notifications