അയ്യപ്പന്‍റെ കടുവ പോയിട്ട് ഒരു പൂച്ചയെങ്കിലും ശബരിമലയിലുണ്ടോ? അയ്യപ്പനെ നാട്ടിൽ കുടിയിരുത്തണം

ബാലചന്ദ്രൻ
സ്വാമിയേയ് ശരണമയ്യപ്പ!!
അറുപതുകളിലും എഴുപതുകളിലും തുടര്‍ച്ചയായി ശബരിമല പൂങ്കാവനത്തില്‍ പോയിരുന്ന ഒരുവന്‍ എഴുതുന്നതാവിത്:
റെഡി ടു വെയിറ്റ്, റെഡി ടു ചെയ്ഞ്ച്, റെഡി ടു ഗോ സഹോദരികളെ, അവരെ പിന്താങ്കുന്ന സഹോദരന്മാരെ!

ദശാബ്ദങ്ങള്‍ക്കുമുമ്പു ശബരിമലയില്‍ കാടുണ്ടായിരുന്നു; കണ്ണീരുപോലെ ശുദ്ധമായ പമ്പാനദിയുണ്ടായിരുന്നു. ഈയുള്ളവന്‍ അതൊക്കെ അനുഭവിച്ച് ആനന്ദിച്ചിട്ടുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കം വരെയും വല്ലപ്പോഴും പോയി. ഒരിക്കല്‍, ഒന്നനുഭവിക്കാന്‍ തിരുവനന്തപുരത്തുനിന്നും നടന്നും പോയി നോക്കി, ഒറ്റയ്ക്ക്.
പ്രായമായശേഷം പൊയ്ക്കൊണ്ടിരുന്നത് ഭക്തി മൂത്തിട്ടല്ല, കാടു കാണാനും, ദൈവത്തിന്‍റെ പേരില്‍ മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടു കണ്‍കുളിര്‍ക്കാനുമാണ്. ദൈവമെന്നത് എങ്ങനെ ഒരു കച്ചവട ചരക്കായി എന്ന് മനസ്സിലാക്കാനാണ്. മകരവിളക്കെന്നും മറ്റും പറഞ്ഞ്, വലതു ഇടതു സര്‍ക്കാരുകള്‍ വ്യത്യാസമില്ലാതെ തട്ടിപ്പ് നടത്തി, പാവം മണ്ടന്മാരായ പാണ്ടികളുടെയും മറ്റു ഗോസ്വാമികളുടെയും കാശ് പിടുങ്ങുന്നത് കാണാന്‍; പമ്പ എന്ന തീര്‍ഥജലം, തീട്ടജലമായത് കാണാന്‍; അയ്യപ്പന്‍റെ കടുവ പോയിട്ട് പൂച്ചയെങ്കിലും ഉണ്ടോയെന്നു നോക്കാന്‍; ഭക്തന്മാരുടെ പ്ലാസ്ടിക് തിന്നു ചത്ത ആനയെക്കാണാന്‍.

റെഡി ടു വെയിറ്റ്, റെഡി ടു ചെയ്ഞ്ച്, റെഡി ടു ഗോ സഹോദരികളെ, അവരെ പിന്താങ്കുന്ന സഹോദരന്മാരെ! രണ്ടു കൂട്ടര്‍ക്കും അയ്യപ്പനെ കാണണം, അത്രയല്ലേ ഉള്ളൂ?
എല്ലാ ആത്മാര്‍ത്ഥതയോടും, ദൈവഭക്തിയോടും ഒന്ന് പറയട്ടെ? ആ അമ്പലത്തില്‍ ദൈവമില്ല!!! സത്യം!!!
അയ്യപ്പസ്വാമീ ഇരിക്കുന്നത് ആ കാട്ടിലാണ് - അല്ല - ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം ധനലക്ഷ്മി ബാങ്കിന്‍റെ സ്ട്രോങ്ങ് റൂമിലോ, സര്‍ക്കാര്‍ ട്രഷറിയിലോ, കൊള്ളക്കച്ചവടം നടത്തുന്ന കള്ളന്മാരുടെ പോക്കറ്റിലോ, ദേവസ്വികളുടെ കക്കൂസിലോ ഒക്കെയായി കഴിഞ്ഞു പോകുന്നു!

ആയതിനാല്‍ ഈയുള്ളവന്‍റെ ഒരു എളിയ അഭിപ്രായം എല്ലാ റെഡി ടു വെയിറ്റ്, റെഡി ടു ചെയ്ഞ്ച്, റെഡി ടു ഗോ സഹോദരികളും, അവരെ പിന്താങ്കുന്ന സഹോദരന്മാരും കേള്‍പ്പാന്‍ അപേക്ഷ...
ഡാവിലൊരു ദേവപ്രശ്നം നടത്താം; അയ്യപ്പനും മാളികപ്പുരവും പറയുന്നു: "കാനനജീവിതം മടുത്തു; അതിനാല്‍ ഞങ്ങളെ ഒരു നഗരത്തിലേക്ക് പുനപ്രതിഷ്ഠിക്കണം!!!" എപ്പടി?
എല്ലാ റെഡി ടു വെയിറ്റ്, റെഡി ടു ചെയ്ഞ്ച്, റെഡി ടു ഗോ സഹോദരികളും, അവരെ പിന്താങ്കുന്ന സഹോദരന്മാരും കണ്കുളിരെ അയ്യപ്പനെ കണ്ടോളൂ! ആര്‍ത്തവത്തെക്കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഘോഷിക്കണ്ട! "സ്ത്രീ സമത്വം അയ്യപ്പദര്‍ശനത്തിലൂടെ" എന്ന സെമിനാറുകള്‍ നടത്താം. കാശുണ്ടാക്കേണ്ടവനും നോ പ്രോബ്ലം; മണ്ടന്മാര്‍ പരദേശികള്‍ ഇവിടെയും വരും, ഹുണ്ടികയില്‍ പണമിടും!
കൂട്ടത്തില്‍ ആ കാടുകളും കടുവകളും ആനകളും പുഴയും മേടും മാനും മയിലും പൂമ്പാറ്റകളും തുമ്പികളും കീടങ്ങളും രക്ഷപ്പെടും.
ദയവുചെയ്ത്, ദയവുചെയ്ത്, ദയവുചെയ്ത്, ദയവുചെയ്ത് പ്രകൃതിയെ ബലാല്‍സംഗം ചെയ്യാതിരിക്കുക; വ്യഭിചരിക്കാതിരിക്കുക!!! മലകളും പുഴകളും എല്ലാം പ്രകൃതിയുടെ ഭാഗങ്ങള്‍; നമുക്ക് ജീവവായുവും ജലവും - മറ്റെന്തെല്ലാമോക്കെയോ തരുന്ന, നമ്മെ നിലനിർത്തുന്ന പ്രകൃതി! വളരെ ഉപരിപ്ലവമായ, സ്വാര്‍ത്ഥമായ ഈശ്വരഭക്തിക്ക് ഉപരിയായി, ശബരിമലയെന്ന സ്ഥലം ഒരു പുണ്യഭൂമിയാണ്! ആ കാടുകളെ നശിപ്പിക്കുന്ന ഒരു സംരംഭത്തിനും മുതിരരുതേ!












Click it and Unblock the Notifications