തമിഴകത്തെ അത്ഭുതപ്പെടുത്തിയ 'കൃഷ്ണസ്വാമി'; പാതിയില്‍ നിലച്ച രണ്ടാം വരവ്... കേരളം താണ്ടിയ നെടുമുടി ജീവിതം
നെടുമുടി വേണു എന്ന് മുഴുവന്‍ പറയേണ്ടതില്ല മലയാളികള്‍ക്ക്- നെടുമുടി എന്ന് പറഞ്ഞാല്‍ തന്നെ ആ പേര് പൂര്‍ണമാണ്. മലയാള സിനിമയില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ബഹുമതിയാണത്. അഭിനയ മികവിന്റെ കാര്യത്തില്‍ നെടുമുടി വേണുവിന് മാര്‍ക്കിടാന്‍ ഒരു മലയാളിയും മുതിരില്ല എന്നതും ഉറപ്പ്.
എന്നാല്‍, മലയാളക്കരയ്ക്ക് പുറത്ത് ഈ അഭിനയ പ്രതിഭയുടെ സാന്നിധ്യം എത്രത്തോളമുണ്ടായിരുന്നു? മലയാളികള്‍ക്ക് അപ്പുറമുള്ള ആസ്വാദക ലോകം നെടുമുടി വേണു എന്ന നെടുങ്കന്‍ നടനെ തിരിച്ചറിഞ്ഞിരുന്നോ? സൂപ്പര്‍ ഹിറ്റുകളുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന സംവിധായകന്‍ ശങ്കര്‍ അക്കാര്യം തിരിച്ചറിഞ്ഞിരുന്നു എന്ന് ഉറപ്പാണ്.

അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നെടുമുടി വേണു. അതില്‍ ഏതെങ്കിലും ഒരു വേഷം പോലും അഭിനയ തികവില്ലാതെ മോശമായിപ്പോയി എന്ന് പറയാന്‍ ആവില്ല. അര നൂറ്റാണ്ടില്‍ പരം സിനിമയുടെ ഭാഗമായിട്ടും നെടുമുടി അഭിനയിച്ച മറുഭാഷാ ചിത്രങ്ങള്‍ വളരെ കുറവാണ്. കൃത്യം കണക്കുപറഞ്ഞാല്‍ എട്ടെണ്ണം. അതില്‍ ഒന്ന് പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലാത്ത ഒന്ന് കൂടിയാണ്.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

മലയാളം തിരിച്ചറിഞ്ഞതുപോലെ നെടുമുടി വേണുവിന്റെ അഭിനയ പാടവം മറ്റൊരു ഭാഷയും തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന് ലഭിച്ച ചുരുങ്ങിയ അന്യഭാഷാ അവസരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. നെടുമുടി വേണുവിനെ ഏറ്റവും ഗംഭീരമായി അന്യ ഭാഷകളില്‍ ഉപയോഗിച്ച ഒറ്റ സംവിധായകനേ ഉള്ളു. അത് ശങ്കര്‍ ആണ്.

ശങ്കറിനെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കമല്‍ ഹാസന്‍ ഇരട്ട വേഷത്തില്‍ എത്തിയ 'ഇന്ത്യന്‍'. ആ സിനിമയില്‍ കമല്‍ ഹാസന്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ കഥാപാത്രം സിബിഐ ഉദ്യോഗസ്ഥനായ കൃഷ്ണസ്വാമിയാണ്. ആ കഥാപാത്രം ആര് ചെയ്യണം എന്ന ചോദ്യത്തിന് ശങ്കറിന് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല- നെടുമുടി വേണു എന്നത് തന്നെ ആയിരുന്നു ആ ഉത്തരം. ആ സിനിമയില്‍ നെടുമുടി വേണുവിന്റെ സ്വന്തം ശബ്ദമായിരുന്നില്ല നല്‍കിയത്- തമിഴകത്തിന് ഏറെ പരിചിതമായ നാസര്‍ ആയിരുന്നു ശബ്ദം നല്‍കിയത്.

ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ തന്നെ തരംഗം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു 'ഇന്ത്യന്‍'. ആ കാലഘട്ടത്തില്‍ അത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ഭാഷാ ചിത്രം വേറെയുണ്ടായിരുന്നില്ല. പക്ഷേ, അതില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിച്ച നെടുമുടി വേണുവിനെ തേടി ഒരുപാട് അന്യഭാഷാ കഥാപാത്രങ്ങളൊന്നും പിന്നീട് എത്തിയില്ല എന്നത് ആ സിനിമാ വ്യവസായങ്ങളുടെ കൂടി നഷ്ടമാണ് എന്നേ പറയാന്‍ ആകൂ.

നെടുമുടി വേണു ആദ്യമായി അഭിനയിക്കുന്ന അന്യഭാഷാ ചിത്രം 'മൊഗമുള്‍' ആണ്. തിരു ജാനകിരാമന്‍ എഴുതിയ ഒരു നോവലിനെ അടിസ്ഥാനമാക്കി ജ്ഞാന രാജശേഖരന്‍ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. സംഗീത സാന്ദ്രമായ ഒരു പ്രണയകഥയായിരുന്നു അത്. 1995 ല്‍ പുറത്തിറങ്ങിയ ചിത്രം നിരൂപക ശ്രദ്ധ പിടിച്ചുപുറ്റിയെങ്കിലും ബോക്‌സ് ഓഫീസില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അര്‍ച്ചന ജോഗേല്‍ക്കറും അഭിഷേകും വിവേകും എല്ലാം ഈ സിനിമയില്‍ അഭിയിച്ചിരുന്നു. എന്തായാലും തൊട്ടടുത്ത വര്‍ഷം - 1996- ല്‍ ആയിരുന്നു 'ഇന്ത്യന്‍ പുറത്തിറങ്ങിയത്.

'ഇന്ത്യന്‍' സിനിമയ്ക്ക് ശേഷം നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു നെടുമുടി വേണു മറ്റൊരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍. ഇത്തവണയും ശങ്കര്‍ തന്നെ ആയിരുന്നു അദ്ദേഹത്തെ ക്ഷണിച്ചത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച വിക്രം ചിത്രം 'അന്യന്‍' ആയിരുന്നു അത്. വിക്രം അവതരിപ്പിച്ച അമ്പി എന്ന കഥാപാത്രപത്തിന്റെ പിതാവായ പാര്‍ത്ഥസാരഥിയുടെ വേഷമായിരുന്നു നെടുമുടി വേണുവിന്. എസ്എന്‍ സുരേന്ദര്‍ ആയിരുന്നു നെടുമുടി വേണുവിന് വേണ്ടി ശബ്ദം നല്‍കിയത്. എന്തായാലും അന്യനും ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ചു.

തമിഴില്‍ ഒരുപാട് സിനിമകളില്‍ ഒന്നും നെടുമുടി അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞല്ലോ. എന്നാല്‍ 2008 ല്‍ തുടര്‍ച്ചയായി രണ്ട് സിനിമകളാണ് അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയത്. 'പൊയി സൊല്ല പോറോം' , 'സിലമ്പാട്ടം' എന്നിവയായിരുന്നു ആ സിനിമകള്‍. എഎല്‍ വിജയ് സംവിധാനം ചെയ്ത് കാര്‍ത്തിക് കുമാര്‍ നായകനായി അഭിനയിച്ച പൊയി സൊല്ല പോറോം ഒരു തമാശ സിനിമ ആയിരുന്നു. സിലമ്പരശനും പ്രഭുവും സന ഖാനും സ്‌നേഹയും എല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തിയ എസ് ശരവണന്‍ ചിത്രമായിരുന്നു സിലമ്പാട്ടം. ഇതിലും മികച്ച വേഷമായിരുന്നു നെടുമുടി വേണുവിന് ലഭിച്ചത്.

അതിന് ശേഷം നീണ്ട 11 വര്‍ഷങ്ങളാണ് തമിഴകത്ത് നെടുമുടി ഒരു സാന്നിധ്യവും അറിയിക്കാതിരുന്നത്. 2019 ല്‍ രാജീവ് മേനോന്‍ സംവിധാനം ചെയ്ത 'സര്‍വ്വം താളമയം' ആണ് നെടുമുടി വേണു അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ തമിഴ് ചിത്രം. ജിവി പ്രകാശ് കുമാറും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തില്‍ എത്തുന്ന, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ സിനിമയില്‍ മികച്ച പ്രകടനം തന്നെ ആയിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

നേരത്തേ പറഞ്ഞുവച്ചത് പോലെ തന്നെ, തമിഴകത്ത് നെടുമുടി വേണുവില്‍ ഏറ്റവും വിശ്വാസമര്‍പ്പിച്ച സംവിധായകന്‍ ശങ്കര്‍ തന്നെ ആയിരുന്നു. കമല്‍ ഹാസന്റെ ഇന്ത്യന്‍ രണ്ടാം ഭാഗം എടുക്കുമ്പോള്‍, ഒന്നാം ഭാഗത്തിലെ കൃഷ്ണസ്വാമി ആകാന്‍ ശങ്കറിന്റെ മുന്നില്‍ വേറൊരു ചോയ്‌സും ഉണ്ടായിരുന്നില്ല. സിനിമയുടെ ചിത്രീകരണം 2018 ല്‍ തുടങ്ങാന്‍ ഇരുന്നതായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് വൈകി. ഇപ്പോഴും 60 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ ഹാസനൊപ്പം രണ്ട് ചിത്രങ്ങളില്‍ ആണ് നെടുമുടി വേണു പ്രവര്‍ത്തിച്ചത്. ഇന്ത്യനിലും അതിന്റെ രണ്ടാം ഭാഗത്തിലും. നെടുമുടി വേണുവിന്റെ ആരാധകനാണ് താന്‍ എന്ന് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട് കമല്‍ ഹാസന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിയോഗ വേളയിലും അദ്ദേഹത്തെ അനുസ്മരിക്കുന്നുണ്ട് കമല്‍. നെടുമുടി വേണുവിന്റെ വിടവ് എന്നും അനുഭവപ്പെടുമെന്നും അദ്ദേഹത്തിന് വേണ്ടി എഴുതാനുള്ള കഥകള്‍ തന്റെ ഉള്ളില്‍ ഇപ്പോഴും ബാക്കിയുണ്ടായിരുന്നു എന്നും കമല്‍ പറഞ്ഞു.












Click it and Unblock the Notifications