പാർവ്വതി: മലയാള സിനിമയിലെ ഉറച്ച സ്ത്രീശബ്ദം
മലയാള സിനിമയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന നടിയാണ് പാർവ്വതി. മലയാള സിനിമയില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ വിരലിലെണ്ണാവുന്നവര്‍ പോലുമില്ലെന്ന ചര്‍ച്ച സജീവമായപ്പോഴാണ് മോളീവുഡിന്റെ മുറ്റത് പാർവ്വതി നടന്നു കയറിയത്. താരപ്രഭാവത്തേക്കൾ വ്യക്തി പ്രഭാവമുള്ള നടിയാണ് പാർവ്വതിയെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.
ചാനല്‍ അവതാരകയില്‍ നിന്നു തുടങ്ങിയ ആ യാത്ര ഗോവ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരനേട്ടം വരെയെത്തി നില്‍ക്കുകയാണിപ്പോൾ. പാർവ്വതി അഭിനയിച്ച ആദ്യ മലയാള സിനിമകൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയില്ല. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോഴാണ് യഥാർത്ഥത്തിൽ മലയാളികൾ പാർവ്വതിയെ ആഗ്രഹിച്ച് തുടങ്ങിയത്. കാഞ്ചനമാലയായി ടെസ്സയായി സമീറയായി മലയാളികളുടെ മനസ്സിൽ പാർവ്വതി കൂടുകൂട്ടുകയായിരുന്നു.

വട്ടക്കണ്ണടയും ബോബ് ചെയ്ത മുടിയുമായി സേറ നിരങ്ങി നീങ്ങിയത് പ്രേക്ഷകരുടെ ഹൃദയത്തിലേക്കായിരുന്നു. 'എന്നു നിന്റെ മൊയ്തീനി'ലെ കാഞ്ചനമാലയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പാര്‍വ്വതിയുടെ അഭിനയ ചാതുര്യം ആരേയും വിസ്മയിപ്പിക്കും. കാഞ്ചനമാലയെന്ന നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് 'ചാര്‍ലി'യിലെ ടെസ്സയിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മേയ്ക്ക്ഓവറാണ് പാര്‍വ്വതി നടത്തിയത്. ഒരാമുഖം ആവശ്യമില്ലാതെ പ്രേക്ഷകഹൃദയങ്ങളിലേക്ക് 'ടേക്ക്ഓഫ്' ചെയ്ത കഥാപാത്രമാണ് സമീറ.
സ്ത്രീ കേന്ദ്രീകൃത സിനിമകൾ മലയാള സിനിമയ്ക്ക് നഷ്ടമായെന്ന് പഴഞ്ചൻ വിശ്വാസത്തിനുള്ള മറുപടി കൂടിയായിരുന്നു പാർവ്വതിയുടെ ഓരോ കഥാപാത്രങ്ങളും. സമൂഹത്തിൽ സ്ത്രീകളോടുള്ള സമീപനത്തെ തുറന്നു കാട്ടാനും അതിനുവേണ്ടി പ്രതികരിക്കാനും താരജാഡകൾ മാറ്റി പാർവ്വതി മുൻപന്തിയിലുണ്ടായിരുന്നു. സിനിമയിലെ പുരുഷ മേധാവിത്തത്തിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കുക വഴി നിരവധി വിവാദങ്ങളാണ് പാർവ്വതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത്. വിമൺ ഇൻ സിനിമ കലക്ടീവ് എന്ന സിനിമ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഘടനയിലെ മുൻ നിരയിലുള്ള പ്രവർത്തക കൂടിയാണ് പാർവ്വതി.












Click it and Unblock the Notifications