എന്‍സിപി കടുത്ത രാഷ്ട്രീയ നഷ്ടത്തിലേക്ക്? ചിലപ്പോൾ വട്ടപ്പൂജ്യം! കാപ്പന് വേണ്ടി ത്യജിക്കുന്നത് രാഷ്ട്രീയ ഭാവി

കേരളത്തില്‍ എന്‍സിപി വലിയ പാര്‍ട്ടിയൊന്നും അല്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ എന്‍സിപി ആകെ മത്സരിച്ചത് നാല് സീറ്റുകളില്‍ ആണ്. എന്നാല്‍ 2001 ലെ തിരഞ്ഞെടുപ്പില്‍ 9 സീറ്റുകളില്‍ മത്സരിച്ച ചരിത്രവും എന്‍സിപിയ്ക്കുണ്ട്.

2016 ല്‍ നാല് സീറ്റില്‍ മത്സരിച്ച എന്‍സിപി, 2019 ലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മൂന്നിടത്ത് വിജയിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. എന്‍സിപിയുടെ കേരളത്തിലെ ഏറ്റവും മികച്ച പ്രകടനം ആയിരുന്നു അത്. എല്‍ഡിഎഫിനൊപ്പം നിന്ന് മന്ത്രിസഭയില്‍ അംഗത്വവും ലഭിച്ചു. ഈ നിലയില്‍ നിന്നാണ് എല്‍ഡിഎഫിനോട് കലഹിച്ച് എന്‍സിപി മുന്നണി വിടാന്‍ ഒരുങ്ങുന്നത്. ആത്യന്തികമായി അത് ലാഭമോ നഷ്ടമോ? പരിശോധിക്കാം...

നാലിന് പകരം അഞ്ച്?

നാലിന് പകരം അഞ്ച്?

എല്‍ഡിഎഫില്‍ എന്‍സിപിയ്ക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ലഭിച്ചത് നാല് സീറ്റുകള്‍ ആയിരുന്നു. ഇത്തവണയും അതില്‍ കുറവ് വരാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ നാലിന് പകരം അഞ്ച് സീറ്റുകളാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നാണ് വിവരം.

കാപ്പന് വേണ്ടി

കാപ്പന് വേണ്ടി

മാണി സി കാപ്പന് പാലാ സീറ്റ് വേണം എന്നതിലാണ് എന്‍സിപിയുടെ കടുംപിടിത്തം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാത്രം പാലായില്‍ നിന്ന് വിജയിച്ച ആളാണ് കാപ്പന്‍. കെഎം മാണിയുടെ മരണത്തിന് ശേഷമുള്ള സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ആയിരുന്നു ആ തിരഞ്ഞെടുപ്പ്. എന്നിട്ടും കാപ്പന് വേണ്ടി എന്‍സിപി എല്‍ഡിഎഫ് വിടാനൊരുങ്ങുകയാണ്.

ഷുവര്‍ സീറ്റുകള്‍

ഷുവര്‍ സീറ്റുകള്‍

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ എന്‍സിപിയ്ക്ക് എല്‍ഡിഎഫ് കൊടുത്തത് രണ്ട് ഷുവര്‍ സീറ്റുകള്‍ ആയിരുന്നു. ഇത്തവണ ഷുവര്‍ സീറ്റുകളുടെ എണ്ണം അത്ര തന്നെ നല്‍കാനുള്ള സാധ്യതയും മുന്നിലുണ്ടായിരുന്നു. എന്നിട്ടും പാര്‍ട്ടി യുഡിഎഫിലേക്ക് പോകാന്‍ തീരുമാനിക്കുകയാണിപ്പോള്‍. അവിടെ എന്തായിരിക്കും സ്ഥിതി?

യുഡിഎഫില്‍

യുഡിഎഫില്‍

യുഡിഎഫില്‍ ഇപ്പോള്‍ തന്നെ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പിടിവലികളും തുടങ്ങിക്കഴിഞ്ഞു. എങ്കിലും എല്‍ഡിഎഫ് വിട്ടുവരുന്ന എന്‍സിപിയ്ക്ക് അഞ്ച് സീറ്റ് നല്‍കാന്‍ അവര്‍ തയ്യാറായേക്കും എന്നാണ് സൂചനകള്‍. എന്നാല്‍ അതില്‍ ഷുവര്‍ സീറ്റ് എന്ന് പറയാവുന്ന എത്രയെണ്ണം ഉണ്ടാകും എന്നത് നിര്‍ണായക ചോദ്യമാണ്. നിലവിലെ സീറ്റുകള്‍ തന്നെ നല്‍കിയാലും എന്താകും സംഭവിക്കുക?

പാലായിലെ സ്ഥിതി

പാലായിലെ സ്ഥിതി

പാലായില്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിനെ മാണി സി കാപ്പന്‍ തോല്‍പിച്ചത് 2,943 വോട്ടുകള്‍ക്കായിരുന്നു. കാപ്പനെതിരെ 2016 ല്‍ കെഎം മാണി നേടിയ ഭൂരിപക്ഷം 4,703 വോട്ടുകളും. എല്‍ഡിഎഫ് ശക്തമായ മത്സരം നടത്തിയിരുന്ന മണ്ഡലമാണ് പാല എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

ജോസ് കെ മാണി വന്നപ്പോള്‍

ജോസ് കെ മാണി വന്നപ്പോള്‍

ഇത്തവണ മാണിയുടെ മകന്‍ ജോസ് കെ മാണി കൂടി എല്‍ഡിഎഫില്‍ എത്തുമ്പോള്‍ വിജയം ഏറെക്കുറേ സുനിശ്ചിതമാണ്. മറുവശത്ത് മാണി സി കാപ്പന്‍ നിന്നാലും അത് എല്‍ഡിഎഫിന് വെല്ലുവിളിയാവാന്‍ ഒരു സാധ്യതയും ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ 9,363 വോട്ടിന്റെ ലീഡ് ആണ് എല്‍ഡിഎഫിന് മണ്ഡലത്തില്‍ ഉള്ളത്.

കുട്ടനാട്ടില്‍ എത്തിയാല്‍

കുട്ടനാട്ടില്‍ എത്തിയാല്‍

കേരള കോണ്‍ഗ്രസിന് നല്ല ശക്തിയുണ്ടായിരുന്ന കുട്ടനാട് തോമസ് ചാണ്ടിയിലൂടെ ആണ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നത്. തോമസ് ചാണ്ടിയുടെ വ്യക്തി പ്രഭാവം തന്നെ ആയിരുന്നു മണ്ഡലത്തിലെ വിജയത്തിന് വഴിവച്ചത്. 2019 ല്‍ തോമസ് ചാണ്ടി അന്തരിച്ചു. അതിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇവിടെ 5,550 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തിലും യുഡിഎഫിന്റെ ഭാഗമായി നിന്ന് വിജയിക്കാന്‍ എന്‍സിപിയ്ക്ക് കഴിയാന്‍ സാധ്യതയില്ല.

എലത്തൂരില്‍

എലത്തൂരില്‍

മന്ത്രി എകെ ശശീന്ദ്രന്‍ രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച മണ്ഡലം ആണ് എലത്തൂര്‍. സിപിഎം കോട്ടയാണിവിടം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് ഉണ്ട് എല്‍ഡിഎഫിന് ഇവിടെ. അപ്പോള്‍ യുഡിഎഫ് ഈ മണ്ഡലം നല്‍കിയാലും എന്‍സിപിയ്ക്ക് വിജയസാധ്യതയില്ല എന്ന് പറയാം.

പൂജ്യത്തിലൊതുങ്ങുമോ

പൂജ്യത്തിലൊതുങ്ങുമോ

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പ്രകാരം യുഡിഎഫിന്റെ നില തന്നെ പരുങ്ങലില്‍ ആണ്. എല്‍ഡിഎഫില്‍ കിട്ടിക്കൊണ്ടിരിക്കുന്ന സീറ്റുകള്‍ക്ക് പുറമേ വലിയ വിജയസാധ്യതയുള്ള സീറ്റുകള്‍ എന്‍സിപിയ്ക്ക് വിട്ടുനല്‍കാനുള്ള സാധ്യതയും കുറവാണ്. മേല്‍പറഞ്ഞ കണക്കുകളാണ് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്നത് എങ്കില്‍ യുഡിഎഫില്‍ എത്തിയാല്‍ എന്‍സിപിയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചേക്കില്ല. അത് എന്‍സിപിയെ സംബന്ധിച്ചിടത്തോളം കനത്ത രാഷ്ട്രീയ തിരിച്ചടിയും ആയിരിക്കും.

കാപ്പന്റെ മാത്രം പ്രശ്‌നം

കാപ്പന്റെ മാത്രം പ്രശ്‌നം

പാലാ സീറ്റ് എന്നത് എന്‍സിപിയില്‍ മാണി സി കാപ്പന്റെ മാത്രം പ്രശ്‌നമാണ്. പാലായ്ക്ക് പകരം കുട്ടനാട് മാണി സി കാപ്പന് നല്‍കാമെന്ന വാഗ്ദാനവും ഉയര്‍ന്നിരുന്നു. എന്നാല്‍ അതും കാപ്പന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. കാപ്പനൊപ്പം നില്‍ക്കാന്‍ കേന്ദ്ര നേതൃത്വവും ഏറെക്കുറേ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ വരുമ്പോള്‍, എകെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും എല്‍ഡിഎഫില്‍ തുടരാനുള്ള നീക്കത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+