എഡിഎം ഇഫക്ടില്‍ കളിമാറ്റിയ സിപിഎം; കളംനിറയാന്‍ മറന്ന ബിജെപി, പാലക്കാട്ടെ വേറിട്ട നിരീക്ഷണം

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത് ഒരു പ്രധാന കാര്യമാണ്. പാലക്കാടും ചേലക്കരയിലും വയനാട്ടിലും നടന്നത് ഉറച്ച രാഷ്ട്രീയ പോരാട്ടം. എന്തുകൊണ്ട്? പാര്‍ട്ടികള്‍ക്ക് അവരുടെ അടിസ്ഥാന വോട്ട് നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട്. മറ്റൊരു പ്രധാന കാര്യമാണ് സാമുദായിക ഘടകങ്ങള്‍ ഫലത്തെ എങ്ങനെ സ്വാധീനിച്ചു എന്നത്. അതിന് സമുദായങ്ങളുടെ രാഷ്ട്രീയ നിലപാടാണോ സങ്കുചിത സാമുദായിക നിലപാടാണോ വോട്ട് രേഖപ്പെടുത്തുന്നതിനെ സ്വാധീനിച്ചതെന്ന് പരിശോധിക്കണം. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും സാമുദായിക ശക്തികള്‍ രാഷ്ട്രീയമായി ചിന്തിച്ചു എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് കേരളത്തിന്റെ ഉപതെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് ശുഭസൂചനകള്‍ നല്‍കുന്നു എന്ന് പറയാന്‍ കഴിയുന്നത്.

ആദ്യം പാലക്കാടിന്റെ ജനവിധി നല്‍കുന്ന സന്ദേശം പരിശോധിക്കാം. രാഷ്ട്രീയ കേരളം ശക്തമായ ത്രികോണ മത്സരത്തിന് പാകമായി എന്ന് പാലക്കാട്ടെ ജനവിധി വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള വിരോധം മറ്റൊരു പാര്‍ട്ടിയെ ജയിപ്പിക്കാന്‍ തക്കവണ്ണം തിരിച്ചു വിടുക എന്ന രീതി ത്രികോണ പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. മഞ്ചേശ്വരത്തായാലും തിരുവനന്തപുരം ലോക്‌സഭാ സീറ്റിലേയ്ക്കായാലും ഇത് പലവട്ടം കണ്ടിട്ടുള്ളതാണ്. രണ്ടിടത്തും ബിജെപി ജയിക്കാതിരിക്കാന്‍ സിപിഎം അവരുടെ വോട്ട് തന്ത്രപരമായി മാറ്റി ചെയ്യാറുള്ളതു തന്നെ ഉദാഹരണം. ഇത് പാലക്കാടും കണ്ടിട്ടുള്ളതാണ്. അതിന് ഇനി മുതല്‍ മാറ്റം വരുന്നു എന്ന് പാലക്കാടിലൂടെ രാഷ്ട്രീയ കേരളം കാട്ടിത്തരുന്നു.

rahul-sarin-krishnakumar

ഇത്തവണ പാലക്കാട് സിപിഎമ്മിന്റെ വോട്ട് ശക്തി തന്നെയാണ് പ്രധാനമായും പരിശോധിക്കേണ്ടത്. കഴിഞ്ഞ രണ്ടു തവണയായി മോശപ്പെട്ട നിലയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ സാഹചര്യമാണ് സിപിഎമ്മിന് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. അത് ഇക്കുറി പാലക്കാടന്‍ സിപിഎം തിരുത്തിയിരിക്കുന്നു. ബിജെപിയുമായി രണ്ടാം സ്ഥാനത്തിനുള്ള വോട്ട് വ്യത്യാസം രണ്ടായിരത്തി അഞ്ഞൂറില്‍ താഴെ മാത്രം. കഴിഞ്ഞ തവണ പതിമൂവായിരത്തോളം വോട്ടിന്റെ വിടവുണ്ടായിരുന്നിടത്താണ് ഈ കരുത്ത് കാട്ടല്‍. സിപിഎമ്മിന് ചേലക്കര പോലെ തന്നെ അഭിമാനത്തോടെ അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാവുന്ന പ്രകടനമായി പാലക്കാട് മാറുന്നതും അതുകൊണ്ടു തന്നെ.

എങ്ങനെയാണ് സിപിഎമ്മിന് ഇങ്ങനെയൊരു മുന്നേറ്റം കാഴ്ചവയ്ക്കാനായത്. ഏറ്റവും പ്രധാനം പാലക്കാടിന്റെ രാഷ്ട്രീയ പ്രചാരണത്തിന്റെ ചുക്കാന്‍ ഒരു ഘട്ടത്തിലും കയ്യില്‍ നിന്നു പോകാതെ ഉറപ്പിച്ചു നിര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു എന്നതുതന്നെ. ഓരോരോ വിവാദങ്ങള്‍ സിപിഎം ഇതിനായി ഉയര്‍ത്തിക്കൊണ്ടുവന്നു. സിപിഎമ്മിന് മറുപടി പറയാന്‍ മാത്രമേ കോണ്‍ഗ്രസിന് സമയം ഉള്ളൂ എന്ന നിലയിലാക്കി കാര്യങ്ങള്‍. അതോടെ അപ്രസക്തമായി മൂന്നാം സ്ഥാനത്തു കിടക്കുന്ന വെറും കാഴ്ചക്കാരല്ല എന്ന പ്രതീതി മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുതന്നെ സ്ഥാനാര്‍ത്ഥിയെ അടക്കം കണ്ടെത്താന്‍ കഴിഞ്ഞതും ആ തന്ത്രത്തിന്റെ വിജയകരമായ മറ്റൊരു അധ്യായമായി. ഉറച്ച പാര്‍ട്ടി കേഡര്‍മാര്‍ സ്ഥാനാര്‍ത്ഥിയായി വന്നാലുള്ള 'എഡിഎം ഇഫക്ട്' ഇതോടെ പാലക്കാട് അപ്രസക്തമായി. അത് എന്താണെന്നല്ലേ.

rahulmankoottathil

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു പാര്‍ട്ടിയുടെ ആലോചന. കണ്ണൂരില്‍ എഡിഎമ്മിന്റെ മരണത്തിനു വരെ ഉത്തരവാദിയായി സമൂഹം അപ്പോള്‍ കണ്ടിരുന്നത് പാര്‍ട്ടി വളര്‍ത്തിക്കൊണ്ടുവന്ന മറ്റൊരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ചേലക്കര പോലെ ഉറച്ച പാര്‍ട്ടി മണ്ണല്ല പാലക്കാട്. അവിടെ എഡിഎം വിവാദത്തിന് സിപിഎമ്മനോടുള്ള വിരോധം കൂട്ടാന്‍ കഴിയുന്ന സാഹചര്യമുണ്ട്. അപ്പോള്‍ പാര്‍ട്ടിക്കു പുറത്തുനിന്ന് ഒരാളാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ആ വിരോധം മറികടക്കാന്‍ കഴിയും. അതിന് വീണു കിട്ടിയ സമ്മാനമാണ് സരിന്‍. എന്നിട്ടു പോലും പത്തനംതിട്ട സിപിഎമ്മിന്റെ എഫ്ബി പേജില്‍ രാഹുലിനെ പിന്തുണയ്ക്കുന്ന വീഡിയോ വന്നു. പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയാണ് പോരാട്ടത്തിന് ഇറങ്ങിയിരുന്നതെങ്കില്‍ മറ്റെന്തെല്ലാം വീഡിയോ വന്നേനേയെന്നും എഡിഎം വിവാദം പാര്‍ട്ടിയെ പാലക്കാട് പൊള്ളിച്ചേനേയെന്നും ഇതില്‍ നിന്ന് വ്യക്തമല്ലേ.

സിപിഎമ്മിന്റെ ചതുര വടിവില്‍ സംസാരിക്കുന്ന രീതിയില്ലാത്ത അഭ്യസ്തവിദ്യന്‍, പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം രാഹുല്‍-സരിന്‍ എന്ന രീതിയില്‍ തെറ്റിപ്പിരിഞ്ഞ രണ്ടു ചെറുപ്പക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍.... ഇങ്ങനെ തീര്‍ത്തും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് അന്തരീക്ഷം അഥവാ ആംബിയന്‍സ് ഉണ്ടാക്കാന്‍ സിപിഎമ്മിന് സരിനിലൂടെ കഴിഞ്ഞു. പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കൂടി കഴിഞ്ഞാല്‍ സരിനിലൂടെ വരുന്നതെല്ലാം ബോണസ്. അങ്ങനെ പോയി സിപിഎമ്മിന്റെ ചിന്ത. അതുകൊണ്ട് പെട്ടി വിവാദം, പരസ്യ വിവാദം ഉള്‍പ്പെടെ രാഹുലിനെ ഇകഴ്ത്തിയും സരിനെ പുകഴ്ത്തിയും സിപിഎം ഓരോരോ ഘട്ടങ്ങളിലായി ഇറക്കി വിട്ട പ്രചാരണ തന്ത്രങ്ങളെല്ലാം പാര്‍ട്ടി ആഗ്രഹിച്ച വഴിക്കു തന്നെ വളര്‍ന്നു. ആ കണക്കുകൂട്ടല്‍ അക്ഷരം പ്രതി ശരിവയ്ക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലും സിപിഎമ്മിലും കണ്ട ട്വിസ്റ്റ് ബിജെപിക്ക് കാഴ്ചവയ്ക്കാന്‍ കഴിയാതെ പോയത് പാലക്കാട് അവര്‍ക്ക് വലിയ തിരിച്ചടി നല്‍കി. രാഹുല്‍ പത്തനംതിട്ടയില്‍ നിന്ന് കടന്നു വന്ന് ആദ്യ ട്വിസ്റ്റ് സമ്മാനിച്ചു. നേരത്തേ രാഹുലിന്റെ പേര് കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും രാഹുലിന്റെ വരവിനെ ചൊല്ലി ഡിസിസിയിലുണ്ടായ മുറുമുറുപ്പുകള്‍ ആ സ്ഥാനാര്‍ത്ഥി പ്രവേശത്തിന്റെ മാറ്റ് കൂട്ടിയതേയുള്ളൂ. ഇറക്കുമതിക്കാരനെന്ന പേരിലായാലും സ്ഥാനാര്‍ത്ഥിയുടെ പേര് പാര്‍ട്ടിക്കകത്തും മണ്ഡലത്തിലും മുഖ്യ ചര്‍ച്ചാ വിഷയമായി. അതുതന്നെയാണ് രാഹുലിന് അനുഗ്രഹമായി കിട്ടിയ ആദ്യത്തെ വലിയ പ്രചാരണം. ഏത് പോസ്റ്ററുകളേക്കാളും വലിയ പ്രാചരണം. അതോടെ രാഹുല്‍ മണ്ഡലത്തിനാകെ പരിചിതനായി. രാഹുല്‍ തന്നെയായി ചര്‍ച്ചാ വിഷയവും.

psarin

രാഹുലിനെ പിന്‍ഗാമിയാക്കിയതിന്റെ പേരില്‍ ഷാഫിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു പ്രത്യേക സമുദായത്തിലെ യുവാക്കളെ വളരാന്‍ ഷാഫി അനുവദിക്കുന്നില്ലെന്ന വിമര്‍ശനം പാലക്കാട്ടെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞു. എന്നാല്‍ ഷാഫി ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്റെ സമുദായത്തിലെ ഒരാളെ അല്ല എന്നത് ബിജെപിക്ക് നല്ല സ്വാധീനമുള്ള പാലക്കാട് പോലൊരു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഗുണമാകുകയാണ് ചെയ്തത്. ഷാഫിയും രാഹുലും തോളോടു തോള്‍ ചേര്‍ന്ന് കല്‍പാത്തി രഥോത്സവത്തില്‍ പങ്കെടുത്തത് ഹിന്ദു വോട്ടര്‍മാരുടെ മനസില്‍ രാഹുലിന്റെ സ്ഥാനം ഉറപ്പിച്ചു. വടക്കുന്നാഥന്‍ സുരേഷ് ഗോപിയെ തുണച്ച പോലെ വിശാലാക്ഷി സമേത വിശ്വനാഥന്‍ കൃഷ്ണകുമാറിനെ തുണയ്ക്കും എന്ന് പറഞ്ഞ സുരേന്ദ്രന് കല്‍പാത്തി മറുപടി നല്‍കി.

രാഹുല്‍, ഷാഫിയോടു തെറ്റിപ്പിരിഞ്ഞ സരിന്‍ എന്നീ ട്വിസ്റ്റുകള്‍ക്കിടയില്‍ കൃഷ്ണകുമാര്‍ എന്ന സ്ഥിരം മുഖം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ വിരസമാക്കി. പാല്‍ സൊസൈറ്റി മുതല്‍ ലോക്‌സഭ വരെ നിരന്തരം മത്സരിക്കുന്ന വ്യക്തി എന്ന വിപ്രതിപത്തി കൃഷ്ണകുമാറിനോട് പാര്‍ട്ടിക്കകത്തും അണികള്‍ക്കിയിലും തോന്നാന്‍ പിന്നെ അധികനേരം വേണ്ടി വന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു. ഒരു സ്ഥാനാര്‍ത്ഥി വിരുദ്ധ തരംഗം പാലക്കാട് ബിജെപിക്ക് നേരിടേണ്ടി വന്നു. നേരത്തെ ശോഭാ സുരേന്ദ്രന്‍ ജില്ലയ്ക്കു പുറത്തു നിന്ന് ലോക്‌സഭയില്‍ മത്സരിക്കാന്‍ വന്നപ്പോഴും പിന്നീട് ഇ ശ്രീധരന്‍ ജില്ലയ്ക്ക് പുറത്തു നിന്ന് നിയമസഭയില്‍ മത്സരിക്കാന്‍ വന്നപ്പോഴുമുള്ള ഒരു ട്വിസ്റ്റില്ലേ, ബിജെപിക്ക് സഹായകമായ ആ ട്വിസ്റ്റ് ഇത്തവണ കൃഷ്ണകുമാറില്‍ ഇല്ലായിരുന്നു.

ckrishnakumar

മാത്രമല്ല തനിയാവര്‍ത്തനം എത്രവട്ടം സഹിക്കണം എന്നതിന്റെ മറുപടി നല്‍കല്‍ പോലുമായി ഇത്തവണ കൃഷ്ണകുമാറിന് പാര്‍ട്ടിയും അണികളും കാത്തിരുന്നു കൊടുത്ത പ്രഹരം. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ കണ്ട ബിജെപി വിരുദ്ധത അതുകൊണ്ട് പാര്‍ട്ടി വിരുദ്ധതയല്ല, സ്ഥാനാര്‍ത്ഥി വിരുദ്ധതയാണ്. ഭാര്യയും കൗണ്‍സിലറുമായ മിനിക്കെതിരായ വികാരം കൂടി അതില്‍ പ്രതിഫലിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരമായി കൃഷ്ണകുമാര്‍ മത്സരിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇറങ്ങിയതും കൃഷ്ണകുമാറിന്റെ പരാജയം കാലേകൂട്ടിത്തന്നെ ഉറപ്പിച്ചിരുന്നു. ബിജെപി വിരുദ്ധമെന്നതിനേക്കാള്‍ സ്ഥാനാര്‍ത്ഥി വിരുദ്ധമായിരുന്നു ആ വികാരം എന്നതിന്റെ നേര്‍സാക്ഷ്യമാണ് ബിജെപിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്ടമായിട്ടില്ലെന്ന കണക്കുകള്‍ കാട്ടുന്നത്. അപ്പോള്‍ ഉറച്ച ത്രികോണ പോരാട്ടത്തിന്റെ രാഷ്ട്രീയ മണ്ണിന് കേരളം പാകപ്പെട്ടിരിക്കുന്നു എന്ന പരമപ്രധാന സന്ദേശമാണ് പാലക്കാട്ടെ ഫലം തെളിയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q