തരൂരിന്റെ രാഷ്ട്രീയ ഭാവി ഇരുട്ടില്‍?
തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ശശി തരൂര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങ് തടിയാകുമോ? സുനന്ദയുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ മാത്രം പ്രചരിക്കുന്ന വേളയിലും തരൂരിന്റെ രാഷ്ട്രീയ ഭാവിക്ക് നേരെ വിരല്‍ ചൂണ്ടുകയാണ് ബിജെപിയും ഇടത് കക്ഷികളും.
ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ്സുകാരനാവുകയും, തിരുവനന്തപുരം എന്ന പ്രസ്റ്റീജ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, പിന്നീട് കേന്ദ്രമന്ത്രിയാവുകയും ചെയ്ത ശശി തരൂരിനോട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് തന്നെ താത്പര്യമില്ല എന്നതാണ് സത്യം. ഐക്യ രാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഇന്ത്യയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള മാറ്റം ശശി തരൂരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല.

ശശി തരൂര്‍ എന്ന ആഗോള പൗരന്റെ ഇമേജ് തന്നെയായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്തെ സ്വാധീനിച്ചത്. എന്നാല്‍ വിവാദങ്ങള്‍ക്ക് പിറകെ വിവാദങ്ങളുമായി തരൂര്‍ പാര്‍ട്ടി നേതൃത്വത്തിന് തന്നെ പിന്നീട് തലവേദനയായി.
പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മുതല്‍ ഐപിഎല്‍ വിവാദവും സുനന്ദയുമായുള്ള വിവാഹവും, ദേശീയഗാന വിവാദവും, കന്നുകാലി ക്ലാസ്സും എല്ലാം തരൂരിനെ ദേശീയ മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാക്കി. പക്ഷേ തന്റെ സ്വന്തം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. എപ്പോഴും മണ്ഡലത്തില്‍ നല്ല പ്രതിച്ഛായ സൂക്ഷിക്കാന്‍ തരൂരിന് കഴിഞ്ഞിരുന്നു.വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം തരൂരിന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
എന്നാല്‍ സുനന്ദയുടെ അപ്രതീക്ഷിത മരണം എല്ലാത്തിനേയും താളം തെറ്റിക്കാനാണ് സാധ്യത. തരൂരിന് പാക് മാധ്യമ പ്രവര്‍ത്തകയുമായുള്ള ബന്ധം ആരോപിച്ച് ഉയര്‍ന്ന ട്വിറ്റര്‍ വിവാദത്തിന് തൊട്ടു പിറകെയാണ് സുനന്ദയുടെ മരണം എന്നതാണ് ഏറെ ദുരൂഹതകള്‍ക്ക് വഴിവച്ചത്.
ഒരു പക്ഷേ ഭാവിയില്‍ പ്രധാനമന്ത്രി പദം വരെ ലഭിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന നേതാവായിരുന്നു തരൂര്‍. സുനന്ദയുടെ മരണത്തിലെ ദുരൂഹതയുടെ കുരുക്കുകള്‍ അഴിഞ്ഞില്ലെങ്കില്‍ തരൂര്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഭാവി ഇരുളടഞ്ഞതാകും












Click it and Unblock the Notifications