സുവര്‍ണാവസരം, കെണി, അജണ്ട... ശ്രീധരന്‍ പിള്ള പറഞ്ഞ വാക്കുകള്‍; കെണിയില്‍ വീണവര്‍ ആരെല്ലാം...?
ശ്രീധരന്‍ പിള്ള കോഴിക്കോട് യുവ മോര്‍ച്ച പരിപാടിയില്‍ നടത്തിയ പ്രസംഗം കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ട ഒന്നാണ്. എങ്ങനെയാണ് വിശ്വാസികള്‍ക്കൊപ്പം എന്ന് പറഞ്ഞ് തുടങ്ങിയ സമരം ബിജെപി ഹൈജാക്ക് ചെയ്തത് എന്നതും കേരളത്തില്‍ അതെന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി എന്നതും രേഖപ്പെടുത്തപ്പെടണം.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടും എന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്ത്രി തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഏറെ വിവാദമായതും ഇത് തന്നെ. എന്നാല്‍ ആ പ്രസംഗത്തില്‍ ഇതിലേറെ ചര്‍ച്ചയാകേണ്ട വിഷയങ്ങള്‍ വേറേയും ഉണ്ട്.
ശബരിമലയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ളയും ബിജെപിയും എങ്ങനെയാണ് ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞത് എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസംഗം. അതില്‍ അദ്ദേഹം ഉപയോഗിച്ച ചില വാക്കുകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.

ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി
ശബരിമല തങ്ങളെ സംബന്ധിച്ച് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണെന്ന് ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്താണ് ആ സുവര്‍ണാവസരം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തില്‍ ഭരണം പിടിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. അതിനുള്ള അവസരം ആയിട്ടാണ് ബിജെപി ഇതിനെ കാണുന്നത്.

അജണ്ട
നമ്മള്‍ ഒരു അജണ്ട മുന്നോട്ട് വച്ചു എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞ മറ്റൊരു കാര്യം. ആ അജണ്ടയ്ക്ക് മുന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞ് രംഗം കാലിയാക്കുമ്പോള്‍ അവശേഷിക്കുന്നത് ബിജെപിയും സിപിഎമ്മും ആണെന്നും ശ്രീധരന്‍പിള്ള പറയുന്നുണ്ട്. ബിജെപിയുടെ അജണ്ടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് കോണ്‍ഗ്രസ് തന്നെയാണ്.

തന്ത്രിസമൂഹം
തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് തന്ത്രി സമൂഹം എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരുപാട് കാലം നീണ്ടുനില്‍ക്കുന്ന ഈ സമരത്തിന് പലതട്ടുകളുണ്ട്. തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലും അതിന്റെ സംസ്ഥാന അധ്യക്ഷനിലും ഉണ്ട് എന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാണ്.

കെണി
തങ്ങള്‍ വച്ച് കെണിയില്‍ ഓരോരുത്തരായി വീണുവെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നുണ്ട്. ശബരിമല വിഷയത്തില്‍ കേരളത്തില്‍ ഒരു ധ്രുവീകരണം സൃഷ്ടിക്കാന്‍ സാധിച്ചു എന്ന ആത്മവിശ്വാസം തന്നെയാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

കേസ് പ്രതീക്ഷിച്ചില്ലെന്ന്
ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇരട്ടത്താപ്പും ഈ പ്രസംഗത്തില്‍ സുവ്യക്തമാണ്. കോടതിയലക്ഷ്യം വരികയാണെങ്കില്‍ അത് ആദ്യം തങ്ങളുടെ പേരിലായിരിക്കും എന്നാണ് ശ്രീധരന്‍ പിള്ള തന്ത്രിയോട് പറഞ്ഞത്. പക്ഷേ, കോടതിയലക്ഷ്യ കേസ് വന്നപ്പോള്‍ തന്നെ അതില്‍ കുടുക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നും ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.












Click it and Unblock the Notifications