ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍, എന്‍ഡിഎ കേരള വൈസ് ചെയര്‍മാന്‍... അപ്പോള്‍ ഏഷ്യാനെറ്റ് ആരുടെ ഒപ്പം?
കേരളത്തിലെ എന്‍ഡിഎ നേതൃത്വം പുന:സംഘടിപ്പിച്ചപ്പോള്‍ വലിയൊരു സംഭവം നടന്നിട്ടുണ്ട്. പക്ഷേ കേരളത്തിലെ മറ്റ് മാധ്യമങ്ങള്‍ അതിന് വേണ്ടത്ര ശ്രദ്ധയൊന്നും കൊടുത്തിട്ടില്ല.
കേരളത്തിലെ ഏറ്റവും പഴയതും ജനപ്രിയവും ആയ ന്യൂസ് ചാനല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനും രാജ്യസഭ എംപിയും ആയ രാജീവ് ചന്ദ്രശേഖര്‍ ആണ് ഇനി മുതല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ കേരളത്തിലെ വൈസ് ചെയര്‍മാന്‍.
എന്തുകൊണ്ട് രാജീവ് ചന്ദ്രശേഖറിന് എന്‍ഡിഎ വൈസ് ചെയര്‍മാന്‍ ആയിക്കൂട എന്ന ചോദ്യവും പ്രസക്തമാണ്. ഒരു ചാനല്‍ മുതലാളി ആയതുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമല്ലേ. പക്ഷേ കാര്യങ്ങള്‍ അതിനുമെല്ലാം അപ്പുറമാണ്...

രാജീവ് ചന്ദ്രശേഖര്‍
മലയാളിയാണ് രാജീവ് ചന്ദ്രശേഖര്‍. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല കര്‍ണാടകം ആണ്. പ്രധാന ബിസിനസ്സുകളെല്ലാം കര്‍ണാടകത്തില്‍ തന്നെ.

രാഷ്ട്രീയം
എന്താണ് രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം? അങ്ങനെ രാഷ്ട്രീയം ഒന്നും ഇല്ലെന്നാണ് വിക്കി പീഡിയ പറയുന്നത്(സ്വതന്ത്ര രാഷ്ട്രീയം എന്ന്). 2006 മുതല്‍ 2012 ആയിരുന്നു ആദ്യം എംപിയായത്. ഉടനെ തന്നെ അദ്ദേഹത്തിന് അടുത്ത ടേമും കൊടുത്തു. ഇനി 2018 വരെ എംപി തന്നെ.

കേരളത്തില്‍
മലയാളിയാണെങ്കിലും പ്രവര്‍ത്തന മേഖല കര്‍ണാടകത്തിലാണ്. അവിടെ തന്നെയാണ് താമസവും. കേരളത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. പിന്നെങ്ങനെ അദ്ദേഹം കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ ആകും എന്ന ചോദ്യം പ്രസക്തമാണ്.

ഏത് പാര്‍ട്ടി
രാജീവ് ചന്ദ്രശേഖര്‍ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് എന്‍ഡിഎ നേതൃത്വത്തില്‍ എത്തുന്നത് എന്നതും ചോദ്യമാണ്. രാജീവ് ചന്ദ്രശേഖര്‍ ബിജെപി അംഗമാണോ ? കേരളത്തിലെ ബിജെപി അംഗം?

ഏഷ്യാനെറ്റ് ന്യൂസ്
ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ ആണ് രാജീവ് ചന്ദ്രശേഖര്‍. ഉടമയുടെ സ്വാധീനം ആ മാധ്യമത്തില്‍ ഉണ്ടാവില്ലെന്ന് ആര്‍ക്കെങ്കിലും ഉറപ്പ് പറയാന്‍ കഴിയുമോ? അപ്പോള്‍ 20 വര്‍ഷം കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയ്ക്ക് എന്ത് സംഭവിക്കും?

ബിജെപിയുടെ ബഹിഷ്‌കരണം
ഒരിടയ്ക്ക് ബിജെപി നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചതായിരുന്നു. അന്നും രാജീവ് ചന്ദ്രശേഖര്‍ തന്നെ ആയിരുന്നു ചാനലിന്റെ ഉടമ. അദ്ദേഹവും ബിജെപിയും തമ്മിലുള്ള ബന്ധം ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ലെന്ന് ഉറപ്പല്ലോ. അപ്പോള്‍ പിന്നെ ആ നാടകത്തിന് പിന്നില്‍ എന്തായിരുന്നു.

മാറ്റം ആവശ്യം
കേരള രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം വേണം എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. എന്‍ഡിഎ കേരളത്തില്‍ വളരെ പെട്ടെന്ന് വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം.

എത്രത്തോളം പരിചിതന്‍?
മലയാളികള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ എത്രത്തോളം പരിചിതനാണ്? പണ്ട് ബിപിഎല്‍ മൊബൈല്‍ എന്ന് മൊബൈല്‍ ഫോണ്‍ സേവന കമ്പനി തുടങ്ങിയ കാലം മുതലേ മലയാളികള്‍ക്ക് രാജീവ് ചന്ദ്രശേഖറിനെ അറിയാം എന്നത് സത്യമാണ്. പക്ഷേ കേരളത്തിന്റെ പൊതു വിഷയങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടതായി കേട്ടിട്ടില്ല.

ജൂപ്പിറ്റര്‍
ജൂപ്പിറ്റര്‍ കാപ്പിറ്റലിന്റെ സ്ഥാപകനും ചെയര്‍മാനും സിഇഒയും ആണ് രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് എന്ന ടിവി ചാനലും, ന്യൂസ് പോര്‍ട്ടലും കേരളത്തില്‍. കന്നട പ്രഭ എന്ന പത്രവും സുവര്‍ണ ന്യൂസ് എന്ന ചാനലും കര്‍ണാകടത്തില്‍. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എംപി. ഇങ്ങനെയൊക്കെയാണ് രാജീവ് ചന്ദ്രശേഖര്‍.


Click it and Unblock the Notifications