നിയമ സഭ തിരഞ്ഞെടുപ്പ് സരിത നയിക്കും!
കേരളം മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് വഴുതി വീഴുന്നു. വേനല്‍ മഴയിലും തിരഞ്ഞെടുപ്പ് ചൂട് കത്തി നില്‍ക്കുമെന്നാണ് പ്രതീക്ഷ. ഇത്തവണ തിരഞ്ഞെടുപ്പിനെ നയിക്കുന്നത് ഒരു സ്ത്രീയാകും. മറ്റാരുമല്ല സോളാര്‍ വിവാദ നായിക സരിത! 'സരിതപൂര്‍ണമാകും 'ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാലം. അങ്ങനെ ആയില്ലെങ്കില്‍ തീര്‍ച്ചായായും വോട്ടര്‍മാര്‍ ഞെട്ടണം കുറഞ്ഞ പക്ഷം ഒന്ന് തലകറങ്ങുകയോ കറക്കുകയോ വേണം.
പ്രതിപക്ഷത്തിന് തൊടുക്കാന്‍ പറ്റിയ ആയുധമായി സരിത മാറുമ്പോള്‍ ശരങ്ങളേറ്റ് യുഡിഎഫ് പിടയുമെന്ന് തോന്നുന്നില്ല. കാരണം ശരങ്ങളേറ്റ് വീഴേണ്ട അവസരങ്ങള്‍ എത്രയോ കഴിഞ്ഞതാണ്. പക്ഷേ പാവം നമ്മള്‍ ജനങ്ങള്‍ വീണ്ടും കേള്‍ക്കണം...'സരിത സോളാര്‍...കോഴ...ബാര്‍...' ഇതില്‍ നിന്നൊന്നും ഒരു മോചനമില്ലേ?

പ്രചാരണ ആയുധങ്ങളെപ്പറ്റി കൂലംകഷമായ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട് പലയിടത്തുമെന്ന് പറന്ന് പോയ 'പറവകള്‍' പറയുന്നുണ്ട്. എന്തായാലും വിശ്വസിയ്ക്കാതെ തരമില്ല. പലതവണ പ്രതിഷേധത്തിനും പ്രതിരോധത്തിനും മുഴങ്ങിക്കേട്ട സരിതയുടെ പേര് തന്നെ ഇനി രണ്ട് മാസം കൂടി കേള്‍ക്കേണ്ടി വരും. മുമ്പ് ഒരു സ്ത്രീയുടെ പേരിലും ഒരു സര്‍ക്കാരും ഇത്രത്തോളം പഴി കേട്ടിട്ടുണ്ടാകില്ല. ആ 'ക്രെഡിറ്റ്' ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും തന്നെ ഇരിയ്ക്കട്ടേ.
വിവാദങ്ങള്‍ ഒട്ടേറെയുണ്ടാക്കിയ സര്‍ക്കാരാണല്ലോ കേരളത്തിലേത്. എന്നാലും വിവാദ നായികയായി ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് സരിത തന്നെ. ബിജുരമേശും ബാര്‍കോഴയും, ശരണ്യയും പൊലീസ് നിയമന വിവാദവുമൊക്കെയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കൊഴുക്കണമെങ്കില്‍ സരിതയുടെ പേര്‍ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ വലിച്ചിഴയ്ക്കണം.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുകയും സരിത വീണ്ടും വല്ല വിവാദ വെളിപ്പെടുത്തലുകളും നടത്തുകയും ചെയ്താല്‍ എല്ലാം കൊണ്ടും ശുഭം. അങ്ങനെ ഇത്തവണ തിരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേള്‍ക്കുക സരിത എസ് നായര്‍ എന്ന പേര് തന്നെയാകും. ചുരുക്കത്തില്‍ ഈ തിരഞ്ഞെടുപ്പിനെ നയിക്കുന്നത് സരിതയെന്ന് വേണമെങ്കില്‍ പറയാം. വേണമെങ്കില്‍ മാത്രം.












Click it and Unblock the Notifications