കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ രൂപം, ഒരേ ശബ്ദം

  • By Super
Google Oneindia Malayalam News

അല്ലെങ്കിലും സിപിഎം മന്ത്രിമാര്‍ അങ്ങനെയാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്‍റെ നാഴിയും പറയും കൊണ്ടളന്നേ അവര്‍ ഏതു കാര്യവും തീരുമാനിക്കൂ.

ഇന്നലെ പറഞ്ഞത് ഇന്നു പറയാത്തതിനെയാണ് വൈരുദ്ധ്യം എന്നു പറയുന്നത്. ഭൗതിക വാദം എന്നുവെച്ചാല്‍ സ്വന്തം ഭൗതിക സുഖങ്ങള്‍ ഉറപ്പു വരുത്തുന്ന വാദം.

കാര്യങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് മനസിലാവുന്നില്ലേ. പാത്രക്കടവിന്‍റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. സ്വന്തം ഭൗതികസുഖത്തിനു വേണ്ടി പാത്രക്കടവിന്‍റെ കാര്യത്തില്‍ പണ്ടുപറഞ്ഞത് ഇപ്പോള്‍ മാറ്റിപ്പറയുന്നു.

സിദ്ധാന്തം വിട്ടൊരു കളിക്കും സിപിഎമ്മിനെ കിട്ടില്ല.

ഓര്‍ത്തു നോക്കൂ. പാത്രക്കടവ് പദ്ധതിയെ പരിസ്ഥിതിയുടെ പേരില്‍ പണ്ട് എതിര്‍ക്കുന്പോള്‍ നമ്മള്‍ ഭരണത്തില്‍ വരുമെന്നോ അഥവാ വന്നാല്‍ത്തന്നെ വൈദ്യുതി വകുപ്പ് കിട്ടുമെന്നോ ഒക്കെ കരുതിയിരുന്നോ? ഇല്ലേയില്ല.

പുരോഗമനവാദം, പരിസ്ഥിതി പ്രേമം, നാട്ടില്‍ നാലക്ഷരം വായിക്കുന്നവന്‍റെയും പഠിക്കുന്നവന്‍റെയും മനസില്‍ ഒരു സ്ഥാനം എന്നീ ആഗ്രഹങ്ങള്‍ ഭരണത്തില്‍ വരുന്നതുവരെ മാത്രമുളളതാണ്.

ഭരണത്തില്‍ കയറിയാലോ? പിന്നെ ഇക്കാര്യങ്ങളൊക്കെ ആര്‍ക്കു വേണം.

ഉമ്മന്‍ചാണ്ടി ഭരിക്കുന്പോള്‍ നാട്ടിലെ യഥാര്‍ത്ഥ പുരോഗമനവാദിയും പ്രകൃതിയെ സംരക്ഷിക്കുന്നവനുമൊക്കെയായി നമ്മള്‍ വിലസും. അന്ന് അക്കൂട്ടര്‍ക്കാണ് മാധ്യമലാളനയും കവറേജും. അത് നന്നായി ഉപയോഗിക്കുക എന്നത് സഖാവ് ലെനിന്‍റെ അടവും തന്ത്രവും എന്ന പുസ്തകത്തിലുളളതാണ്.

ഭരണം കിട്ടുന്പോഴാണ് നാം എതിര്‍ത്തിരുന്ന പദ്ധതികളുടെ ശരിക്കുളള കിടപ്പ് മനസിലാകുന്നത്. കറുത്തതും വെളുത്തതുമായ കമ്മിഷനുകള്‍, വിദേശ പര്യടനം, പുറത്തും പറയുന്നതും അല്ലാത്തതുമായ നേട്ടങ്ങള്‍ വേറെയുമുണ്ട് ഒരുപാട്.

അപ്പോഴാണ് പരിസ്ഥിതി പ്രേമികള്‍ രാജ്യദ്രോഹികളും രാക്ഷസരും പിന്നെ ഏതാണ്ടൊക്കെയോ ആണെന്ന തോന്നല്‍ ഉണ്ടാകുന്നത്. സോവിയറ്റ് യൂണിയനിലായിരുന്നെങ്കില്‍ ഇവനെയൊക്കെ ഈ ലോകത്തില്‍ നിന്നു തന്നെ പറഞ്ഞയയ്ക്കാമായിരുന്നു.

ഇതേലൈന്‍ തന്നെയാണ് കോണ്‍ഗ്രസുകാരും പയറ്റുന്നത്. പാത്രക്കടവ് പദ്ധതിയ്ക്കെതിരെ പണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ ഇവനെയൊക്കെ ചുട്ടുകൊല്ലണമെന്ന് ആക്രോശിച്ചവരാണ് അന്നത്തെ വൈദ്യുതി മന്ത്രിമാര്‍.

കാര്‍ത്തികേയന്‍ സാറും കടവൂരാനുമൊക്കെ അന്ന് പരിസ്ഥിതിക്കാരെ വിളിച്ച തെറിക്ക് കയ്യോ കണക്കോ ഉണ്ടോ?

രമേശ് ചെന്നിത്തല ഇപ്പോള്‍ പറഞ്ഞത് കേട്ടില്ലേ.

ഇന്ദിരാഗാന്ധി അനുമതി നിഷേധിച്ച ഒരു പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കൊക്കില്‍ ജീവനുളള കാലം അനുവദിക്കില്ലെന്ന്.

ഉമ്മന്‍ചാണ്ടി പറയുന്നത് അറിഞ്ഞില്ലേ.

പാത്രക്കടവ് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന്.

അതാണ് രാഷ്ട്രീയം. കമ്മ്യൂണിസത്തെ എതിര്‍ക്കുന്നുവെന്ന് രമേശും ഉമ്മന്‍ചാണ്ടിയുമൊക്കെ വെറുതേ പറയുന്നതാണെന്നേ.

അവരും വിശ്വസിക്കുന്നത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ തന്നെ. ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുന്നവന് എന്തു രോഗമാണോ ആവോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X