പൊന്നുമക്കളേ, ഇവരോട് പൊറുക്കരുത് . . .
കുഞ്ഞുങ്ങള്‍ മരിക്കുന്ന വാര്‍ത്തയറിഞ്ഞാല്‍ വല്ലാതെ മനമുരുകുന്നവരാണ് അമ്മമാര്‍. പത്തുമാസം നീളുന്ന കഷ്ടപ്പാടിന്റെയും പ്രസവവേദനയുടെയും തീക്ഷ്‌ണതയറിഞ്ഞ് മക്കളെ പെറ്റുപോറ്റുന്ന അമ്മമാരൊന്നും സഹിക്കുന്ന വാര്‍ത്തയല്ല കഴിഞ്ഞ ദിവസം എസ് എടി ആശുപത്രിയില്‍ നിന്നും നാം കേട്ടത്.
വളര്‍ന്നു വലുതാകുമെന്ന് സ്വപ്‌നം കണ്ട് വയറ്റില്‍ പൊന്നുപോലെ കൊണ്ടു നടന്ന കുട്ടികളാണ് പെറ്റുവീണ് ചുണ്ടില്‍ രണ്ടുതുളളി മുലപ്പാല്‍ പുരളുംമുന്പ് ഈ ലോകത്തോട് വിടപറഞ്ഞത്. ഏത് അമ്മ സഹിക്കും ഈ വേദന. ഒന്നും രണ്ടും പേരല്ല, ഒരു മാസം നാല്‍പതോളം മരണങ്ങള്‍.
ഏതിലും രാഷ്ട്രീയം കലര്‍ത്തുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. കുഞ്ഞുങ്ങളുടെ ദുരന്തം അറിഞ്ഞ് കഴിഞ്ഞ ദിവസം എസ് എ ടി ആശുപത്രിയെ സമരപ്പറന്പാക്കിയവരുണ്ട്. ഇങ്ങനെയൊരു സംഭവം അറിഞ്ഞ മട്ടുപോലും കാണിക്കാത്തവരുമുണ്ട്.
രണ്ടും രാഷ്ട്രീയക്കാരാണ്. പിഞ്ചു കുഞ്ഞിന്റെ പേലവ ശരീരം വരെ രാഷ്ട്രീയ വിലപേശലിനുളള ആയുധമാക്കുന്നവര്‍. മലയാള ഭാഷയിലെ ഒരുവിധമുളള പദങ്ങളൊന്നും മതിയാവില്ല ഇവരെ വിശേഷിപ്പിക്കാന്‍.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നൊരു സംഘടനയുണ്ട് കേരളത്തില്‍. ഇപ്പോഴത്തെ ആരോഗ്യവകുപ്പുമന്ത്രിയായ പി കെ ശ്രീമതിയായിരുന്നു അതിന്റെ സര്‍വസൈന്യാധിപ. സേനാനായിക മന്ത്രിപദത്തിലേയ്‌ക്കുയര്‍ത്തപ്പെട്ടപ്പോള്‍ പെട്ടെന്ന് അന്തിച്ചു പോയവരാണ് ആ സംഘടനയുടെ വനിതാ സഖാക്കള്‍.
ഇക്കഴിഞ്ഞ ദിവസം അവരൊരു സമരം പ്രഖ്യാപിച്ചിരുന്നു. വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുന്ന, ഹേമമാലിനിയെ കമന്റു പറയുന്ന മോഹന്‍ലാല്‍ പരസ്യങ്ങള്‍ നമ്മുടെ നാടിന്റെ സംസ്‌ക്കാരം കപ്പലുകയറ്റുന്നുവെന്നായിരുന്നു പരിദേവനം. അതിനെതിരെ സമരവും പ്രഖ്യാപിക്കുന്നത് കേട്ടു.
എസ്‌എടിയിലെ പ്രസവമുറിയില്‍ വച്ച് ലോകത്തിനു നേരേ ഇമചിമ്മിത്തുറന്ന് പുറത്തു വന്ന നാല്‍പതോളം കുട്ടികള്‍ അണുബാധയേറ്റ് മരിച്ചെന്ന ദുരന്തവാര്‍ത്തയോട് ഇവരിതുവരെ പ്രതികരിച്ചിട്ടില്ല. ഹേമമാലിനിയുടെ സ്വര്‍ണം ചുറ്റിയ കഴുത്തിനു നേരെ കണ്ണയയ്‌ക്കുന്ന മോഹന്‍ലാലിനെ നോക്കിയിരിക്കുന്നവര്‍ എസ്‌എടിയിലെ ദുരന്തം അറിഞ്ഞിട്ടുണ്ടാവില്ല.
വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ വൈകിട്ടു നടക്കുന്ന പരിപാടികളെക്കുറിച്ച് മാത്രം ആലോചിക്കുന്നവര്‍ ഇടതുമുന്നണിയുടെ അഞ്ചുവര്‍ഷത്തിനുളളില്‍ കുട്ടികളോ സ്‌ത്രീകളോ ഗര്‍ഭിണികളോ ഒറ്റയ്‌ക്കോ കൂട്ടത്തോടെയോ മരിക്കുന്ന ദുരന്തവാര്‍ത്തകള്‍ക്ക് കാതുകൊടുക്കില്ല.
രാഷ്ട്രീയമാണല്ലോ അവരുടെ ജീവവായു. രാഷ്ട്രീയവളര്‍ച്ചയുടെ പ്രസവവേദനയിലാണ് അവര്‍ക്ക് ഇപ്പോള്‍ താല്‍പര്യം. സ്ഥാനമാനങ്ങളാണ് ഇനിയവരുടെ കുഞ്ഞുങ്ങള്‍.
എസ്‌എടിയിലെ പിഞ്ചുശവങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവളര്‍ച്ചയ്‌ക്ക് വളമാകുമെങ്കില്‍ വെറുതെ അതിലിടപെടുന്നതെന്തിന് എന്നാവും ജനാധിപത്യമഹിളകളുടെ ചോദ്യം. ഓര്‍ക്കുക ഇവരും സ്‌ത്രീകളാണ്.
കൈയിലൊരു കടലാസു തുണ്ടുമായി എസ്‌എടിയിലെ അമ്മമാരുടെയും കൂട്ടിരിപ്പുകാരുടെയും പരാതികള്‍ കേട്ട് എഴുതിയെടുക്കാന്‍ അവതരിച്ച വേറൊരു സ്‌ത്രീരൂപത്തെയും കണ്ടു, ടിവിയില്‍. ഷാനിമോള്‍ ഉസ്‌മാന്‍ എന്നാണ് ആയമ്മയുടെ നാമം.
നടപ്പും ഭാവവുമൊക്കെ കണ്ടാല്‍ പി കെ ശ്രീമതി ആരോഗ്യവകുപ്പു മന്ത്രിയായതിന്റെ പിറ്റേന്നാണ് എസ്‌എടി ആശുപത്രി നശിച്ച് കുത്തുപാളയെടുത്തത് എന്ന് തോന്നും. കീറക്കടലാസില്‍ ഷാനിമോള്‍ എഴുതിയെടുത്ത പരാതികള്‍ക്ക് ഈ നാട്ടിലെ കോണ്‍ഗ്രസുകാരെ ശരിക്കറിയുന്ന ആരെങ്കിലും പുല്ലുവില കല്‍പ്പിക്കുമോ.
ആശുപത്രിയില്‍ പരിശോധനയും തെളിവെടുപ്പുമായി ഉമ്മന്‍ചാണ്ടി മുതല്‍ വി എസ് ശിവകുമാര്‍ വരെ കയറിയിറങ്ങി. ധര്‍ണയും ആക്രോശങ്ങളും നടത്തി. അതിവേഗം ബഹുദൂരം കേരളത്തിലെ മൊത്തമായി വില്‍ക്കാന്‍ നടന്ന കഴിഞ്ഞകാല ഭരണനാളുകള്‍ ഓര്‍മ്മയില്ലേ ഉമ്മന്‍ചാണ്ടിക്ക്.
അന്നുമുണ്ടായിരുന്നു കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍. മരുന്നും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ. വൃത്തിയും വെടിപ്പും കെട്ട് കാലിത്തൊഴുത്തിനെക്കാള്‍ പരിതാപകരമായ അവസ്ഥയിലെത്തിയ സര്‍ക്കാര്‍ ആശുപത്രികള്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തെ തകര്‍ത്ത് സ്വകാര്യ കഴുത്തറുപ്പന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്‌ക്കു വേണ്ടി വിടുപണി ചെയ്‌ത കാലമാണ് പോയി മറഞ്ഞത്.
ഗോകുലം ഗോപാലന്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍പണി കഴിപ്പിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്‌ഘാടനച്ചടങ്ങിന് ഒരു മന്ത്രിസഭ മുഴുവന്‍ എഴുന്നെളളുന്നത് അന്പരപ്പോടെ കണ്ടു നിന്നവരാണ് മലയാളികള്‍.
ഉമ്മന്‍ചാണ്ടി മുതല്‍ എം വി രാഘവന്‍ വരെ സര്‍ക്കാര്‍ ചെലവില്‍ ഒഴുകിയെത്തി ഇത്തരം ആശുപത്രികള്‍ക്ക് എല്ലാ നന്മയും ആശംസിക്കുന്പോള്‍ തകരുന്നത് എസ്‌എടിയും മെഡിക്കല്‍ കോളജും പോലുളളവയാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മാത്രം വിഡ്‌ഢികളല്ലല്ലോ കേരളീയര്‍.
ആദ്യം പറഞ്ഞതു തന്നെയാണ് കാര്യം. വൃത്തികെട്ട രാഷ്ട്രീയം. ആരു ചത്താലും തന്റെ പടവും പ്രസ്‌താവനയും പ്രസംഗറിപ്പോര്‍ട്ടും പത്രത്തിലും ടിവിയിലുമുണ്ടാകണമെന്ന രാഷ്ട്രീയം. അതിന്റെ ഇരകളാണ് കൊതിതീരെ കണ്ണു തുറക്കും മുന്പ് എന്നേയ്‌ക്കുമായി കണ്ണടഞ്ഞുപോയ ആ കുരുന്നുജീവനുകള്‍.
ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ, ഫണ്ടു നല്‍കാതെ അവഗണനയുടെ തീക്കൊളളികൊണ്ട് ആ ആശുപത്രിയെ പൊളളിച്ചവരാണ് ഇന്നവിടെച്ചെന്ന് കരഞ്ഞു കാണിക്കുകയും ആത്മരോഷത്തിന്റെ ആക്രോശം മുഴക്കുകയും ചെയ്യുന്നത്. അതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. ജനതയുടെ ആരോഗ്യം ഉയര്‍ത്താനും നിലനിര്‍ത്താനും വേണ്ടതൊന്നും ചെയ്യാതെ സ്ഥിതിവിവരക്കണക്കുകളുടെ സെപ്‌റ്റിക് ടാങ്കിനു മുകളില്‍ സുഖശയനം നടത്തുന്ന പൈശാചിക മനസുകള്‍.
മരിക്കും മുന്പ് മുലപ്പാലുപുരളാത്ത നാവു കൊണ്ട് ആ പിഞ്ചു കുഞ്ഞുങ്ങള്‍ ഇവെരയൊക്കെ ശപിച്ചിരിക്കണം. തങ്ങളെ ബാധിച്ച ബാക്ടീരിയകളെക്കാള്‍ ആപല്‍ക്കരമായ വൈറസ് ബാധകൊണ്ട് പൊറുതിമുട്ടുന്ന ഈ നാട്ടില്‍ ജീവിതം വേണ്ടെന്ന് ഒരു പക്ഷേ അവര്‍ തീരുമാനിച്ചിരിക്കാം.
വാക്കുകള്‍ കൂട്ടിച്ചൊല്ലാല്‍ വയ്യാത്ത കിടാങ്ങളേ,ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍എന്ന് വൈലോപ്പിളളിയെഴുതിയത് ഈ കുഞ്ഞുങ്ങളെക്കുറിച്ചു തന്നെയാണ്












Click it and Unblock the Notifications