കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യേറ്റമോ? കോണ്‍ഗ്രസോ? ഏയ്‌ ഇല്ലേയില്ല! ..

  • By Super
Google Oneindia Malayalam News

കാര്യമെന്തായാലും ഉമ്മന്‍ചാണ്ടിയെക്കുറിച്ച്‌ മാരീചന്‌ നല്ല മതിപ്പാണ്‌. ആള്‍ ആന്റണിയെപ്പോലെയല്ല, തീര്‍ച്ച. മികച്ച സംഘാടകന്‍, മനോരമയുടെ മാനസ പുത്രന്‍, ഭരണം പോയെങ്കിലും കോണ്‍ഗ്രസിലെ സര്‍വശക്തന്‍.

കെ എം മാണിയും ഏതാണ്ട്‌ അങ്ങനെയൊക്കെത്തന്നെയാണ്‌. അധ്വാനവര്‍ഗസിദ്ധാന്തം അവതരിപ്പിച്ച്‌ സാക്ഷാല്‍ കാറല്‍മാര്‍ക്‌സിനെ വരെ കുത്തുപാളയെടുപ്പിച്ച മിടുക്കനാണ്‌‌. വക്കീലാണ്‌. മന്‍മോഹന്‍ സിംഗ് വരെ നമിച്ചുപോകുന്ന ധനകാര്യവിദഗ്‌ധനുമാണ്‌.

മറ്റുളളവരെക്കുറിച്ചും അഭിപ്രായം ഏതാണ്ട്‌ അതൊക്കെത്തന്നെയാണ്‌. പക്ഷേ ഇവരാരും സിപിഎമ്മുകാരെ സംരക്ഷിക്കാന്‍ നടക്കുകയാണ്‌ എന്ന്‌ അവരുടെ ശത്രുക്കള്‍ പോലും പറയില്ല. സിപിഎമ്മിന്റെ കൂടാരത്തില്‍ അഭയം തിരഞ്ഞു പോയ കരുണാകരനെയും സന്തതികളെയും ആന്റണിയുള്‍പ്പടെയുളളവര്‍ ഉപദേശിച്ചതും നാം കണ്ടതാണ്‌.

കുടിച്ച പച്ചവെളളത്തില്‍ പോലും മാര്‍ക്‌സിസ്‌റ്റുകാരെ നന്പരുതെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ ആന്റണിയും ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിച്ച്‌ ഉപദേശിച്ചത്‌. അങ്ങനെയുളള ഇവര്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കുന്നത്‌ സിപിഎമ്മുകാരെയാണോ?

മാരീചന്‌ സംശയമുണ്ട്‌. ആ മൂന്നാറിന്റെ കാര്യത്തില്‍ കാണിക്കുന്ന തരികിട തറവേലകള്‍ കാണുന്പോള്‍ ഈയുളളവന്‌ സംശയം ഇരട്ടിക്കുകയാണ്‌.

സിപിഎമ്മുകാരാണ്‌ ഇടുക്കിയിലെ സര്‍വ കയ്യേറ്റത്തിനും പിന്നില്‍ എന്ന ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ആരോപണം മാരീചന്‍ അവിശ്വസിക്കുന്നില്ല. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ സഹോദരന്‌ കയ്യേറ്റത്തില്‍ പങ്കുണ്ടെന്ന യുഡിഎഫ്‌ സംഘത്തിന്റെ ആരോപണവും മാരീചന്‍ മുഖവിലയ്‌ക്കു തന്നെ എടുക്കുന്നു.

എന്നാല്‍ പ്രിയപ്പെട്ട സുഹൃത്തുക്കളേ, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സഖാവ്‌ എം എം മണിയുടെ സഹോദരനും സംഘവും മൂന്നാറിലെ ഏക്കറുകള്‍ കയ്യേറിത്തുടങ്ങിയത്‌ 2006 മെയ്‌ 19 എ എം മുതലാണോ?

ഈ തീയതിയ്‌ക്കു തലേന്നാണ്‌ സാക്ഷാല്‍ വി എസ്‌ അച്യുതാനന്ദന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്‌. ഭരണത്തിന്റെ മറവിലാണ്‌ സര്‍ക്കാര്‍ ഭൂമി കയ്യേറ്റമെങ്കില്‍ മാരീചന്‍ പറഞ്ഞതു പോലെയാവണം കാര്യങ്ങള്‍.

കയ്യേറ്റത്തിന്‌ ഉത്തരവാദികളായ 17 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പില്‍ നിന്നും സസ്‌പെന്‍ഡു ചെയ്‌തുളള ഉത്തരവ്‌ ഇറങ്ങിയത്‌ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌. 17 പേരുടെയും പേര്‌ മാരീചന്‍ ശ്രദ്ധിച്ചു വായിച്ചു നോക്കി. കണ്ണു തിരുമ്മി വീണ്ടും വായിച്ചു. അതില്‍ 11 പേരും മുന്‍വില്ലേജ്‌ ഓഫീസര്‍മാരാണ്‌.

കണ്ണന്‍ദേവന്‍ ഹില്‍സ്‌, ചിന്നക്കനാല്‍, മറയൂര്‍, കുമിളി, രാജകുമാരി വില്ലേജുകളിലെ മുന്‍വില്ലേജ്‌ ഓഫീസര്‍മാരെയാണ്‌ കയ്യേറ്റത്തിന്‌ കൂട്ടുനിന്നുവെന്ന്‌ ആരോപിച്ച്‌ സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്‌തത്‌.

ഈ പതിനൊന്നുപേരും ഇപ്പോള്‍ മറ്റു വില്ലേജുകളിലാണ്‌ ജോലി ചെയ്യുന്നത്‌. സ്വന്തം ഓഫീസിലെ കൃത്യനിര്‍വഹണത്തിന്റെ പിഴവില്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ടവര്‍ വെറും ആറുപേര്‍. അതില്‍തന്നെ ചിന്നക്കനാല്‍ വില്ലേജ്‌ ഓഫീസിലെ എം ജി സാബു, അവിടെ ചാര്‍ജെടുത്തത്‌ ഏതാനും മാസങ്ങള്‍ക്കു മാത്രം മുന്പാണ്.

വ്യാപകമായ കയ്യേറ്റങ്ങളുണ്ടെന്ന്‌ ആരോപണമുളള വില്ലേജാണ്‌ ചിന്നക്കനാല്‍. അവിടെ മുന്പ്‌ വില്ലേജ്‌ ഓഫീസറായിരുന്ന എം കെ ഉഷാദേവി ഇപ്പോള്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ട് കാലമെത്രയായി?

എന്തുകൊണ്ടാണ്‌ കയ്യേറ്റം നടന്ന കാലത്ത്‌ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ എം മാണി ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത്‌ എന്ന്‌ ചോദിക്കേണ്ടേ നാം. പ്രത്യേകിച്ചും സിപിഎമ്മുകാരുടെ കയ്യേറ്റത്തിന്‌ ഒത്താശ ചെയ്‌ത ജീവനക്കാരെ എന്തിന്‌ ഉമ്മന്‍ചാണ്ടിയും സംഘവും സംരക്ഷിക്കണം?

സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ സഹോദരനെ കയ്യേറ്റഭൂമിയില്‍ നിന്നും സ്വന്തം ഭരണകാലത്ത്‌ ഉമ്മന്‍ചാണ്ടി ഇറക്കിവിടാത്തതെന്ത്‌? അതിന്‌ ഒത്താശ ചെയ്‌ത ചിന്നക്കനാല്‍ വില്ലേജ്‌ ഓഫീസര്‍ ഉഷാദേവിയെ കെ എം മാണി സസ്‌പെന്‍ഡു ചെയ്യാത്തത്‌ എന്ത്‌ ?

അതുകൊണ്ടാണ്‌ മാരീചന്‍ ആദ്യമേ ആ ചോദ്യം ചോദിച്ചത്‌ ഇവരെന്തിനാണ്‌ സിപിഎമ്മുകാരെ സംരക്ഷിച്ചത്‌? ജനമറിയാത്ത എന്തിടപാടുകളാണ് മൂന്നാറുകളുടെ റിസോര്‍ട്ട് മുറികളില്‍ ഇവര്‍ തമ്മിലുളളത്?

മൂന്നാറിലെ കയ്യേറ്റത്തിനു പിന്നില്‍ രാഷ്ട്രീയഭേദമെന്യേ നിരന്നു നില്‍ക്കുകയാണ്‌ ആ പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍. ഏത്‌ സര്‍വേ നന്പര്‍ കയ്യേറാം എന്നാലോചിച്ചാണ്‌ പലരും ഓരോദിവസവും ഉറക്കമുണരുന്നത്‌ തന്നെ.

സര്‍വെ നന്പര്‍ കണ്ടെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്‌. പഴയ പട്ടയത്തിന്റെ ഫോറവും പഴയ ശംഖമുദ്രയുളള സീലും ഒപ്പുമൊക്കെയായി ചിലര്‍ ചിലയിടങ്ങളിലിരുപ്പുണ്ട്‌. അവരെ കാണുക. ചോദിക്കുന്ന പണം കയ്യിലേ വച്ചു കൊടുക്കുക. പട്ടയം റെഡി.

പിന്നെ കുറച്ച് മണ്ണും പൊടിയും ചെളിയും പുരട്ടി സംഭവം പഴയതാക്കുക. വില്ലേജ്‌ ഓഫീസിലെത്തി പടി കൊടുത്ത്‌ ഒരു കരമൊടുക്കിയ സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിക്കുക.

ഇതോടെ സ്ഥലം സ്വന്തമാവും. ഇതൊന്നും ഇതുവരെ ചെയ്യാത്തവരാണ്‌ പോലും കോണ്‍ഗ്രസുകാര്‍. ഗാന്ധിമാര്‍ഗം പിന്തുടര്‍ന്ന്‌ സത്യസന്ധതയുടെ വേദപുസ്‌തകം വിട്ട്‌ ഒന്നും ചെയ്യാത്തവരാണ്‌ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എന്ന്‌ ആരു പറഞ്ഞാലും ഉമ്മന്‍ചാണ്ടി പറയരുത്‌. പ്ലീസ്‌ !

മൂന്നാറില്‍ സംഭവിക്കാന്‍ പോകുന്നത്‌ ഇതാണ്‌. ഒരിക്കല്‍കൂടി നാട്ടുകാര്‍ വിഡ്‌ഢികളാകും. രണ്ടു സെന്റും മൂന്നു സെന്റും കയ്യേറി ചോര്‍ന്നൊലിക്കുന്ന കുടിലും കെട്ടി കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌.

അവര്‍ ഇറങ്ങേണ്ടി വരും. കോടികളുടെ കച്ചവടം നടക്കുന്ന റിസോര്‍ട്ടുകള്‍ ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കും. അതിനുളളില്‍ നടക്കുന്ന പുറത്തുപറയാനാവാത്ത കച്ചവടങ്ങളും.

ആ കരാറിന്റെ വ്യവസ്ഥകള്‍ അഹിംസാ പാര്‍ട്ടിയും വിപ്ലവപ്പാര്‍ട്ടിയും ഏത്‌ ദിവസം ഒപ്പുവയ്‌ക്കുമെന്ന്‌ മാത്രമേ അറിയാനുളളൂ. അതിനുളള നിലമൊരുക്കലാണ്‌, അതുമാത്രമാണ്‌ ഈ നടക്കുന്ന സമരക്കൂത്തുകളും കൊണ്ടുപിടിച്ച സന്ദര്‍ശനങ്ങളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X