കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യം താങ്ങുന്ന ശ്രീമതിപ്പല്ലി

  • By Super
Google Oneindia Malayalam News

മാറാലയും ചെന്പല്ലിയും കൂടെയാണോ മേല്‍ക്കൂര താങ്ങുന്നത് എന്നു ചോദിക്കും പോലെയാണ് പി കെ ശ്രീമതി ടീച്ചറാണോ കേരളത്തിന്റെ ആരോഗ്യം താങ്ങുന്നത് എന്ന ചോദ്യവും. രണ്ടിലും അല്ല എന്നുത്തരം പറയാന്‍ രണ്ടാമതൊരാളോട് ആര്‍ക്കും ചോദിക്കേണ്ട.

അങ്ങനെ ആരോടും ചോദിക്കാതെയും പറയാതെയും നമ്മെ കടിക്കുന്നവനാണ് കൊതുകും. ആളെ കടിക്കുന്നതിന് ഒരു കൊതുകിനും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അനുമതി വേണ്ട. പാര്‍ട്ടി സെക്രട്ടറിയുടെ ലാപ് ടോപ്പിലെ വെടിയുണ്ടയെ പേടിക്കുന്ന ജീവിയുമല്ല കൊതുക്. പിബിയുടെ അച്ചടക്ക നടപടി കൊണ്ടും കൊതുകിനെ ഒരു ചുക്കും ചെയ്യാനാകില്ല.

അഴുക്കുചാലില്‍ കൂത്താടി വളരുന്നതു പോലെയാണ് മന്ത്രിസഭയിലെ ശ്രീമതി ടീച്ചറിന്റെ കാര്യവും. കൂത്താടി വളര്‍ന്ന് കൊതുകാകാന്‍ സമയമെടുക്കും. ശ്രീമതി ടീച്ചര്‍ നല്ല മന്ത്രിയാകാന്‍ അതിലുമേറെ നാളും പിടിക്കും.

അപ്പോള്‍ കഴിഞ്ഞവര്‍ഷം ചിക്കുന്‍ ഗുനിയ വന്നിട്ട് എന്ത് മുന്‍കരുതലെടുത്തു എന്ന ടീച്ചറോട് ചോദിക്കുന്നത് മര്യാദകേടല്ലേ. അതും മന്ത്രിസഭയില്‍ കൂത്താടിപ്പരുവം കടന്നിട്ടില്ലാത്ത ഒരു വനിതാ മന്ത്രിയോട്.

പനി പിടിച്ച് ആളുകള്‍ മരിക്കുന്നതിന് പ്രതിവിധി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടില്ല. ആകെക്കൂടി ഒരു പ്രതീക്ഷയുളളത് സോഷ്യലിസം നടപ്പായി ഭരണകൂടം കൊഴിഞ്ഞു വീഴുന്പോള്‍ രോഗാണുക്കളും കൂട്ടത്തോടെ ആത്മഹത്യ ചെയ്യും എന്നതാണ്. സര്‍വ മാനവനും സന്പൂര്‍ണ ആരോഗ്യവാനായി ജീവിക്കണമെങ്കില്‍ കമ്മ്യൂണിസം വരേണ്ടതുണ്ട്. അത് വന്നാല്‍ കൊതുകിനെയും കെട്ടിയിട്ട് കൂട്ടത്തോടെ വെടിവെച്ചു കൊല്ലാം.

അപ്പോള്‍ ആരോഗ്യമന്ത്രിക്കസേരയില്‍ ടീച്ചറുടെ പണിയെന്ത് എന്ന ചോദ്യമുണ്ടാകും. വിപ്ലവ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണ്ടത്ര വിവരമില്ലാത്ത പിന്തിരിപ്പന്മാരാണ് അങ്ങനെ ചോദിക്കുന്നത്. മന്ത്രിസഭയിലിരുന്ന് കൊതുകിനെ പിടിക്കുകയാണോ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കൂടിയായ ടീച്ചര്‍ ചെയ്യേണ്ടത്? ഇതിലും ഭേദം ടീച്ചര്‍ പോയി കൊതുകിനെ പിടിക്കുന്നതാണ് നല്ലതെന്ന് ആ കെ മുരളീധരനും കൂട്ടരും പറയുന്നത് അസൂയ കൊണ്ടാണ്.

ഫെയര്‍ ആന്റ് ലൗലിയ്ക്കു മേല്‍ യാര്‍ഡ് ലി പൗഡര്‍ പൂശി ടീച്ചര്‍ എന്നും പത്രസമ്മേളനം നടത്തി കൊതുകു കടിയേറ്റ് വീരചരമം പ്രാപിച്ച ധീരരക്തസാക്ഷികളുടെ എണ്ണം വെളിപ്പെടുത്തുന്നില്ലേ. മുട്ടിനു മുട്ടിന് പ്രഖ്യാപനങ്ങള്‍ നടത്തുന്നില്ലേ.

ടിവിയില്‍ ടീച്ചറുടെ സുന്ദരമോഹന മുഖം കണ്ടും പത്രത്തില്‍ കിടിലന്‍ പ്രസ്താവന വായിച്ചും സാധാരണ ഗതിയില്‍ കൊതുകുകള്‍ പിന്മാറേണ്ടതാണ്. കൊതുകുകളുടെ വീട്ടില്‍ ടിവിയുമില്ല, വായിക്കാന്‍ അവറ്റയ്ക്ക് അക്ഷരാഭ്യാസവുമില്ല. അതിന് നമ്മളെന്തു പിഴച്ചു?

ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് അര മണിക്കൂറിനുളളില്‍ വൈദ്യസഹായം നല്‍കുമെന്നാണ് കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ മന്ത്രി തട്ടിവിട്ടത്. പ്രസ്താവന വന്നതിനു ശേഷം അതനുസരിച്ചായിരുന്നു കൊതുകുകള്‍ കടിക്കേണ്ടിയിരുന്നത്. കൂടുതല്‍ ആളെ കൊതുകു കടിച്ചാല്‍ അതിന് മന്ത്രിയാണോ ഉത്തരവാദി. ഒരു ദിവസം കടിക്കേണ്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് കൊതുകുകള്‍ക്കാണ് ധാരണ വേണ്ടിയിരുന്നത്.

കേരളത്തില്‍ വീണ്ടും ചിക്കുന്‍ ഗുനിയ വരുന്നെന്നു 2006 ഡിസംബര്‍ 22ന് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം മുന്നറിയിപ്പു നല്‍കിയിരുന്നത്രേ. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന തനിബൂര്‍ഷ്വാ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളി കാര്യമാക്കേണ്ടതില്ല. കൊതുകുകളെ പറഞ്ഞു വിടുന്നതു തന്നെ അമേരിക്കയാണോ എന്ന വിഷയത്തിന്മേല്‍ എ കെ ജി സെന്ററില്‍ ഗവേഷണം നടന്നു വരുന്നുണ്ട്. മാധ്യമ സിന്‍ഡിക്കേറ്റുകാരുടെ കാര്യവും അന്വേഷിക്കുന്നുണ്ട്.

രോഗം വന്നാല്‍ അതിനാണ് ചികിത്സിക്കേണ്ടത്. രോഗം വരുമെന്നു കരുതി നേരത്തെ ചികിത്സ തുടങ്ങേണ്ടതില്ല. കൊതുകു കടിച്ചു, പനി വന്നു. ഉളള സാഹചര്യം വച്ച് നാം ചികിത്സിക്കും. ഭാഗ്യമുളളവന്‍ രക്ഷപെടും. അല്ലാത്തവന്‍ തട്ടിപ്പോകും.

തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വന്നല്ലാതെ ഒന്നും നേരെയാകാന്‍ പോകുന്നില്ല. അതിനാല്‍ പനിയുളളവരും ഇല്ലാത്തവരും അത് നിലവില്‍ വരാനായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. രണ്ടു കൈയും കൂപ്പി പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ കൊതുകു കടിച്ചാല്‍ അടിച്ചു കൊല്ലാനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ പനി പിടിച്ചു ചാകും.

ശ്രീമതി ടീച്ചര്‍ ആരോഗ്യമന്ത്രിണിയായി തുടരട്ടെ. ആ കസേരയില്‍ കൊതുകു കടിയേല്‍ക്കാതെ അഞ്ചു വര്‍ഷം തികയ്ക്കട്ടെ. കൊതുകുകള്‍ക്ക് നല്ലബുദ്ധി തോന്നി കടി നിര്‍ത്തിയാല്‍ അവരും നമ്മളും രക്ഷപ്പെട്ടു.

സര്‍വരാജ്യക്കൊതുകുകളേ കടി നിര്‍ത്തുവിന്‍. അല്ലെങ്കില്‍ ആരോഗ്യ മന്ത്രിയെ കടിയ്ക്കുവിന്‍......

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X