കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടി"പ്പൂക്കള്‍ വിരിയട്ടെ.. "കോടി"ക്കൊടികള്‍ വിടരട്ടെ...

  • By Super
Google Oneindia Malayalam News

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു വേണ്ടി പടപ്പാട്ടുകളും മുദ്രാവാക്യങ്ങളും രചിച്ചവര്‍ വല്ലാത്ത ദീര്‍ഘദര്‍ശികളാണ്. അവരുടെ വാക്കുകള്‍ ഇതാ സത്യമാകുന്നു. സംശയമുണ്ടെങ്കില്‍ ഈ വരികളൊന്ന് ഓര്‍ത്തു നോക്കൂ...

"കോടിപ്പൂക്കള്‍ വിരിയട്ടെ.. ഒരു കോടിക്കൊടികള്‍ വിടരട്ടെ...
ഇക്കൊടി ചോരയില്‍ മുക്കിയുയര്‍ത്തിയ രക്തസാക്ഷികള്‍ ജയിക്കട്ടെ.... "

അങ്ങനെ പഴയ വിപ്ലവകാരികള്‍ സ്വപ്നം കണ്ട കോടികളുടെ വസന്തം എകെജി സെന്ററില്‍ വിടരുന്നു. കോടികള്‍ വിരിയുകയും വിടരുകയും ചെയ്യുന്ന കാഴ്ച കണ്ട് ബൂര്‍‍ഷ്വാ പത്രങ്ങളും പിന്തിരിപ്പന്‍മാരും അന്പരക്കുന്നു.

എങ്ങും വിപ്ലവമെത്തിയ പ്രതീതി. കോടികളുടെ ബലത്തില്‍ സര്‍വരാജ്യത്തൊഴിലാളികള്‍ സംഘടിച്ച് ബൂര്‍ഷ്വാസിയുടെ വിരിമാറിലേയ്ക്ക് നടന്നടുക്കുന്ന മാര്‍ച്ച് പാസ്റ്റിനിടയില്‍ മാരീചന്‍ ഒരു വൃദ്ധയുടെ കരച്ചില്‍ കേള്‍ക്കുന്നു. അവരുടെ പേര് പലോറാ മാതാ.

പഴമക്കാര്‍ക്കറിയാം പലോറാ മാതയെ. നേതാക്കള്‍ക്കുമറിയാം പലോറാ മാതയെ. എണ്ണമറ്റ പ്രസംഗവേദികളില്‍ അണികളെ ഉന്മാദഭരിതരാക്കാന്‍ ഇന്ധനമായ പലോറയെ സിപിഎം നേതാക്കള്‍ അങ്ങനെ മറക്കില്ല.

ദേശാഭിമാനി തുടങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂലധനം സ്വരൂപിക്കുന്ന കാലം. അന്ന് ഓണ്‍ലൈന്‍ ലോട്ടറിയും ലിസും കണ്ടു പിടിച്ചിരുന്നില്ല. മണിച്ചന്മാരും കവറു താത്തമാരും വാണിജ്യാടിസ്ഥാനത്തില്‍ കളളവാറ്റും ആരംഭിച്ചിരുന്നില്ല. നാട്ടിലെ സര്‍വ മുതലാളിമാരും വ്യവസായികളും പാര്‍ട്ടിക്കെതിര്.

കൂടെയുളളത് തൊഴിലാളികളുടെയും ദരിദ്രന്മാരുടെയും വിശ്വാസവും കൂറും. ചുവപ്പു കൊടിയില്‍ പാറിക്കളിക്കുന്നത് തങ്ങളുടെ വിമോചന സ്വപ്നങ്ങളാണെന്ന് വിശ്വസിച്ച കുറേ പാവങ്ങളുടെ കലര്‍പ്പില്ലാത്ത പാര്‍ട്ടിക്കൂറ്.

അവര്‍ക്കു വേണ്ടി ഒരു പത്രം തുടങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചു. മൂലധനം പാവങ്ങളില്‍ നിന്നും സ്വരൂപിക്കാനും. അങ്ങനെയാണ് മലബാറിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പലോറാ മാതായുടെ വീട്ടിലെത്തിയത്. കാര്യം അറിഞ്ഞ പലോറ സംഭാവന നല്‍കി. വീട്ടില്‍ ആകെയുളള വരുമാനമാര്‍ഗമായ പശുവിനെ.

അതിനെയഴിച്ചു കൊണ്ടു പോകുന്പോള്‍ സഖാക്കളുടെ കണ്ണു നിറഞ്ഞു. പിറ്റേന്നത്തെ വരുമാനമെന്തെന്നോര്‍ക്കാതെ പാര്‍ട്ടി പത്രത്തിനു വേണ്ടി ഉളള സന്പാദ്യം അഴിച്ചു നല്‍കിയ പലോറാ മാതായുടെയും കണ്ണുനിറഞ്ഞു. എങ്ങോട്ടാണ് തന്നെ കൊണ്ടു പോകുന്നതെന്നറിയാതെ ആ പശുവും കരഞ്ഞിട്ടുണ്ടാകണം.

പിന്നീട് സഖാക്കള്‍ക്ക് വാഴ്ത്തിപ്പാടാനുളള ഉശിരന്‍ നാടോടിക്കഥയായി പാലോറമാതായുടേത്. കവലകളില്‍, സമ്മേളന വേദികളില്‍, സെമിനാറുകളില്‍, റാലികളില്‍ പലോറാ മാതായുടെ ത്യാഗത്തിന്റെ ആവേശം പ്രസംഗങ്ങളിലും മുദ്രാവാക്യങ്ങളിലും നിറഞ്ഞു. കുടുംബസ്വത്ത് ഭാഗിച്ചപ്പോള്‍ കിട്ടിയ കാല്‍ലക്ഷം രൂപ ദേശാഭിമാനിക്കു നല്‍കിയ സാക്ഷാല്‍ സഖാവ് ഇഎംഎസു പോലും പറഞ്ഞു, പലോറാ മാതായുടെ ത്യാഗത്തിനു മുന്നില്‍ തന്റെ സംഭാവന ഒന്നുമല്ലെന്ന്.

കാലം മാറുകയാണ്. സഖാവ് എന്ന പദം കോര്‍പറേറ്റ് മാനേജ്മെന്റ് പദാവലികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പശുവിനെയും എരുമയെയും സംഭാവന കിട്ടിയെന്നു വിചാരിച്ച് പാര്‍ട്ടിയുടെ (നേതാക്കളുടെ എന്നു തിരുത്തി വായിക്കുക) സാന്പത്തികാവശ്യങ്ങള്‍ നിറവേറില്ല. പശുവും എരുമയും പോത്തും വിദേശ മദ്യം വിളന്പുന്ന വിരുന്നു മേശകളിലെ കറികള്‍ക്കു കൊളളാം. അതിപ്പുറമുളള വിപ്ലവങ്ങള്‍ക്ക് പാവം നാല്‍ക്കാലികള്‍ അശക്തരാണ്..

ലോട്ടറി രാജാവ് മാര്‍ട്ടിനില്‍ നിന്നും രണ്ടു കോടി ദേശാഭിമാനി എന്തിന് കൈപ്പറ്റിയെന്ന ചോദ്യം എകെജി സെന്ററില്‍ ആരുടെയും ഉറക്കം കെടുത്തില്ല. കാരണം സുസംഘടിതമായ പാര്‍ട്ടി സ്ഥാപനത്തിന്റെ സര്‍വേശ്വരന്മാരാണ് അവര്‍. ആരെയും പേടിയില്ലാതെ, എല്ലാവരെയും വെല്ലുവിളിച്ച് എന്തും ചെയ്യുന്നവരാണ് ഇന്നത്തെ പാര്‍ട്ടി സഖാക്കള്‍.

പത്രവും പാര്‍ട്ടിയും ഭരണവുമെല്ലാം നേതാക്കളുടെ വ്യാവസായിക താല്‍പര്യങ്ങളുടെ ഉല്‍പ്രേരകങ്ങള്‍ മാത്രം. റാലിയും സമ്മേളനവും സമരവും ലക്ഷ്യം കാണാനുളള തന്ത്രങ്ങളും.

ഒരു വിഭാഗം ബോണ്ടെന്നും മറുവിഭാഗം സംഭാവനയെന്നും പറയുന്ന രണ്ടു കോടി രൂപ പാര്‍ട്ടിക്ക് നല്‍കിയ മാര്‍ട്ടിന്റെ അധോലോക ബന്ധങ്ങള്‍ ദേശാഭിമാനി തന്നെ പരന്പരയ്ക്ക് വിഷയമാക്കിയിട്ടുണ്ട്. 2004 മെയില്‍ പ്രസിദ്ധീകരിച്ച പരന്പരയെഴുതിയത് ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എം എസ് അശോകന്‍.

ചൂതാട്ടം അഥവാ മരണം ഓണ്‍ലൈന്‍ എന്ന പരന്പര തുടങ്ങുന്നത് മാര്‍ട്ടിനെക്കുറിച്ച്. മെയ് 31ന് പ്രസിദ്ധീകരിച്ച പാവം ലോട്ടറിക്കാരന്‍, വരവ് അയ്യായിരം കോടി എന്ന ആദ്യഭാഗത്തിലെ കേന്ദ്ര കഥാപാത്രമാണ് സഖാവ് മാര്‍ട്ടിന്‍.

ലോട്ടറിമാഫിയ തഴച്ചു വളരുന്പോള്‍ വ്യക്തികളുടെയും സന്പദ്ഘടനയുടെ തന്നെയും ചോരയും നീരും ചൂതാട്ടക്കാര്‍ ഊറ്റിയെടുക്കുകയാണെന്ന് പത്രം അരിശം കൊണ്ടു. പുലര്‍ച്ചെ മുതല്‍ പാതിര വരെ തുറന്നു വച്ച ചൂതാട്ടകേന്ദ്രങ്ങളെ സഖാവ് അശോകന്‍ വാക്കുകളിലൂടെ വലിച്ചു കീറി. ജീവിതം തന്നെ ചൂതാട്ടമാണെന്ന പരസ്യതന്ത്രത്തില്‍ ഭ്രമിച്ച ഉന്നതരടക്കമുളളവരെ നോക്കി ദേശാഭിമാനി സഹതപിച്ചു. വലിയൊരു വിഭാഗം സ്ത്രീകളെയും ലോട്ടറിമാഫിയ വശീകരിച്ചെന്ന് പത്രം പരിതപിച്ചു.

രണ്ടു രൂപാ ടിക്കറ്റിറക്കി വിദ്യാര്‍ത്ഥികളെ വശീകരിച്ചെന്ന ലേഖകന്റെ കണ്ടെത്തല്‍ എസ്എഫ്ഐക്കാരെ ജാഗരൂകരാക്കാനായിരുന്നു. സംസ്ഥാനത്തെങ്ങും ലോട്ടറിയമാഫിയയ്ക്കെതിരെ വി എസ് അച്യുതാനന്ദനെന്ന വിപ്ലവകാരി ആഞ്ഞടിച്ചു. സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചു.

അശോകന്റെ പരന്പരയില്‍ പറഞ്ഞ വിഡ്ഢികളായ ഭാഗ്യാന്വേഷികളെപ്പോലെ ടിക്കറ്റെടുത്ത് നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം കിട്ടുന്നത് സ്വപ്നം കാണുന്നവരല്ല വിപ്ലവകാരികള്‍. വിപ്ലവകാരികള്‍ക്ക് എന്തിനും തനതായ മാര്‍ഗമുണ്ട്. പണം വേണമെങ്കില്‍ അവര്‍ ലോട്ടറി മുതലാളിയെ ഫോണില്‍ വിളിക്കും. തുക ആവശ്യപ്പെടും. മുതലാളി സമ്മാനമായി തുക വീട്ടിലെത്തിക്കും. അത് ലക്ഷങ്ങളാകാം. കോടികളാകാം.

ഇത് ലോട്ടറിയുടെ പുതിയ മുഖമാണ്. എല്ലാവര്‍ക്കും കളിക്കാന്‍ കഴിയാത്ത കളി. അധികാരവും സ്വാധീനവുമുളളവര്‍ക്കും അവരുടെ പത്രത്തിനും കോടികള്‍ ഒന്നാം സമ്മാനം കിട്ടുന്ന ജാലവിദ്യ. ടിക്കറ്റെടുക്കേണ്ട. നറുക്കെടുപ്പ് കാത്തിക്കേണ്ട.

അതൊക്കെ ചെയ്യാന്‍ വേറെയാളുണ്ട്. പാര്‍ട്ടിക്കു വേണ്ടി പോസ്റ്റൊറൊട്ടിക്കാനും വീടുകയറി പിരിക്കാനും വെട്ടാനും കുത്താനും പോകുന്നവര്‍. മെഗാ ബന്പറുകളും തല്‍സമയ നറുക്കെടുപ്പുമൊക്കെ അവര്‍ക്കാണ്. ചൂതാടി എല്ലാം നശിച്ച് ആത്മഹത്യ ചെയ്തവരുടെ പേരുവിവരം സൗജന്യമായി പാര്‍ട്ടി പത്രം പ്രസിദ്ധീകരിക്കും. അവരെയോര്‍ത്ത് ആത്മരോഷം കൊളളും.

പ്രിയസഖാക്കളുടെ ചാക്കാലച്ചെലവിന്, കടിച്ച പാന്പിനെ വരുത്തി വിഷമിറക്കുക എന്ന ലെനിനിസ്റ്റ് രീതി പ്രയോഗിക്കും. അങ്ങനെയാണ് മാര്‍ട്ടിന്റെയും മണിച്ചന്റെയും കവറുതാത്തയുടെയും പണം ബോണ്ടായും സംഭാവനയായും ചാനല്‍ ഓഹരിയായും രൂപം മാറുന്നത്.

പലോറാ മാതായുടെ കണ്ണീരും പശുവിന്റെ കരച്ചിലും ഇനിയും പ്രസംഗവേദികളിലെ മൈക്കുകളില്‍ ഉന്മാദമുണര്‍ത്തുന്ന ത്യാഗകല്‍പനകളെന്ന നിലയില്‍ പ്രസക്തം തന്നെ. പ്രസംഗിക്കുന്നവന്റെ ‍ഞരന്പുകളില്‍ ഊര്‍ജമാകാന്‍ മാഫിയപ്പണത്തിന്റെ കൊഴുപ്പും.

കോടികളുടെ കൊഴുപ്പില്‍ വീര്‍ത്തു തടിച്ച നേതാക്കളുടെ ബഡായികള്‍ക്ക് കയ്യടിക്കാന്‍ എല്ലാക്കാലവും സഖാക്കളുണ്ടാകും. നേതാക്കള്‍ കൊയ്യുന്ന കോടികളില്‍ ഒരു പങ്ക് എന്നെങ്കിലും ‍ഞങ്ങളുടേതുമാകുമെന്ന് കരുതി കൊടിപിടിക്കുന്ന പുതിയ സഖാക്കള്‍. ലോകം അവരുടേതാണ്. നഷ്ടപ്പെടാന്‍ അവര്‍ക്ക് ഒരുപാടുണ്ട്. കിട്ടാനുളളത് കോടികളും.

കോടിപ്പൂക്കള്‍ വിരിയട്ടെ എന്ന് അവര്‍ പാടുന്പോള്‍ അര്‍ത്ഥം പഴയതല്ലെന്ന് അറിയുക. കോടിക്കൊടികള്‍ വിടരട്ടെ എന്ന് അവര്‍ ആക്രോശിക്കുന്പോള്‍ ലക്ഷ്യം പഴയതല്ലെന്ന് തിരിച്ചറിയുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X