ഗ്രൂപ്പു കളിക്കാനെങ്കിലും അറിയേണ്ടേ, സഖാവേ....
പഴയ പോലെ വീണ്ടും സമ്മേളനകാലമായി. ഒപ്പം നടന്ന വാല്യക്കാരില്‍ പലരെയും കൂടെ നിര്‍ത്തിയിരിക്കുന്നത് ഏകെജി സെന്ററിലെ കസേര കാണിച്ച് കൊതിപ്പിച്ചാണ്. ഇക്കുറിയും കിട്ടിയില്ലെങ്കില്‍ ഇനിയേതു കാലത്ത്? അടുത്ത പാര്‍ട്ടി സമ്മേളനം ഇനി രണ്ടായിരത്തി പത്തില്‍. അന്ന് ഭരണമുണ്ടാകുമോ? നമ്മളുണ്ടാവുമോ? എന്തിന് പാര്‍ട്ടി തന്നെയുണ്ടാവുമോ?
ആഞ്ഞു പിടിക്കുകയാണ് സഖാവ്. ഫാരിസെങ്കില്‍ ഫാരിസ്, ദീപികയെങ്കില്‍ ദീപിക. വെറുക്കണോ, വെറുക്കാം. അല്ല വറുത്തു തിന്നണോ, അതും ആകാം. സംസ്ഥാന ഭരണം പിടിച്ച പോലെ പാര്‍ട്ടി ഭരണവും എനിക്കു തന്നെ കിട്ടണം.
വീരേന്ദ്രകുമാറും ക്രൈം നന്ദകുമാറും തുടങ്ങി എല്ലാ കുമാരന്മാരുമുണ്ട് കൂടെ. വിജയനെ പുറത്താക്കുന്ന വിജയത്തില്‍ കുറഞ്ഞതൊന്നും കൊണ്ട് തൃപ്തനാവില്ല പുന്നപ്ര സമര സേനാനി.
തോല്‍ക്കാത്ത യുദ്ധങ്ങളുടെ തന്ത്രങ്ങളാണ് മനസു നിറയെ. വിജയിച്ചു നില്‍ക്കുന്ന ഗ്രൂപ്പുകാര്‍ സമസ്താപരാധം പറഞ്ഞ് ഏത്തമിട്ട്, പാര്‍ട്ടി സെക്രട്ടറി സ്ഥാനം താന്‍ പറയുന്നയാളിനെ ഏല്‍പ്പിച്ചാല്‍ സംഗതി ഓകെ.
സാമ്പത്തിക വിദഗ്ധന്‍ ഐസക്കിന് മാരാരിക്കുളത്ത് ഏതെങ്കിലും അക്കൗണ്ടാപ്പീസില്‍ കണക്കെഴുത്തു പിളളയാകാം.
എംഎ ബേബിക്ക് ഗാനമേള ട്രൂപ്പു നടത്തിയും കോടിയേരി ബാലകൃഷ്ണന് കാടാമ്പുഴ ക്ഷേത്രത്തില്‍ മാലകൊരുത്തും ജീവിക്കാം. പിണറായി വിജയനെ പൊലീസേമാന്മാരെ വെടിവെപ്പു പരിശീലിപ്പിക്കാനയയ്ക്കാം.
ഇവരൊക്കെ ജയിച്ചു നില്‍ക്കുന്ന ഗ്രൂപ്പിലുളളവരാണെന്നോ? ആണെങ്കിലെന്താ, എല്ലാവനും വെറുക്കപ്പെട്ടവന്മാരല്ലേ....












Click it and Unblock the Notifications