രചനയും ആലാപനവും സഖാവ് ജി സുധാകരന്‍....

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് എംഎല്‍എമാരായ എം എം മോനായിയെയും ആയിഷാ പോറ്റിയെയും കಠോരമായ ഭാഷയിലാണ് സിപിഎം ശാസിച്ചത്. പാര്‍ട്ടിയ്ക്കു ചേരാത്തവിധം പെരുമാറിയതിന് 2006 നവംബര്‍ 4, 5 തീയതികളില്‍ എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാനക്കമ്മിറ്റി നിശിതമായി വിശ്വാസികളായ എംഎല്‍എമാരെ വിമര്‍ശിച്ചു.

അതുകൊണ്ടും അരിശം തീരാഞ്ഞ് സംഘടനാ രേഖയില്‍ പ്രത്യേകം നോട്ടു ചെയ്ത് സാദാ അംഗങ്ങളുടെ കോപതാപങ്ങള്‍ക്ക് ഇരയാകാന്‍ ഇവരെ എറിഞ്ഞു കൊടുക്കുകയും ചെയ്തു, തെറ്റു ചെയ്തവരോട് ഇന്നോളം ക്ഷമിച്ചിട്ടില്ലാത്ത സിപിഎം.

പ്രസ്തുത സംഘടനാരേഖയുടെ ഒമ്പതാം ഖണ്ഡികയുടെ ഏഴാം വരി മുതല്‍ ഇങ്ങനെ വായിക്കുക..... "പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങള്‍ ഒഴിവാക്കാന്‍ രംഗത്തു വരേണ്ടതാണ്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എം എം മോനായി, ഐഷാ പോറ്റി എന്നിവര്‍ എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അസംബ്ലിയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ വരുത്തിവെച്ച അപമാനമായിരുന്നു. വൈരുദ്ധ്യാധിഷ്ಠിത ഭൗതികവാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരാളാണ് പാര്‍ട്ടി അംഗത്വത്തിലേയ്ക്ക് വരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്".

ഗൃഹപ്രവേശം, വിവാഹം, ജനനം, മരണം തുടങ്ങിയ ചടങ്ങുകള്‍ സഖാക്കള്‍ മാതൃകാപരമായി സംഘടിപ്പിക്കണമെന്നും സിപിഎം സംസ്ഥാനക്കമ്മിറ്റി അതിന്റെ അണികളോട് ആഹ്വാനം ചെയ്തു ഇക്കഴിഞ്ഞ നവംബറില്‍.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനേ പാര്‍ട്ടി വിലക്കുളളൂ. പാര്‍ട്ടി നേതാക്കളെ ദൈവത്തോടും ദൈവത്തിന്റെ അളിയനോടും ഉപമിച്ച് കവിതയെഴുതുന്നത് പാര്‍ട്ടി വിലക്കിയിട്ടില്ല.

സംശയമുളളവര്‍ക്ക് ഈ ലക്കം ഭാഷാപോഷിണി വായിക്കാം. ഗരിമയുടെ ഭരണ രഥനായകാ ധീരതേ എന്ന പുരോഗമനകാവ്യം രചിച്ചിരിക്കുന്നത് ദേവസ്വം മന്ത്രി ജി സുധാകരന്‍. നല്ല വാക്കുകള്‍ക്ക് നാവില്‍ ഒരു പഞ്ഞവുമില്ലാതിരുന്നയാളായി കേരളം പണ്ടേ സഖാവിനെ അംഗീകരിച്ചിട്ടുണ്ട്. കവികുലോത്തമനായും അംഗീകാരത്തിന്റെ പട്ടും വളയും വാങ്ങാനുളള പുറപ്പാടിലാണ് അദ്ദേഹം.

കുരുക്ഷേത്രയുദ്ധത്തിലെ വീരയോദ്ധാവ് അര്‍ജുനന്റെ റോളിലാണ് സഖാവിന്റെ കവിതയില്‍ വി എസ് അച്യുതാനന്ദന്‍ വേഷമിടുന്നത്. കൃഷ്ണന്റെ റോളിലെത്തുന്നത് സാക്ഷാല്‍ പിണറായി വിജയന്‍. കവിതയിലെ ബിംബകല്‍പന കേമമായെന്ന് ഒറ്റവായനയില്‍ത്തന്നെ ആരും സമ്മതിക്കും

ജ്യേഷ്ಠാനുജന്മാര്‍, പിതാമഹന്‍മാര്‍, അടുത്ത ബന്ധുക്കള്‍ അങ്ങനെ ആര്‍ക്കൊക്കെ എതിരെയായിരുന്നു കുരുക്ഷേത്രത്തില്‍ സഖാവ് അര്‍ജുനന് അമ്പെയ്യേണ്ടി വന്നത്. ഓര്‍ത്തപ്പോഴേ തലകറങ്ങി കര്‍മവീര്യം ചോര്‍ന്ന് ധാര്‍മികബോധത്തിന്റെ അച്ചടക്ക നടപടി നേരിട്ട അര്‍ജുനനെ വിശ്വരൂപം കാട്ടിയാണ് കൃഷ്ണന്‍ യുദ്ധസന്നദ്ധനാക്കിയത്.

"മലമുകളില്‍ നിറയുന്ന മഞ്ഞിന്റെ കಠോരത
കിടുകിടെ വിതറുന്ന ശൈത്യകാലത്തും
മനസുരുകി നില്‍ക്കുന്നതാരോ
അതാണു നീ ധരണിയില്‍ ജനതയുടെ മുന്നില്‍..."

ഇങ്ങനെയാണ് കവിത തുടങ്ങുന്നത്. മഞ്ഞ്, കಠോരത, ശൈത്യകാലം, മനസുരുകി എന്നൊക്കെയുളള കല്‍പനകളില്‍ നിന്നും കഥ നടക്കുന്നത് മൂന്നാറിലാണെന്ന് നമുക്ക് ഊഹിക്കാം.

കಠോരത, മനസുരുകി എന്ന പ്രയോഗങ്ങളില്‍ കൂടി വെളിയം ഭാര്‍ഗവന്‍, കെ ഇ ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നീ അസുരന്മാരെയും കവി ധ്വനിപ്പിച്ചിട്ടുണ്ട്. രചന സുധാകരനാണ്. എന്തും പറയും എന്നതു മാത്രമല്ല കക്ഷിയുടെ യോഗ്യത, എന്തും എഴുതും എന്നതുമാണ്.

"ചുടുചോര പൊടിയുന്ന മനസിന്റെ വേദന
മലയാളി മനസിന്റെ മനമുരുകി വേദന
അതുപാടെ മാറ്റാന്‍ നിനവുറ്റ ശക്തിയായി
തവ പിന്നില്‍ നില്‍പ്പൂ വിജയരഥ സാരഥി".

എന്നാണ് പിണറായി വിജയനെ സഖാവ് കവി വിശേഷിപ്പിക്കുന്നത്. സാരഥി മുന്നിലല്ലേ ഇരിക്കേണ്ടത് എന്നൊന്നും കേറി ചോദിച്ചേക്കരുത്. കഥയില്‍ മാത്രമല്ല, കവിതയിലും ചോദ്യമില്ല. പ്രത്യേകിച്ചും എഴുതിയ ആളിനെ ആലോചിച്ചാല്‍ പിന്നെയീജന്മം ഒരു ചോദ്യവും ചോദിക്കില്ല, ജീവനില്‍ പേടിയുളള ഒരുത്തനും.

ഉമേഷ് ബാബുവിന്റെ ഒഴിവ് നികത്താനുളള നിയോഗം സ്വന്തം നിലയില്‍ ഏറ്റെടുക്കുകയായിരുന്നു സഖാവ് സുധാകരന്‍. കാര്യങ്ങള്‍ അറിഞ്ഞും കണ്ടും ഉത്തരവാദിത്വങ്ങളേറ്റെടുക്കുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്.

ജന്മനാ കമ്മ്യൂണിസ്റ്റാണ് സുധാകരന്‍. കര്‍മ്മധീരനും. അങ്ങനെയൊരാള്‍ക്കേ ഈവിധം പകര്‍ന്നാടാനാവൂ. മാരീചന് തെല്ലുമില്ല അസൂയ. അസൂയയ്ക്കും പാര്‍ട്ടി നടപടിക്കുമാണ് ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്തതെന്നും മാരീചന് നിശ്ചയമുണ്ട്.

ദൈവങ്ങളെ തൊട്ട് സത്യം ചെയ്യുന്നത് വിലക്കിയ പാര്‍ട്ടി നേതാക്കളെത്തന്നെ ദൈവങ്ങളായി വാഴ്ത്തിപ്പാടുകയാണ് സുധാകരന്‍. വിരോധാഭാസമെന്ന അലങ്കാരം ഇവിടെ ചേരുമോ എന്ന് സംശയിക്കുന്നവര്‍ സിഐഎ ചാരന്മാരാണ്. ഇവിടെ വൃത്തവും അലങ്കാരവും ഒന്നു തന്നെ. വെറും ആഭാസം. നിറം പച്ച. കണ്ണൂര്‍ ഭാഗങ്ങളിലെത്തുമ്പോള്‍ നേരിയ ചുവപ്പും.

ആലോചിച്ചു നോക്കിയാല്‍ അച്യുതാനന്ദന്‍, വിജയന്‍, ശങ്കരന്‍, ജയരാജന്‍ തുടങ്ങി തുടങ്ങി പി കെ ശ്രീമതി എന്നതു വരെ ദൈവത്തിന്റെ പേരുകളാണ്. "ശ്രീമതി പാര്‍വതി, കെയര്‍ ഓഫ് പരമശിവന്‍, കൈലാസം" എന്ന വിലാസം ആലോചിച്ചാല്‍, ആരോഗ്യമന്ത്രി ദൈവമാകുന്ന വിദ്യ പിടികിട്ടും.

ഇ പി എന്നൊരു ഇന്‍ഷ്യലു ചേര്‍ത്ത് വിളിച്ചാല്‍ പരിപ്പുവടയും ദിനേശ് ബീഡിയും വെറുക്കുന്ന ഊക്കന്‍ ദൈവമാണ് പ്രത്യക്ഷപ്പെടുക. കാണിക്കയായി കോടികള്‍ കിലുങ്ങണം ഈ ദേവനൊന്നു പ്രസാദിച്ചു കിട്ടാന്‍. കാണിക്കയെന്നു പറയാന്‍ പ്രത്യയശാസ്ത്ര പ്രതിബന്ധതയും പാര്‍ട്ടിക്കൂറും അനുവദിക്കാത്ത ഭക്തന്മാര്‍ക്ക് ബോണ്ടെന്നോ പ്രത്യേക നിക്ഷേപമെന്നോ സൗകര്യം പോലെ കല്‍പിച്ച് തുക നേദിക്കാം. തുകയെത്രയായാലും ഗഡുക്കളായി നല്‍കിയാല്‍ മതിയെന്നാണ് ആപ്തവാക്യം.

ഐഷാ പോറ്റിയും മോനായിയും വെറും ഏരിയാകമ്മിറ്റി അംഗങ്ങള്‍ മാത്രമാണ്. അവര്‍ ചെയ്യുന്നതാണ് പാര്‍ട്ടിക്ക് നാണക്കേട്. സംസ്ഥാനക്കമ്മിറ്റി അംഗമൊക്കെയായാല്‍ പിന്നെ എന്തും ചെയ്യാം. പിബിയിലെത്തിയാല്‍ ആരെയും പേടിക്കുകയേ വേണ്ട എന്നതാണ് സ്ഥിതി.

കാരണവരുടെ സ്ഥാനത്താണ് വിഎസെന്നും അദ്ദേഹത്തിന് ആരെയും ശാസിക്കാമെന്നാണ് സുധാകരന്റെ വാമൊഴി. വരമൊഴിയാകുമ്പോള്‍ കാരണവര്‍ നിന്ന നില്‍പില്‍ അര്‍ജുനനാകും. തളരാനും തേര്‍ത്തട്ടിലിരിക്കാനും പിന്നെ വേണ്ടത് നിമിഷങ്ങള്‍ മാത്രം. മന്ത്രമല്ല, മായയല്ല വെറും തൊഴിലാളിവര്‍ഗ കാവ്യകല്‍പന മാത്രം.

ഒരേയാളിനെ നാക്കു കൊണ്ട് കാരണവരും പേനകൊണ്ട് വില്ലാളി വീരനുമാക്കുന്ന കാവ്യരചനാ വൈഭവം ആര്‍ക്കുണ്ട് വേറെ? എഴുത്തച്ഛന്‍ മുതല്‍ ഡൂക്കിലി കവി ഉമേഷ് ബാബുവിനു വരെ തോന്നിയിട്ടുണ്ടോ ഈ വിധം ഭാവന. പാബ്ലോ നെരൂദ പോലും സുധാകര കവിയുടെ പത്തടി പിന്നിലേ നില്‍ക്കൂ, വാ പൊത്തി, നടു വളഞ്ഞ്.

ഈ കവിമനസിനെ കേരളം ഇത്രകാലം തിരിച്ചറിയാത്തതിലാണ് മാരീചന് സങ്കടം. എന്തൊക്കെയായിരുന്നു ഈ സുമനസിനെക്കുറിച്ച് ഇത്രയും കാലം ഇക്കണ്ട മാധ്യമങ്ങളൊക്കെ പറഞ്ഞ അപവാദങ്ങള്‍.

പ്രളയത്തെയും അതിജീവിക്കുന്ന കവിതയിലൂടെയാണ് സഖാവ് സുധാകരന്‍ തന്റെ കളങ്കങ്ങളില്‍ നിന്നും മുക്തനായത്. ആലിലയ്ക്കു പകരം ഈ കവിത അച്ചടിച്ച ഭാഷാപോഷിണി പേജിലാണ് പ്രളയകാലത്ത് ഉണ്ണിക്കണ്ണന്‍ കിടക്കുന്നത്. വലതുപക്ഷ വ്യതിയാനവും ഇടതു തീവ്രവാദവുമായി നടക്കുന്ന, പിന്തിരിപ്പന്‍ കുത്തക ജന്മി ബൂര്‍ഷ്വാ ഭൂപ്രഭ വര്‍ഗത്തിന്റെ പിണിയാളുകളായ എല്ലാ നയവഞ്ചകരും കേള്‍ക്കാനാണിത് പറയുന്നത്. ഓര്‍മ്മയിരിക്കട്ടെ.

എണ്‍പതു കഴിഞ്ഞയാളാണ് കവിയുടെ നായകനായ വില്ലാളി വീരന്‍. ചെറുപ്പക്കാരുടെ യാതൊരു സവാരിഗിരിയും ഇല്ലെന്ന് സാരം. ഗാണ്ഡീവവും പിടിച്ച് തേര്‍ത്തട്ടിലിരിക്കുന്നത് അനാരോഗ്യം കൊണ്ടോ വില്ലുകുലയ്ക്കാന്‍ കൈകള്‍ക്ക് ആവതില്ലാഞ്ഞിട്ടോ അല്ല.

കുരുക്ഷേത്രത്തിലെ അര്‍ജുനന് ശത്രുപക്ഷത്ത് നില്‍ക്കുന്ന ബന്ധുക്കളെയാണ് യുദ്ധത്തില്‍ കൊല്ലേണ്ടതെങ്കില്‍ സഖാവ് അര്‍ജുനന്റെ കഥ നേരെ തിരിച്ചാണ്. സ്വന്തം പക്ഷത്തുളളവരെയാണ് ഈ അര്‍ജുനന് കുത്തിമലര്‍ത്തേണ്ടത്. അവരോ സാരഥി കൃഷ്ണന്റെ ഉറ്റ ബന്ധുക്കളും അനുയായികളും.

ചതുരുപായങ്ങളും ഓതി, അതിവേഗത്തില്‍ തേരുതെളിച്ചും തന്ത്രം മെനഞ്ഞും കുരുക്ഷേത്രത്തിലെ സാരഥി നേരിട്ടത് കുരുവംശത്തിന്റെ അധര്‍മ്മ സൈന്യത്തെയാണ്. അഭിനവ സവ്യസാചിയെ തേരില്‍ നിന്നും ഉരുട്ടിയിട്ട് ഒരു പോസ്റ്റുമോര്‍ട്ടത്തിനു പോലും ബാക്കി വയ്ക്കാത്ത വിധം ചക്രം കയറ്റിയിറക്കി അവസാനിപ്പിക്കാന്‍ തക്കം പാര്‍ത്തിരിപ്പാണ് കവിതയിലെ സഖാവ് കൃഷ്ണന്‍.

ആ കൃഷ്ണനെ പിന്നിലിരുത്തിയ കവിമനസിന്റെ ഭാവനയെ നോക്കൂ. എത്ര ആലോചനാമൃതം, എത്ര ഉദാത്തം, അത്രയും ഭീകരം. ഗംഭീരം. ആലോചിക്കുന്നവന്‍ ഭ്രാന്തെടുത്തു ചാവും. ആയതിനാല്‍ അലങ്കാരം ഭ്രാന്തിമാന്‍.

"അതുപാടെ മാറ്റാന്‍ തവപിന്നില്‍ നില്‍പ്പൂ വിജയരഥ സാരഥി"എന്ന സുധാകരകവിയുടെ മുന്നറിയിപ്പു തന്നെയാണ് അഭിനവ അര്‍ജുനന്റെ ആധിയും. തന്നെ മാറ്റി മുഖ്യമന്ത്രിക്കസേരയിലിരിക്കാനാണ് വിജയരഥ സാരഥി ജര്‍മ്മന്‍ മെയ്ഡ് തോക്കുമായി നില്‍ക്കുന്നതെന്ന തിരിച്ചറിവും തേര്‍ത്തട്ടിലെ തളര്‍ച്ചയുടെ കാരണമത്രേ.

ഓണ്‍ ദി സ്പോട്ട് വിശ്വരൂപമായിരുന്നു പണ്ട് കുരുക്ഷേത്രത്തില്‍. ടെക്നോളജി വികസിച്ചെങ്കിലും പുതിയ വിശ്വരൂപം, സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ്, കേന്ദ്രക്കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നീ തിരഞ്ഞെടുക്കപ്പെട്ട വേദികളിലാണ് പ്രത്യക്ഷപ്പെടുന്നത്.

ഇക്കഴിഞ്ഞ മെയ് 23ന് മുന്നറിയിപ്പില്ലാതെ പത്രക്കാരുടെ മുന്നില്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചതാണ്. പ്രസ്തുത പ്രദര്‍ശനം ദേവലോകത്തിന്റെ പൊളിറ്റ് ബ്യൂറോ മര്യാദകള്‍ക്ക് വിരുദ്ധമായതിനാല്‍ അവിടെ നിന്നും പുറത്താക്കപ്പെട്ട കൃഷ്ണാര്‍ജുനന്മാര്‍ കേന്ദ്രക്കമ്മിറ്റി കുറച്ചുകാലമായി എന്ന തൃശങ്കു സ്വര്‍ഗത്തിലാണ്.

ഇതെല്ലാം കണ്ടും കേട്ടും വായിച്ചും മനമുരുകി സഹികെടുന്ന ജനം സാരഥിയെയും വില്ലാളിയെയും തേരില്‍ നിന്നും പിടിച്ചിറക്കി ചൂരലിന് പൂശുന്ന നാളില്‍ സഖാവ് സുധാകര കവിയും അര്‍ഹമാം വിധം ആദരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+