കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരാശരായത് ആരാണ് സഖാവേ....

  • By Staff
Google Oneindia Malayalam News

സഖാവ് സി പി നാരായണന്‍ ആളൊരു സാത്വികനാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഖിലേന്ത്യാ രൂപമായ എഐപിഎസ്എന്നിന്റെ ചെയര്‍മാനുമാണ് സഖാവ്. (എഐപിഎസ്എന്‍ എന്നാല്‍ ആള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക്). 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ കാലുവാരി നിലത്തടിച്ച ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ചിന്തയില്‍ മുഖപ്രസംഗം എഴുതിയതും സഖാവാണെന്നാണ് പാര്‍ട്ടിയിലെ ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്.

വിപുലമായ വായനയും അറിവും നല്‍കിയ ആത്മബലമാവാം, സാധാരണ മാര്‍ക്സിസ്റ്റു നേതാക്കള്‍ക്കുളള മുട്ടാളന്‍ മനോഭാവവും ധാര്‍ഷ്ട്യവും തെല്ലുമേ നാരായണന്‍ സഖാവിനില്ല. അങ്ങനെയുളള സഖാവാണ് പാര്‍ട്ടിയുടെ താത്വിക പ്രസിദ്ധീകരണമായ ചിന്തയുടെ ഇപ്പോഴത്തെ പത്രാധിപര്‍. ചിന്തയുടെ ജന്മദിനപ്പതിപ്പില്‍ അദ്ദേഹമെഴുതിയ "പാര്‍ട്ടി ശത്രുക്കളെ നിരാശപ്പെടുത്തിയ സംസ്ഥാനക്കമ്മിറ്റി തീരുമാനങ്ങള്‍" എന്ന ലേഖനം വായിച്ച മാരീചന് കരയണോ ചിരിക്കണോ എന്ന് വര്‍ണ്യത്തിലാശങ്ക.

സിപിഎം എങ്ങനെയാണ് തീരുമാനങ്ങള്‍ കൈക്കൊളളുന്നത് എന്ന് വിവരിച്ചെഴുതുകയാണ് സഖാവ് പ്രസ്തുത ലേഖനത്തില്‍. മാധ്യമങ്ങള്‍ കല്‍പിച്ചു നല്‍കുന്ന അജണ്ടയ്ക്കനുസരിച്ചല്ല സിപിഎം ചലിക്കുന്നതെന്ന് അദ്ദേഹം ഉറക്കെയുറക്കെ വാദിച്ചുറപ്പിക്കുന്നു.

ലേഖനത്തിലെ രണ്ടാം ഖണ്ഡികയിങ്ങനെ....

"എന്നാല്‍, സിപിഐ എംന്റെ വിവിധ സമിതികള്‍ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതും അവയില്‍ തീരുമാനം കൈക്കൊള്ളുന്നതും മാധ്യമങ്ങള്‍ ആധാരമാക്കുന്ന വ്യക്തി നിഷ്ഠമായ താല്‍പര്യങ്ങളെയോ മുന്‍വിധികളെയോ കേന്ദ്രീകരിച്ചല്ല. വസ്തുനിഷ്ഠമായാണ്. അതുകൊണ്ടാണ് മുമ്പ് നടന്ന ഒരു സി സി യോഗം, കേരളത്തിലെ സംഭവവികാസങ്ങളെ ആസ്പദമാക്കി വി എസിനെയും പിണറായിയെയും പി ബിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ അമ്പരന്നത്."

പിണറായിയെയും വിഎസിനെയും പൊളിറ്റ് ബ്യൂറോയില്‍ നിന്നും സസ്പെന്‍ഡു ചെയ്തപ്പോള്‍ കേരളത്തിലെ സര്‍വ മാധ്യമങ്ങളും അമ്പരന്നു പോയെന്നാണ് ചിന്തയുടെ പത്രാധിപര്‍ എഴുതുന്നത്. പാര്‍ട്ടിയുടെ രണ്ട് നേതാക്കളെ പരസ്പരം പുലഭ്യം പറഞ്ഞതിന് ഉയര്‍ന്ന ഘടകം നടപടിയെടുത്താല്‍ പാര്‍ട്ടി അംഗങ്ങളല്ലേ അമ്പരക്കേണ്ടത് എന്നു ചോദിക്കരുത്. കഥയില്‍ മാത്രമല്ല, ചിന്തയിലും ചോദ്യമില്ല. അഥവാ ചോദ്യം ചോദിക്കുന്നവര്‍ക്ക് ചിന്തിക്കാനും ചിന്ത വായിക്കാനും അവകാശമില്ല.

പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് ഇരുവരും പരസ്പരം പുലഭ്യം പറഞ്ഞത്. അതും ബൂര്‍ഷ്വാ മാധ്യമങ്ങളെ അമ്പരപ്പിക്കാനാവാനേ വഴിയുളളൂ. പ്രമുഖരായ നേതാക്കള്‍ ട്രെയിനി റിപ്പോര്‍ട്ടര്‍മാരെ വരെ വിളിച്ചുവരുത്തി പരസ്പരം കുത്തുവാക്കുകളും ഒളിയമ്പുകളും എയ്യുന്നതു കണ്ടാല്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അമ്പരുന്നു പോവുകയേ ഉളളൂ. സത്യം.

പത്രാധിപ സഖാവ് തുടരുന്നു, ഇങ്ങനെ..."പാര്‍ടിയുടെ വിവിധ തലങ്ങളില്‍ വിവിധ കടമകള്‍ നിര്‍വഹിക്കുന്നതിനിടെ ചില സഖാക്കള്‍ പാര്‍ടിയുടെ അംഗീകൃത തത്വങ്ങളെയോ മാനദണ്ഡങ്ങളെയോ ലംഘിച്ചെന്നുവരാം. അത് എങ്ങനെ സംഭവിച്ചു എന്നു പരിശോധിച്ച് ബന്ധപ്പെട്ട സഖാവിനെ, അല്ലെങ്കില്‍ സഖാക്കളെ തിരുത്തുന്നതിനുള്ള നടപടി ബന്ധപ്പെട്ട പാര്‍ടി കമ്മറ്റി കൈക്കൊള്ളും. ഇക്കഴിഞ്ഞ പാര്‍ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും അതാണ് നടന്നത്".

കൃത്യാന്തര ബാഹുല്യത്തിനിടെ നടന്ന ചെറിയ ചില താളപ്പിഴകളാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചെയ്തത്. ഓവര്‍ലോഡു വര്‍ക്കു ചെയ്യുമ്പോള്‍ മനസൊന്നു ചാഞ്ചാടും, വാക്കുകള്‍ പിഴയ്ക്കും. ഉദ്ദേശിക്കാത്ത വാചകങ്ങള്‍ പുറത്തു വരും. വേണ്ടാത്തിടത്ത് അവ കൊണ്ടു കയറും. ഇതൊന്നും മനപ്പൂര്‍വമല്ല. ആണെന്ന് ഏത് ബൂര്‍ഷ്വാ മാധ്യമം പറഞ്ഞാലും ചൂരലിന് പെടയ്ക്കണം.

കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടന്നതെന്തെന്ന് നാരായണന്‍ സഖാവ് പറയുന്നത് കേള്‍ക്കൂ. നായനാര്‍ ഭരണത്തെ തോല്‍പിച്ച കേരള ജനതയ്ക്ക് അഭിവാദ്യമെഴുതിയ തൂലിക തന്നെയാണ് ഇതും എഴുതിയത്. സംഭവം സത്യമാകാനേ തരമുളളൂ.

"ദേശാഭിമാനിക്ക് ഡെപ്പോസിറ്റ് സ്വീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയിരുന്നു. അങ്ങനെ വാങ്ങിയ നിക്ഷപങ്ങളില്‍ സാന്റിയാഗോ മാര്‍ടിന്റെ മക്കളുടെ പേരിലുള്ള നിക്ഷേപങ്ങള്‍ സ്വീകരിച്ചത് തെറ്റായെന്നും ആ തുക തിരികെ കൊടുക്കണമെന്നും സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചു. ......

പക്ഷെ, സെക്രട്ടറിയറ്റും സംസ്ഥാനക്കമ്മിറ്റിയും യോഗം ചേര്‍ന്നപ്പോള്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഇ പി ജയരാജനെ ദേശാഭിമാനി ജനറല്‍മാനേജര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ ജാഗ്രത കാണിച്ചില്ല എന്നതിനാണ് അത്. അതേസമയം ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ ദേശാഭിമാനി നിക്ഷേപം സ്വീകരിച്ചത് കോഴയല്ല. കോഴ വാങ്ങുന്നതില്‍ ജയരാജന്‍ പങ്കാളിയല്ല. വേണുഗോപാലാണ് കോഴ വാങ്ങിയത്. അതില്‍ ദേശാഭിമാനിയിലെ മറ്റാരും കക്ഷിയല്ല. ഇതാണ് സെക്രട്ടറിയറ്റ് റിപ്പോര്‍ട്ട് പരിഗണിച്ചശേഷം കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ സംസ്ഥാനക്കമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനം".

അതാണ് കാര്യം. ഡെപ്പോസിറ്റ് സ്വീകരിച്ച് വികസനം നടത്താന്‍ ദേശാഭിമാനിക്ക് പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി അനുമതി നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ മക്കള്‍ എങ്ങനെയോ മണത്തറിയുന്നു. കൊടുത്തു ഗഡുക്കളായി രണ്ടുകോടിയുടനേ. സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനം മാര്‍ട്ടിന് ചോര്‍ത്തിയത് മനോരമയോ മാതൃഭൂമിയോ ആവാനേ വഴിയുളളൂ.

"ചൂതാട്ടം അഥവാ മരണം ഓണ്‍ലൈന്‍" എന്ന 2004 മെയ് പരമ്പരയില്‍ ദേശാഭിമാനി തന്നെ പ്രകീര്‍ത്തിച്ച കാലം മുതല്‍ ഈ പത്രത്തെ വികസിപ്പിക്കാന്‍ ഒരവസരം കാത്തു കഴിയുകയായിരുന്നു, സാന്റിയാഗോ മാര്‍ട്ടിന്‍. അങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിയോ മാനേജര്‍ ജയരാജനോ അറിയാതെ ഒതുക്കത്തില്‍ രണ്ടു കോടി രൂപ മാര്‍ട്ടിന്റെ മക്കള്‍ ദേശാഭിമാനിയെ ഏല്‍പ്പിച്ചത്. നല്ല ഉദ്ദേശ്യമായിരുന്നു മാര്‍ട്ടിന്. പത്രം വികസിക്കണം. പാര്‍ട്ടി വികസിക്കണം. ഇതിന്റെയൊപ്പം സ്വാഭാവികമായും ജയരാജനും മാര്‍ട്ടിനും വികസിക്കും. അത് സൈഡ് എഫക്ടാണ്. ഏത് വിപ്ലവത്തിനും ഒഴിച്ചുകൂടാത്തതാണ് ഇത്തരം സൈഡ് ഇഫക്ടുകള്‍.

ജയരാജന് ആവശ്യമായ ജാഗ്രതയില്ലെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. മാര്‍ട്ടിന്റെ രണ്ടു കോടി ഇരുചെവിയറിയാതെ വാങ്ങാനുളള ജാഗ്രതയാണ് പുളളിക്കാരന് ഇല്ലാതിരുന്നത്. ചെവിക്കു ചെവി അറിയാതെ സംഗതി ചെയ്തെങ്കില്‍‍ മറ്റേ ഗ്രൂപ്പുകാര്‍ സംഭവം തുരന്ന് മാതൃഭൂമിക്ക് നല്‍കുമായിരുന്നില്ലല്ലോ. എത്ര കണിശമായാണ് ജാഗ്രത എന്ന പദം സിപിഎമ്മും സിപി നാരായണനും ഉപയോഗിച്ചതെന്നു നോക്കൂ. ഇ പി ജയരാജന്‍ കാണിച്ച ജാഗ്രതക്കുറവ് കാരണം മാധ്യമങ്ങള്‍ക്ക് കുറേ നാള്‍ കുശാലായി. ഇനി വരുന്ന പി ജയരാജന്‍ സഖാവ് ആവശ്യമായ ജാഗ്രത കാണിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതായത് ഇത്തരം സംഭവങ്ങള്‍ ഇനി മേലില്‍ പുറത്തറിയാതിരിക്കാന്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നതാണ്.

സിപിഎമ്മിന്റെ അംഗങ്ങളും അനുഭാവികളും എങ്ങനെ ചിന്തിക്കുമെന്ന കാര്യത്തില്‍ നാരായണന്‍ സഖാവിന് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം തുടര്‍ന്ന് ഇപ്രകാരം എഴുതുന്നത്.

"ദേശാഭിമാനിയെയും പാര്‍ടിയെയും സംബന്ധിച്ച് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതില്‍ പാര്‍ടി സഖാക്കള്‍ക്കും അനുഭാവികള്‍ക്കും ഉല്‍ക്കണ്ഠയും കുണ്ഠിതവും ദുഃഖവും ഉണ്ടായിരുന്നു. അവയെ ദൂരീകരിക്കുകയും പാര്‍ടി മാര്‍ക്സിസം-ലെനിനിസത്തിന്റെ പാത ആശങ്കയ്ക്ക് ഇട നല്‍കാത്തവിധം ഉറപ്പിക്കുകയും ചെയ്യുന്ന തീരുമാനമാണ് സംസ്ഥാനക്കമ്മിറ്റി കൈക്കൊണ്ടത്. ഇതാണ് അത് സംബന്ധിച്ച് പാര്‍ടി സഖാക്കളില്‍നിന്ന് പൊതുവിലുണ്ടായ പ്രതികരണം".

ബൂര്‍ഷ്വാ അംഗങ്ങളാണെങ്കില്‍ പലവിധ ചോദ്യങ്ങള്‍ക്ക് കോപ്പുണ്ടാകുന്ന ഇടപാടാണിത്. ആരാണ് മാര്‍ട്ടിന്റെ മക്കളോട് രണ്ടുകോടി രൂപ ആവശ്യപ്പെട്ടത്? ചോദിച്ചയുടനെ കോടികള്‍ കൈമാറാന്‍ തക്കബന്ധം ദേശാഭിമാനിയില്‍ ആര്‍ക്കാണ് മാര്‍ട്ടിനും മക്കളുമായുളളത്? എങ്ങനെയാണ് ആ ബന്ധം രൂപപ്പെട്ടത്? ഏതു വികസന പ്രവര്‍ത്തനങ്ങളാണ് ആ രണ്ടു കോടി ഉപയോഗിച്ച് പ്ലാന്‍ ചെയ്തിരുന്നത്? തുടങ്ങിയ എണ്ണമറ്റ ചോദ്യങ്ങള്‍ ആരും ചോദിച്ചു പോകും. മാര്‍ക്സിസം ലെനിനിസത്തിന്റെ പാത ആശങ്കയ്ക്ക് ഇടനല്‍കാത്ത വിധം പാര്‍ട്ടി ഉറപ്പിച്ചാല്‍ ഈ ചോദ്യങ്ങള്‍ ആവിയായി അപ്രത്യക്ഷമാകും. തുടര്‍ന്ന് പാര്‍ട്ടി സഖാക്കളില്‍ പൊതുവിലുണ്ടാകുന്ന പ്രതികരണം അളക്കാനുളള ഉപകരണം ശാസ്ത്രസാഹിത്യ പരിഷത്തും ഐആര്‍ടിസിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തത് സഖാവിന്റെ കൈവശമുണ്ട്.

ഫാരിസ് അബൂബേക്കര്‍ വിഷയവും മാര്‍ക്സിസം ലെനിനിസത്തിന് നിരക്കുന്ന തരത്തില്‍ പാര്‍ട്ടി കൈകാര്യം ചെയ്തുവെന്ന് നാരായണന്‍ മാഷ് സ്ഥാപിക്കുന്നു. എന്തുമാത്രം ദീര്‍ഘദൃഷ്ടികളായിരുന്നു ഈ മാര്‍ക്സും ലെനിനുമെന്നോര്‍ത്തു നോക്കൂ. ഏതാണ്ട് ദശാവതാര സങ്കല്‍പം പോലെ കിറുകൃത്യമായി ഇവര്‍ കാര്യങ്ങള്‍ പ്രവചിച്ചിരുന്നു.

കേരളത്തില്‍ ഇ കെ നായനാര്‍ എന്നൊരു കൊടും വിപ്ലവകാരി ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ സ്മരണ മരണാനന്തരം നിലനിര്‍ത്താന്‍ ഫുട്ബാള്‍ മേള സംഘടിപ്പിക്കുമെന്നും സംഘാടക സമതിയെ അറുപതുലക്ഷം നല്‍കി സഹായിക്കാന്‍ ഫാരിസ് അബൂബേക്കര്‍ എന്നൊരു സാമ്പത്തിക വിപ്ലവകാരി വരുമെന്നും പണം കൊടുത്തവനെ വെറുക്കപ്പെട്ടവന്‍ എന്ന് വേറൊരു വിപ്ലവകാരി വിളിക്കുമെന്നും ടിയാനുമായുളള അഭിമുഖം അടുത്ത വിപ്ലവകാരി നടത്തുമെന്നുമൊക്കെ ദീര്‍ഘദര്‍ശനം നടത്തി തന്മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധി നൂറ്റാണ്ടിനു മുമ്പേ നിര്‍ദ്ദേശിക്കാനും കഴിവുണ്ടാകുക എന്നു പറഞ്ഞാല്‍ .... ഹോ... ഓര്‍ക്കുമ്പോള്‍ തന്നെ കുളിരു കയറുന്നു. ദേഹമാസകലം ചൊറിച്ചിലും.

സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ് സമ്മേളനങ്ങള്‍ നടത്താന്‍ മേല്‍നോട്ടവും കേന്ദ്രക്കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും വരുന്നത്. ഒപ്പം പ്രവര്‍ത്തിക്കുന്നവന്റെ പളളയ്ക്കു കയറ്റാന്‍ കശാപ്പു കത്തി രാകുകയാണ് ബ്രാഞ്ചു മുതല്‍ സംസ്ഥാന ഘടകം വരെ. സഖാക്കള്‍ കണ്ടാല്‍ മിണ്ടില്ല. കല്യാണത്തിനും മരണത്തിനും പോലും ഗ്രൂപ്പു നോക്കിയാണ് പങ്കെടുക്കുക. എതിര്‍ഗ്രൂപ്പുകാരനോട് മിണ്ടുന്നവരെപ്പോലും ശത്രുലിസ്റ്റില്‍ പെടുത്തും, മറുഗ്രൂപ്പ്. സമത്വസുന്ദര ലോകം പണിയാന്‍ തറ്റുമുടുത്തിറങ്ങിയ പ്രസ്ഥാനത്തിന്റെ അവസ്ഥയാണിത്.

സൗമ്യനും പണ്ഡിതനുമായ പാവം സിപി മാഷ് പഴിയെല്ലാം മാധ്യമങ്ങളുടെ തലയില്‍ വച്ചുകെട്ടുന്നുവെന്നാണ് ബുദ്ധിയില്ലാത്ത നമുക്ക് തോന്നുക. പാര്‍ട്ടിയിലെ ഗ്രൂപ്പു പോരിന്റെ ചോരയും ചലവും മുമ്പെങ്ങുമില്ലാത്ത വിധം മാധ്യമങ്ങളിലൂടെ ഒഴുക്കി വിടുന്ന പ്രവണത എന്ന് എവിടെ തുടങ്ങി എന്നൊക്കെ അദ്ദേഹത്തിന് നന്നായി അറിയാം. ഈ എഴുത്ത് മനോരമയെയോ മാതൃഭൂമിയെയോ ഉദ്ദേശിച്ചാണെന്ന് മാരീചന് കരുതുന്നതേയില്ല.

സഖാവിന്റെ വാദം നോക്കൂ. "അവരില്‍ ചിലരുടെ ആഗ്രഹം പാര്‍ടിയില്‍ ഒരു വിഭാഗത്തെ തോല്‍പിച്ച് വേറൊരു വിഭാഗം മേല്‍ക്കൈ നേടണം എന്നതാണ്. ഒരു വിഭാഗം പുറത്തുപോകുകയോ നാമാവശേഷമാകുകയോ വേണം. അങ്ങനെ സംഭവിച്ചാല്‍ പാര്‍ടി ക്ഷീണിക്കും. പാര്‍ടി ക്ഷീണിക്കുകയോ തകരുകയോ ചെയ്യുന്നതിലാണ് നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. സിപിഐ (എം)നെ തകര്‍ത്ത് തരിപ്പണമാക്കാന്‍ നക്സലൈറ്റുകാരെയും എം വി രാഘവനെയും കെ ആര്‍ ഗൌരിയമ്മയെയും കരുക്കളാക്കി ഓരോരോ കാലത്ത് പലരും കളിച്ചുനോക്കി".

പാര്‍ട്ടിയില്‍ ഒരുവിഭാഗത്തെ പുറന്തളളി വേറൊരു വിഭാഗം മേല്‍ക്കൈ നേടണമെന്ന് ആഗ്രഹിക്കുന്നത് മാധ്യമങ്ങളാണോ? അതോ പാര്‍ട്ടിയിലെ ചിലരാണോ? ആരാണ് സി പി പറയുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍? മനോരമയും മാതൃഭൂമിയുമാണോ?

മനോരമയുടെയും മാതൃഭൂമിയുടെയും വാണിജ്യതാല്‍പര്യങ്ങള്‍ക്ക് സിപിഎമ്മില്‍ രണ്ടോ നാലോ വിഭാഗങ്ങള്‍ ഉണ്ടാകുന്നതു തന്നെയാണ് നല്ലത്. ഒരു വിഭാഗം മാത്രമായാല്‍ പിന്നെ ഗ്രൂപ്പു പോരിന്റെ ഹരം പകരുന്ന വാര്‍ത്തകള്‍ക്ക് സ്കോപ്പെവിടെ? പിണറായിയും വിഎസും അടിപിടിയും പാരവെപ്പുമായി എത്രകാലം തുടരുന്നുവോ അത്രയും പത്രങ്ങള്‍ക്ക് കുശാലാണ്. പൊന്‍മുട്ടയിടുന്ന ഗ്രൂപ്പു താറാവിനെ കറിവെച്ച് തിന്നുകയെന്ന ബുദ്ധിമോശം മാത്തുക്കുട്ടിച്ചായനോ വീരേന്ദ്രകുമാറോ ചെയ്യുമോ? കച്ചവടക്കാരല്ലേ സഖാവേ അവരൊക്കെ.

പിന്നെയുളളത് സ്ഥിരം ശത്രുക്കളാണ്. അതായത് സിഐഎ. ജോര്‍ജ് ബുഷും കോണ്ടോലിസ റൈസുമൊക്കെ ലോകത്തേറ്റവും പേടിക്കുന്ന തലച്ചോറുകള്‍ സ്ഥിതി ചെയ്യുന്നത് എ കെ ജി സെന്ററിലാണെന്നാണ് പാര്‍ട്ടി പറയുന്നത്. ആഗോള മുതലാളിത്തത്തിന്റെ ആപ്പീസു പൂട്ടിക്കാനുളള ഒറ്റമൂലിയുടെ ചേരുവ അറിയാവുന്ന അപൂര്‍വ സിദ്ധവൈദ്യസഖാക്കളാണ് പിണറായി വിജയനും വി എസ് അച്യുതാനന്ദനും. ശനിയുടെ അപഹാരം മൂലം പരസ്പരം ആപ്പീസു പൂട്ടിക്കാനുളള മരുന്നിനാണ് ഇരുവരും തലപുകയ്ക്കുന്നത്.

പക്ഷേ, സി പി ഉദ്ദേശിക്കുന്ന ആ നിക്ഷിപ്ത താല്‍പര്യക്കാര്‍ തല്‍ക്കാലം മാധ്യമങ്ങളോ സിഐഎയോ അല്ലതന്നെ. മാധ്യമങ്ങളെ ചാരി എതിര്‍ഗ്രൂപ്പിനെ പെടയ്ക്കുന്ന സ്ഥിരം കലാപരിപാടി തന്നെയാണ് ഈ ലേഖനത്തിലും നിഴലിക്കുന്നത്. സംസ്ഥാനസമ്മേളനത്തില്‍ നിലവിലുളള ഔദ്യോഗിക വിഭാഗത്തെ പുകച്ച് പുറത്തു ചാടിക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ ആഭിചാരവും മന്ത്രവാദവും നടത്തുന്നവര്‍ക്കുളള മറുപടിയാണ് സി പി ചിന്തയിലൂടെ നല്‍കുന്നത്.

അര്‍ത്ഥ ശങ്കയുടെ എല്ലാ പഴുതുമടച്ച് സിപി ഇങ്ങനെ എഴുതുന്നു. "ആ സമീപനത്തിന്റെ കേന്ദ്രബിന്ദു പാര്‍ടിയെ മാര്‍ക്സിസം-ലെനിനിസത്തെയും ജനാധിപത്യ കേന്ദ്രീകരണത്തെയും ആധാരമാക്കി ഇന്ന് പ്രസക്തമായ രാഷ്ട്രീയ നയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പിന്നില്‍ അണിനിരത്തുകയാണ്. അതിന് ഉപകരിക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ കയ്യാളാന്‍ അണികളെ ജാഗരൂകരാക്കുക. ഇതിനാണ് കേന്ദ്രക്കമ്മിറ്റിയും സംസ്ഥാനക്കമ്മിറ്റിയും ഏകമനസ്സായി പ്രയത്നിച്ചുവരുന്നത്. ഇപ്പോഴത്തെ പാര്‍ടി സംസ്ഥാനകമ്മിറ്റി യോഗവും തുടര്‍ന്നുനടന്ന മേഖലാ റിപ്പോര്‍ട്ടിങ്ങുകളും വെളിവാക്കുന്നത് അതാണ്".

ഔദ്യോഗിക വിഭാഗത്തെ പുറത്താക്കി പാര്‍ട്ടി പിടിച്ചിട്ട് കുളിക്കാന്‍ വെളളം തിളപ്പിക്കേണ്ട എന്ന് വി എസ് അച്യുതാനന്ദനോട് ഭംഗിയായി പറയുന്നു സി പി. അത്തരം നീക്കങ്ങളെ തടയാന്‍ കേന്ദ്ര സംസ്ഥാനക്കമ്മിറ്റികള്‍ ഇപ്പോഴേ ജാഗരൂകമാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ കോടി കൈപ്പറ്റിയപ്പോള്‍ കാട്ടിയ ജാഗ്രതക്കുറവൊന്നും ഇക്കാര്യത്തില്‍ പ്രതീക്ഷേക്കേണ്ട. മുട്ടിനപ്പുറം ചാടിയാല്‍ പൊരിച്ചു തന്നെ തിന്നും. അതിന് തിളപ്പിച്ചിട്ടിരിക്കുന്ന എണ്ണയാണ് കേന്ദ്രക്കമ്മിറ്റിയുടെ സമ്മേളന മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി നല്‍കിയ മറ്റൊരു സമയോചിത ആഹ്വാനത്തെക്കുറിച്ചും സിപി സൂചിപ്പിക്കുന്നുണ്ട്. അതിങ്ങനെ.

"സംസ്ഥാനത്ത് പലേടത്തും പടര്‍ന്നുപിടിച്ചിരിക്കുന്ന പനി, ഖര-ദ്രവ മാലിന്യങ്ങള്‍ വേണ്ടരീതിയില്‍ വേണ്ടസമയത്ത് സംസ്കരിക്കാത്തതുമൂലം ജനങ്ങള്‍ക്കുണ്ടായ ആരോഗ്യപരമായ ഉല്‍ക്കണ്ഠ ഇവയുടെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്കരണത്തില്‍ പാര്‍ടി സഖാക്കള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാനക്കമ്മിറ്റി ആഹ്വാനംനല്‍കിയത് സമയോചിതമായി".

വേണ്ട മാലിന്യങ്ങള്‍ വേണ്ട സമയത്ത് സംസ്കരിക്കാത്തതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് സിപിഎം തിരിച്ചറിഞ്ഞത് നന്നായി. ജനാധിപത്യവ്യവസ്ഥയനുസരിച്ച് ആ മാലിന്യ സംസ്ക്കരണത്തിന് ഇനിയും മൂന്നര വര്‍ഷം കാത്തിരിക്കണം. വെടിപ്പായിത്തന്നെ ജനം മാലിന്യങ്ങള്‍ സംസ്ക്കരിക്കും. തീര്‍ച്ച. .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X