മിസ്റ്റര്‍ വനംമന്ത്രി, നാണമുണ്ടെങ്കില്‍ രാജി വയ്ക്കുക!

നാണം, ഉളുപ്പ്, മര്യാദ, ധാര്‍മ്മികബോധം ഇത്യാദി കാര്യങ്ങള്‍ ഒരുവ്യക്തിയില്‍ വേണ്ടയളവില്‍ ചേരുമ്പോള്‍ നമുക്കയാളെ ആദര്‍ശവാന്‍ എന്നു വിളിക്കാം. ഏതുകാര്യത്തിലായാലും പൊതുസമൂഹത്തില്‍ നാണം കെടുന്നത് ഒരു ആദര്‍ശവാന് സഹിക്കാനാവില്ല. പൊതുമനസാക്ഷിയുടെ മുന്നില്‍ ചോദ്യശരങ്ങളേറ്റ് പ്രതിസ്ഥാനത്ത് നില്‍ക്കാന്‍ ഒരിക്കലും ഒരാദര്‍ശവാന്‍ തയ്യാറാവില്ല. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് ജീവനേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നവനാകും ആദര്‍ശവാന്‍.

എങ്കില്‍ എങ്ങനെയാണ് കേരളത്തിന്റെ വനംവകുപ്പ് മന്ത്രിയും സിപിഐ നേതാവും സര്‍വോപരി മഹാബുദ്ധിജീവിയുമായ ബിനോയ് വിശ്വം ആദര്‍ശവാന്മാരുടെ പട്ടികയില്‍ ഇടംനേടുന്നത്.?

"ബുദ്ധിജീവികളെക്കൊണ്ട് സമൂഹത്തിന് എന്താണ് പ്രയോജനം" എന്ന സമസ്യ കേരളത്തില്‍ ആദ്യമായി ഉന്നയിച്ചത് ബുദ്ധിമാനും എഴുത്തുകാരനുമായ പോള്‍ സക്കറിയയാണ്. ആ ചോദ്യം ഇന്ന് കേരളം പാഠഭേദം വരുത്തി ചോദിക്കുന്നു. മഹാബുദ്ധിജീവിയായ ഈ വനംമന്ത്രിയെക്കൊണ്ട് നാടിന് എന്താണ് പ്രയോജനം?

പ്രസംഗം പോലെയല്ല നാടു ഭരണമെന്ന് സഖാവിന് മനസിലായി വരുമ്പോഴേയ്ക്കും ആരോപണങ്ങളുടെ മാലിന്യങ്ങള്‍ വേണ്ടുവോളമുണ്ട് അദ്ദേഹത്തിന്റെ ചുമലിലും തലയിലും. കെടുകാര്യസ്ഥതയുടെയും കഴിവുകേടിന്റെയും ചെളിക്കുണ്ടില്‍ കഴുത്തോളം മുങ്ങിനില്‍ക്കുമ്പോഴും എംഎന്‍ സ്മാരകത്തില്‍ മൊത്തക്കച്ചവടത്തിന് വച്ചിരിക്കുന്ന ആദര്‍ശക്കൂമ്പാരത്തിന്റെ സൗമനസ്യം നാട്ടുകാരില്‍ നിന്നും ആവശ്യപ്പെടാന്‍ സഖാവിനും പാര്‍ട്ടിക്കും തെല്ലും ഉളുപ്പുമില്ല.

മന്ത്രി കൈക്കൂലി വാങ്ങിയിട്ടുണ്ടാവില്ല. പക്ഷേ....

പൊന്മുടിയിലെ 'മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് 'എന്ന വനഭൂമി സേവി മനോ മാത്യുവിന് പതിച്ചുകൊടുത്ത് ഐഎസ്ആര്‍ഒയ്ക്ക് കൈമാറാന്‍ ബിനോയ് വിശ്വം കൈക്കൂലി വാങ്ങിയെന്ന് ആരും വിശ്വസിക്കില്ല . എന്നാല്‍ ഈ ഇടപാടില്‍ നിന്നുയരുന്ന ദുര്‍ഗന്ധത്തില്‍ നിന്നും മന്ത്രിയുടെ കഴിവുകേടിന്റെ അഴുകിയ വാട ഒന്നുശ്രദ്ധിച്ചാല്‍ വേറിട്ടറിയാം.

നിയമസഭയില്‍ ഏത് ആരോപണം വന്നാലും ഓരോ മന്ത്രിയും പറയുന്ന സ്ഥിരം മറുപടിയാണ്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സംഗതി തുടങ്ങി വച്ചത് എന്ന്. കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്ത്ത് കടുത്തുപോയതു കൊണ്ടാണ് ഇപ്പോഴത്തെ ഭരണക്കാരെ ജനം ഖജനാവിന്റെ താക്കോലേല്‍പിച്ചത് എന്ന സത്യം അധികാരഗര്‍വില്‍ മറന്നുപോവുകയാണ് ഇടതുപക്ഷം.

അന്നത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാനല്ല മറിച്ച് തിരുത്താനാണ് ഭരണത്തിന്റെ ഓരോ നിമിഷത്തിലും ഇടതുപക്ഷം ശ്രദ്ധപുലര്‍ത്തേണ്ടതെന്ന് വോട്ടു ചെയ്തു വിജയിപ്പിച്ച കഴുതകള്‍ പ്രതീക്ഷിച്ചു പോയി.

മെര്‍ക്കിസ്റ്റണ്‍ ഇടപാട് ഒന്നു ശ്രദ്ധിച്ചു നോക്കൂ. 2001ല്‍ വനംഭൂമിയായി പ്രഖ്യാപിച്ചതാണ് ഈ പ്രദേശം. പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇക്കോളജിക്കലി ഫ്രെജൈല്‍ ലാന്റ്) എന്ന് വനംവകുപ്പ് നിശ്ചയിച്ച് ഏറ്റെടുത്ത സ്ഥലം. ഈ വിവരം റവന്യൂ വകുപ്പിനെ അറിയിക്കുക എന്ന പ്രാഥമികമായ ജോലി ചെയ്യാത്തത് യുഡിഎഫാണ്. ഈ ഉത്തരവാദിത്വത്തില്‍ നിന്നും കഴിഞ്ഞ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. എന്നാല്‍ തുടര്‍ന്നു വന്നവര്‍ ചെയ്തതെന്ത്?

ബഹിരാകാശ സ്ഥാപനത്തിന് ഭൂമിയില്ലെന്ന്....!

ഐഎസ്ആര്‍ഒയ്ക്ക് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട വിഎസ്എസ് സി ഡയറക്ടര്‍ സംസ്ഥാന റവന്യൂ മന്ത്രിക്ക് കത്തയച്ചത് 2006 ഡിസംബര്‍ 16നാണ്. പൊന്മുടിയിലും പാലോടും വിതുരയിലും ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കാടുകയറി വെറുതേ കിടക്കുമ്പോള്‍, സര്‍ക്കാരിന്റെ കൈയില്‍ ഭൂമിയില്ലെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അയ്യപ്പന്‍ നല്‍കിയത്.

മറ്റു സംസ്ഥാനങ്ങള്‍ ഈ സ്ഥാപനത്തിനു വേണ്ടി എത്ര ഏക്കറും സൗജന്യമായി നല്‍കാന്‍ തയ്യാറായിരിക്കെ എന്തു ധൈര്യത്തിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയത്? കേന്ദ്രം അവഗണിക്കുന്നേയെന്ന് നെഞ്ചിലടിയും നിലവിളിയുമായി നടക്കുന്നവരാണ് ഭരണക്കാര്‍. ആരും കഷ്ടപ്പെടാതെ കേരളത്തിലേയ്ക്ക് വന്ന ഒരു കേന്ദ്രസ്ഥാപനത്തോട് നമ്മുടെ ഭരണക്കാരും ഉദ്യോഗസ്ഥരും പുലര്‍ത്തുന്ന സമീപനമെന്ത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് ഈ വിവാദവും ഇതോടൊപ്പം പുറത്തുവരുന്ന വിവരങ്ങളും.

തുച്ഛമായ വിലയ്ക്കാണ് ജയശ്രീ ടീ എസ്റ്റേറ്റ് ആന്റ് ഇന്‍ഡസ്ട്രീസ് ഉടമകളുടെ കൈയില്‍ നിന്നും സേവി ഈ എസ്റ്റേറ്റ് സ്വന്തമാക്കിയത്. സെന്റിന് 636 രൂപ നിരക്കില്‍ 707 ഏക്കര്‍ ഭൂമി മൂന്നേകാല്‍ കോടി രൂപയ്ക്ക് വാങ്ങിയ ആള്‍ 81.5 ഏക്കര്‍ വിഎസ്എസ് സിയ്ക്ക് കൈമാറിയത് മൂന്നു കോടി ഇരുപത്താറു ലക്ഷം രൂപയ്ക്ക്. നാലു വര്‍ഷത്തിനകം ഭൂമിയുടെ വില ഉയര്‍ന്നത് സെന്റിന് നാലായിരം രൂപ.

കരാര്‍ ഉറപ്പിച്ച ശേഷം ഭൂമിയുടെ നിയമക്കുരുക്ക് അഴിക്കാന്‍ നടന്ന സേവിയെ സഹായിച്ചു എന്നതാണ് ബിനോയ് വിശ്വത്തിനെതിരെ ഉയരുന്ന ആരോപണം.

യുഡിഎഫ് കാലത്താണ് ഇയാള്‍ ഭൂമി സ്വന്തമാക്കിയതെന്ന് മന്ത്രി പറയുന്നത് ശരി. വനംഭൂമി സ്വന്തമാക്കാന്‍ സേവിയ്ക്ക് യുഡിഎഫ് ഒത്താശ ചെയ്തുകൊടുത്തോ എന്നൊക്കെ അന്വേഷണത്തില്‍ തെളിയേണ്ട കാര്യമാണ്. എന്നാല്‍ ഇയാളുടെ ഏറ്റെടുത്ത ഭൂമി വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി ഗോപിനാഥന്‍ ഉത്തരവ് പുറപ്പെടുവിച്ചത് 2007 ജൂണ്‍ 12നാണ്. യുഡിഎഫുകാരുടെ സമ്മര്‍ദ്ദം മൂലമാണോ ബിനോയ് വിശ്വത്തിന്റെ വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ഉത്തരവിറക്കിയത്?

കളളത്തരത്തിന് മന്ത്രിവക ഉപദേശം

വിഎസ് എസ് സിയുമായി സേവി മനോ മാത്യു ഭൂമിക്കരാറുണ്ടാക്കിയത് 2007 മാര്‍ച്ച് ഏഴിനാണ്. വനഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കാന്‍ സേവിയോട് നിര്‍ദ്ദേശിച്ചത് സാക്ഷാല്‍ ബിനോയ് വിശ്വം. 2007 ഏപ്രില്‍‍ 16ന് വനംമന്ത്രിയുടെ കാബിനില്‍ തൊഴില്‍ മന്ത്രി പി കെ ഗുരുദാസനെയും വിളിച്ചിരുത്തിയാണ് സേവിയോട് ബിനോയ് ഈ നിര്‍ദ്ദേശം നല്‍കിയത്.

പരിസ്ഥിതി ദുര്‍ബല പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വനഭൂമി പതിച്ചു കിട്ടാനുളള വഴികള്‍ സംസ്ഥാന വനം മന്ത്രി തന്നെ നിര്‍ദ്ദേശിക്കുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അപേക്ഷ നല്‍കിയ ആള്‍ക്കനുകൂലമായി ജൂണ്‍ 12ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. ഇതൊക്കെ ചെയ്തത് യുഡിഎഫുകാരാണോ മിസ്റ്റര്‍ ബിനോയ് വിശ്വം?

തൂത്തമ്പാറ എസ്റ്റേറ്റിന്റെ കാര്യത്തില്‍ മന്ത്രിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി വനംവകുപ്പ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യവും പുറത്തുവന്നിട്ടുണ്ട്. പോബ്സണ്‍ ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയിരുന്ന നെല്ലിയാംപതിയിലെ തൂത്തമ്പാറ എസ്റ്റേറ്റ് തോട്ടമാണെന്നും തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി പ്ലാന്റേഷന്‍ കോര്‍പറേഷന് കൈമാറുമെന്നുമായിരുന്നു തോട്ടം ഏറ്റെടുത്തതുമുതല്‍ മന്ത്രി ബിനോയ് വിശ്വം വാദിച്ചിരുന്നത്.

എസ്റ്റേറ്റ് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് പോബ്സണ്‍ ഗ്രൂപ്പ് പാലക്കാട് സബ് കോടതിയില്‍ ഒ എസ് 233യ07 നമ്പരായി നല്‍കിയ കേസില്‍ വനം കണ്‍സര്‍വേറ്റര്‍ നല്‍കിയ സത്യവാങ്മൂലമാണ് മന്ത്രിയുടെ വാദങ്ങള്‍ തളളുന്നത്. തൂത്തമ്പാറ എസ്റ്റേറ്റ് തോട്ടമല്ലെന്നും കേന്ദ്ര വനസംരക്ഷണ നിയമം പൂര്‍ണതോതില്‍ ബാധകമായ റിസര്‍വ് ഫോറസ്റ്റാണെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ മുന്നേ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി സംഘടനകളുടെ വാദങ്ങള്‍ മന്ത്രി ബിനോയ് വിശ്വം പരിഹസിച്ചു തളളുകയായിരുന്നു.

പോബ്സണു വേണ്ടിയും ബിനോയ് വിശ്വം

എസ്റ്റേറ്റ് തോട്ടമാണെന്ന് സമര്‍ത്ഥിച്ചാല്‍ ഇനിയും അത് പോബ്സണിന്റെ കൈവശമെത്താനുളള സാധ്യതയുണ്ട്. കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ പരിരക്ഷണം ലഭിച്ചാല്‍ തൂത്തമ്പാറ റിസര്‍വ് വനമായി സംരക്ഷിക്കപ്പെടും. അതൊഴിവാക്കാന്‍ ആരുടെയൊക്കെയോ കയ്യിലെ പാവയാവുകയായിരുന്നു ബിനോയ് വിശ്വം. മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടു മൂലമാണ് വനംവകുപ്പിന്റെ ഈ നീക്കം നടക്കാതെ പോയത്.

ഇതിനിടെ പോബ്സണു വേണ്ടി കേന്ദ്രമന്ത്രി ജയറാം രമേശ് രംഗത്തെത്തുക കൂടി ചെയ്തതോടെ അവരുടെ സ്വാധീനത്തിന്റെ ആഴവും ശക്തിയും വ്യക്തമായി. കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്കയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍‍ത്തി നല്‍കിയാണ് വനംവകുപ്പ് മുഖ്യമന്ത്രിയോട് അരിശം തീര്‍ത്തത്.

"നടപടികള്‍ക്കും അറിവിലേയ്ക്കും" എന്ന മേല്‍ക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വനംമന്ത്രിക്ക് നല്‍കിയ ജയറാം രമേശിന്റെ കത്ത് വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമസ്ഥാപനങ്ങളില്‍ നേരിട്ട് എത്തിക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നു. വിഡ്ഢിച്ചിരിയും നിസംഗതയും കൊണ്ടാണ് ബിനോയ് വിശ്വം ആരോപണങ്ങളെ നേരിട്ടത്.

നാടിന് ശാപം ഈ ബുദ്ധിജീവി

ബുദ്ധിജീവി ജാടകളുടെ ആടയാഭരണങ്ങളിഞ്ഞ് പ്രസംഗവേദികളില്‍ വിടുവായത്തം പറയുന്ന ബിനോയ് വിശ്വം കേരളത്തിന്റെ വനഭൂമിയുടെയും പരിസ്ഥിതിയുടെയും ശാപമായി മാറുകയാണ്. പരിസ്ഥിതി വകുപ്പ് തന്നില്‍ നിന്നും എടുത്തുമാറ്റിയതിന് മുഖ്യമന്ത്രിയോട് കൊതിക്കെറുവുമായി നടക്കുന്നയാളാണ് ബിനോയ്. ആ വകുപ്പു കൂടി ഇദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥയെന്ന് ഓര്‍ക്കുമ്പോഴേ കേരളത്തിലെ അവശേഷിക്കുന്ന വനഭൂമിയുടെ ഉളളുകിടുങ്ങും.

മെര്‍ക്കിസ്റ്റണും തൂത്തമ്പാറയും ബിനോയ് വിശ്വത്തിന്റെ ആദര്‍ശശുദ്ധിയുടെ അമ്ലപരിശോധനയാണ്. പരിശോധനാഫലം മന്ത്രിയുടെ പുറംജാടകളെ തീര്‍ത്തും പരിഹസിക്കുന്നതും. കെട്ടുനാറാതെ മാന്യമായി ഇറങ്ങിപ്പോകുന്നതാണ് ബിനോയ് വിശ്വത്തിന് നല്ലത്. പ്രസംഗവേദികളിലെ മൈക്കുകള്‍ സഖാവിനു വേണ്ടി കാത്തിരിപ്പുണ്ട്.

"വെര്‍ബര്‍ ഡയേറിയ" ബാധിച്ച നാവിന്റെ ബലത്തില്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ ബിനോയിക്ക് ശിഷ്ടകാലം കഴിഞ്ഞു കൂടാം. ദയവു ചെയ്ത് മന്ത്രിക്കസേരയില്‍ ഇനിയിരിക്കരുത്. താങ്കള്‍ ആ കസേരയില്‍ തുടരുന്ന ഓരോ നിമിഷവും കേരളത്തിലെ കാടുകള്‍ ഭീഷണിയിലാണ്. ബുദ്ധിജീവി ജാടകള്‍ താങ്കള്‍ക്ക് അലങ്കാരമായേക്കാം. വനഭൂമിയ്ക്കും കേരളത്തിനും അതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. അതുകൊണ്ട്, മിസ്റ്റര്‍ ബിനോയ് വിശ്വം, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുമ്പെ, രാജിവച്ചിറങ്ങിപ്പോവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+