വാളയാറിനിപ്പുറം ഒരു നയം, ഹൊസൂരിനപ്പുറം വേറൊന്നും!!
നിയമസഭയില്‍ തമിഴ്‍നാട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് കെങ്കേമം. കര്‍ണാടകത്തുകാര്‍ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണത്രേ. തമിഴ് ജനതയോട് ഭാഷാപരമായ വൈരാഗ്യം വെച്ചു പുലര്‍ത്തുകയാണത്രേ. അവിടവും കടന്ന് തമിഴരുടെ താല്‍പര്യങ്ങള്‍ ഹനിക്കാന്‍ കര്‍ണാടകത്തിലെ ഒരു പണിയുമില്ലാത്ത കുറെ ഭാഷാ ഭ്രാന്തന്മാര്‍ തെരുവിലിറങ്ങിയിരിക്കുന്നുവെന്നും കരുണാനിധി ആക്ഷേപിക്കുന്നു.
തമിഴ് മുതലൈ അമൈച്ചറുടെ ഈ നിലവിളി ശരാശരി മലയാളി സഹതാപത്തോടെയാണ് ശ്രവിക്കുക. വാളയാറിനിപ്പുറം ഒരു നയവും ഹൊസൂരിനപ്പുറം വേറൊരു നയവുമാണോ കരുണാനിധിക്കെന്ന് നാം സംശയിക്കണം. ഇടുക്കി ഡാം തകര്‍ന്നാല്‍ വെളളത്തിനടിയിലാകുന്ന ജില്ലകളുടെയും ഒലിച്ചു പോകുന്ന മനുഷ്യരുടെയും കണക്ക് കേരളം പറഞ്ഞപ്പോള്‍ നല്ല ചെന്തമിഴില്‍ പുച്ഛിച്ച് ചിരിച്ച മനുഷ്യന്‍, ഇപ്പോള്‍ ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പേരില്‍ നിലവിളിക്കുന്നത് കേള്‍ക്കാന്‍ രസമില്ലേ.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ വേണ്ടി തമിഴ്‍നാട്ടില്‍ കാണിച്ച പേക്കൂത്തുകള്‍ കരുണാനിധി ഓര്‍ക്കുന്നുണ്ടാവുമോ ആവോ? ഇന്ന് കര്‍ണാടകത്തിലെ ഭാഷാ ഭ്രാന്തന്മാര്‍ ബസിന്റെ ടയര്‍ കുത്തിക്കീറാനും തമിഴ്‍നാട്ടിലേയ്ക്കുളള ട്രെയിന്‍ ഗതാഗതം തടയാനും തുനിഞ്ഞിറങ്ങുന്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ച് കരുണാനിധി വിലപിക്കുന്നു.
സേലം റെയില്‍വേ ഡിവിഷന്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുളള തര്‍ക്കത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ തിരുവോണ നാളില്‍ കേരളത്തിലേയ്ക്കുളള തീവണ്ടികള്‍ തടയാന്‍ സ്വന്തം അനുചരന്മാരോട് ആജ്ഞാപിച്ച വേഷത്തിനും ഉണ്ടായിരുന്നു, ഒരു കരുണാനിധി ഛായ.
വെളളം ആവശ്യമുളളവര്‍ക്ക് യഥേഷ്ടം കിട്ടണം. കുടിവെളള ക്ഷാമം അതിരൂക്ഷമാകുന്ന ഇക്കാലത്ത് വെളളത്തിന്റെ വില വലുതു തന്നെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് കാര്‍ഷിക വൃത്തിയ്ക്കുളള പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍, കൃഷിയ്ക്ക് വെളളമെത്തിക്കുക എന്നതും ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്.
കാവേരിയും പെരിയാറും കബനിയും ഉറവ പൊട്ടി ഒഴുകുന്നത് ഏതെങ്കിലും സംസ്ഥാനത്തിനു വേണ്ടിയോ ഏതെങ്കിലും ഭാഷ സംസാരിക്കുന്നവനായി മാത്രമോ അല്ല. മനുഷ്യസംസ്കൃതിയുടെ സ്വത്താണ് നദികള്‍. അതിലൂടെ ഒഴുകുന്ന വെളളത്തില്‍ മനുഷ്യന്‍ ആവോളം മാലിന്യം കലര്‍ത്തിയിട്ടുണ്ട്. ഭാഷാഭിമാനത്തിന്റെയും സങ്കുചിത പ്രാദേശിക വാദത്തിന്റെയും കാളകൂടം കൂടി കലര്‍ത്തി അതിനെ രാഷ്ട്രീയ മുതലെടുപ്പിന്റെ പാടങ്ങളിലേയ്ക്ക് ഒഴുക്കി വിടുന്നവര്‍ വരും തലമുറകളോട് കൊടും ക്രൂരതയാണ് ചെയ്യുന്നത്.
ഹൊഗനക്കല്‍ പദ്ധതിയുടെ പേരിലും കുറെ പാവങ്ങള്‍ കുരുതി കൊടുക്കപ്പെട്ടേയ്ക്കാം. ജീവിക്കാന്‍ വേണ്ടി അന്യനാട്ടില്‍ കഷ്ടപ്പെടുന്നവരുടെ ജീവനാണ് വിലപേശാനുളള ഇരുകൂട്ടരുടെയും ആയുധം. ബാംഗ്ലൂരിലും മൈസൂരിലും പണിയെടുത്തു ജീവിക്കുന്ന തമിഴര്‍ കര്‍ണാടകത്തിലെ പ്രക്ഷോഭ ഭ്രാന്തന്മാര്‍ക്ക് കത്തിച്ചു രസിക്കാനുളള കോലങ്ങളും പന്തങ്ങളുമാകും. ചെന്നൈയിലോ കോയമ്പത്തൂരോ കൂലിപ്പണിയെടുക്കുന്ന കന്നഡിഗന്റെ ജീവനെടുത്ത് തമിഴ്‍നാട്ടിലെ പ്രതികാര ഭ്രാന്തന്മാര്‍ പകരം വീട്ടും.
ധര്‍മ്മപുരിയിലെയും കൃഷ്ണഗിരിയിലെയും നാല്‍പത് ലക്ഷത്തിനു മീതെ വരുന്ന വോട്ടാണ് കരുണാനിധിയുടെ ലക്ഷ്യം. അതിന് തമിഴ് ഭാഷാഭിമാനവും വംശാഭിമാനവും കൃത്യമായ അളവില്‍ പൊടിച്ചു ചേര്‍ത്ത വളമുണ്ടാക്കാന്‍ അദ്ദേഹത്തിന് നന്നായി അറിയാം.
കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുന്നു. പ്രാദേശിക കക്ഷികള്‍ക്കും ദേശീയ വേഷത്തില്‍ പ്രാദേശിക ഭ്രാന്ത് പുലമ്പുന്ന കുണ്ടുകിണറ്റിലെ തവളകള്‍ക്കും അന്തര്‍ സംസ്ഥാന വൈരം ആളിക്കത്തിക്കണം. രണ്ടുകൂട്ടരുടെയും പ്രധാന അങ്കക്കളരി സിനിമാ തീയേറ്റരും ഷൂട്ടിംഗ് ലൊക്കേഷനുകളുമാണ്.
കേരളത്തിന് ഇത് കണ്ടു നില്‍ക്കാം. ഇതില്‍ ആരെ അനുകരിക്കുന്നതും ക്രൂരതയാണ്. തമിഴനെ ചുട്ടു കൊന്ന് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കെല്‍പ്പില്ലാത്ത നേതാക്കള്‍ തന്നെയാണ് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ നേര്‍ക്കാഴ്ച. എണ്ണമറ്റ ജലക്കരാറുകളില്‍ ഇരയുടെ വേഷത്തില്‍ കേരളം കരയുമ്പോഴും തമിഴന്, ജീവഭയമില്ലാതെ കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും പണിയെടുത്ത് അവന്റെ കുടുംബത്തെ പോറ്റാം. കേരളത്തില്‍ ഇപ്പോള്‍ ദിനം പ്രതി പറ്റം പറ്റമായാണ് തമിഴര്‍ ജോലിയ്ക്കെത്തുന്നതെന്ന് ഓര്‍മിയ്ക്കുക. തമിഴ് തൊഴിലാളിയുടെ ഗള്‍ഫാണ് കേരളം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പുയര്‍ത്താന്‍ സ്പില്‍ വേകളില്‍ കല്ലുകള്‍ കൊണ്ട് നിറയ്ക്കുന്ന തമിഴ്‍നാടിന്റെ ഓവര്‍ സ്മാര്‍ട്ട്നെസിന് തന്റെ ജീവന്‍ പിഴയായി നല്‍കേണ്ടി വരില്ലെന്ന സാധാരണ തമിഴ് തൊഴിലാളിയുടെ ആശ്വാസമാണ് കേരളത്തിന്റെ നന്മ. കഴിവുകെട്ട ഭരണ നേതൃത്വവും ഉള്‍ക്കാഴ്ചയില്ലാത്ത രാഷ്ട്രീയക്കോമാളികളും ഇത്രയും കാലം എടുത്തിട്ടലക്കിയിട്ടും ഈ നന്മ ഇനിയും നശിച്ചു പോയിട്ടില്ലെന്നതില്‍ നാം അഭിമാനിക്കുക.
പിടിവാശിയും ധാര്‍ഷ്ട്യവും ഉപേക്ഷിച്ച് മനുഷ്യരെപ്പോലെ പെരുമാറുകയാണ് ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ചെയ്യേണ്ടത്. പരാതിയും തര്‍ക്കങ്ങളും പരിഹരിക്കാന്‍ നാട്ടില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ക്ഷണികമായ മിഥ്യാഭിമാനങ്ങളില്‍ അഭിരമിക്കാതെ, യുക്തിബോധത്തെ അടിസ്ഥാനമാക്കിയുളള പ്രശ്നപരിഹാരങ്ങള്‍ തേടാന്‍ കരുണാനിധിയും കര്‍ണാടകവും തയ്യാറാകുമോ?












Click it and Unblock the Notifications