ബലി കുടീരങ്ങളേ... ബലി കുടീരങ്ങളേ...
അധികാരമേറാന്‍ തൊഴിലാളി മാര്‍ഗം, തൊഴിലാളിയെന്നും തൊഴിലാളി മാത്രം എന്നെഴുതിയത് ബാലചന്ദ്രന്‍ ചുളളിക്കാടാണ്. ഇക്കഴിഞ്ഞ ദിവസം എഐടിയുസി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ സഖാവ് വെളിയം ഭാര്‍ഗവനും വ്യക്തമാക്കിയത് ഇതു തന്നെ.(പിന്നെ മാറ്റിപ്പറഞ്ഞു)
സെസ് നടപ്പാക്കാതിരിക്കാന്‍ ആയിരക്കണക്കിന് തൊഴിലാളികളെ ബലി കൊടുക്കുമെന്നാണ് വെളിയം പാലക്കാട്ടുകാരെ സാക്ഷി നിര്‍ത്തി ആക്രോശിച്ചു കളഞ്ഞത്. അതിനും വേണ്ട തൊഴിലാളികളൊക്കെ ഇപ്പോള്‍ സിപിഐയില്‍ ശേഷിക്കുന്നുണ്ടോയെന്ന് സംശയമുളള പാലക്കാട്ടുകാര്‍ മൂക്കത്ത് വെച്ച വിരല് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല.
ആലോചിച്ചു നോക്കിയാല്‍ സംഗതി ശരിയാണ്. നേതാക്കളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്കുളള ബലിമൃഗങ്ങളാണ് തൊഴിലാളികള്‍. പെരുനാളായാലും കല്യാണമായാലും പുലകുളിയായാലും പാവം കോഴികള്‍ക്ക് ജീവന്‍ പോകുന്നതു പോലെ, നേതാക്കളുടെ രാഷ്ട്രീയശാഠ്യങ്ങള്‍ക്കു വേണ്ടി ജീവന്‍ നല്‍കാനുളള ഉത്തരവാദിത്വവും തൊഴിലാളികള്‍ക്കാണ്.
ജീവിതവും യൗവനവും തൊഴിലാളി വര്‍ഗത്തിനു വേണ്ടി ഹോമിച്ചാണ് വെളിയം ഭാര്‍ഗവനും കാനം രാജേന്ദ്രനും കെ ഇ ഇസ്മായിലുമൊക്കെ എം എന്‍ സ്മാരകത്തില്‍ സ്ഥിരതാമസമാക്കിയത്. അവര്‍ക്കു വേണ്ടി ബലിമൃഗങ്ങളാകാത്ത തൊഴിലാളി, എന്തോന്നു തൊഴിലാളി? വര്‍ഗവഞ്ചകനും മൂരാച്ചിയും സാമ്രാജ്യത്വ ദാസനുമല്ലേ, സഖാക്കളേ അവര്‍?
സ്പോണ്‍സേഡ് വിപ്ലവത്തിന്റെ ഉപാസകനാണ് വെളിയം ഭാര്‍ഗവന്‍. എന്തു കൊണ്ടാണെന്നറിയില്ല, കെ എസ് ജോര്‍ജിന്റെ" ബലികുടീരങ്ങളേ"യെന്ന പാട്ടിലെ "ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു" എന്ന വരികളാണ്, ആശാനെ ടിവിയില്‍ കാണുമ്പോഴൊക്കെ ജനം ഓര്‍ത്തു പോകുന്നത്. പ്രതിവിപ്ലവം പ്രചരിപ്പിക്കലാണല്ലോ ടെലിവിഷന്റെ ധര്‍മ്മം തന്നെ. വെളിയത്തിനെ ടിവിയില്‍ കാണിച്ചു തുടങ്ങിയ ശേഷം എത്രയോ സഖാക്കള്‍ വീട്ടിലിരുന്ന മൂലധനവും കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയുമൊക്കെ അടുപ്പിലിട്ട് ചുട്ടെന്നാണ് അസൂയാലുക്കളായ സിപിഎമ്മുകാര്‍ പറഞ്ഞു നടക്കുന്നത്.
ആശാനും ശിഷ്യന്മാര്‍ക്കും ഇടതുമുന്നണിയില്‍ നടു നിവര്‍ന്ന് നില്‍ക്കാനാണ് തൊഴിലാളികളോട് ബലിക്കല്ലിലേയ്ക്ക് മാര്‍ച്ചു ചെയ്യാന്‍ സഖാവ് ആവശ്യപ്പെടുന്നത്. തൊഴിലാളി വര്‍ഗത്തിനു വേണ്ടി സമസ്തവും ഉഴിഞ്ഞു വെച്ച സഖാവാണ് വെളിയം ഭാര്‍ഗവനെന്നത് ലോകപ്രശസ്തം. അടിയന്തരാവസ്ഥക്കാലത്തെ ഉഴിഞ്ഞു വെയ്ക്കലിന്റെ ഊക്കെത്രയെന്ന് രഹസ്യമായി പിണറായി വിജയനോട് ചോദിച്ചാല്‍ പറഞ്ഞും തരും.
തൊഴിലാളിവര്‍ഗ വിമോചനത്തിനു വേണ്ടി വെളിയം വിരല്‍ ഞൊടിച്ചു വിളിച്ചാല്‍ ഭാര്യയോ മകളോ മറ്റു ബന്ധുമിത്രാദികളോ ബലിത്തറയിലേയ്ക്ക് പോകുമോയെന്ന കാര്യം വ്യക്തമല്ല.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായിലിനും ഭാര്യ ഖൈറുന്നീസയ്ക്കുമുണ്ട്, മക്കള്‍ മൂന്ന്. രണ്ടാണും ഒരു പെണ്ണും. സെസിനെതിരെ ബലി കൊടുക്കാന്‍ ആയിരത്തിന്റെ എണ്ണം തികഞ്ഞില്ലെങ്കില്‍ ചെങ്കൊടിയേന്തി ഇവരും കൂടി ബലിത്തറയിലേയ്ക്ക് നീങ്ങുമോയെന്ന കാര്യം പാര്‍ട്ടിയോ ഇസ്മായില്‍ സഖാവോ വ്യക്തമാക്കിയിട്ടില്ല. സഖാവിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത് വിശ്വസിക്കാമെങ്കില്‍ മൂന്നു മക്കള്‍ക്കും ഭാര്യയ്ക്കും ബലിത്തറകള്‍ തീര്‍ത്തും അപ്രാപ്യമാണ്. അവരാഗ്രഹിച്ചാല്‍ പോലും ബലിത്തറ സമ്മതിക്കില്ലെന്നുറപ്പ്.
കുടുംബവും പ്രാരാബ്ധവുമായി വല്ലവിധേനെയും ജീവിച്ചു പോവുന്നവരാണ് നേതാക്കളുടെ മക്കളും മരുമക്കളുമൊക്കെയെന്ന് നമുക്കറിയാം. തൊഴിലാളികള്‍ക്കു വേണ്ടി ജീവന്‍ ഹോമിക്കണമെന്ന ആഗ്രഹമൊക്കെയുണ്ട്. ആണുങ്ങള്‍ക്കാണെങ്കില്‍ ഭാര്യയും മക്കളും സമ്മതിക്കുന്നില്ലെന്നാണ് പരാതി. രാഖി രവികുമാറിനെപ്പോലെയുളള വീര വിപ്ലവ വനിതകള്‍ പോലീസുകാരികളെ കൈവെയ്ക്കുന്ന കലയിലാണ് ശോഭിക്കുന്നത്. ബലിത്തറയിലേയ്ക്കൊക്കെ അവരും വരുമോയെന്ന് കണ്ടറിയണം.
പണ്ടൊക്കെയാണെങ്കില്‍ എന്റെ ശവത്തില്‍ ചവിട്ടിയേ ഇടി വണ്ടി മുന്നോട്ടു പോകൂവെന്ന് പ്രഖ്യാപിച്ച് പൊലീസ് വാനിനു മുന്നില്‍ കിടക്കുന്നതായിരുന്നു, വീര്യവും നേതൃഗുണവും. കാലം മാറി. ആചാരങ്ങളും.
ലവന്മാരെയൊക്കെ ബലി കൊടുത്തും നിന്നെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് പുതിയ വായ്ത്താരി. വ്യായാമം ചെയ്യാന്‍ സമയമില്ലാത്തവര്‍, അതിനു വേണ്ടി കൂലിക്ക് ആളെ വെയ്ക്കുന്ന സമൂഹത്തില്‍ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലേ അതിശയിക്കേണ്ടൂ.
തൊഴിലാളികളെ ബലി നല്‍കല്‍ സഖാവ് വെളിയത്തിന്റെ ഒരു ഹോബി തന്നെയാണെന്ന് സിപിഐയുടെ ചരിത്രം പഠിപ്പിക്കുന്നു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതു മുതല്‍ സ്വന്തം നിലയില്‍ സഖാവ് വെളിയം ഒരുപാട് സഖാക്കളെ ബലി കൊടുത്തിട്ടുണ്ട്.
ലക്കും ലഗാനുമില്ലാതെ വെളിയം ബലി നല്‍കല്‍ തുടര്‍ന്നപ്പോള്‍ കേരളത്തില്‍ സിപിഐ ശോഷിച്ചേ പോയി. ദേശീയ ജനാധിപത്യ വിപ്ലവം നടക്കുന്നതിനു മുമ്പെ സിപിഐയുടെ കാര്യം മഹാബലിയാകുമെന്ന് തിരിച്ചറിഞ്ഞ് ഈയിടെ സംഗതി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
മുന്നും പിന്നും ആലോചിക്കാതെ വെളിയം ഈ വിധം ബലി നല്‍കല്‍ തുടര്‍ന്നാല്‍ അവസാനം നമ്മള്‍ നേതാക്കള്‍ മാത്രമാകില്ലേ, ഒടുവില്‍ ഇതിയാന്‍ നമ്മെയും ബലി നല്‍കുമോ എന്നൊക്കെയുളള ചിന്തകള്‍ പന്ന്യന്‍ രവീന്ദ്രന്‍ മുതല്‍പേര്‍ പങ്കുവെയ്ക്കുന്നുണ്ടെന്നും സംസാരമുണ്ട്. എന്നാണ് വെളിയം തന്നെ ബലി നല്‍കുന്നതെന്ന ആധിയില്‍ യഥാകാലം മുടി വെട്ടിക്കാന്‍ പോലും ആ സഖാവ് മറന്നു പോയതാണത്രേ.
നടേ പറഞ്ഞ ആയിരം ബലിക്ക് ആളു തികഞ്ഞില്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ബലിപ്പണിക്ക് ആളെയിറക്കാനും പാര്‍ട്ടി തയ്യാറായേക്കും. തമിഴ്‍നാട്ടിലും പാര്‍ട്ടി ഒരുവിധം ശക്തമാണ്. അല്ലെങ്കിലും കേരളീയര്‍ക്ക് ചെയ്യാന്‍ വയ്യാത്ത പണികളൊക്കെ തമിഴന്മാരെയാണല്ലോ ഏല്‍പ്പിക്കുന്നത്.
നമുക്കു വേണ്ടി കൂലിപ്പണി മുതല്‍ രക്തസാക്ഷി വരെയാകാന്‍ ഒരുങ്ങിയിറങ്ങുന്ന തമിഴന്മാര്‍ക്ക് ഒന്നോ രണ്ടോ ലിറ്റര്‍ മുല്ലപ്പെരിയാര്‍ വെള്ളം അധികം നല്‍കുന്നതിനെതിരെയാണ് ഇവിടെ പൊരിഞ്ഞ പരാതി. നന്ദിയില്ലാത്തവരാണ് മലയാളികള്‍.
പ്രത്യേക സാമ്പത്തിക മേഖലയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ എവിടെടോ നിന്റ*&^^%*& സെസ് നടപ്പാക്കുന്നത് എന്നാണു പോലും ആശാന്‍ പാലക്കാട്ടുകാരോട് ആക്രോശിച്ചത്. കൊച്ചിയിലാണെന്നെങ്ങാനും ആരെങ്കിലും മിണ്ടിയിരുന്നെങ്കില്‍ ചീനവലകളും മട്ടാഞ്ചേരി പളളിയും വരെ നിന്നു കത്തിയേനെ, ആ ക്രോധത്തീയില്‍.
സെസ് വന്നാല്‍ എഐടിയുസി ശീര്‍ഷാസനത്തില്‍ നിന്ന് എതിര്‍ക്കുമെന്നാണ് ഭൂലോക സെസ് വിദഗ്ധനായ പാനം സോറി, കാനം രാജേന്ദ്രന്‍ പറയുന്നത്. തൊഴിലാളികളെ ബലികൊടുക്കല്‍ ചടങ്ങില്‍ സഖാവും ഫാമിലിയും പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
തൊഴിലാളികളെ വെച്ചുളള ഉഡായിപ്പുകള്‍ മതിയാക്കാന്‍ എഐടിയുസി സഖാക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടോ, സന്നദ്ധ ഭടന്മാരുടെ എണ്ണം ആയിരം തികയാഞ്ഞിട്ടോ, തമിഴ്നാട്ടില്‍ നിന്നുളള ലോറി വാളയാര്‍ ചെക്‍പോസ്റ്റില്‍ തോമസ് ഐസക്ക് തടഞ്ഞിട്ടിട്ടോ എന്നറിയില്ല, ഇരുട്ടി വെളുത്തപ്പോള്‍ ഛര്‍ദ്ദിച്ചൊക്കെ വാരിത്തിന്ന് വെളിയം ആളു ക്ലീനായി.
പ്രത്യേക സാമ്പത്തിക മേഖലകള്‍ വരുന്നത് നല്ലതു തന്നെയാണെന്ന് വെളിയം പറഞ്ഞതായി മാതൃഭൂമി ഇന്റര്‍നെറ്റ് എഡിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെസ് നയം അംഗീകരിച്ചാല്‍ പിന്നെ പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നും കൂടി സഖാവ് അരുളിച്ചെയ്തു. വെളിയത്തിന്റെ അഭിപ്രായം എഐടിയുസിക്ക് ബാധകമല്ലെന്നും അവസാനം തുളളി വരെയും പൊരുതുമെന്നുമാണ് കാനം രാജേന്ദ്രന്‍ ഇപ്പോഴും പറയുന്നത്.
ചുരുക്കം പറഞ്ഞാല്‍ ബലിയാകാനുളള ആയിരങ്ങളെ സംഘടിപ്പിക്കേണ്ട ചുമതല കാനത്തിന്റെ തലയിലിട്ട് വെളിയം ക്ലീനായി തടിയൂരി. ഇനി കാനമായി, പാനമായി... സമരമായി...
മണിക്കൂറും തോറും നിറം മാറുന്ന ഈ പാര്‍ട്ടിക്ക് എന്തോന്ന് നയമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തോമസ് ഐസക്ക് പരിഹസിച്ചത് എത്ര പരമാര്‍ത്ഥം!!
നഷ്ടപ്പെടുവാന്‍ ചങ്ങല മാത്രമാണെന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞതില്‍ ഒരു മുന്നറിയിപ്പുമുണ്ടായിരുന്നു. ചില ചങ്ങലകള്‍ പൊട്ടാതെ സൂക്ഷിക്കാനുളള ചുമതല പൊതുസമൂഹത്തിനുണ്ടെന്ന് ഒരു പ്രവാചകന്റെ ദീര്‍ഘ വീക്ഷണത്തോടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചത് നാം വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ടില്ല. ചില
തെറ്റുകള്‍ക്ക് കാലം നല്‍കുന്ന ശിക്ഷ കനത്തതാണ്. അപ്പീലൊന്നുമില്ലാത്ത ആ ശിക്ഷ അനുഭവിക്കുകയല്ലാതെ മാര്‍ഗമില്ല.
ഇനിയെന്തു ചെയ്യും...? പൊതുയോഗങ്ങളില്‍ ആളു നിറഞ്ഞു, ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞുവെന്ന് പഴയ പാട്ട് തിരുത്തിപ്പാടുക... സ്വയം സമാധാനിക്കുക!..












Click it and Unblock the Notifications