Get Updates
Get notified of breaking news, exclusive insights, and must-see stories!

വരണുണ്ടേ, നമ്മുടെ മൂന്നാം മുന്നണി!!!

പാടുന്ന പിശാചില്‍ ചങ്ങമ്പുഴ വര്‍ണിച്ചതു പോലെ നത്ത്, മലമ്പുളള്, കാട്ടുമാക്കാന്‍, പേപ്പട്ടി, എലി അണലി, വളവളപ്പന്‍ എന്നിവയെ ഒന്നിച്ച് ചേര്‍ത്ത് മൂന്നാം മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു.

ആധുനിക കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുളള പ്രാപ്തി ഇന്ത്യയെന്ന മഹാരാജ്യത്തിന് കൈവരുത്താന്‍ സഖാവ് പ്രകാശ് കാരാട്ട് കൂട്ടുവിളിക്കുന്നത്, പഴയ സുഹൃത്തുക്കളെ തന്നെയാണ്.
തെലുങ്കു ദേശത്തിന്റെ ചന്ദ്രബാബു നായിഡു, ആസാം ഗണ പരിഷത്തിന്റെ ബ്രിന്ദാവന്‍ ഗോസ്വാമി, സമാജ് വാദി പാര്‍ട്ടിയുടെ മുലായം സിംഗ് യാദവ്, രാഷ്ട്രീയ ജനതാദളിലെ ലല്ലു പ്രസാദ് യാദവ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓം പ്രകാശ് ചൗതാല, തമിഴ്‍നാട്ടിലെ ഡി എം കെ നേതാവ് കരുണാനിധി, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരാണത്രേ സാമ്രാജ്യത്വ വിരുദ്ധ - വര്‍ഗീയ വിരുദ്ധ അജണ്ടയുമായി ഒരേ പ്ലാറ്റ്ഫോമില്‍ ഒന്നിച്ചു കൂടാന്‍ പോകുന്നത്.

"ചരിത്രം സൃഷ്ടിച്ച പാര്‍ട്ടി കോണ്‍ഗ്രസ്" എന്ന തലക്കെട്ടില്‍ ദേശാഭിമാനിയെഴുതിയ മുഖപ്രസംഗത്തില്‍ മൂന്നാം മുന്നണി സംബന്ധിച്ച് സിപിഎമ്മിന്റെ കാഴ്ചപ്പാട് ആറ്റിക്കുറുക്കി ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.

"കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാംബദലിനെ സംബന്ധിച്ച മൂര്‍ത്തരൂപം മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞതാണ് രാഷ്ട്രീയനയത്തിലെ പ്രധാന സംഭാവന. പലരും കരുതുംപോലെ തെരഞ്ഞെടുപ്പുമാത്രം ലാക്കാക്കി തട്ടിക്കൂട്ടുന്ന താല്‍ക്കാലിക സംവിധാനമല്ല അത്. നിശ്ചിത പരിപാടിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ രൂപംകൊള്ളുന്ന രാഷ്ട്രീയസംവിധാനത്തിനുമാത്രമേ ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ."

ഉത്തരവാദിത്വത്തോടെ ചുമതല നിര്‍വഹിക്കുന്ന കാര്യം ദേശാഭിമാനിയും സൂചിപ്പിച്ച സ്ഥിതിയ്ക്ക് അങ്ങനെയൊരു ഭരണ സംവിധാനത്തിന്റെ കെട്ടുറപ്പിന് വേണ്ട അംഗബലത്തിന്റെ കണക്കെടുപ്പ് കൗതുകകരമായിരിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം ആകെ മത്സരിച്ചത് 69 സീറ്റിലാണ്. കിട്ടിയത് 5.44 ശതമാനം വോട്ടോടെ 43 സീറ്റ്. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തിരഞ്ഞെടുപ്പ് വിജയം.

ഇനിയിതാവര്‍ത്തിക്കാന്‍ സിപിഎമ്മിന് കഴിയുമെന്ന് തന്റെ വന്യമായ സ്വപ്നങ്ങളിലെങ്കിലും കാരാട്ട് കരുതുന്നുണ്ടോ എന്ന് നമുക്കറിയില്ല. ഇടതുപക്ഷത്തിന്റെ സര്‍വകാല റെക്കോര്‍ഡാണ് ഇപ്പോഴത്തെ 60 എന്ന അംഗബലം. ഇത് നിലനിര്‍ത്താനാവുമെന്ന് ഇടതുപക്ഷമോ അവരുടെ ഏറ്റവും കടുത്ത ആരാധകരോ കരുതുന്നില്ല. ആ സാഹചര്യത്തിലാണ് ചില പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്ക് നേരെ മൂന്നാം ബദലെന്ന സ്വപ്നം സിപിഎം വെച്ചു നീട്ടുന്നത്.

തമിഴ്‍നാട്ടില്‍ 39, ഉത്തര്‍പ്രദേശില്‍ 80, ബിഹാറില്‍ 40, മഹാരാഷ്ട്രയില്‍ 48, ആന്ധ്രയില്‍ 42 എന്നീ കണക്കിലാണ് ആ സംസ്ഥാനങ്ങളിലെ ആകെ പാര്‍ലമെന്റ് സീറ്റുകള്‍. ഈ 249 സീറ്റുകളാണ് മൂന്നാം ബദല്‍ വിളഞ്ഞു വരേണ്ട രാഷ്ട്രീയ വയല്‍.

കാരാട്ടിന്റെ സ്വപ്ന മുന്നണിയില്‍ അണി ചേരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ സീറ്റു നില പരിശോധിക്കാം.

തമിഴ്നാട്ടില്‍ ഡിഎംകെ 16, ഉത്തര്‍പ്രദേശില്‍ മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടി 35, ബീഹാറിലെ ലാലു റാബ്രി പാര്‍ട്ടിക്ക് 22, തെലുങ്കു ദേശത്തിന് 5, മഹാരാഷ്ട്രയിലെ എന്‍സിപി 9. തീര്‍ന്നു പ്രധാന കക്ഷികളുടെ സീറ്റു നില. ആകെ കൂട്ടിയെടുത്താല്‍ 87.

ഇടതുപക്ഷവും അവര്‍ പ്രതീക്ഷിക്കുന്ന സഖ്യകക്ഷികളും നിലവിലെ സ്ഥിതി നിലനിര്‍ത്തിയാല്‍ പോലും 147 സീറ്റുകളാണ് ലഭിക്കുക. ഈ അംഗബലവുമായി അവര്‍ എങ്ങനെയാണ് കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുമിച്ച് അകറ്റി നിര്‍ത്തുക?

ഒന്നുകില്‍ ഇതിലേതെങ്കിലും ഒരു കക്ഷിക്ക് പിന്തുണ നല്‍കുക. അല്ലെങ്കില്‍ അതിലേതെങ്കിലും ഒന്നിന്റെ പിന്തുണയോടെ ഇന്ത്യ ഭരിക്കുക. അല്ലാതെ എന്ത് സാധ്യതയാണ്, കോയമ്പത്തൂരില്‍ നിന്നുളള തുടികൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെ ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിലേയ്ക്ക് വീണ്ടും ചിറകടിച്ചുയരാന്‍ വെമ്പുന്ന മൂന്നാം ബദലിനുളളത്?

സിപിഎമ്മിന് 5.44ഉം സിപിഐയ്ക്ക് 1.41 ഉം ശതമാനം വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയത്. ആര്‍എസ്‍പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷങ്ങളുടെ കാര്യം പ്രത്യേകം പറഞ്ഞാല്‍ അവര്‍ക്ക് നാണക്കേടില്ലെങ്കിലും വായിക്കുന്നവര്‍ക്കുണ്ടാകുമല്ലോ?

ഡിഎംകെ1.81, ജനതാദള്‍ സെക്കുലര്‍ 1.47, ജനതാദള്‍ യുണൈറ്റഡ് 2.35, ആര്‍ജെഡി 2.41, സമാജ് വാദി പാര്‍ട്ടി 4.32, തെലുങ്കു ദേശം 3.04, എന്‍സിപി 1.80 എന്നിങ്ങനെയാണ് മൂന്നാം ബദലിന് തയ്യാറെടുക്കുന്നവരുടെ ശേഷി ശതമാനക്കണക്കില്‍.

അതായത് ഇടതുപക്ഷവും മൂന്നാം ബദലും ഒത്തുപിടിച്ചാലും ഇന്ത്യയുടെ ജനസംഖ്യയില്‍ കഷ്ടിച്ച് പത്തു ശതമാനത്തിന്റെ പിന്തുണയേ ഉളളൂവെന്നര്‍ത്ഥം.

ദേശാഭിമാനിയുടെ വാചകത്തിലേയ്ക്ക് തിരിച്ചു പോകാം. നിശ്ചിത പരിപാടിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ രൂപംകൊള്ളുന്ന രാഷ്ട്രീയസംവിധാനത്തിനു മാത്രമേ ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പത്രം പറയുന്നത്. അതിലെ ആത്മാര്‍ത്ഥതയെ നമുക്ക് വിശ്വസിക്കാം. പ്രായോഗികതയോ?

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+