Get Updates
Get notified of breaking news, exclusive insights, and must-see stories!

വരണുണ്ടേ, നമ്മുടെ മൂന്നാം മുന്നണി!!!

അഴിമതിയുടെ കരിമ്പടം പുതച്ചു കിടക്കുന്ന ഇന്ത്യയിലെ ബ്യൂറോക്രസിയുടെ നീരാളിക്കൈകളില്‍ പെട്ട് ചക്രശ്വാസം വലിക്കുകയാണ് ഭാരത പൗരന്‍. ലാലുവിനെയും മുലായത്തിനെയും ശരദ് പവാറിനെയും പോലുളള താപ്പാനകളെ മുന്‍നിര്‍ത്തി ഈ പൗരന് എന്തു പ്രതീക്ഷയാണ് പ്രകാശ് കാരാട്ട് വാഗ്ദാനം ചെയ്യുന്നത്?

ഭരണക്കസേരയിലിരുന്ന് തീവെട്ടിക്കൊളള നടത്തുന്ന പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് രാജ്യം മുഴുവനായി തീറെഴുതിക്കൊടുക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കില്‍, കഷ്ടമെന്നല്ലാതെ എന്തു പറയാന്‍?

സ്വന്തം സംസ്ഥാനത്തിന്റെ 'ഠ' വട്ടമാണ് ഈ കക്ഷികളുടെ രാഷ്ട്രീയ സ്വപ്നങ്ങളുടെ 'പൈയാര്‍ സ്ക്വയര്‍'. സ്വന്തം നാടിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കപ്പുറം ഒരു അന്താരാഷ്ട്ര അജണ്ടയുളളത് കരുണാനിധിക്കു മാത്രം. അതുപക്ഷേ, ശ്രീലങ്കയിലെ തമിഴ് ഈഴത്തിനപ്പുറം പോകില്ല. മുലായത്തിനും ലാലുവിനും എന്ത് സാമ്രാജ്യത്വ വിരോധം?

ജാതീയതയും പ്രാദേശിക വാദവും ആളിക്കത്തിച്ച് രാഷ്ട്രീയാസ്ഥിത്വം നിലനിര്‍ത്തുന്നവര്‍ക്ക്, അവരുടെ തട്ടകങ്ങളില്‍ കൂടുതല്‍ തീവ്രതയോടെ നിലയുറപ്പിക്കാം. പഴയ പരീക്ഷണങ്ങളുടെ ഫലവും മൂന്നാം ബദലിന്റെ രാഷ്ട്രീയാതിജീവനം സംശയകരമായ സമസ്യയാക്കുന്നു.

ഇന്ത്യ നേരിടുന്ന ഒരു പ്രശ്നത്തിലും ദേശീയ വീക്ഷണം പ്രകടിപ്പിച്ചിട്ടില്ലാത്ത നാടുവാഴിത്തമ്പുരാക്കന്മാരാണ് ഏച്ചു കെട്ടിയ മൂന്നാം മുന്നണിയുമായി ഇന്ത്യയെ പുരോഗതിയുടെ പരലോകത്തെത്തിക്കാനിറങ്ങുന്നത്. മുല്ലപ്പെരിയാറില്‍ കേരളം കണ്ട പ്രാദേശിക ധാര്‍ഷ്ട്യം അണുവിട തെറ്റാതെ ഹൊഗനക്കലിലും ആവര്‍ത്തിക്കുമ്പോള്‍ പ്രത്യേകിച്ചും.

അല്ലെങ്കിലും അതൊന്നും സിപിഎമ്മിന്റെ പ്രശ്നമല്ലല്ലോ. ചൈനയെയും ഇറാനെയും അമേരിക്കയില്‍ നിന്നും സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന പാര്‍ട്ടിയല്ലേ അത്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് കേരളത്തിലെ രണ്ടോ മൂന്നോ ജില്ലകള്‍ ഒലിച്ചു പോയാലും ചൈനയ്ക്ക് ഒന്നും സംഭവിക്കരുത്.

അതിരൂക്ഷമായ ഒട്ടെറെ പ്രശ്നങ്ങളില്‍ പെട്ടുഴലുകയാണ് നിരക്ഷരനും ദാരിദ്ര്യരേഖക്കാരനുമായ പൗരന്‍. പട്ടിണിയും ദാരിദ്ര്യവും പരിചയിച്ചു വരുമ്പോള്‍, വരള്‍ച്ചയും പ്രകൃതി ദുരന്തങ്ങളും ഇടിവെട്ടു പോലെ അവന്റെ നെറുകയില്‍ പതിക്കുന്നു. ബ്യൂറോക്രസിയില്‍ നടമാടുന്ന കൊടിയ അഴിമതിയും കാര്യക്ഷമതയില്ലായ്മയും കൂടിയാകുമ്പോള്‍ ജീവിക്കാനുളള ആശയ്ക്കു മേലെ അവസാനത്തെ ആണിയുമാകും. മൂന്നാം മുന്നണി അവന് എങ്ങനെയാണ്, എവിടെയാണ് പ്രതീക്ഷയുടെ പച്ചത്തുരുത്താകുന്നത്?

കെട്ടുറപ്പുളള ഒരു ഭരണ സംവിധാനമാണ് രാജ്യത്തിനാവശ്യം. ഫെഡറല്‍ സംവിധാനം പൊളിച്ചെഴുതണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. കിട്ടുന്നതെല്ലാം സ്വന്തം സംസ്ഥാനത്തേയ്ക്ക് മാത്രം വേണമെന്നാഗ്രഹിക്കുന്ന ലാലു, ഡിഎംകെ, തെലുങ്കു ദേശം കക്ഷികളില്‍ നിന്ന് എന്ത് ഫെഡറല്‍ നീതിയാണ് കേരളം പോലുളള സംസ്ഥാനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്?

ശക്തമായ സമ്മര്‍ദ്ദ ഗ്രൂപ്പായി ഒരു മൂന്നാം മുന്നണി നിലവില്‍ വന്നാല്‍ കേരളം പോലുളള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രാവഗണനയാവും ലഭിക്കുക. 20 എംപിമാരും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിട്ടും ഒരു ബാംഗ്ലൂര്‍ തിരുവനന്തപുരം പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തീവണ്ടി പോലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയ്ക്ക് സംഘടിപ്പിക്കാനായില്ല. സഖാക്കളുടെ പ്രത്യയശാസ്ത്ര നിഘണ്ടുവില്‍ യാത്രാക്ലേശമോ, ചെറിയ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ബജറ്റ് വിഹിതമോ ഒന്നുമല്ല പ്രധാനം. ഇറാനിലും ചൈനയിലും ഫലസ്തീനിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരമുണ്ടാകണമെന്നില്ല

ആഗോളതലത്തില്‍ അലയടിച്ചുയരുന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താനുളള കരിമരുന്ന് പ്രയോഗത്തിനിടയില്‍ അല്‍പം യാത്രാക്ലേശമോ ഒരണക്കെട്ട് തകര്‍ച്ചയോ കുടിവെളളക്ഷാമമോ വരള്‍ച്ചാ ദുരിതാശ്വാസത്തില്‍ നേരിടുന്ന അവഗണനയോ ഒന്നും കാര്യമാക്കരുത്. കടുത്ത സൈദ്ധാന്തിക ചര്‍ച്ചയ്ക്കിടയില്‍ ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വലതുപക്ഷ വ്യതിയാനമായി കണക്കാക്കി പാര്‍ട്ടി ശിക്ഷ വിധിക്കും.

പഴയകാല വാചകമടികളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷം അനുഭവിക്കുന്ന ഗതികേടിന്റെ സ്വഭാവികതയാണ് മൂന്നാം മുന്നണി പ്രയോഗം. കോണ്‍ഗ്രസിനെയും ബിജെപിയെയും അമേരിക്കയെയുമൊക്കെ പണ്ടുതന്നെ മുഖ്യശത്രുക്കളുടെ ഗണത്തില്‍ പെടുത്തിപ്പോയി. ഇനി അവരുമായി ഒരിടപാടും ഇരുളിലും വെളിച്ചത്തും പാര്‍ട്ടിക്കില്ല. സത്യം.

ദേശീയ തലത്തില്‍ ഭരണ പങ്കാളിത്തമേറ്റെടുത്ത് പറയുന്ന കാര്യങ്ങള്‍ ചെയ്തു കാണിക്കാനുളള ചങ്കൂറ്റം കാണിക്കാന് ഇടതുപക്ഷം തയ്യാറല്ല. നിലവില്‍ ഭരണമുളള സംസ്ഥാനങ്ങളില്‍ തന്നെ വാക്കും പ്രവൃത്തിയും തമ്മില്‍ പിണറായിയും വിഎസും തമ്മിലുളളതിനേക്കാള്‍ അകലമുണ്ട്. പത്തില്‍ താഴെ ശതമാനത്തിന്റെ ജനപിന്തുണയുമായി പിന്‍സീറ്റ് ഡ്രൈവിംഗിന്റെ ലഹരി ആസ്വദിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍? ലെനിന്‍ പഠിപ്പിച്ച അടവു നയവും വേറൊന്നല്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ സ്വന്തം ശക്തി കുറയുമെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ അതിജീവിക്കാന്‍ മൂന്നാം മുന്നണിയെന്ന ചെപ്പടി വിദ്യയല്ലാതെ വേറെയെന്ത് വഴി?

ചങ്ങമ്പുഴയെ നമുക്കിങ്ങനെ തിരുത്താം.

നത്ത്, മലമ്പുളള്, കാട്ടുമാക്കാന്‍, മര-
ങ്കൊത്തി, പേപ്പട്ടി, യെലി, യണലി
എട്ടടി മൂര്‍ഖന്‍, വളവളപ്പന്‍, തൊട്ടാ-
രൊട്ടി, തേരട്ട, യോന്തെ, ട്ടുകാലി
എന്നുവേണ്ടെല്ലാ വിഷങ്ങളുമങ്ങനെ
ഒന്നിച്ചു ചേര്‍ന്നൊരു മൂന്നാം മുന്നണി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+