അറിഞ്ഞില്ലേ... ചൈനയിലും മുര്‍ഡോക്ക്...
ന്യൂസ് ചാനലില്‍ വിദേശ കമ്പനികള്‍ക്ക് നിലവില്‍ 26 ശതമാനം ഓഹരിപങ്കാളിത്തമേ ഇന്ത്യ അനുവദിക്കുന്നുളളൂ. വാര്‍ത്താ ചാനലിലും റേഡിയോയിലും 49 ശതമാനം ഓഹരികള്‍ അനുവദിക്കാനുളള ശിപാര്‍ശ ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രായ് (ടെലകോം റഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ) മുന്നോട്ടു വെച്ചിട്ടുണ്ട്. അധികം താമസിയാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനലും മുര്‍ഡോക്കിന്റെ കൈകളില്‍ തന്നെയാകാനാണ് വഴി.
ബംഗാളിലും കേരളത്തിലും ഇതാണ് അവസ്ഥയെങ്കില്‍, ജനകീയ ചൈനയിലെ കാര്യം പറയാതിരിക്കുന്നതെങ്ങനെ?
2001ലാണ് മുര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷനെ ചൈനയിലെ വിപ്ലവഭരണകൂടം ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ചത്. അതിനു മുമ്പ് വിദേശികള്‍ക്കും ടൂറിസ്റ്റ് ഹോട്ടലുകള്‍ക്കും മാത്രമേ മുര്‍ഡോക്കിന്റെ ചാനലുകള്‍ കാണാനുളള അനുമതിയുണ്ടായിരുന്നുളളൂ.
സ്റ്റാറിനു പുറമേ, മുര്‍ഡോക്കിന് മുഖ്യ ഓഹരി പങ്കാളിത്തമുളള ഫീനിക്സ് ചൈനീസ് ചാനല്‍, എഒഎല്‍ ടൈം വാര്‍ണറുടെ സിഇടിവി എന്നീ മാധ്യമക്കുത്തകകളെയും ചൈന ഹര്‍ഷപുളകങ്ങളോടെ സ്വീകരിച്ചു. രണാങ്കണങ്ങളില്‍ ജനകീയ ചൈന വിതറിയ രാജമല്ലിപ്പൂക്കളായി ഈ ചാനലുകള്‍ ഇന്നും ചൈനീസ് ജനതയുടെ സ്വീകരണ മുറികളില്‍ 24 മണിക്കൂറും ഇടവേളയില്ലാതെ വിപ്ലവ സ്വപ്നങ്ങള്‍ പ്രചരിപ്പിക്കുന്നു.
2001 ഡിസംബര്‍ 20ന് ബെയിജിംഗില്‍ കരാര്‍ ഒപ്പിട്ടത് മുര്‍ഡോക്കിന്റെ പുത്രന്‍ ജെയിംസ് മുര്‍ഡോക്ക്. ഗെയിം ഷോ, നാടകം, സീരിയല്‍, തമാശപ്പരിപാടികള്‍, ടാക് ഷോകള്‍ എന്നിവയല്ലാതെ സര്‍ക്കാരിനെയോ കമ്മ്യൂണിസത്തെയോ എതിര്‍ക്കുന്ന ഒരേര്‍പ്പാടിനും തങ്ങള്‍ തയ്യാറല്ലെന്ന് ജെയിംസ് മുര്‍ഡോക്ക് കോക് ടെയില്‍ പാര്‍ട്ടിക്കു ശേഷം തീര്‍ത്തു പറഞ്ഞിരുന്നു.
ചൈനയ്ക്ക് ഹാനികരമാകുന്ന പരിപാടികള്‍ തീരെയും നല്‍കില്ലെന്ന് ന്യൂസ് കോര്‍പറേഷന്റെ ബെയ്‍ജിംഗ് വക്താവ് വാംഗ് യുക്വിയും വ്യക്തമാക്കി.
നേരത്തെയും തന്റെ ചൈനാ സ്നേഹം മറയില്ലാതെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് മുര്‍ഡോക്ക്. ചൈനയിലെ സാംസ്ക്കാരിക വിപ്ലവനായകന്‍ മാവോ സെ തുങ്ങിനെ വിമര്‍ശിച്ച പരിപാടി സംപ്രേക്ഷണം ചെയ്തതിന് 1994ല്‍ ബിബിസിയുടെ അന്താരാഷ്ട്ര വാര്‍ത്താ ചാനലിനെ സ്റ്റാര്‍ നെറ്റ്വര്‍ക്കില്‍ നിന്നും മുര്‍ഡോക്ക് നിഷ്കരുണം പുറത്താക്കി.
എന്നിട്ടും ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, ചൈനയിലെ ഗ്വാംഗ്‍ടോഗില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംപ്രേക്ഷണാവകാശം കിട്ടാന്‍.
ചൈനാക്കാര്‍ക്ക് നല്‍കിയ ഉറപ്പ്, സഖാവ് അച്യുതാനന്ദനും മുര്‍ഡോക്ക് നല്‍കിയിരിക്കണം. സഖാവിനെ കളിയാക്കുന്ന തമാശപ്പരിപാടികള്‍ ഇനി ഏഷ്യാനെറ്റില്‍ ഉണ്ടാകാന്‍ വഴിയില്ല. ഫാരീസ് അബൂബേക്കറെക്കാള്‍ വമ്പന്‍ മാഫിയയായ റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഇതുവരെ വിഎസിനും വേണ്ടപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവനാവാത്തതിന് കാരണം വേറൊന്നാവില്ല തന്നെ.
അല്ലെങ്കില്‍, ഇറാക്ക് യുദ്ധത്തെ അനുകൂലിക്കുന്ന നിര്‍ലജ്ജ നിലപാട് സ്വീകരിക്കുന്ന175 പത്രങ്ങളുടെ ഉടമയായ മുര്‍ഡോക് വെറുക്കപ്പെട്ടവനാണെന്ന ഒറ്റ ഡയലോഗ് പിറന്നിരുന്നുവെങ്കില്‍ ഈ ഇടപാടിന്റെ കാര്യം ഗോപിയായേനെ. പിന്നെ എന്തു ധൈര്യത്തില്‍ ആഗോള മാധ്യമ മാഫിയ കേരളത്തില്‍ കാലുകുത്തുമായിരുന്നു?
പറഞ്ഞു വന്നത് ഇതാണ്. ബംഗാളില്‍ പണ്ടേ ചെന്നു കയറിയ, കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ നീണ്ടു വലിഞ്ഞ കേബിളിലൂടെ കേരളത്തില്‍ വന്നു കയറിയ, ചൈനയില്‍ വിലക്കില്ലാത്ത റൂപ്പെര്‍ട്ട് മുര്‍ഡോക്കിനെ ഇപ്പോഴെന്തിന് നാം ഭയക്കണം?
കൈരളിയും പീപ്പിളും ഇന്ത്യാവിഷനും ഈ വിഷയത്തില്‍ അവസാനിക്കാത്ത ചാനല്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തങ്ങളുടെ സൗകര്യം ഉപയോഗിച്ച് ഏഷ്യാനെറ്റിന്റെ പരസ്യം നല്‍കുകയാണ് ചെയ്യുന്നത്. ഫലമോ, മുര്‍ഡോക്ക് വന്ന ഏഷ്യാനെറ്റിനെ കാണാന്‍ ചിലര്‍ അങ്ങോട്ടു പോകും. എവരി നെഗറ്റീവ് പബ്ലിസിറ്റി ഹാസ് എ പോസിറ്റീവ് ഇംപാക്ട് എന്നോ മറ്റോ ആരോ പറഞ്ഞിട്ടുണ്ട്. മുര്‍ഡോക്കിന്റെ ഏഷ്യാനെറ്റിന് ചെലവില്ലാതെ കിട്ടുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയാണ് അറിഞ്ഞോ, അറിയാതെയോ എതിര്‍ ചാനലുകള്‍.
ഉച്ചയ്ക്ക് ഒരു മണിയുടെയും വൈകുന്നേരം പത്തരയുടെയുമൊക്കെ വാര്‍ത്ത ഏഷ്യാനെറ്റില്‍ നിന്നതും ആ സമയത്തു കൂടി പരമ്പര തുടങ്ങിയതും ഇതുവരെ പലരുമറിഞ്ഞിട്ടില്ല. ഒരു മണിയാകുമ്പോള്‍ നശിച്ച വാര്‍ത്ത തുടങ്ങിയെന്ന് ശപിച്ച് ചോറുണ്ണാന്‍ പോകുന്നവരും, പത്തു മണിക്ക് രഹസ്യം സീരിയല്‍ തീര്‍ന്നയുടനെ ടിവി ഓഫ് ചെയ്ത് ഉറങ്ങാന്‍ പോകുന്നവരും മുര്‍ഡോക്കിന്റെ വരവിനെക്കുറിച്ചോ ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചോ അറിഞ്ഞിട്ടില്ല. ഇനി വിളിച്ചു കൂവി അവരെക്കൂടി അറിയിച്ചാല്‍ ഉച്ചയൂണ് വീണ്ടും നീളുമെന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.
കേരളത്തിലുളള എന്തിനെയോ ഒന്നിനെ അമേരിക്ക പേടിക്കുന്നുണ്ടെന്നും അതിനെ മൂടോടെ പറിച്ചെറിയാനുളള മാധ്യമ അജണ്ടയും കൊണ്ടാണ് മുര്‍ഡോക്ക് വരുന്നതെന്നുമുളള പേടിക്ക് പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ല.
അടിസ്ഥാനപരമായി കച്ചവടക്കാരനാണ് മുര്‍ഡോക്ക്. മാവോ സെ തുങ്ങിനെ വിമര്‍ശിച്ച ബിബിസിയെ കഴുത്തിനു പിടിച്ചു പുറന്തളളാന്‍ മടിയില്ലാത്തതാണ് അതിയാന്റെ കച്ചവടബുദ്ധി. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍, എല്ലാ വന്‍കിട ഉല്‍പന്നങ്ങളുടെയും പ്രോഡക്ട് ലോഞ്ചിംഗിന്റെ പരിശോധനാഭൂമികയായ കേരളത്തില്‍ കച്ചവടം മാത്രമാണ് സഖാക്കളേ, മുര്‍ഡോക്കിന്റെ ലക്ഷ്യം.
സ്വന്തം നിലയില്‍ ചാനലും പത്രവും ആശുപത്രിയും അമ്യൂസ്‍മെന്റ് പാര്‍ക്കുമുളള, ഹോട്ടലുകള്‍ മുതല്‍ ഡിസ്റ്റിലറി വരെ തുടങ്ങാന്‍ സന്നദ്ധതയുളള സഖാക്കള്‍ ഒരിക്കലും മുര്‍ഡോക്കിനെപ്പോലുളളവരെ പേടിക്കരുത്. തന്ത്രപരമായ സഖ്യമാണ് നല്ലത്. വ്യാപാര വികസനത്തിന്റെ നൂതനമായ ആശയങ്ങള്‍ നേരിട്ട് വരികയല്ലേ നാട്ടിലേയ്ക്ക്. ബര്‍മിംഗ്‍ഹാമില്‍ പോയി അതൊക്കെ മനസിലാക്കാനുളള പാങ്ങൊന്നും എല്ലാവര്‍ക്കും കാണില്ലല്ലോ.
ആയതിനാല്‍ സഖാവ് റൂപ്പര്‍ട്ട് മുര്‍ഡോക്കിനെ നമുക്കും സ്വാഗതം ചെയ്യുക.
ചിയാംഗ് കൈഷക്കിനെതിരെ ചെമ്പടയെ നയിച്ച് ജനകീയ വിപ്ലവത്തിന്റെ നൂറു പുഷ്പങ്ങള്‍ വിരിയിച്ച ചെയര്‍മാന്‍ മാവോയെ അപമാനിച്ച ബിബിസിയെ പുറത്താക്കിയവന്‍ സഖാവ് മുര്‍ഡോക്ക്. സാംസ്ക്കാരിക വിപ്ലവത്തിലൂടെ ചൈനയിലെ പ്രതിവിപ്ലവശക്തികളെ നിഷ്കരുണം ഉന്മൂലനം ചെയ്ത സഖാവ് മാവോയെ ബിബിസി അപമാനിച്ചത് നെല്ലിട പോലും ക്ഷമിക്കാത്തവനാണ് അദ്ദേഹം.. സഖാവിനെ രക്തഹാരം ചാര്‍ത്തി, രക്തപുഷ്പങ്ങളാല്‍ അലങ്കരിച്ച പാതയൊരുക്കി വിപ്ലവ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്യുക.
ഏഷ്യാനെറ്റ് മാത്രമല്ല, സൂര്യയും അമൃതയും ജീവന്‍ ടിവിയും ഇന്ത്യാ വിഷനുമൊക്കെ മുര്‍ഡോക്ക് സ്വന്തമാക്കട്ടെ. മുര്‍ഡോക്കിനെ കൈരളി പീപ്പിളിലെ ക്വസ്റ്റ്യന്‍ ടൈമില്‍ സ്വീകരിച്ച് ജോണ്‍ ബ്രിട്ടാസ് ഇന്റര്‍വ്യൂ നടത്തട്ടെ. ഫാരിസിനെ അഭിമുഖം നടത്തിയ പാപത്തില്‍ നിന്ന് അങ്ങനെ അദ്ദേഹം മോചിതനാകട്ടെ.
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്നാണ് മാവോയുടെ ഉറ്റ അനുയായിയായ ദെങ് സിയാവോ പെങ്ങ് 1961ല്‍ ഗ്വായാങ്ഷൂ സമ്മേളനത്തില്‍ അരുളിച്ചെയ്തത്. അത് നമുക്കിങ്ങനെ തിരുത്താം,
"ചാനല്‍ സിപിഎമ്മിന്റെയോ മുര്‍ഡോക്കിന്റെയോ ആകട്ടെ, പരിപാടികള്‍ കാണാന്‍ കൊള്ളാവുന്നതായിരിക്കണം".
ഇല്ലെങ്കില്‍ ഒരു ജനതയുടെ ആത്മാവിഷ്കാരമായ, പ്രതിവിപ്ലവത്തിന്റെ ബട്ടണുകളുളള റിമോട്ട് കണ്‍ട്രോള്‍ എന്ന ആയുധം, ഞങ്ങള്‍ പ്രേക്ഷകര്‍ ഉപയോഗിക്കും.
ചെങ്കൊടിയാണെ, രക്തസാക്ഷികളുടെ നെഞ്ചകത്തിരുന്നെരിഞ്ഞ സ്വപ്നങ്ങളാണെ ഇതു സത്യം... സത്യം...സത്യം...












Click it and Unblock the Notifications