Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെളിയിലെ കീടമേ ലജ്ജയില്ലേ.....

Thulasidas
Thulasidasകൊട്ടാരക്കര ഗണപതിയും ആര്‍ ബാലകൃഷ്ണ പിളളയും കഴിഞ്ഞാല്‍ പിന്നെ ആ നാടിന്റെ അഭിമാനം പരിപാലിക്കുന്നത് ബൈജു കൊട്ടാരക്കരയാണ്. ചില്ലറക്കാരനല്ല അദ്ദേഹം. മാക്ടയുടെ ഭാരവാഹിയാണ്, കമ്പോളം, ബോക്സര്‍ തുടങ്ങിയ ബാബു ആന്റണി ചിത്രങ്ങളുടെ സംവിധായകനാണ്. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്നവനുമാണ്.

നാലായിരം പേരുടെ ചോരയില്‍ ചവിട്ടിയേ ദിലീപ് ഇനിയൊരു ചിത്രത്തില്‍ അഭിനയിക്കൂവെന്ന് മലയാള സിനിമയുടെ കൊട്ടാരക്കര ഭഗവാന്‍ പ്രഖ്യാപിക്കുമ്പോള്‍ നാം തീര്‍ച്ചയായും പേടിക്കണം. സൂപ്പര്‍ ആക്ഷന്‍ ഹീറോ വാണി വിശ്വനാഥനെ നായകനും ഇന്ദ്രന്‍സ്, കലാഭവന്‍ മണി, ഭീമന്‍ രഘു, പ്രേംകുമാര്‍ എന്നിവരെ നായികമാരുമാക്കിയെടുത്ത ജെയിംസ് ബോണ്ട് എന്ന ചിത്രമായിരുന്നു ടിയാന്റേതായി പുറത്തു വന്ന ഏറ്റവും അവസാന സൃഷ്ടിയെന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

പ്രേക്ഷകന്റെ സുകൃതമോ നിര്‍മ്മാതാക്കളുടെ ഭാഗ്യമോ എന്നറിയില്ല, 1999നു ശേഷം ഇദ്ദേഹത്തിന്റേതായി ഒരു ചിത്രവും തീയേറ്ററിലെത്തിയിട്ടില്ല. വറ്റിപ്പോയ സര്‍ഗാത്മകതയെക്കുറിച്ചുളള വേവലാതി, മാരകമായ മനോരോഗമായി മാറിയ അവസ്ഥയില്‍ ഒരു സംഘടനയുടെ പദവി കൂടി കൈയില്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും? കള്ളുകുടിച്ച കുരങ്ങന്റെ മര്‍മ്മത്ത് തേളു കുത്തിയതു പോലെയെന്ന് പറഞ്ഞാല്‍ സംഭവത്തിന്റെ പകുതിപോലുമാകുന്നില്ല.

ജോലിയും കൂലിയുമില്ലാതെ വീട്ടിലിരുന്ന ഇത്തരം വേഷങ്ങളെ കെട്ടിയിറക്കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിനയന്‍ മാക്ടയുടെ ഭരണം നിലനിര്‍ത്തിയത്. നിര്‍മ്മാതാക്കളുടെ കണ്ണീരും ശാപവും ഏറ്റുവാങ്ങിയ ഇങ്ങനെ കുറേ പാപികളാണ് ഇപ്പോള്‍ മാക്ട ഭരിക്കുന്ന സംവിധായകരില്‍ ഭൂരിഭാഗവും.

കാട്ടുചെമ്പകം തൊട്ട് ബ്ലാക്ക് ക്യാറ്റ് വരെയുളള പത്തോളം ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ കണ്ണീര്‍ക്കായലലില്‍ മുങ്ങിക്കിടക്കുമ്പോഴും, ഉലകത്തില്‍ പിറന്ന ഏറ്റവും വലിയ സംവിധായകനാണ് താനെന്ന് വീമ്പിളക്കാന്‍ ഒരു മടിയുമില്ലാത്ത വിനയന് പറ്റിയ കൂട്ടുകാര്‍.

(വഴിക്കു പറയട്ടെ, അദ്ദേഹത്തിന്റെ ബ്ലാക്ക് ക്യാറ്റ് എന്ന സുരേഷ് ഗോപി ചിത്രം കണ്ട് ജെയിംസ് ബോണ്ട് ഡാനിയേല്‍ ക്രെയ്ഗ് ഉപാധികളില്ലാത്ത ഡേറ്റ് നല്‍കിയെന്ന് ഹോളിവുഡില്‍ നിന്നൊരു ശ്രുതിയുണ്ട്. അതിശയന്റെ സാങ്കേതിക മികവ് കണ്ട് സ്പീല്‍ബെര്‍ഗു പോലും അന്തംവിട്ടു പോയെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളും)

ദിലീപ് കരാ‍ര്‍ ലംഘിച്ചുവെന്നാണ് വലിയ വായില്‍ നിലവിളി. ലോകത്ത് എവിടെയാണ് സംവിധായകനും നടനുമായി കരാര്‍ ഉണ്ടാക്കുന്നത്? സിനിമയ്ക്ക് പണമിറക്കുന്നത് നിര്‍മ്മാതാവാണ്. പണം കൊടുക്കുന്നവനുമായാണ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും കരാര്‍ ഉണ്ടാക്കുക.

പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ലോകത്തെങ്ങുമില്ലാത്ത ഒരു കഥ ദിലീപിനോട് പറഞ്ഞുവെന്നും കഥ കേട്ടപ്പോഴേ ദിലീപ് "സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ"യെന്ന് പറഞ്ഞ് തുളളിച്ചാടിയെന്നുമൊക്കെയാണ് തുളസീദാസ് പറഞ്ഞു നടക്കുന്നത്.

അപ്പോഴേ സ്വന്തം കൈയില്‍ നിന്നും രൂപ അമ്പതിനായിരം ദിലീപിന് തുളസീദാസ് അ‍ഡ്വാന്‍സ് കൊടുത്തുവത്രേ. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ് ഈ സംഭവം. നിര്‍മ്മാതാവ് ആരെന്നു പോലും തീരുമാനിക്കുന്നതിനു മുമ്പ് സംവിധായകന്‍ നടനുമായി കരാറുറപ്പിക്കുക. എന്നിട്ട് രണ്ടുപേരും കൂടി നിര്‍മ്മാതാവിനെ തപ്പിയിറങ്ങുക. മലയാള സിനിമ വെച്ചെടി വെച്ചടി മുന്നോട്ട് പോകുന്നതിന്റെ ഗുട്ടന്‍സ് ഇനിയാര്‍ക്കാണ് മനസിലാകാത്തത്?

ദിലീപ് ചതിച്ചുവെന്ന് വലിയ വായില്‍ നിലവിളിക്കുന്ന തുളസീദാസിന്റെ വാദങ്ങള്‍ അസത്യവും അര്‍ദ്ധസത്യവുമാണെന്ന് തലയ്ക്കകത്ത് അല്‍പമെങ്കിലും ബോധമുളള ആര്‍ക്കും മനസിലാകും. ഒരു താരത്തിന്റെ തീയതിയും ഒപ്പിച്ച് നിര്‍മ്മാതാവിനെ വലയിലാക്കി, തീയേറ്റര്‍ ഉടമകളും വിതരണക്കാരും നല്‍കുന്ന മുന്‍കൂര്‍ പണത്തില്‍ കണ്ണും നട്ട് സിനിമ പിടിക്കാനിറങ്ങുന്ന വങ്കന്മാരില്‍ ഒരാളാണ് താനുമെന്ന് പറയാതെ പറയുകയാണ് തുളസീദാസ്.

നാലു കൊല്ലമായിട്ടും സിനിമയ്ക്ക് കഥയില്ല, തിരക്കഥയില്ല. ഇല്ലാത്ത കഥയുടെ എഴുതാത്ത തിരക്കഥയില്‍ ദിലീപ് അഭിനയിച്ചേ തീരൂവെന്നാണ് വിനയനും വാല്‍മാക്രികളും നല്‍കുന്ന അന്ത്യശാസനം. അതെങ്ങനെയെന്ന് നാം അന്തം വിടും. സ്വന്തം ചിത്രങ്ങള്‍ എങ്ങനെയാണ് പുറത്തിറങ്ങിയതെന്ന് നന്നായി അറിയാവുന്ന വിനയനും ഗുണ്ടാപ്പടയ്ക്കും ഈ ആവശ്യത്തിലെ അസംബന്ധം മനസിലാകണമെന്നുമില്ല.

കരാ‍ര്‍ ലംഘനമുണ്ടായാല്‍ സാധാരണയാളുകള്‍ കോടതിയെയാണ് സമീപിക്കുക. സര്‍ഗപ്രതിഭയുളളവര്‍ സംഘടനയുടെ ഊച്ചാളിപ്പീസില്‍ അഭയം തേടും. സംവിധായകന്‍ സാധാരണക്കാരനല്ലല്ലോ സംവിധായകന്‍. സാധാരണക്കാരന് ജന്മത്ത് സിനിമാ സംവിധായകനാകാനും കഴിയില്ല.

തന്നെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്യാനിരുന്ന കുട്ടനാടന്‍ എക്സ്പ്രസ് എന്ന ചിത്രത്തിന് 60 ദിവസത്തെ കാള്‍ഷീറ്റാണത്രേ ദിലീപ് നല്‍കിയത്. കഥയും തിരക്കഥയുമില്ലാതെന്ത് ഷൂട്ടിംഗ്? ആയിടക്ക് ലോട്ടറിയടിച്ചതു പോലെ മോഹന്‍ലാലിന്റെ ഡേറ്റു കിട്ടിയപ്പോള്‍ തുളസീദാസന്‍ ‍കുട്ടനാടന്‍ എക്സ്പ്രസ് കോളെജ് കാന്റീനിലേയ്ക്ക് ഓടിച്ചു കയറ്റി.

അറുപതു ദിവസം പണിയില്ലാതെ വീട്ടിലിരുന്ന തന്റെ നഷ്ടം ആരു നികത്തുമെന്ന ദിലീപിന്റെ ചോദ്യത്തില്‍ കാര്യമില്ലേ?

നടന്മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഊരുവിലക്ക് പ്രഖ്യാപിക്കുന്ന മാക്ടയിലെ ഊച്ചാളികളുടെ ഉളളിലിരുപ്പ് മനസിലാക്കാവുന്നതേയുളളൂ. ബൈജു കൊട്ടാരക്കരയുടെയോ അമ്പിളിയുടെയോ ഒക്കെ പേരു കേട്ടാല്‍ നിര്‍മ്മാതാക്കള്‍ക്ക് ഓക്കാനം വരും. സിനിമ നിര്‍മ്മിക്കുന്നതിനേക്കാള്‍ നാലു മൂട് കപ്പയ്ക്ക് കിളയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് അവര്‍ ജീവനും കൊണ്ടോടും. മാക്ട പ്രതിഭ വിനയന്റെ അവസ്ഥയും ഇപ്പോള്‍ ഏതാണ്ടിതു തന്നെയാണ്.

പടവും പണിയുമില്ലാത്തവര്‍ മറ്റുളളവരെ വിലക്കാനും മര്യാദ പഠിപ്പിക്കാനും ഇറങ്ങുന്ന കെട്ടുകാഴ്ചയും പാവം പ്രേക്ഷകന്‍ സഹിക്കണം പോലും. ഇതൊക്കെ കേരളത്തിലല്ലാതെ വേറെവിടെ നടക്കും?

സാധാരണ എല്ലാ സംഘടനകളും അതിന്റെ അംഗങ്ങളുടെ പേരിലാണ് അച്ചടക്ക നടപടിയും കാരണം കാണിക്കല്‍ നോട്ടീസുമൊക്കെ നല്‍കുന്നത്. ഇവിടെ വേറൊരു പ്രതിഭാസമാണ് അരങ്ങേറുന്നത്. സംവിധായകര്‍ ചേര്‍ന്ന് നടന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നു. നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് സംവിധായകനെ വിലക്കുന്നു.

പിണറായി വിജയന് ഉമ്മന്‍ചാണ്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്ന സ്ഥിതി മുഴുവട്ടന്മാര്‍ക്കു പോലും സങ്കല്‍പിക്കാനാവുമോ?

സംഘടനയില്‍ അംഗത്വമെടുത്തവര്‍ക്കേ സിനിമയില്‍ സ്വന്തം പേരു വെയ്ക്കാവൂ എന്നാണ് വേറൊരു നിബന്ധന. എഡിറ്റേഴ്സ് യൂണിയനില്‍ 50000 രൂപ അടച്ച് രസീത് വാങ്ങിയില്ലെങ്കില്‍ ചിത്രത്തില്‍ എഡിറ്ററുടെ പേരു വെയ്ക്കാനാവില്ലെന്നാണ് ആജ്ഞ. ഇതൊക്കെ ശിരസാ വഹിക്കാന്‍ നട്ടെല്ലിനുറപ്പില്ലാത്ത കുറെ സംവിധായകരും. ഇരുപത്തി അയ്യായിരം രൂപ മാക്ടയ്ക്ക് വായ്ക്കരിയിട്ടില്ലെങ്കില്‍ സംവിധാകനാകാന്‍ അനുവദിക്കില്ലത്രേ!

ഈ പോക്കു പോയാല്‍ നാളെ കേരളത്തിലെ തന്തമാരെല്ലാം ചേര്‍ന്നുണ്ടാക്കുന്ന യൂണിയന് മെമ്പര്‍ഷിപ്പ് ഫീസ് നല്‍കാത്തവര്‍ക്ക് സ്വന്തം കുട്ടികളുടെ പേരിനു മുന്നില്‍ ഇനിഷ്യല്‍ ചേര്‍ക്കാന്‍ അനുവാദമില്ലെന്ന് നിയമം വന്നേക്കാം. കേരളമല്ലേ നാട്, എന്തു തോന്നിയവാസവും ആകാമല്ലോ.

സിനിമയല്ല സംഘടനയാണ് വലുതെന്നത്രേ വിനയന്‍ ദി ഗ്രേറ്റിന്റെ പൂച്ചിലാണ്ടം. സ്വന്തം കൈയില്‍ സിനിമയില്ലെങ്കില്‍ വിനയനും ബൈജുവിനും അമ്പിളിക്കുമൊക്കെ സംഘടന തന്നെയാണ് വലുത്. എന്നാല്‍ സിദ്ദിഖിന്റെയും ശ്രീനിവാസന്റെയും രഞ്ജിത്തിന്റെയും കമലിന്റെയും ജോഷിയുടെയും കാര്യം അങ്ങനെയല്ലല്ലോ!

സ്വന്തം ഭാര്യയെ വിറ്റും സിനിമയെടുക്കുന്നവന്‍ എന്നാണ് തന്നെ എതിര്‍ത്തവരെ വിനയന്‍ വിശേഷിപ്പിച്ചത്. വിനയന് പരിചയമുളള വില്‍പന അദ്ദേഹം തുറന്നു പറഞ്ഞുവെന്നോ, യഥാര്‍ത്ഥ സംസ്ക്കാരം കൃത്യസമയത്ത് പുറത്തു വന്നുവെന്നോ ഒക്കെ കരുതി അവഗണിക്കാവുന്നതാണോ ഈ തെമ്മാടിത്തരം? അസൂയയും പകയും വിദ്വേഷവും അപകര്‍ഷതാബോധവും മനസില്‍‍ കിടന്നു തിളയ്ക്കുമ്പോള്‍ ഉളളിലിരിക്കുന്ന ചെറ്റയ്ക്ക് എത്രകാലം അടങ്ങിയിരിക്കാനാവും?

മാക്ടയില്‍ നടക്കുന്നത് ഇത്രയേ ഉളളൂ. പടമെടുക്കാന്‍ അറിയുന്നവനോട് അത് അറിയാത്തവനുളള അസൂയയുടെ പുളിച്ചു തികട്ടല്‍.

ചാനലുകളില്‍ കയറിയിരുന്ന് ഗോഗ്വാ വിളിക്കുന്നവരൊക്കെ ചങ്ങമ്പുഴയുടെ പഴയൊരു കവിതയിലെ നാലു വരികള്‍ മനഃപ്പാഠമാക്കുന്നത് നല്ലതാണ്.

ചെളിയിലെ കീടമേ ലജ്ജയില്ലേ, ചിത്ര-
ശലഭത്തെ നോക്കിപ്പഴി പറയാന്‍.
ഒരുവര്‍ണമാകിലും കുയിലുമക്കാകനും
ഒരുമിച്ച് ശബ്ദിച്ചാലാരു നേടും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+