കൊല്ലുന്നതിനും വേണം ഒരന്തസ്
കണ്ണൂരിലെ കൊലപാതകോല്‍സവത്തിന് താല്‍ക്കാലിക തിരശീല. കേരളത്തിലെ മറ്റൊരിടത്തും കാണാത്ത ഈ രാഷ്ട്രീയ കൊലപാതക മത്സരം ഇപ്പോള്‍ ദേശീയ ശ്രദ്ധയുമാകര്‍ഷിച്ചിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് കേരളത്തിന്റെ, കണ്ണൂരിന്റെ തനത് സംഭാവന.
ഇത് അവസാനിക്കുമെന്നോ, ഇനിയൊരു രാഷ്ട്രീയ കൊലപാതകവും കണ്ണൂരില്‍ നടക്കില്ലെന്നോ മരമണ്ടന്‍മാര്‍ പോലും കരുതില്ല. അതിനാല്‍, തലശേരിയിലെ, പാനൂരിലെ, കൂത്തു പറമ്പിലെ, ധര്‍മ്മടത്തെ, ആയിരത്തറയിലെ, പത്തായക്കുന്നിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളില്‍, കായല്‍ വരമ്പുകളില്‍, കാനന മേഖലകളില്‍, ഇടവഴികളില്‍ പതിയിരിക്കുന്ന കൊലയാളി സ്ക്വാഡിലെ അംഗങ്ങളോട് ഒരഭ്യര്‍ത്ഥ മാത്രം നമുക്ക് നടത്താം.
ആണുങ്ങളാണെങ്കില്‍, തന്തയ്ക്ക് പിറന്നവരാണെങ്കില്‍, കൊലയാളികളെ കൊല്ലുക. കൊലപാതകം ആസൂത്രണം ചെയ്യുന്ന നേതാക്കളെ കൊല്ലുക. പാവങ്ങളെ വെറുതേ വിടുക. വല്ലപ്പോഴും അരിവാള്‍ ചുറ്റിക നക്ഷത്രത്തിലോ താമരയിലോ വോട്ടു ചെയ്യുന്നതും പൊതുസമ്മേളനങ്ങളില്‍ പ്രസംഗം കേള്‍ക്കാന്‍ പോകുന്നതും പൊറുക്കാനാവാത്ത തെറ്റായി കരുതി നിരപരാധികളുടെ കഴുത്തറുക്കുന്നത് ധീരതയല്ല. ആണത്തമല്ല. ആര്‍ഷ ഭാരത ധീരതയോ കമ്മ്യൂണിസ്റ്റ് ചങ്കൂറ്റമോ അല്ല.
കൊലപാതകം ആസൂത്രണം ചെയ്യുന്ന സിപിഎം, ബിജെപി നേതാക്കന്മാരേ നിങ്ങള്‍ പരസ്പരം ഉന്നം വെയ്ക്കൂ. എതിരാളി പോറ്റി വളര്‍ത്തുന്ന കൊലയാളി സംഘത്തിലെ അംഗങ്ങളെ കൊന്നു തളളാന്‍ ആജ്ഞ കൊടുക്കൂ. നിരപരാധികളെ വെറുതേ വിടൂ.
മറ്റു സ്ഥലങ്ങളിലും രാഷ്ട്രീയ സംഘര്‍ഷം നടക്കാറുണ്ട്. കൊലപാതകങ്ങളും നടക്കാറുണ്ട്. കൊല്ലുന്നതും കൊല്ലപ്പെടുന്നവനും തമ്മില്‍ ഏതെങ്കിലും വൈരാഗ്യം ഉണ്ടാവുക സാധാരണമാണ്. വാക്കു തര്‍ക്കം, അടി, കൊലപാതകം എന്നിങ്ങനെയാണ് അത് പലപ്പോഴും പുരോഗമിക്കുക. ഒരു പരിചയവുമില്ലാത്തവനെ, പരസ്പരം ഒരു വൈരാഗ്യവും തോന്നാത്തവനെ, വ്യക്തിപരമായി തമ്മില്‍ യാതൊരു സംഘര്‍ഷവും ഇല്ലാതിരിക്കുന്നവനെ പച്ചയ്ക്ക് വെട്ടിക്കൊല്ലാന്‍ കഴിയുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കണ്ണൂരിന് മാത്രം സ്വന്തം.
വര്‍ഗീയ സംഘര്‍ഷങ്ങളിലും കൊലപാതകം നടക്കുന്നത് ഇങ്ങനെയാണ്. അവിടെ കൊല്ലപ്പെടാനുളള കാരണം മറ്റൊരു മതത്തില്‍ പിറന്നുവെന്ന തെറ്റു മാത്രമാണ്. മുണ്ടുടുക്കുന്ന വിധവും സിന്ദൂരപ്പൊട്ടും നോക്കി കൊല്ലേണ്ടവനെ തിരഞ്ഞെടുക്കുന്ന കാഴ്ച എത്രയോ കലാപങ്ങളില്‍ രാജ്യം കണ്ടിരിക്കുന്നു. ആ കാഴ്ചയുടെ തലശേരി പരിപ്രേക്ഷ്യമാണ് ആര്‍എസ്എസ് - സിപിഎം കൊലയാളി സ്ക്വാഡുകള്‍ പ്രബുദ്ധ കേരളത്തിനായി സ്പോണ്‍സര്‍ ചെയ്യുന്ന "ഇന്നത്തെ കൊല നിലവാരം" എന്ന ചവിട്ടു നാടകം.
ഒരു പരിചയവുമില്ലാത്തവനെ, തരിമ്പും മനസറപ്പില്ലാതെ കൊന്നു തളളാന്‍ പരിശീലനം കിട്ടിയവരെയാണ് പ്രൊഫഷണല്‍ കൊലയാളികള്‍ എന്ന ബിരുദം നല്‍കി നാം "ആദരിക്കുന്നത്". പിടഞ്ഞു വീഴുന്ന ഇരയുടെ ദൈന്യതയോ, ആ മൃതശരീരത്തില്‍ കെട്ടിപ്പിടിച്ച് ചങ്കു പൊട്ടി നിലവിളിക്കുന്ന അവന്റെ കുഞ്ഞുങ്ങളുടെയോ ഭാര്യയുടെയോ സഹോദരങ്ങളുടെയോ മാതാപിതാക്കളുടെയോ വേദനയോ ഒന്നും ഒരു പ്രൊഫഷണല്‍ കൊലയാളിയെ തന്റെ കൃത്യത്തില്‍ നിന്ന് തടയില്ല.
കൊല്ലുക എന്നതാണ് അവന്റെ കടമ. എണ്ണം തികയ്ക്കാന്‍ പണിയേല്‍പ്പിച്ചവനോടുളള കലര്‍പ്പില്ലാത്ത ഉത്തരവാദിത്ത ബോധം കണ്ണൂരിലെ രാഷ്ട്രീയ പ്രൊഫഷണല്‍ കൊലയാളികളുടെ തൊഴില്‍ നൈപുണ്യത്തിന് മാറ്റു കൂട്ടുന്നു.
നവംബര്‍ അഞ്ചിന് എരഞ്ഞോളി സുധീര്‍ കുമാര്‍ എന്ന സിപിഎം പ്രവര്‍ത്തകനെ സ്ക്കൂള്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് വെട്ടിക്കൊന്നത്. സ്ക്കൂള്‍ ബസ് വരുന്നതും കാത്ത് ആര്‍എസ്എസ് കൊലയാളി സംഘം കാവുമ്പായി ഭാഗത്ത് അക്ഷമയോടെ കാത്തു നില്‍ക്കുകയായിരുന്നു. കൊല്ലപ്പെടാന്‍ മാത്രം എന്തു തെറ്റാണ് സുധീര്‍ കുമാര്‍ ചെയ്തതെന്ന് വത്സന്‍ തില്ലങ്കേരിക്കോ ഒ കെ വാസു മാസ്റ്റര്‍ക്കോ പോലും അറിയുമെന്ന് തോന്നുന്നില്ല.
വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ ഓടിച്ച ശേഷം സുധീറിനെ മരിക്കും വരെ വെട്ടി. കൊന്നെന്നുറപ്പിച്ച ശേഷം ആഹ്ലാദാരവങ്ങള്‍ മുഴക്കി സംഘം അപ്രത്യക്ഷമായി. കെ ടി ജയകൃഷ്ണനെ കൊന്ന സിപിഎം സംഘത്തില്‍ നിന്നും ഇവര്‍ക്ക് ഒരു വ്യത്യാസമുണ്ടെന്ന് പറഞ്ഞേ തീരൂ.
സുധീറിനെ വെട്ടിയരിയും മുമ്പ് കുട്ടികളെ മുഴുവന്‍ അവര്‍ ഓടിച്ചു. സ്ക്കൂള്‍ കുട്ടികളുടെ കണ്‍മുന്നിലിട്ട് ഒരാളെ വെട്ടിക്കൊന്നുവെന്ന പഴി എക്കാലവും സിപിഎമ്മിനിരിക്കട്ടെ എന്നെങ്കിലും അവര്‍ ചിന്തിച്ചു. അത്രയും നല്ലത്!
വെളുപ്പിനെ വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോകവെയാണ് പാറായി പവിത്രന് പിറ്റേന്ന് വെട്ടേറ്റത്. ഏതെങ്കിലും കേസിലെ പ്രതിയായിരുന്നോ പവിത്രന്‍? അറിയപ്പെടുന്ന സിപിഎം ഗുണ്ട? വെട്ടേറ്റ് മൂന്നാം നാള്‍ പവിത്രനും മരിച്ചു. സിപിഎമ്മിന് മറ്റൊരു രക്തസാക്ഷി. ആര്‍എസ്എസ് സംഘത്തിന്റെ ചോരക്കൊതിക്ക് മറ്റൊരു ഇര.
ആര്‍എസ്എസ് സിപിഎമ്മിന് അല്‍പം താമസിച്ചാണ് 2008ലെ പുതുവര്‍ഷ സമ്മാനം നല്‍കിയത്. ജനുവരി 12ന് രാത്രി പതിവുപോലെ കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ധനേഷിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം റോഡിലിട്ട് വെട്ടിവീഴ്ത്തി. ഒറ്റവെട്ടിന് തന്നെ ധനേഷ് മരിച്ചത്രേ!
ആഭ്യന്തര മന്ത്രി തലശേരിക്കാരനാണ്. കൊണ്ടും കൊടുത്തും വളര്‍ന്ന കണ്ണൂരിന്റെ കലാപ്രതിഭ. കൊലയാളികളെ അറസ്റ്റു ചെയ്യാന്‍ കോടിയേരിയുടെ പൊലീസിന് കഴിഞ്ഞില്ല. കണക്ക് പാര്‍ട്ടിക്കാര്‍ തന്നെ തീര്‍ക്കട്ടെ എന്ന് പൊലീസും കരുതിക്കാണും.












Click it and Unblock the Notifications