കൊന്നു തളളിയതത്രയും നിരപരാധികളെ..........
നവംബറിലും ഡിസംബറിലും ജനുവരിയിലും ഫെബ്രുവരിയിലും ഒരു ആര്‍എസ്എസുകാരനെപ്പോലും കൊല്ലാത്തതില്‍ സിപിഎമ്മുകാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നുവത്രേ! മുറുമുറുപ്പിനും പല്ലുകടിയ്ക്കും പ്രതിഷേധത്തിനും ഫലമുണ്ടായി. ഒരു ആര്‍എസ്എസ് നേതാവിനെ തന്നെ സിപിഎമ്മുകാര്‍ പകരം വീട്ടാന്‍ തിരഞ്ഞെടുത്തു.
തലശേരി താലൂക്ക് ശാരീരിക് പ്രമുഖ് എം പി സുമേഷായിരുന്നു ഇര. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് സുമേഷിനെ നടുറോഡിലിട്ട് എട്ടംഗ സിപിഎം സംഘം വെട്ടി. തല വെട്ടിപ്പിളര്‍ന്നിട്ടും വലത്തേ കൈ വെട്ടി വേര്‍പെടുത്തിയിട്ടും സുമേഷ് മരിച്ചില്ല.
സുമേഷിനെ വെട്ടിയതിന്റെ തിരിച്ചടിക്ക് ഇരയായത് ഒരു നിരപരാധി. ഉച്ച ഭക്ഷണവും കഴിഞ്ഞ് ഓട്ടോയോടിച്ച് പോയ രഞ്ജിത്ത് കുമാര്‍ സ്വപ്നത്തിലെങ്കിലും കരുതിയിരിക്കുമോ താന്‍ കഴിച്ചത് തന്റെ അവസാനത്തെ ഊണായിരിക്കുമെന്ന്? ഓട്ടോ തടഞ്ഞു നിര്‍ത്തി രഞ്ജിത്തിനെ കൊന്നതും നടുറോഡില്‍.
സുമേഷിനെ വെട്ടിയ സംഘത്തിലെ അംഗമായിരുന്നോ രഞ്ജിത്ത് കുമാര്‍? നമ്മുടെയൊക്കെ യുക്തി വെച്ച് നോക്കിയാല്‍ സുമേഷിനെ വെട്ടിയ എട്ടംഗ സംഘത്തിലെ ആരെയെങ്കിലുമാണ് ആര്‍എസ്എസുകാര്‍ കൊല്ലേണ്ടിയിരുന്നത്. സംഭവിച്ചതോ?
സിപിഎം ജില്ലാ സെക്രട്ടറി പി ശശിയുടെ ഭാഷയില്‍ "ജനങ്ങള്‍ സംഘടിച്ച് തിരിച്ചടി തുടങ്ങിയത്" പിന്നീടാണ്. പക്ഷേ, രഞ്ജിത്തിനെ കൊന്നവരില്‍ ആരെയും "ജനങ്ങള്‍ക്ക്" കിട്ടിയില്ല.
കല്ലു ചെത്തു തൊഴിലാളിയായ കണ്ണമ്മേല്‍ രഞ്ജിത്ത് ആര്‍എസ്എസുകാരനായിരുന്നു. പതിവു പോലെ പണിക്ക് പോയ രഞ്ജിത്ത്, സുമേഷിന് വെട്ടേറ്റതോ, ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് കുമാറിനെ വെട്ടിക്കൊന്നതോ അറിഞ്ഞിരിക്കുമോ? പണി കഴിഞ്ഞ് പോകവെ 15 പേരടങ്ങുന്ന സിപിഎം സംഘം രഞ്ജിത്തിനെ പരലോകത്തേയ്ക്കയച്ചു.
ആര്‍എസ്എസിന്റെ കൊലയാളി സ്ക്വാഡില്‍ കല്ലു ചെത്ത് തൊഴിലാളിയായ രഞ്ജിത്ത് അംഗമായിരുന്നോ? ഏതെങ്കിലും സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ രഞ്ജിത്ത് പങ്കെടുത്തിട്ടുണ്ടോ?
തങ്ങളുടെ പ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാറിനെ നട്ടുച്ചയ്ക്ക് നടുറോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്ന സംഘത്തില്‍ ആരെയെങ്കിലും കൊല്ലുകയല്ലേ സിപിഎം സഖാക്കള്‍ ചെയ്യേണ്ടിയിരുന്നത്? കഥയൊന്നുമറിയാതെ പതിവുപോലെ പണിക്കു പോയി വീട്ടിലേയ്ക്ക് വന്നവനെ കൊന്നാല്‍ എണ്ണം തികയുമെന്നല്ലാതെ മറ്റെന്തുപയോഗം?
ആര്‍എസ്എസുകാരനായിരുന്ന പാറക്കെട്ട് കൂളി ബസാറിലെ മാലിയാട്ട് വടയില്‍ ശ്യാമളയുടെയും അനിലിന്റെയും മകന്‍ നിഖിലും സിപിഎം സംഘത്തിന്റെ കൊലപാതക ജ്വരത്തിന് ഇരയായി. ലോറി ക്ലീനറായിരുന്നു നിഖില്‍. മരിച്ചത് സംഘര്‍ഷത്തിലോ സംഘര്‍ഷത്തിന് തയ്യാറെടുക്കുമ്പോഴോ അല്ല. സ്വന്തം ജോലിയ്ക്കിടെ. സിമന്റ് കയറ്റിയ ലോറിയുമായി പോകവെ ബൈക്കുകളിലെത്തിയ സിപിഎം സംഘം ലോറി തടഞ്ഞ് നിഖിലിലെ വലിച്ചിറക്കി വെട്ടുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് കുമാറിന്റെ ജീവനെടുത്ത കൊലയാളി സംഘത്തില്‍ നിഖില്‍ ഉണ്ടായിരുന്നോ? തലശേരിയില്‍ ഒരാളെ വെട്ടിക്കൊന്നിട്ട് അന്നു തന്നെ സിമന്റ് കയറ്റാന്‍ പോകാന്‍ എത്ര കൊലകൊമ്പന്‍ പ്രൊഫഷണല്‍ കൊലയാളിയും തയ്യാറാകുമോ? സംശയമാണ്.
സുധീര്‍ കുമാറിനെയോ പാറായില്‍ പവിത്രനെയോ ധനേഷിനെയോ കൊന്ന സംഘത്തില്‍ ലോറി ക്ലീനര്‍ നിഖിലോ കല്ലു ചെത്തുകാരന്‍ രഞ്ജിത്തോ അംഗമായിരുന്നോ? ആയിരുന്നെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ കോടിയേരിപ്പോലീസിന് എന്തായിരുന്നു തടസം?
ചിറ്റാരിപ്പറമ്പത്ത് കൗസുവിന്റെ മകന്‍ മഹേഷാണ് തൊട്ടടുത്ത ദിവസം വെട്ടേറ്റ് മരിച്ചത്. മഹേഷും ബിജെപി പ്രവര്‍ത്തകന്‍. ഓട്ടോ ഡ്രൈവറായിരുന്നു മഹേഷും. ചിറ്റാരിപ്പറമ്പ് ടൗണില്‍ കാറിലെത്തിയ കൊലയാളി സംഘം മഹേഷിനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
പ്രൊഫഷണല്‍ കൊലയാളി, ടൗണില്‍ ആരെയും പേടിക്കാതെ ഓട്ടോയോടിച്ച് കളിക്കുമോ? തൊട്ടു തലേന്ന് വീണ്ടും കൊലപാതക മത്സരം ആരംഭിച്ച നാട്ടില്‍, വൈകുന്നേരത്ത് ആപത് ഭീതിയേതുമില്ലാതെ ടൗണില്‍ ചെന്ന് കൊല്ലപ്പെടാനായി നിന്നുകൊടുക്കുമോ പ്രൊഫഷണല്‍ വൈദഗ്ധ്യമുളള ഏതെങ്കിലും ക്രിമിനല്‍? സിപിഎം പ്രവര്‍ത്തകരായ ധനേഷിനെയും രഞ്ജിത്ത് കുമാറിനെയും സുധീറിനെയും പാറായി പവിത്രനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചിറ്റാരിപ്പറമ്പില്‍ നിര്‍ബാധം ഓട്ടോ ഓടിച്ച് നടന്നുവെങ്കില്‍, എന്തിനാണ് ആ നാട്ടില്‍ പൊലീസ്?
മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് പാനൂര്‍ പുത്തൂരിലെ കല്ലായിന്റവിട അനീഷ് എന്ന സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നു അനീഷ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അനീഷ് ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയല്ല. എണ്ണം തികയ്ക്കാനുളള ആഹ്വാനം കൊലയാളി സ്ക്വാഡുകള്‍ കരുണയില്ലാതെ നടപ്പാക്കിയപ്പോള്‍, ജീവനില്‍ പേടിച്ച് വീടു മാറാനുളള തീരുമാനവും അനീഷിനെ രക്ഷിച്ചില്ല.
ആ ദിവസത്തെ സ്കോര്‍ തുല്യമാക്കാന്‍ സിപിഎം തിരഞ്ഞെടുത്തത് തേപ്പു പണിക്കാരനായ സുരേഷ് ബാബുവിനെ. ഇളയമ്മയോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന സുരേഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് വെട്ടിയത്. ആര്‍എസ്എസില്‍ കുറേക്കാലമായി സജീവമല്ലാതിരുന്ന സുരേഷ് ബാബുവിനെയും സ്കോര്‍ തികയ്ക്കാന്‍, അതിനു വേണ്ടി മാത്രമാണ് കൊന്നത്.
മാര്‍ച്ച് ഏഴിന് വെട്ടേറ്റ് എട്ടിന് മരിച്ച ഇല്ലത്ത്താഴെയിലെ കെ വി സുരേന്ദ്രന് പ്രായം 62. വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്ന ഈ വൃദ്ധനെയും എണ്ണം തികയ്ക്കാനുളള തത്രപ്പാടില്‍ വെറുതെ വിട്ടില്ല.
ഇരുപക്ഷത്തുമായി ഏഴുപേര്‍ കൊല്ലപ്പെട്ട ഈ കൊലപാതക മത്സരത്തെ ആറ്റിക്കുറുക്കിയാല്‍ കിട്ടുന്നത് ഇത്രമാത്രം. സുധീര്‍കുമാറിനെയോ പാറായില്‍ പവിത്രനെയോ ധനേഷിനെയോ രഞ്ജിത്ത് കുമാറിനെയോ അനീഷിനെയോ കൊന്ന ആര്‍എസ്എസ് കൊലയാളി സ്ക്വാഡിലെ ഒരാളെപ്പോലും കൊല്ലാന്‍ സിപിഎമ്മുകാര്‍ക്ക് കഴിഞ്ഞില്ല.
ഭരണവും സമ്പത്തും പൊലീസിന്റെ സഹായവും വേണ്ടുവോളം ഉണ്ടായിട്ടും പി ശശി അവകാശപ്പെട്ട "ജനകീയ ചെറുത്തു നില്‍പ്പില്‍" ഒരു ക്രിമിനലിന് പോലും സ്വജീവന്‍ നഷ്ടപ്പെട്ടില്ല. മരിച്ചവരെല്ലാം കൂലിപ്പണിക്കാര്‍. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിലെ അംഗങ്ങള്‍. നഷ്ടപ്പെടാന്‍ വിലങ്ങില്ലായിരുന്നതിനാല്‍ പകരം ജീവന്‍ പോയവര്‍.
മറുപക്ഷത്തും കഥയതു തന്നെ. സിപിഎം പോറ്റി വളര്‍ത്തുന്ന ക്രിമിനല്‍ സംഘത്തിലൊരുവന്റെ ചോരയെങ്കിലും വീഴ്ത്താന്‍ ആര്‍എസ്എസുകാര്‍ക്കും കഴിഞ്ഞില്ല. പിടഞ്ഞു വീണവര്‍ നിരപരാധികള്‍. കൂലിപ്പണിക്കാര്‍. സര്‍വോപരി ഹിന്ദു സഹോദരങ്ങള്‍. ആര്‍ഷ ഭാരത സൃഷ്ടിക്ക് സുധീര്‍ കുമാര്‍ മുതല്‍ അനീഷ് വരെയുളളവരുടെ ജീവനും ചോരയും ഉപയുക്തമാകട്ടെ!
ഇനിയും അരങ്ങേറാനിരിക്കുന്ന കൊലപാതക മാമാങ്കങ്ങളില്‍ ഇരകളെ കണിശതയോടെ തിരഞ്ഞെടുക്കാനുളള മികവ് സിപിഎമ്മും ആര്‍എസ്എസും കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ. അര്‍ത്ഥമില്ലാത്ത സമാധാന ചര്‍ച്ചകളില്‍ ആര്‍ജവത്തോടെ ഒരു നിലപാട് ഇരു പാര്‍ട്ടിക്കാരും സ്വീകരിക്കണം. മറ്റേ പാര്‍ട്ടിയുടെ കൊലയാളി സ്ക്വാഡുകളാണ് തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന്. തങ്ങളുടെ കൊലക്കത്തി ഇനിയൊരു നിരപരാധിയുടെ കഴുത്തില്‍ വീഴില്ലെന്ന്.
ഇരുവരും പോറ്റി വളര്‍ത്തുന്ന കൊലയാളി സംഘങ്ങളില്‍ സന്തോഷത്തോടെ ചേര്‍ന്ന മനുഷ്യരൂപമുളള കാട്ടാളന്മാരാകട്ടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍. ഒരുനാളിനു മുമ്പ് അതിലൊന്നെങ്കിലും ചത്തു തുലഞ്ഞാല്‍ അതാണ് ഈ നാടിന് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യം. അവരെ കിട്ടാതെ വരുമ്പോള്‍ നേതാക്കളെ ലക്ഷ്യം വെയ്ക്കുക. പാവപ്പെട്ട കെട്ടിടം പണിക്കാരനെയും കല്ലുവെട്ട് തൊഴിലാളിയെയും വെറുതെ വിടുക. വോട്ടു ചെയ്യാനും ഏറിയാലൊരു ചായക്കട ചര്‍ച്ചയില്‍ വീരവാദം മുഴക്കാനും മാത്രം അറിയാവുന്ന ആ പാവങ്ങളെ ദയവായി വെറുതേ വിടുക.












Click it and Unblock the Notifications