• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി പറഞ്ഞതില്‍ തെറ്റെന്ത്?

  • By മാരീചന്‍
അളന്നു മുറിച്ച് വാക്കുകള്‍ പ്രയോഗിക്കാന്‍ ഒരു രാഷ്ട്രീയ നേതാവേയുളളൂ ഭൂമി മലയാളത്തില്‍. സാക്ഷാല്‍ പിണറായി വിജയന്‍. അനുപമമായ ശൈലി. ദുര്‍മേദസില്ലാത്ത വാചകങ്ങള്‍. കാര്യം പറയാന്‍ വിജയന് വിശേഷണപദങ്ങള്‍ വേണ്ടേ വേണ്ട. വാക്കുകള്‍ക്ക് തൂക്കം കൃത്യം. തരിമ്പുമില്ല അവയില്‍ കളളം.

ഇടുക്കിയില്‍ ഡിഫിക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോഴും സഖാവ് പതിവ് തെറ്റിച്ചില്ല. മൂന്നാര്‍ ദൗത്യം ഇടതുമുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്ന സത്യം സത്യമായി തന്നെ പിണറായി തുറന്നു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്ത പാതി, വിജയന്റെ വാക്കുകളില്‍ ചോര തിരയുന്ന രാഷ്ട്രീയ വിശകലനക്കൊതുകുകള്‍, അതില്‍ വിഎസിന്റെ രക്തം നുണയാന്‍ മൂളിപ്പറന്നു.

എന്നാല്‍ ആപാദചൂഡം പിണറായിയെ പഠിച്ചവര്‍ക്കറിയാം, പറഞ്ഞത് അക്ഷരം പ്രതി സത്യം. കാര്യസാധ്യത്തിനു വേണ്ടി കളളം പറയുന്നവനല്ല വിജയന്‍ സഖാവ്.

അതെ. സത്യമാണ് പിണറായി പറഞ്ഞത്. മൂന്നാറിലേയ്ക്ക് വിഎസ് പറഞ്ഞു വിട്ട മൂന്നു പൂച്ചകള്‍ അഴിഞ്ഞാട്ടം തുടങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നാണക്കേടു കൊണ്ടു ചൂളുകയായിരുന്നു ഇടതു മുന്നണി. വല്യേട്ടനെന്നോ ചെറിയേട്ടനെന്നോ വ്യത്യാസമില്ലാതെ സഖാക്കള്‍ ജനത്തിനു മുന്നില്‍ നാണം മറയ്ക്കാന്‍ അസാരം ബുദ്ധിമുട്ടിയത് ആരു കാരണമാണ്?

സുരേഷ് കുമാറും ഋഷിരാജ് സിംഗും രാജു നാരായണ സ്വാമിയും ഓടിച്ചു കളിച്ച ജെസിബി, നിയന്ത്രണ രേഖകള്‍ മറികടന്ന് മുന്നേറിയപ്പോള്‍ ദേശഭേദമെന്യേ, പ്രായവ്യത്യാസങ്ങളില്ലാതെ ജനമറിഞ്ഞു, കാര്യങ്ങളൊന്നും അവരു കരുതും പോലെയല്ലെന്ന്.

പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലെ കൊളളാവുന്ന നായര്‍ തറവാട്ടില്‍ പിറന്ന സഖാവ് പി കെ വാസുദേവന്‍ നായര്‍, ഒരുഗതിയും പരഗതിയുമില്ലാത്ത പാവം കര്‍ഷകനാണെന്ന വിവരം പുറത്തറിഞ്ഞപ്പോള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളിലൊന്നിന്റെ ഉടുമുണ്ട് പെരുവഴിയിലുരിഞ്ഞു വീണില്ലേ.

വെട്ടിത്തിരുത്തില്‍ കേശവപിളളയുടെയും പടയാട്ട് നാണിക്കുട്ടിയമ്മയുടെയും കനിഷ്ഠ പുത്രനായ പികെവി കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ നടന്നു കയറിയിട്ടും വിശേഷിച്ചു കാര്യമൊന്നുമുണ്ടായില്ല. സ്വന്തമായി ഒരു സെന്റു ഭൂമി പോലുമില്ലാതെ എന്തോന്ന് മുഖ്യമന്ത്രി?

സ്ഥാവര ജംഗമ വസ്തുക്കളൊന്നുമില്ലാതെ മൂന്നാണും രണ്ടു പെണ്ണുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഗതിയില്ലാതെ, വലഞ്ഞപ്പോള്‍ ഭാര്യ ലക്ഷ്മിക്കുട്ടിയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ തളളിക്കളയാനാകാതെ അദ്ദേഹം മൂന്നാറിലേയ്ക്ക് വണ്ടി കയറുകയായിരുന്നു.

മുന്‍മുഖ്യമന്ത്രിയെ കൈവെടിഞ്ഞില്ല സര്‍ക്കാര്‍. ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജില്‍ സര്‍വെ 62/10 (സി)യില്‍ പെട്ട 11.5 സെന്റ് സ്ഥലത്തിന് LA 55/99 നമ്പരിട്ട് സഖാവ് പികെവിയുടെ ഉളളം കൈയില്‍ പട്ടയമൊരെണ്ണം കൊടുത്തു സര്‍ക്കാര്‍.

അപേക്ഷ പികെവിയല്ല കൊടുത്തതെന്നും കളളയൊപ്പിട്ട് സംഗതി കൈക്കലാക്കുകയായിരുന്നുവെന്നുമൊക്കെ കുത്തക മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വെറും വെറുതെ. ആ ഗണത്തിലും കിട്ടി, പാര്‍ട്ടിക്ക് കുട്ടക്കണക്കിന് നാണക്കേടെന്നത് വേറെ കാര്യം.

പികെവി മാത്രമല്ല ദൗത്യസംഘത്തിന്റെ ജെസിബിയില്‍ കുടുങ്ങിപ്പോയത്. ഉടുമ്പന്‍ചോല പൊട്ടന്‍കാട് ഇരുപതേക്കറില്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ എം എം മണിയുമുണ്ടായി പട്ടികയില്‍. സിപിഎം പോലൊരു വമ്പന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായി വിലസിയിട്ടും പാവം മണിക്കും സ്വന്തം പേരില്‍ ഒരു സെന്റ് ഭൂമിയോ ജീവിക്കാന്‍ മാര്‍ഗമോ ഇല്ലായിരുന്നുവെന്ന വിവരവും ജനമറിഞ്ഞു.

കൃഷി ചെയ്ത് കുടുംബം പുലര്‍ത്താന്‍ വേണ്ടി മണിയും കൊടുത്തു പട്ടയത്തിന് അപേക്ഷ. സര്‍വെ നമ്പര്‍ 62/9ല്‍ 25 സെന്റ് സ്ഥലം നല്‍കി, ദയാനിധിയും കരുണാവാരിധിയും ദീനാനുകമ്പയില്‍ സമാനതകളില്ലാത്തവനുമായ അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മായില്‍ മാണിയെയും കടാക്ഷിച്ചു.

കൃഷി നഷ്ടമാണെന്ന് വന്ന വാറെ, പികെവിയും മണിയും ക്രമേണെ റിസോര്‍ട്ട് വ്യാപാരത്തിലേയ്ക്ക് നീങ്ങി. റിസോര്‍ട്ടിനടിയിലെ കുടുസു മുറിയില്‍ പാര്‍ട്ടി ഓഫീസ് ഒതുക്കിയെന്ന് ദോഷൈക ദൃക്കുകള്‍ പറയുമായിരിക്കും. നഞ്ച് നാനാഴിയൊന്നും വേണ്ടെന്നറിയാവുന്ന പാര്‍ട്ടിക്ക് ഒരു മുറിയായാലെന്ത്, അരമുറിയായാലെന്ത്?

കമ്മ്യൂണിസം സ്ഥാപിക്കാനും ഭരണകൂടത്തെ കൊഴിച്ചിടാനും പാര്‍ട്ടി ഓഫീസുവേണമെന്നോ റിസോര്‍ട്ട് പാടില്ലെന്നോ മാര്‍ക്സോ ഏഗല്‍സോ പറഞ്ഞിട്ടുണ്ടോ? അടവു നയത്തിന്റെയും തന്ത്രത്തിന്റെയും ആശാനായ വ്ലാഡിമര്‍ ലെനിനും പറഞ്ഞിട്ടില്ല അങ്ങനെയൊരു കാര്യം. റിസോര്‍ട്ട് വഴി വിപ്ലവം വരുത്താമെന്ന സത്യം അവര്‍ക്കും അറിയില്ലായിരുന്നുവെന്നതാണ് സത്യം. അറിഞ്ഞിരുന്നെങ്കില്‍ കൊടുംതണുപ്പിന്റെ കരിമ്പടം പുതച്ചു കിടക്കുന്ന സൈബീരിയ ഇതിനകം റിസോര്‍ട്ടുകളുടെ അന്താരാഷ്ട്ര തലസ്ഥാനമായേനെ.

മൂന്നാര്‍ മാതൃക കടമെടുത്ത് എകെജി സെന്ററിന്റെ മുകള്‍ നിലകളിലും റിസോര്‍ട്ട് തുടങ്ങിയാലും സഖാക്കളെ നമ്മള്‍ അത്ഭുതപ്പെടരുത്.

ഇതൊക്കെ പൊതുജനമറിഞ്ഞപ്പോള്‍ ഇടതുമുന്നണിക്ക് അസാരം നാണക്കേടുണ്ടായെന്നത് നേരാണ്. വിപ്ലവം റിസോര്‍ട്ടിലൂടെയാണ് എന്ന് മുദ്രാവാക്യം മാറ്റിപ്പണിത കാര്യമൊന്നും വിഡ്ഢിക്കൂശ്മാണ്ടങ്ങളായ പൊതുജനത്തിനറിയേണ്ട കാര്യമില്ല.

റിസോര്‍ട്ട് മുറികള്‍ ചെഞ്ചായം പൂശി നില്‍ക്കുന്നതും ഭിത്തികളില്‍, മാര്‍ക്സ്, ഏംഗല്‍സ്, സ്റ്റാലിന്‍, മാവോ, ഹോചിമിന്‍, ഫിഡല്‍ കാസ്ട്രോ മുതലായവരുടെ ഫോട്ടോകള്‍ തൂങ്ങുന്നതും ജനത്തിനറിയില്ലല്ലോ. ദരിദ്രനാരായണേട്ടന്മാര്‍ക്കുണ്ടോ, റിസോര്‍ട്ടിനുളളു കാണാനുളള ജാതകയോഗം! ടീപ്പോയില്‍ പീപ്പിള്‍സ് ഡെമോക്രസിയുടെയും മൂലധനത്തിന്റെയും ദേശാഭിമാനി, ജനയുഗം പത്രങ്ങളുടെയും കോപ്പികള്‍ സൂക്ഷിക്കുന്ന വിവരവും അവനറിയില്ല.

ദേശവിദേശങ്ങളില്‍ നിന്ന് മഞ്ഞത്ത് മധു നുകരാന്‍ മൂന്നാറിലെത്തുന്ന ബൂര്‍ഷ്വാ പെറ്റി ബൂര്‍ഷ്വാകളെ പാര്‍ട്ടി റിസോര്‍ട്ടുകളിലെ മുറികളിലേയ്ക്ക് ആനയിച്ച് ജനകീയ, ദേശീയ ജനാധിപത്യ വിപ്ലവ പാതയിലേയ്ക്ക് മാനസാന്തരപ്പെടുത്തുക എന്ന വിപ്ലവ ദൗത്യമാണ് മൂന്നാറിലെ പാര്‍ട്ടി റിസോര്‍ട്ടുകള്‍ കൊണ്ട് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉദ്ദേശിക്കുന്നത്. അതുണ്ടോ വെറും കുറിഞ്ഞിപ്പൂച്ചകളായ മൂന്നാര്‍ ദൗത്യസംഘമറിയുന്നു? വര്‍ഗ വഞ്ചകര്‍.

വിദേശികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ പട്ടയം കൊടുക്കുന്ന തലത്തിലേയ്ക്ക് നാട് പരുവപ്പെട്ടിട്ടില്ല. ആയിരുന്നുവെങ്കില്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനില്‍ തുടങ്ങിയവരുടെ പേരിലായിരുന്നേനെ പട്ടയത്തിന് അപേക്ഷ നല്‍കുക.

കണ്ണന്‍ ദേവന്‍ വില്ലേജില്‍ സാക്ഷാല്‍ കാറല്‍ മാര്‍ക്സിന്റെ പേരില്‍ പത്തോ ഇരുപതോ സെന്റ് ഭൂമിയുണ്ടാവുകയും അതിന്മേല്‍ മാര്‍ക്സിസ്റ്റ് റിസോര്‍ട്ട് ഏഴുനിലയില്‍ ജ്വലിച്ചു നില്‍ക്കുകയും ചെയ്യുന്ന കാര്യമൊന്ന് ആലോചിച്ചു നോക്കൂ.. കോരിത്തരിച്ചേനെ, ഏത് തൊഴിലാളിയും. എല്ലാ സീസണിലും മൂന്നാറിലേയ്ക്ക് മാര്‍ച്ചു ചെയ്യുന്ന സര്‍വരാജ്യ തൊഴിലാളി വര്‍ഗ നേതാക്കള്‍ക്കു നേരെ കൊടും തണുപ്പിലും ഈങ്ക്വിലാബ് മുഴക്കി അവന്‍ സായൂജ്യം നേടിയേനെ. ആഗോള വിപ്ലവ ചര്‍ച്ചകളുടെ ചൂടേറ്റ് മൂന്നാറിലെ കാലാവസ്ഥ തകിടം മറിഞ്ഞേനെ.

പറഞ്ഞു വന്നത് അതല്ല, ഈ വിവരങ്ങളൊക്കെ വലിച്ചു പുറത്തിട്ട് ഇടതുമുന്നണിയെ മുച്ചൂടും നാറ്റിച്ച സുരേഷ് കുമാറിനെ എന്തു ചെയ്യണം? പഴയ സോവിയറ്റ് യൂണിയനിലായിരുന്നെങ്കില്‍ വെടിവെച്ചു കൊന്ന് ജഡം സൈബീരിയയില്‍ കൊണ്ടുപോയി കുഴിച്ചിടാമായിരുന്നു. പാവം പിണറായിക്കാണെങ്കില്‍ സ്റ്റാലിനിസ്റ്റെന്ന് പേരെയുളളൂ. ജര്‍മ്മന്‍ തോക്ക് ഒരെണ്ണമുണ്ടെങ്കിലും വര്‍ഗശത്രുവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെയ്ക്കാനുളള അവകാശം ഇതുവരെ ചാര്‍ത്തിക്കിട്ടിയിട്ടില്ല. വിപ്ലവം ആ നിലയ്ക്ക് വികസിക്കാത്തതു കൊണ്ട് സുരേഷ് കുമാര്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നു.

ദേശാഭിമാനി വഴിയുളള പുലയാട്ട്, സര്‍വീസില്‍ നിന്ന് സസ്പെന്‍ഷന്‍, ദുര്‍ഗുണ പരിഹാരപാഠശാലയില്‍ കേറ്റുമെന്ന് നിയമസഭയില്‍ ഭീഷണി ഇത്യാദി കാര്യങ്ങളില്‍ ശിക്ഷയുടെ കാഠിന്യം ഒതുങ്ങുന്നതിനു കാരണം വേറൊന്നല്ല തന്നെ.

വര്‍ഗ ശത്രുക്കളുടെ കയ്യേറ്റമായിരുന്നു, ഇടതു ഭരണകാലത്ത് സുരേഷ് കുമാര്‍ മൂന്നാറില്‍ ഒഴിപ്പിക്കേണ്ടിയിരുന്നത്. ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റ് സിപിഎം, സിപിഐ ഓഫീസുകളില്‍ റെഡിയുമായിരുന്നു. ആ പട്ടികയിലെ പേരുകാരുടെ കെട്ടിടങ്ങള്‍ക്കു നേരെയായിരുന്നു, ജെസിബിയുടെ തുമ്പിക്കൈ നീണ്ടിരുന്നതെങ്കില്‍ വളഞ്ഞു നിന്ന് കയ്യടിക്കാന്‍ എം എം മണിയും പഴനിവേലും മുനിയാണ്ടിയും എസ് രാജേന്ദ്രനുമൊക്കെ എന്നും രാവിലെ എത്തുമായിരുന്നു. പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും ഇവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും കൊണ്ട് നിറഞ്ഞേനെ. അതിനു പകരം സുരേഷ് കുമാര്‍ ചെയ്തതെന്താണ്?

വിപ്ലവത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടി പണിത റിസോര്‍ട്ടുകള്‍ പൊളിക്കാനൊരുങ്ങി. റിസോര്‍ട്ട് ബിസിനസാണ് മൂന്നാറിലെ സഖാക്കളുടെ ആമാശയ പ്രവര്‍ത്തനമെന്ന് സകല മാധ്യമങ്ങളെയും കൊണ്ട് വാര്‍ത്തയെഴുതിപ്പിച്ചു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ലോക്കല്‍ തമ്പുരാക്കന്മാരായി വാഴേണ്ട നേതാക്കന്മാരെ മുഴുവന്‍ ആവലാതിക്കാരായി താഴ്ത്തിക്കെട്ടി.

ഇനി പറയൂ.. മൂന്നാര്‍ ദൗത്യം ഇടതുമുന്നണിക്ക് നാണക്കേടായെന്നും ദൗത്യസംഘം ഇടതുമുന്നണിയെ വഞ്ചിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയല്ലേ...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more