Get Updates
Get notified of breaking news, exclusive insights, and must-see stories!

വളഞ്ഞ മോന്തായവും ഒടിഞ്ഞ കഴുക്കോലും

സംസ്ഥാന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും തൃപ്പുത്രന്മാര്‍ക്ക് അംഗത്വമുളള ക്ലബ്, വക്കം പുരുഷോത്തമന്‍ അടക്കമുളള ധികൃത വിക്രമന്മാരുടെ സായംകാല വിഹാരകേന്ദ്രം, മുന്‍, നടപ്പ് ചീഫ് സെക്രട്ടറിമാരുടെ വസന്തോദ്യാനം. വിരമിച്ചവരും രമിക്കുന്നവരുമായ ഐഎഎസ് കേസരികളുടെ അമ്പലനട. അങ്ങനെ വിശേഷണങ്ങള്‍ പലതാണ് ഗോള്‍ഫ് ക്ലബിന്.

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട വില്ലേജില്‍ 2/2, 2/3, 227/2-3, 250/1-3, 256/3 എന്നീ സര്‍വെ നമ്പരുകളിലായി പരന്നു കിടക്കുന്ന 25.38 ഏക്കര്‍ സ്ഥലത്ത്, സര്‍വ വിധ പ്രൗഢിയോടും അതിനു ചേര്‍ന്ന റൗഡിത്തരങ്ങളോടും കൂടി തലയുയര്‍ത്തി നില്‍ക്കുന്ന ഗോള്‍ഫ് ക്ലബാണ് ഇപ്പോള്‍ ഇടതുമുന്നണിയിലെ തമ്മിലടി കെടാതെ സൂക്ഷിക്കുന്നത്.

ഭരിച്ചു തളരുന്ന ദുശാസനന്മാര്‍ക്ക് ക്ഷീണമകറ്റാനുളള വേദിയാണ് ഗോള്‍ഫ് ക്ലബ്. വയസുകാല വ്യായാമത്തിന് ഗോള്‍ഫടക്കം പലതും അവര്‍ക്ക് കളിക്കേണ്ടതുണ്ട്. ആരോഗ്യം നിലനിര്‍ത്തണം, ബുദ്ധിയും ചൈതന്യവും കാത്തു സൂക്ഷിക്കണം. ദേവലോകത്ത് നിന്ന് അമൃതിന്റെ വരവ് പണ്ടേ നിലച്ചതിനാല്‍, മുന്തിയയിനം സുര മോന്തണം. ഇതിനൊക്കെ സ്ഥലം വേണം. സൗകര്യവും. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ് പെന്‍ഷനെന്ന് 1982ല്‍ സുപ്രീകോടതി വിധിച്ചിട്ടുണ്ട്. അതുപോലെ തലതൊട്ടപ്പന്മാരായ ഉദ്യോഗസ്ഥ പ്രമാണിമാരുടെയും രാഷ്ട്രീയ സിംഹങ്ങളുടെയും അവകാശമാണ് വമ്പന്‍ ക്ലബുകള്‍.

പാവങ്ങളുടെ പടത്തലവനും നേരിന്റെ സൂര്യനുമായ സഖാവ് അച്യുതാനന്ദന്‍ ഭരിക്കുമ്പോള്‍, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ വമ്പും ധാടിമോടികളും തെല്ലും അനുവദിക്കാനാവില്ല. ഉന്നതരെ തൊട്ടുകളിക്കാന്‍ ധൈര്യമുളളവനെന്ന് സഖാവിന് പണ്ടേയുണ്ടൊരു ദുഷ്‍പേര്. അത് നിലനിര്‍ത്തണം. വഴിയെന്ത്? ഗോള്‍ഫ് ക്ലബ് ഏറ്റെടുത്തുവെന്നൊരു ഖ്യാതി കിട്ടിയാല്‍ പ്രളയത്തിനപ്പുറവും പടര്‍ന്നുകയറും സഖാവിന്റെയും ഭരണത്തിന്റെയും സല്‍ക്കീര്‍ത്തി.

അങ്ങനെയാണ് ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. വമ്പന്‍മാരും മഹാവമ്പന്മാരുമാണ് എതിര്‍ഭാഗത്ത്. നിയമങ്ങളുടെ നൂലാമാലയും നടപടിക്രമങ്ങളിലെ പഴുതും മനപ്പാഠമായവര്‍‍. സ്വാധീനവും അധികാരവും കൊണ്ട് ആരെയും വെല്ലുവിളിക്കാന്‍ കരളുറപ്പുളളവര്‍. പഴുതുകളടച്ചു വേണം ഇവര്‍ക്കെതിരെ കളിക്കാനെന്ന് വില്ലേജ് ഓഫീസിലെ ശിപായിക്കു പോലുമറിയാം.

ഈ പ്രാഥമിക പാഠമാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ മറന്നു പോയത്. മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യവെ തന്നെ, പ്രമുഖനായ ഒരു മന്ത്രി ഗോള്‍ഫ് ക്ലബ് അധികൃതര്‍ക്ക് ആപത് സന്ദേശം അയച്ചിരുന്നുവത്രേ! കാബിനറ്റ് തീരുമാനം പുറത്തു വരും മുമ്പെ കോടതിയില്‍ ഹര്‍ജിയെത്തി. സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നു എന്ന നിലവിളി കേട്ട് നീതിപീഠത്തിന്റെ ഹൃദയം പൊളളി.

ഉന്നതര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടാല്‍ ഏത് ന്യായാധിപന്റെയും ഹൃദയം അനുതാപം കൊണ്ടുരുകും. അതുതന്നെ ഇവിടെയും സംഭവിച്ചു. ഫലം, നടപടി ഒരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു കൂടേയെന്ന് അ‍ഡ്വക്കേറ്റ് ജനറല്‍ നിവേദിതയോട് ചോദിച്ചു.

അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് സഖാവ് അച്യുതാനന്ദന്റെ മാനസപുത്രന്‍. ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡര്‍ ഡി. അനില്‍കുമാറും തഥൈവ. അച്യുതാനന്ദന് വിവരമില്ലെന്ന് കഴി‍ഞ്ഞ ഇടതുമുന്നണി യോഗത്തില്‍ തന്നെ സ്വാമി വെളിയം ഭാര്‍ഗവാനന്ദ‍ വ്യക്തമാക്കിയതാണ്. ആനയെ പേടിക്കാത്ത സിപിഐ ആനപ്പിണ്ഡത്തെയോ, അതില്‍ നിന്നുയരുന്ന ആവിയെയേ പേടിക്കേണ്ടതില്ല. അഡ്വക്കേറ്റ് ജനറലിനോടും ശിങ്കിടിയോടും, പോയി പണി നോക്കാന്‍ പറഞ്ഞു, റവന്യൂ വകുപ്പിന്റെ ഐഎഎസ് ഉണ്ണിയാര്‍ച്ച.

അതുകൊണ്ടും അരിശം തീരാത്ത അവരുടെ പൂഴിക്കടകനാണ് പക്ഷേ, സംഗതി വഷളാക്കിയത്. നടപടി ഒരു ദിവസത്തേയ്ക്ക് വൈകിക്കാനുളള അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശം നിയമവകുപ്പ് രേഖാമൂലം കൈമാറിയത്, ഏഷ്യാനെറ്റിന്റെ പ്രത്യേക ലേഖകന് ഫോട്ടോസ്റ്റാറ്റെടുത്ത്
നല്‍കിയടത്ത് ഉണ്ണിയാര്‍ച്ചയുടെ അടവ് പിഴച്ചു.

റവന്യൂ വകുപ്പിന്റെ തീരുമാനം അട്ടിമറിക്കാന്‍, നിയമവകുപ്പും അ‍‍ഡ്വക്കേറ്റ് ജനറലും ഒത്തുകളിച്ച വിവരം ചോര്‍ന്നു കിട്ടിയെന്ന് ചാനലുകള്‍ ആര്‍ത്തുവിളിച്ചു. നികേഷ് കുമാറും വേണുവും ഉച്ച മുതലേ തുളളിയുറഞ്ഞു. ആദ്യം അന്തം വിട്ടുപോയ കൈരളിയും പീപ്പിളും സമ്പന്ന താല്‍പര്യം സംരക്ഷിക്കുന്ന കോടതിയെയും ജഡ്ജിമാരെയും കടിച്ചു കീറി.

രഞ്ജി പണിക്കരെ കടമെടുത്ത് പറഞ്ഞാല്‍ പെരുവഴിയില്‍ വെച്ച് ഉടുമുണ്ടുരിഞ്ഞ അവസ്ഥയിലായി സഖാവ് മുഖ്യനും സര്‍ക്കാരും ഇടതുമുന്നണിയും. പണ്ടേ വികൃതമായ സര്‍ക്കാരിന്റെ മുഖത്ത് ചാനലുകളുടെ അമേധ്യാഭിഷേകം. എല്ലാറ്റിനും കാരണം റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അപക്വവുമായ പകപോക്കും അത്യാവേശവും.

ഗോള്‍ഫ് ക്ലബിലും സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത് ഐഎഎസ് ലോബി, സര്‍ക്കാരിനെ നാറ്റിക്കാന്‍ ഉത്തരവുകള്‍ ചോര്‍ത്തിക്കൊടുക്കുന്ന ഒരു ഐഎഎസുകാരി. ചെകുത്താനും ഐഎഎസ്, കടലും അയ്യേഎസ്. ഇടയില്‍ പെട്ടുപോയ സര്‍ക്കാരിന്റെ പ്രതിഛായയ്ക്കേറ്റ അഭിമാനക്ഷതത്തിന് പരിഹാരക്രിയ ചെയ്യാന്‍ ഏതെങ്കിലും ഒരയ്യേഎസിന്റെ ചോര കൂടിയേ തീരൂ.

നിയമവകുപ്പ് ഹൈക്കോടതിയില്‍ നിവേദിതയ്ക്കെതിരെ സത്യവാങ്മൂലം നല്‍കിയതിന് കാരണം ഇതാണ്. മിടുക്കിയാവാനുളള നിവേദിതയുടെ അത്യുല്‍സാഹവും കൂട്ടുത്തരവാദിത്വത്തിന് ചെങ്കൊടിയുടെ വില പോലും നല്‍കാത്ത സിപിഐ പ്രഭുക്കന്മാരുടെ അഹങ്കാരവും ചേര്‍ന്നപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കല്‍, ഇടതു ഭരണകാലത്തെ ഒരു ഡിവൈഎഫ്ഐ സമരം പോലെ അവസാനിച്ചു. കടിഞ്ഞാണ്‍ ഭദ്രമായി കോടതിയുടെ കൈകളിലെത്തി.

പത്രങ്ങള്‍ നിവേദിതയെ കൊണ്ടാടുന്നതിന് കാരണം സിംപിള്‍. ഉത്തരവാദിത്തപ്പെട്ട ഫയലുകളും നടപടിക്രമങ്ങളും ചോര്‍ത്തിത്തരുന്ന വാര്‍ത്താ ഉറവിടത്തോടുളള സ്നേഹവും ഐക്യദാര്‍ഢ്യവും. പത്രങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പുല്ലു വില നല്‍കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമുണ്ടോ ഈ കസര്‍ത്തുകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കുന്നു? സ്വദേശമായ ബംഗാളിലേയ്ക്ക് വേണമെങ്കില്‍ നിവേദിതയ്ക്ക് മടങ്ങാം, അവിടെയും ഇടതു സര്‍ക്കാരായതിനാല്‍ കേന്ദ്ര സര്‍വീസ് മതിയെന്ന് തീരുമാനിക്കുകയുമാവാം.

അറുപതുകളുടെ ആദ്യം ഏതോ മാധവന്‍നായരുടെ പേരില്‍ ലീസിന് നല്‍കിയതാണ് ഗോള്‍ഫ് ക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രഭുക്കന്മാര്‍ക്കും കനത്ത പോക്കറ്റുളള വ്യവസായിമാര്‍ക്കും സ്ഥലത്തെ ദിവ്യന്മാര്‍ക്കും കളിക്കാനും കളളുകുടിക്കാനും കൂത്താടാനും സൗകര്യം വേണമെന്നതായിരുന്നു ലക്ഷ്യം. കളളുകുടിക്കാനും അര്‍മാദിക്കാനും ഭൂമി പാട്ടത്തിനു കൊടുക്കുന്ന ഏര്‍പ്പാട് പണ്ടുണ്ടായിരുന്നോയെന്ന് ചോദിക്കരുത്, ചരിത്രബോധം കമ്മിയായതിനാല്‍ മാരീചന് അക്കാര്യമറിയില്ല.

മാധവന്‍ നായര്‍ മാത്രമാണത്രേ കരാറില്‍ ഒപ്പിട്ടത്. സര്‍ക്കാരിന് വേണ്ടി ആരും കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും ഇപ്പോള്‍ കേള്‍ക്കുന്നു. അതായത് അറുപതുകളുടെ തുടക്കത്തിലെന്നോ മാധവന്‍ നായര്‍ എന്നൊരു വ്യക്തി സ്വന്തം നിലയില്‍ ഒരു കരാറുണ്ടാക്കി 25 ഏക്കര്‍ ഭൂമി കയ്യേറുന്നു.

ശനിയുടെ അപഹാരത്താല്‍ വേണ്ട വിധത്തില്‍ ബുദ്ധി തോന്നാത്തതാവാം കാരണം, ഭൂമിയുടെ പ്രമാണം മാധവന്‍ നായര്‍ തന്റെ പേരിലാക്കിയില്ല. ഇതൊക്കെ കണ്ടുപിടിച്ച് ചോദിക്കേണ്ട ഭരണകേസരിമാര്‍ എന്നും മുടങ്ങാതെ അവിടെ ചെന്നിരിക്കുന്ന് കളിക്കുകയും കളളു കുടിക്കുകയും ചെയ്യുന്നു. നാല്‍പതിലേറെ വര്‍ഷമായി ഈ ജനവഞ്ചനയുടെ ആട്ടക്കഥ നിര്‍ബാധം തുടരുന്നു.

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പാട്ടത്തുക അടയ്ക്കാന്‍ ലീസിന് ഭൂമിയെടുത്തവന്‍ ബാധ്യസ്ഥനാണ്. അതാണ് നിയമവും. എന്നാല്‍ നിയമത്തിന്റെ നിര്‍വചനം പല സാഹചര്യത്തിലും പലതാണ്. മറ്റുളളവര്‍ക്ക് പാലിക്കാന്‍ അധികാരികള്‍ എഴുതി വെയ്ക്കുന്നതാണ് നിയമം. നിയമം നിര്‍മ്മിക്കുന്നവര്‍ അതനുസരിച്ചുകൊളളണമെന്ന് ഒരു ഭരണഘടനയും വിവക്ഷിക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+