Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യപ്പന്‍ കൊടുക്കണോ ശബരിമലയ്ക്ക് പാട്ടക്കരം?

വളഞ്ഞ മോന്തായവും ഒടിഞ്ഞ കഴുക്കോലും - 2

വൈകുന്നേരങ്ങളില്‍ ഈ ക്ലബുകളില്‍ ഒത്തുകൂടി വാളുവെയ്ക്കുന്നവരാണ് പിറ്റേന്ന് കുളിച്ചൊരുങ്ങി കുറിയുമിട്ട് സെക്രട്ടേറിയേറ്റില്‍ ചെന്നിരിക്കുന്നത്. വൈകുന്നേരത്തെ സെക്രട്ടേറിയേറ്റാണ് ക്ലബ്. അഥവാ അവരുടെ പകല്‍ക്ലബാണ് സെക്രട്ടേറിയറ്റ്. ദൈവമിരിക്കുമിടമാണ് അമ്പലം. ശ്രീകൃഷ്ണന്‍ ഗുരുവായൂര്‍ അമ്പലത്തിനോ സ്വാമി അയ്യപ്പന്‍ ശബരിമല ക്ഷേത്രത്തിനോ പാട്ടക്കുടിശിക കൊടുക്കണമെന്നു പറഞ്ഞാല്‍, ഇതെന്തു നീതി, ഇതെന്തു ന്യായം, പറയൂ, പറയൂ സര്‍ക്കാരേ!!

അതുകൊണ്ടു തന്നെ ഗോള്‍ഫ് ക്ലബിന്റെ കുടിശിക പെട്രോള്‍ വില പോലെ ഉയര്‍ന്നു പോയി. 30 കോടിയുടെ പാട്ടക്കുടിശിക താലൂക്ക് ഓഫീസിലെ B2/3752/94 നമ്പര്‍ ഫയലിലിരുന്ന് താഴേക്കിടയിലുളള റവന്യൂ ജീവനക്കാരെ നോക്കി പല്ലിളിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ ഇവര്‍ക്കുണ്ടോ ഗോള്‍ഫ് ക്ലബില്‍ പ്രവേശനവും കളിക്കാനും കുടിക്കാനുമുളള അനുവാദവും? പുറത്തു നിന്ന് നോക്കി വെളളമിറക്കാമെന്നല്ലാതെ വേറെന്തു നടക്കും? സ്വാഭാവികമായും ഫയല്‍ തീര്‍പ്പായില്ല.

അങ്ങനെയാണ് 30 കോടിയുടെ ഡിമാന്റ് നോട്ടീസ് ഗോള്‍ഫ് ക്ലബ് അധികൃതര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും കൈമാറിയത്. നോട്ടീസും കൊണ്ടു ചെന്ന റവന്യൂ ഉദ്യോഗസ്ഥരോട് ഗോള്‍ഫ് ക്ലബിലെ ഗേറ്റ് വാച്ചര്‍ പറഞ്ഞത്, നിങ്ങള്‍ പൊക്കോളൂ, കാര്യങ്ങള്‍ ഞാന്‍ അയ്യപ്പനോട് പറഞ്ഞോളാം എന്നാണത്രേ. അയ്യപ്പനെന്നാല്‍ സ്വാമി അയ്യപ്പനല്ല, അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ എ അയ്യപ്പന്‍. ജില്ലാ കളക്ടറെ പേരെടുത്തു വിളിക്കും ഗോള്‍ഫ് ക്ലബിലെ സെക്യൂരിറ്റി ഗാര്‍ഡ്. ബാക്കി പിന്നെ പറയണോ?

ബജറ്റില്‍ വന്‍തുകയുടെ വിഹിതം, വെളളവും വൈദ്യുതിയും ഫ്രീ, കല്യാണത്തിനും സിനിമാ ഷൂട്ടിംഗിനും വാടകയ്ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന വരുമാനം വേറെ. പൊന്നുതമ്പുരാന്മാര്‍ക്ക് തലസ്ഥാനത്തെ 25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്വൈര്യവിഹാരം നടത്താന്‍ എന്തെന്ത് ത്യാഗങ്ങളാണ് ഖജനാവ് സഹിക്കുന്നത്?

ഇടതുമുന്നണി ഭരിക്കുമ്പോള്‍ സിപിഎം ഓഫീസില്‍ കയറിയും കുടിശികയുടെ പേരില്‍ കണക്ഷന്‍ വിഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക്, പല ലക്ഷങ്ങള്‍ കടന്നു മുന്നേറുന്ന ഗോള്‍ഫ് ക്ലബിലെ പലവിധ കുടിശികകളുടെ കാര്യം വരുമ്പോള്‍ മുട്ടിടിക്കും. ഏമാനാണോ നിയമപുസ്തകങ്ങള്‍ വാരിക്കൂട്ടിയുണ്ടാക്കിയ അടുപ്പിലും സാധിക്കും. മൂക്കു പൊത്തുന്നവന്റെ പേരില്‍ നികുതി ചുമത്തും, കേസുമെടുക്കും.

ആയിരമോ രണ്ടായിരമോ സെയില്‍ ടാക്സ് കുടിശിക വരുത്തുന്ന പാവപ്പെട്ട കച്ചവടക്കാരന്റെ സകല കൂടും കുടുക്കയും ജപ്തി ചെയ്ത് നിയമം നടപ്പാക്കും സര്‍ക്കാര്‍‍. തിരുവനന്തപുരത്തുളള പ്രമുഖ ക്ലബുകള്‍ക്ക് നേരെ നടപടിയെന്ന് കേട്ടാല്‍ പക്ഷേ പാവങ്ങളുടെ മുട്ടു വിറയ്ക്കും.

പ്രശസ്തമായ ക്ലബുകളുടെ പാട്ടക്കുടിശികയുടെ കണക്ക് ഇതാ,

ക്ലബിന്റെ പേര്, വില്ലേജ്, സര്‍വെ നമ്പര്‍, ഭൂമി, കുടിശിക, നടപടിയുടെ ഇപ്പോഴത്തെ സ്ഥിതി എന്ന ക്രമത്തില്‍ വായിക്കുക

1. മന്നം മെമ്മോറിയല്‍ ക്ലബ്, വഞ്ചിയൂര്‍, 2836, 1.01 ഏക്കര്‍, 252715939 (കേസിലെത്തുമ്പോഴുളള കുടിശിക), നടപടികള്‍ കോടതി തടഞ്ഞിരിക്കുന്നു.

2.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയേഴ്സ്, തൈക്കാട്, 90, 1 ഏക്കര്‍, 16828019, റവന്യൂ റിക്കവറി കോടതി തടഞ്ഞിരിക്കുന്നു.

3.ശ്രീമൂലം ക്ലബ്, ശാസ്തമംഗലം, 597, 598, 110 സെന്റ്, 22553956, റവന്യൂ റിക്കവറി കോടതി തടഞ്ഞിരിക്കുന്നു

4. ഗോള്‍ഫ് ക്ലബ്, പേരൂര്‍ക്കട, 2/2, 2/3, 227/2-3, 250/1-3, 256/3, 25.38 ഏക്കര്‍, 374824357, നടപടി കോടതി തടഞ്ഞു.

റവന്യൂ റിക്കവറി നടപടികളെ ഹൈക്കോടതിയില്‍ കുരുക്കിയാല്‍ പിന്നൊന്നും പേടിക്കേണ്ടെന്നത് സ്ഥിരം കലാപരിപാടിയാണെന്ന് ഈ പട്ടിക വിളിച്ചു പറയുന്നു. സ്റ്റേ ഒഴിവാക്കി നടപടി തുടരാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസു വഴി സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്.

എത്രകാലമായി സ്റ്റേ തുടരുന്നുവെന്നും അതൊഴിവാക്കാന്‍ എന്തു ഭരണ നടപടികള്‍ സ്വീകരിച്ചുവെന്നും ചോദിക്കേണ്ടവരാണ് ഈ ക്ലബുകളില്‍ കുടിച്ചു കൂത്താടാനെത്തുന്നത്. വളഞ്ഞിരിക്കുന്ന മോന്തായത്തിന്റെ കഴുക്കോലുകള്‍ നിവര്‍ന്നിരിക്കണമെന്ന് നാം ശാഠ്യം പിടിച്ചാല്‍ നടക്കുന്ന കാര്യമാണോ?

ഇങ്ങനെയൊരു അധോലോകത്തെയാണ് ഒറ്റ ദിവസം കൊണ്ട് മണ്ണിരയെ കോര്‍ത്ത ചൂണ്ടയില്‍ കുരുക്കാമെന്ന് നിവേദിതയും സിപിഐയും വ്യാമോഹിച്ചത്. ഒന്നുകില്‍ ഒരു വ്യാമോഹത്തിന്റെ പിറകേ, വേണ്ടത്ര ആലോചനയില്ലാതെ എടുത്തു ചാടി. അല്ലെങ്കില്‍ ഒരു കോലാഹലമുണ്ടാക്കി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാമെന്ന് വൃഥാ സ്വപ്നം കണ്ടു. രണ്ടായാലും നഷ്ടം സര്‍ക്കാരിന്, നാണക്കേട് ജനത്തിനും.

നിവേദിതയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ പച്ചക്കളളമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. നട്ടാല്‍ കുരുക്കാത്ത നുണ ബോധിപ്പിക്കാനാണ് നിവേദിത സ്വകാര്യ വക്കീലിനു വേണ്ടി ശാഠ്യം പിടിച്ചത്. സര്‍ക്കാര്‍ പ്ലീഡര്‍ അനില്‍കുമാറിനോട് ഫോണില്‍ സംസാരിച്ചപ്പോഴുണ്ടായിരുന്ന ഉശിരും ശൗര്യവും കോടതിയിലെത്തിയപ്പോള്‍ വറ്റിപ്പോയി.

ചങ്കൂറ്റമുണ്ടായിരുന്നെങ്കില്‍ മന്ത്രിസഭാ തീരുമാനം എന്തുവില കൊടുത്തും നടപ്പാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അവര്‍ തുറന്നു പറയണമായിരുന്നു. അറിഞ്ഞില്ല, കേട്ടില്ല, അറിഞ്ഞപ്പോള്‍ വൈകിപ്പോയി തുടങ്ങിയ മൂന്നാം ക്ലാസ് നമ്പരുകളിറക്കി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥ താളം ചവിട്ടുമ്പോള്‍ മറുപക്ഷത്തിന് ആയുധകങ്ങള്‍ നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. അറിഞ്ഞു കൊണ്ടാണോ ഈ കളിയെന്ന ചോദ്യത്തിന് ഉത്തരം വൈകാതെ കിട്ടും.

കോടതി നിര്‍ദ്ദേശം യഥാസമയം നിവേദിത അറിഞ്ഞിരുന്നു. രേഖാമൂലം തന്നെ അവര്‍ക്കത് കിട്ടിയിരുന്നു. ഈ രേഖ അവര്‍ തന്നെയാണ് ഏഷ്യാനെറ്റ് ചാനലിന് ചോര്‍ത്തിയത്. ഇതിനൊക്കെ തെളിവുകളുമുണ്ട്. യഥാസമയം ഉത്തരവ് താനറിഞ്ഞില്ല എന്ന് നിവേദിത പറയുമ്പോള്‍, അതറിയിക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചാല്‍? ആര് എന്ത് സമാധാനം പറയും? ഇതൊക്കെ അറിയാമായിരുന്നിട്ടും അവരെന്തിന് കളളം പറയുന്നു?

എജിയുടെ നിര്‍ദ്ദേശം ഫോണില്‍ അവരെ വിളിച്ചറിയിച്ച ഗവ പ്ലീഡര്‍ ഡി അനില്‍കുമാറിനോട് അപമര്യാദയോടെ പെരുമാറിയതു മുതല്‍ നിവേദിത ഈ കേസില്‍ കാട്ടിക്കൂട്ടിയതത്രയും അതിരു വിട്ടതു തന്നെ. സകല പഴുതുകളുമടച്ച് വമ്പന്‍മാരെ കുടുക്കണമെന്നതല്ല, മറിച്ച് മൂന്നാര്‍ നടപടിയുടെ കാലത്തു തന്നെ ഗവ. പ്ലീഡറുമായി തുടങ്ങിയ അസ്വാരസ്യങ്ങളുടെയും ഈഗോ യുദ്ധങ്ങളുടെയും കണക്ക് തീര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു നിവേദിതയ്ക്ക്.

(ധന്യശ്രീ പൊളിക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം അന്ന് മൂന്നാര്‍ ദൗത്യസംഘത്തെ അറിയിച്ചതും ഇതേ അനില്‍കുമാറാണ്. നിര്‍ദ്ദേശം ലംഘിച്ച് റിസോര്‍ട്ട് ഇടിക്കാന്‍ സുരേഷ് കുമാറും സംഘവും ഉത്സാഹിച്ചു, നിവേദിതയുടെ അനുവാദത്തോടെ. ഫലം സര്‍ക്കാരിനെ നാണം കെടുത്തി റിസോര്‍ട്ട് ഇപ്പോള്‍ കയ്യേറ്റക്കാരുടെ കയ്യില്‍ ഭദ്രം. മൂന്നാറെന്ന് കേട്ടാലേ മുഖ്യന് മുണ്ടഴിഞ്ഞു പോയ പ്രതീതിയും).

നടപടികള്‍ പ്രഖ്യാപിക്കുന്നതിലല്ല മിടുക്ക്. അത് നടപ്പാക്കുന്നതിലാണ്. നാല്‍പതു വര്‍ഷം കയ്യേറ്റക്കാരുടെ കൈവശമിരുന്ന ഭൂമി ഒരു ദിവസം കൂടി അങ്ങനെയിരുന്നുവെന്ന് കരുതി കേരളം അറബിക്കടലില്‍ താണു പോകില്ല. ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാന്‍ മന്ത്രിസഭ സമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. പിന്നെന്തിനായിരുന്നു, കോടതിയെ വെല്ലുവിളിച്ച ധൃതി?

ഇരുപത്തി നാലു മണിക്കൂറിനകം ഗോള്‍ഫ് ക്ലബിന്റെ താക്കോല്‍ മടക്കിയേല്‍പ്പിക്കേണ്ട ഗതികേട് സര്‍ക്കാരിനുണ്ടാക്കി വെച്ചത് ഈ ധൃതിയല്ലേ. പച്ചക്കള്ളം പറഞ്ഞ് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ണിയാര്‍ച്ഛ വെറും മന്ഥരയിലേയ്ക്ക് സ്വയം താഴുന്നു.

കൂട്ടുത്തരവാദിത്വമോ പരസ്പര ബഹുമാനമോ മര്യാദയോ ഇല്ലാത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഒരിക്കല്‍ കൂടി ഗോള്‍ഫ് കേസ് വെളിപ്പെടുത്തുന്നു. മാധ്യമങ്ങള്‍ എറിഞ്ഞു തരുന്ന വാഴ്ത്തുമൊഴികളെ ലക്ഷ്യമിട്ടാണ് ഓരോ തീരുമാനങ്ങളും നടപടികളുമെന്നും ഒരിക്കല്‍ കൂടി തെളിയുന്നു. ആണിക്കല്ലിളകിയ അടിത്തറയും ചിതലെരിച്ച മോന്തായവുമായി എത്രകാലം പോകും, ഈ അസംബന്ധ ഭരണം?

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+