ചരിത്രപരമായ മണ്ടത്തരങ്ങള്‍....
ഒരര്‍ത്ഥത്തില്‍, സിപിഎമ്മിനെ വല്ലാത്തൊരു കുരുക്കിലാക്കിയത് ആണവക്കരാറല്ല. സോമനാഥ് ചാറ്റര്‍ജിയാണ്. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സ്പീക്കര്‍ സ്ഥാനവും എം പി സ്ഥാനവും ചാറ്റര്‍ജി രാജിവെയ്ക്കും. പാര്‍ലമെന്റിന് സിപിഎം നല്‍കിയ ഏറ്റവും മികച്ച സാമാജികനും പാര്‍ട്ടിയുമായുളള ബന്ധം ഏതാണ്ട് തീര്‍ന്ന മട്ടാണ്.
രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സോമനാഥ് ചാറ്റര്‍ജി ഒരു താക്കോലാണ്. കേന്ദ്രഭരണത്തില്‍ പങ്കാളിയാകാന്‍ പലവട്ടം ക്ഷണിച്ചിട്ടും, ഇന്ത്യയുടെ പ്രധാനമന്ത്രിപദം തന്നെ തളികയിലാക്കി എകെജി ഭവനില്‍ കൊണ്ടെത്തിച്ചിട്ടും കൊടിയ നിസംഗതയോടെ പാര്‍ട്ടി അവയൊക്കെ നിരസിച്ചതെന്തിന് എന്ന ചോദ്യത്തിനുളള ഉത്തരം സോമനാഥ് ചാറ്റര്‍ജിയിലുണ്ട്.
ആണവക്കരാര്‍ നമുക്കു വെച്ചു നീട്ടുന്ന ചാറ്റര്‍ജിക്കുഴലു വെച്ച്, ക്ഷീരബല പോലെ ആവര്‍ത്തിക്കപ്പെട്ട സൈദ്ധാന്തിക പൊടിപടലങ്ങള്‍ ഊതിനീക്കിയാല്‍ വെളിപ്പെട്ടു വരുന്നത് സിപിഎമ്മിന്റെ ഭീതിയാണ്. ഭരണ പങ്കാളിത്തത്തിലൂടെ പാര്‍ട്ടി നേതൃത്വത്തിനു മീതെ മറ്റൊരു അധികാര കേന്ദ്രം വളരുമെന്ന ഭയം പാര്‍ട്ടി വെച്ചു പുലര്‍ത്തുന്നു. അവ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ അതിജീവിക്കുന്നതിനുളള എല്ലുറപ്പ് പാര്‍ട്ടിയുടെ സംഘടനാ ചട്ടക്കൂടിനില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ അധികാര നിരാസം ജനിച്ചത്.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വം ചിതറിക്കിടന്നപ്പോഴൊക്കെ കോണ്‍ഗ്രസ് പിളര്‍ന്നിട്ടുണ്ട്. പിളരാത്തപ്പോള്‍ കൊടിയ സംഘര്‍ഷത്തില്‍ ആടിയുലഞ്ഞിട്ടുണ്ട്. എഐസിസി പ്രസിഡന്റു സ്ഥാനവും പ്രധാനമന്ത്രിപദവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹറാവുമൊക്കെ ഒരേ സമയം പോക്കലിട്ട് നടന്നത്, അങ്ങനെയൊരു ഭൂതകാലത്തിന്റെ ഓര്‍മ്മയുളളതു കൊണ്ടാണ്. അത് ശരിയാവില്ലെന്ന് കോണ്‍ഗ്രസിനറിയാം.
ജനാധിപത്യത്തെയും അധികാര വികേന്ദ്രീകരണത്തെയും കുറിച്ചുളള വായ്പ്പാട്ടുകള്‍ വേറെ, അവസരം കൈയില്‍ കിട്ടുന്ന മനുഷ്യന്റെ ജനിതകഗുണം വേറെ..വിശ്വസ്തനായ ഏറാന്‍മൂളിയല്ല, അധികാരം കൈയാളുന്നതെങ്കില്‍ പണി പാളും. പറഞ്ഞു വന്നാല്‍, ജനസംഖ്യ നൂറു കോടിയിലേറെയാണ്. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ ജനുസിലുളളത് ഏറെയൊന്നുമില്ല, നമ്മുടെ മഹാരാജ്യത്ത്.
സര്‍വശക്തനായ പാര്‍ട്ടി സെക്രട്ടറിയും മാധ്യമപിന്തുണയാല്‍ ശക്തനായ മുഖ്യമന്ത്രിയും കേരളത്തിലുണ്ടാക്കിയ പുക്കാറുകള്‍ ഓര്‍ത്തു നോക്കുക. ഭരണകാര്യങ്ങളില്‍ തന്നെ അടുപ്പിക്കുന്നില്ലെന്ന പരാതി വിജയനും, പാര്‍ട്ടി കാര്യങ്ങളില്‍ തന്നെ തഴയുന്നുവെന്ന തോന്നല്‍ വിഎസിനും ഉണ്ടെന്ന് നമ്മോടു തുറന്നു പറഞ്ഞത് സാക്ഷാല്‍ പ്രകാശ് കാരാട്ടാണ്. ഇതുപോലൊരു അധികാര വടംവലി ദില്ലിയിലുണ്ടായാല്‍ കാരാട്ട് ആരോട് പരാതി പറയും?
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഒരു സിപിഎമ്മുകാരന്‍ വഹിക്കുന്ന ഏറ്റവും വലിയ ഭരണഘടനാ പദവിയാണ് സോമനാഥ് ചാറ്റര്‍ജി കൈകാര്യം ചെയ്യുന്നത്. വലിയൊരു അധികാരവലയം രൂപപ്പെടാന്‍ സാധ്യത തീരെ കുറഞ്ഞ സ്പീക്കര്‍ പദം പോലും പാര്‍ട്ടി നിര്‍ദ്ദേശത്തിന് വഴങ്ങി രാജിവെയ്ക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല.
പകരമൊരു മന്ത്രിപദമായിരുന്നു അദ്ദേഹം വഹിച്ചിരുന്നതെങ്കില്‍, പ്രശ്നം വഷളാകുന്നത് വേറെ വഴിക്കായിരുന്നേനെ. യുപിഎ മന്ത്രിസഭയില്‍ ചേരാന്‍ സിപിഎം തീരുമാനിച്ചിരുന്നുവെന്ന് കരുതുക. സ്വാഭാവികമായും കേന്ദ്രമന്ത്രി സ്ഥാനത്തേയ്ക്ക് ആദ്യം പരിഗണിക്കുന്ന പേര് സോമനാഥ് ചാറ്റര്‍ജിയുടേതാകും. മികച്ച പാര്‍ലമെന്റേറിയനും 10 തവണത്തെ പാര്‍ലമെന്റ് പരിചയവുമുളള അദ്ദേഹത്തെ കഴിഞ്ഞിട്ടേ സിപിഎമ്മിന് ആ സ്ഥാനത്തേയ്ക്ക് മറ്റൊരാളെ പരിഗണിക്കാനാവൂ...
അങ്ങനെയൊരു സാഹചര്യത്തില്‍ കൊളളാവുന്നൊരു വകുപ്പിന്റെ മന്ത്രിസ്ഥാനമാകും അദ്ദേഹത്തിന്റെ കൈകളിലുണ്ടാവുക. മന്ത്രിമാരുടെ എണ്ണം ഒന്നിലധികമായിരിക്കുമെന്ന് ഉറപ്പ്. എല്ലാവരും ചേര്‍ന്ന് സോമനാഥിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍? പാര്‍ലമെന്റില്‍ വലിയ വിഭാഗം എംപിമാര്‍ അവരെ പിന്തുണയ്ക്കുമെങ്കില്‍. പിളരുകയല്ലാതെ സിപിഎമ്മിനു മുന്നില്‍ വേറെ മാര്‍ഗമില്ല.
ഒരു കേന്ദ്രമന്ത്രിക്കു ചുറ്റും രൂപപ്പെടുന്ന അധികാരവലയം, സൗകര്യങ്ങള്‍, തരപ്പെടുന്ന സൗജന്യങ്ങള്‍, സ്വാധീനം, ശിപാര്‍ശയ്ക്കും കാര്യസാധ്യത്തിനും വന്നുചേരുന്ന പരസഹസ്രം സാധ്യതകള്‍, അതിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയ വലയം... ഒരു പൊളിറ്റ് ബ്യൂറോയും അതിനു മീതെ പറക്കില്ല. ഇത് രാജ്യം ഇന്ത്യയാണ്, സഖാവേ...
ആഗോളവത്കൃതകാലത്തെ ഭരണനേതൃത്വത്തിനു ചുറ്റും രൂപപ്പെടാവുന്ന അധികാര വലയം സംഘടനാ നേതൃത്വത്തിന്റെ പിടിയിലൊതുങ്ങുന്നതല്ല എന്ന് തിരിച്ചറിവ്, കേന്ദ്രത്തിലെ ഭരണപങ്കാളിത്തം ഉപേക്ഷിക്കാന്‍ സിപിഎമ്മിനെ നിര്‍ബന്ധിക്കുന്നു. ഇന്നുളളതു പോലെയെങ്കിലും ആ പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല. ചരിത്രപരമായ മണ്ടത്തരമെന്ന് ഊണിലും ഉറക്കത്തിലും ജ്യോതിദാ വിലപിക്കുന്ന ആ തീരുമാനവും ഇങ്ങനെയൊരു മാനസികാവസ്ഥയില്‍ നിന്നാവാനേ വഴിയുളളൂ.
ഇഎംഎസും അച്യുതാനന്ദനും ബാലാനന്ദനും ഉള്‍പ്പെട്ട പഴയ പൊളിറ്റ് ബ്യൂറോ, പ്രധാനമന്ത്രി ജ്യോതിബാസുവിനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍, പോയി പണി നോക്കെന്നു പറയും, ദാദ. കൂടുതല്‍ കടുപ്പിച്ചാല്‍, ബംഗാള്‍ ഘടകത്തെ ചിറകിന്‍കീഴിലാക്കി ദാദ സ്വന്തം വഴി വെട്ടും. സ്വാധീനവും മെച്ചപ്പെട്ട ആശയ വിനിമയ ശേഷിയുമുളള ബംഗാള്‍ നേതാക്കള്‍ തലസ്ഥാനത്ത് വിലസും.
ജീവിതകാലം മുഴുവന്‍ കേരളത്തില്‍ കിടന്ന് പാര്‍ട്ടിക്കു വേണ്ടി വെള്ളം കോരിയവരുടെ അണ്ണാക്കില്‍ വീഴുമായിരുന്ന കനല്‍ക്കട്ടയായിരുന്നു, ജ്യോതിദായുടെ മുന്നിലെത്തിയ പ്രധാനമന്ത്രി പദം. പുറംകാലു കൊണ്ട് അതിനെ തൊഴിച്ചെറിയാന്‍ ഇഎംഎസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തോന്നേണ്ട സമയത്ത് തോന്നാനുളളതാണ് ബുദ്ധി. അക്കാര്യത്തില്‍ ഇഎംഎസിന് രണ്ടടി പിന്നിലേ ജ്യോതിദായും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും നില്‍ക്കൂ... കേംബ്രിഡ്ജിലെ പഠനമൊന്നും ഏലംകുളം മനയിലെ തര്‍ക്കശാസ്ത്രത്തിനു മീതെ പറക്കില്ല. അത് കളരി വേറെ.
ഇന്നും ഭരണത്തില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചാല്‍ ലോനപ്പന്‍ നമ്പാടന്‍ സൈസിലുളളതല്ലാതെ വേറെ ചരക്കുകളൊന്നുമില്ല കേരളത്തിലെ പാര്‍ട്ടിയുടെ കൈകളില്‍. നാലു വാക്ക് നന്നായി പറയാനറിയുന്ന ബംഗാള്‍ സിപിഎമ്മുകാരുടെ മുന്നില്‍ പി കരുണാകരന്റെ കേന്ദ്രക്കമ്മിറ്റി സ്ഥാനമൊക്കെ കൈയിലിരിക്കുകയേയുളളൂ. പാലക്കാട്ടുകാരനായ പ്രകാശ് കാരാട്ട് അതെങ്കിലുമറിയണ്ടേ, ചുരുങ്ങിയ പക്ഷം.
ഏതായാലും ഇത് പാര്‍ട്ടിക്ക് പുതിയൊരു പാഠമാണ്. വരുന്ന തിരഞ്ഞെടുപ്പിലും സ്ഥിതി ഇതെങ്ങാനും ആവര്‍ത്തിച്ചാല്‍, സ്പീക്കര്‍ പദം കൈയാളാന്‍ വേറെ പാര്‍ട്ടിയെ നോക്കണം. തന്നെ പ്രധാനമന്ത്രിയാകാന്‍ സമ്മതിക്കാത്തത് പാര്‍ട്ടി ചെയ്ത ചരിത്രപരമായ മണ്ടത്തരമാണെന്ന് ജ്യോതി ബസു വഴി നീഴെ നടന്നു പ്രസംഗിക്കുന്നു. സോമനാഥിനെ ലോക്‍സഭാ സ്പീക്കറാക്കിയത് പാര്‍ട്ടി ചെയ്ത ചരിത്രപരമായ മണ്ടത്തരമാണെന്ന് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തും...
സി പി എമ്മെന്നാല്‍ ചരിത്ര പരമായ മണ്ടത്തരം എന്നാണോ സഖാവേ....












Click it and Unblock the Notifications