കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
പേരിനൊപ്പം എം എ ബിരുദമുളളതിനാല്‍ ഡിഗ്രി തോറ്റതോടെ പഠനം മതിയാക്കിയ ആളാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി. അതുകൊണ്ടു തന്നെ പരീക്ഷകളില്‍ ബേബി സഖാവിന് വലിയ വിശ്വാസമുണ്ടാകാന്‍ വഴിയില്ല. മാത്രമല്ല ജനകീയ ജനാധിപത്യ വിപ്ലവത്തിന് ജനം തയ്യാറെടുക്കണമെങ്കില്‍ വിദ്യാഭ്യാസം അസാരം കമ്മിയായിരിക്കണമെന്നാണ് ദാര്‍ശനികസത്യം.
മര്യാദയ്ക്ക് നടന്നു വരുന്ന പരീക്ഷകള്‍ സമയവും തീയതിയും ആഴ്ചയും മാറ്റി കുളമാക്കാന്‍ കനവിലും നിനവിലും ബേബി സഖാവ് ആരാധിക്കുന്ന നോം ചോംസ്കി അവര്‍കള്‍ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.
ഏതായാലും സഖാവ് തകര്‍ത്ത് ഭരിക്കുകയാണ്. ഭരണം മുറുകുന്തോറും "വിദ്യാഭ്യാസത്തെ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് രക്ഷിക്കൂ" എന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. ബേബിയെന്ന വിദ്യാഭ്യാസ മന്ത്രി അവതരിക്കും മുമ്പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഭാഗ്യം കിട്ടിയ മറ്റൊരു തലമുറ നെടുവീര്‍പ്പോടെ ആശ്വസിക്കുന്നു.
എന്തെല്ലാം പേരുകളാണ് ചുരുങ്ങിയ കാലം കൊണ്ട് സഖാവ് നേടിയത്!! കുണ്ടറ ഷാവേസെന്നും പ്രാക്കുളം ചെഗുവേരയെന്നും രണ്ടാം മുണ്ടശേരിയെന്നും ആരാധകര്‍ നല്‍കിയ ബിരുദം സഖാവ് ആവേശത്തോടെ കഴുത്തിലണിഞ്ഞു. പുറംകാഴ്ചയില്‍ ആജാനുബാഹുവും വാ തുറന്നാല്‍ അപാര പ്രത്യയശാസ്ത്ര വിദഗ്ധനുമായ മന്ത്രിയുടെ ഉളള് യഥാര്‍ത്ഥത്തില്‍ കൊച്ചു കുട്ടിയുടേതാണെന്നും ജനമറിഞ്ഞു. കയ്യില്‍ കിട്ടിയ കളിപ്പാട്ടം അടിച്ചു പൊട്ടിച്ച് തകര്‍ത്താണല്ലോ കുട്ടികള്‍ കളിക്കുന്നത്. ഇവിടെയിതാ വലിയൊരു ബേബി, അതേ മാനസികാവസ്ഥയില്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നു.
സെവന്‍ത് അഡ്വന്റിസ്റ്റ് വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്കു വേണ്ടി ശനിയാഴ്ച രാത്രി പരീക്ഷ നടത്താന്‍ ഉത്തരവിട്ട ഹൈക്കോടതിയെ ചാടിക്കടിക്കുകയാണ് ഭൂലോകത്തെ സകലമാന പുരോഗമനവാദികളും. പതിമൂന്ന് എന്ന ഭീകര സംഖ്യയെ ഒഴിവാക്കി പുതിയ ഹൈക്കോടതി കെട്ടിടത്തില്‍ മുറികള്‍ക്ക് നമ്പര്‍ നല്‍കിയ ജഡ്ജിമാരെ സുപ്രിം കോടതി കിഴുക്കിയിട്ടും ആ സംഖ്യയില്‍ മുറിയുണ്ടാകുന്നത് തടഞ്ഞവരാണ് ആദരണീയരായ യുവറോണര്‍മാര്‍.
ജൂതന്മാരും സെവന്‍ത് ഡേ അഡ്വിന്റുകളും ആരാധിക്കുന്നതും വിശ്രമിക്കുന്നതും ശനിയാഴ്ചയാണ്. ഒരു ദിവസം നേരത്തെയോ താമസിച്ചോ ആരാധിക്കുന്നതോ വിശ്രമിക്കുന്നതോ അവരുടെ ദൈവത്തിന് ഒട്ടും പൊറുക്കാനാവാത്ത കുറ്റമാണെന്ന് ഈ വിഭാഗത്തിന് തോന്നിയാല്‍, പിന്നെ അവരെ കുറ്റം പറയാന്‍ നോം ചോംസ്കിയ്ക്കു പോലും അധികാരമില്ല. പിന്നെയല്ലേ കോടതിയ്ക്ക്.
മാത്രവുമല്ല, ശനിയാഴ്ചകളില്‍ പരീക്ഷ നടത്തരുതെന്നും അഥവാ നടത്തിയാലും വൈകുന്നേരം ആറു മണിക്കു ശേഷമേ നടത്താവൂ എന്നും 1961ല്‍ തന്നെ കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ തന്നെ ലംഘിച്ചാല്‍, പിന്നെ "നമ്മളു കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളീ എന്ന പാട്ടിന് എന്ത് പ്രസക്തി? വിപ്ലവം പൊളിയില്ലേ.
അത്രയേ പാവം കോടതി ചെയ്തുളളൂ. നേരെ മറിച്ച് സാക്ഷാല്‍ ബേബി സഖാവ് ചെയ്തതോ? ഉണ്ടും ഉറങ്ങിയും ബുജി ഉഡായിപ്പുകള്‍ തട്ടിവിട്ടും ഭരിച്ച് രസിച്ച മന്ത്രി ഒരു സുപ്രഭാതത്തില്‍ എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കു ശേഷമാക്കാന്‍ ഉത്തരവിറക്കുന്നു.
14 ഉം 15ഉം വയസ് പ്രായമുളള കുട്ടികള്‍ ഉച്ച കഴിഞ്ഞ് പരീക്ഷയെഴുതിയാല്‍ 'എ പ്ലസ്' കൂടുതല്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലാണത്രേ കാരണം. നോം ചോംസ്കി ഇനി എഴുതാനിരിക്കുന്ന പുസ്തകത്തിലെ ഈ സുപ്രധാന വിവരം ബേബി സഖാവിന് സ്വപ്നദര്‍ശനത്തിലൂടെ വെളിപ്പെട്ടതാണെന്നും, അല്ല ശാസ്ത്രസാഹിത്യ പരിഷത്ത് ബുദ്ധിജീവിയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ സി രാമകൃഷ്ണന്‍ അവര്‍കളുടെ സൂക്ഷ്മമായ ഗവേഷണ പഠനങ്ങളുടെ അന്തിമ ഫലമാണ് ഈ കണ്ടെത്തലെന്നും പ്രബലമായ വാദഗതികള്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇരുഭാഗത്തും അണി നിരന്നിരിക്കുന്നത് പ്രബലന്മാരാകയാല്‍, ഏത് വിശ്വസിക്കണമെന്ന ആശയക്കുഴപ്പം മാരീചനുമുണ്ട്.
പരീക്ഷ ഉച്ച കഴിഞ്ഞ് മതിയെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. അതും പരീക്ഷ തുടങ്ങുന്നതിന് ആഴ്ചകള്‍ മാത്രം മുമ്പ്. പണ്ടിതുപോലെ, രാവിലെ ദോശ ചുടുന്നതിനിടയില്‍ ഒരു സ്വാശ്രയ നിയമം കൂടി ചുട്ടെടുത്തിരുന്നു. നാട്ടിലെങ്ങും അലമ്പും സഖാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ നാണക്കേടും ഉണ്ടാക്കി വെച്ചതാണ് ആ നിയമം. കോടതികളായ കോടതികളത്രയും പുറംകാലു കൊണ്ട് തൊഴിച്ചെറിഞ്ഞ സ്വാശ്രയനിയമം ബേബി സഖാവിനും ചില്ലറയല്ല മാനക്കേടുണ്ടാക്കിയത്.
സ്വാശ്രയ നിയമത്തെ അച്ചന്‍മാര്‍ എതിര്‍ത്തതു പോലെ പരീക്ഷാസമയ പരിഷ്കരണത്തെ മൗലവിമാര്‍ എതിര്‍ക്കാതിരിക്കാന്‍ ആദ്യമേ മരുന്നു പൂശി. അതീവ ബുദ്ധിപരവും അതിലേറെ ദീര്‍ഘവീക്ഷണവുമുളള അത്യുഗ്രന്‍ തീരുമാനം ഇങ്ങനെ. വെളളിയാഴ്ച പരീക്ഷ വേണ്ട. മലപ്പുറം കാക്കാമാരും മുസ്ലിം ലീഗും കുടുങ്ങിയില്ലേ. ഒരു പ്രക്ഷോഭത്തിന്റെ പഴുതടച്ചതിന്റെ രതിമൂര്‍ച്ഛ വിദ്യാഭ്യാസ വകുപ്പില്‍ തളംകെട്ടിക്കിടന്നു. അതില്‍ ചവിട്ടി വകുപ്പിലെ പുംഗവശ്രീമാന്മാര്‍ ആനന്ദനൃത്തമാടി. പരസ്പരം പുകഴ്ത്തിയും വാഴ്ത്തിപ്പാടിയും ആഘോഷം തകര്‍ത്തു.
ലീഗ് പരേതനായ സിഎച്ച് മുഹമ്മദ് കോയ ഏറെക്കാലം വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിട്ടും വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം മുസ്ലിങ്ങള്‍ പരീക്ഷയെഴുതുന്നത് പടച്ചവനിഷ്ടമില്ലെന്ന് വിധിയെഴുതിയില്ലെന്നൊന്നും ഇതിനിടയില്‍ ആരും ഓര്‍ത്തതു പോലുമില്ല.
വെളളിയാഴ്ച പളളിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്നല്ലാതെ, അന്ന് പരീക്ഷയെഴുതരുതെന്ന് പാളയം ഇമാമോ അബ്ദുള്‍നാസര്‍ മദനിയോ പ്രസംഗിച്ചതിന് രേഖയില്ല. വെളളിയാഴ്ചപ്പരീക്ഷ നിരോധിക്കണമെന്ന് ഖുര്‍ആനിലെ ഹദീസുകള്‍ ഉദ്ധരിച്ച് ഒരു മൗലവിയും മതപ്രസംഗം നടത്തിയില്ല. പക്ഷേ, മുസ്ലിം കുട്ടികള്‍ വെള്ളിയാഴ്ച പരീക്ഷയെഴുതേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിലെ പുരോഗമനത്തിന്റെ ചെഗുവേര വേഷങ്ങള്‍ വിധിച്ചു.
സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് വിഭാഗത്തില്‍ പെട്ട കുട്ടികളെ ആറുമണിക്ക് ശേഷം പരീക്ഷയെഴുതാന്‍ അനുവദിച്ച കോടതിയുത്തരവിനെക്കാള്‍ നിശിതമായി അപലപിക്കപ്പെടേണ്ടത്, പ്രീണനത്തിന്റെ ഈ എസ്എസ്എല്‍സി സത്യമല്ലേ.
അടുത്ത പേജില്‍












Click it and Unblock the Notifications